Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരാണീ ശ്രീനിവാസൻ? പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു; 'കോൺഗ്രസ് പ്രവർത്തനരംഗത്ത് മതിയായ പരിചയം പോലുമില്ലാത്ത ഒരാൾ ഇത്ര സുപ്രധാന സ്ഥാനത്ത് എത്തിപ്പെട്ടത് എങ്ങനെ? എഐസിസി സെക്രട്ടറി നിയമനത്തിനെതിരെ വി എം സുധീരൻ

ആരാണീ ശ്രീനിവാസൻ? പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു; 'കോൺഗ്രസ് പ്രവർത്തനരംഗത്ത് മതിയായ പരിചയം പോലുമില്ലാത്ത ഒരാൾ ഇത്ര സുപ്രധാന സ്ഥാനത്ത് എത്തിപ്പെട്ടത് എങ്ങനെ? എഐസിസി സെക്രട്ടറി നിയമനത്തിനെതിരെ വി എം സുധീരൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ഒരു പോലെ ഞെട്ടിച്ച നിയമനം കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നും പുറത്തുവന്നിരുന്നു. എ.ഐ.സി.സി. സെക്രട്ടറിയായി എറണാകുളത്തുനിന്നുള്ള കെ. ശ്രീനിവാസനെ നിയമിച്ചുകൊണ്ടുള്ള അറിയിപ്പാണ് പുറത്തുവന്നത്. പത്രത്തിൽ നിന്നാണ് ഈ വാർത്തകൾ പുറത്തുവന്നത്. എന്തായാലും ആരാണ് ഈ ശ്രീനിവാസനെന്ന് നേതാക്കൾ പരസ്പ്പരം ചോദിച്ചെങ്കിലും ആരും രാഹുൽ ഗാന്ധിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്തില്ല. ഇപ്പോൾ, ഈ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ രംഗത്തെത്തി. ആരാണ് ഈ ശ്രീനിവാസൻ എന്നാണ് സുധീരന്റെ ചോദ്യം.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്റെ ചോദ്യം. പാർട്ടി സംസ്ഥാനനേതൃത്വം പോലും അറിയാതെ എറണാകുളം സ്വദേശിയായ ഒരാൾ ദേശീയചുമതലയുള്ള നേതാവായത് പിൻവാതിൽ നിയമനം തന്നെയാണെന്ന് സുധീരൻ ആരോപിക്കുന്നു. കോൺഗ്രസ് പ്രവർത്തനരംഗത്ത് മതിയായ പരിചയം പോലുമില്ലാത്ത ഒരാൾ ഇത്ര സുപ്രധാന സ്ഥാനത്ത് എത്തിപ്പെട്ടത് ഒഴിവാക്കേണ്ടതായിരുന്നു. പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് അറിയിച്ചതായും സുധീരൻ പറയുന്നു.

കോൺഗ്രസിന്റെ കീഴിലുള്ള പ്രൊഫഷണൽ കോൺഗ്രസിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായി അടുത്തിടെ ശ്രീനിവാസനെ തിരഞ്ഞെടുത്തിരുന്നു. ജില്ലയിലെ പാർട്ടി പരിപാടികളിലൊന്നും ശ്രീനിവാസൻ ഇതുവരെ നേതൃപരമായ പങ്ക് വഹിച്ചിട്ടില്ലെന്ന് നേതാക്കൾതന്നെ സാക്ഷ്യം പറയുന്നുണ്ട്. പിന്നെ ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യം നേതാക്കളും ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് സുധീരന്റെ വിമർശനവും എത്തിയത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന സഹായികളിൽ പ്രമുഖനായി നമ്മുടെ നേതാവ് എ. കെ. ആന്റണി നിലകൊള്ളുന്നു എന്നത് നമുക്കെല്ലാം അഭിമാനകരമാണ്. ജനാധിപത്യ മതേതര മുന്നേറ്റത്തിനായി ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുൽജിയെ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ സഹായകമായി ശ്രീ. കെ. സി. വേണുഗോപാലും ശ്രീ പി. സി. വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും ഏൽപിക്കപ്പെട്ട ചുമതല തങ്ങളാലാവും വിധം ഭംഗിയായി നിറവേറ്റുന്നതും സന്തോഷത്തോടെയാണ് നമ്മളെല്ലാവരും കാണുന്നത്.

കഠിനാധ്വാനിയായ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിയോഗിച്ചതും നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നല്ല കാര്യമാണ്. എന്നാൽ ഇപ്പോൾ ഒരു ശ്രീനിവാസൻ എ.ഐ.സി.സി. സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്.

ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത്. കോൺഗ്രസ് പ്രവർത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു. ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുൽജിയെ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP