Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടിക്കോട്ടയിൽ കൊല്ലപ്പെട്ട ദാസനാകാനില്ല; പറശിനി മുത്തപ്പന്റെ നാട്ടിൽ സിപിഐ(എം)യെ നേരിടാൻ ആളില്ലാതെ വിജയിച്ചത് 10 വനിതകൾ; അക്കൗണ്ട് തുറക്കാനുള്ള മോഹം ഉപേക്ഷിച്ച് ബിജെപിയും; ആന്തൂർ മുൻസിപ്പാലിറ്റി ചരിത്രം സൃഷ്ടിച്ചത് ഇങ്ങനെ

പാർട്ടിക്കോട്ടയിൽ കൊല്ലപ്പെട്ട ദാസനാകാനില്ല; പറശിനി മുത്തപ്പന്റെ നാട്ടിൽ സിപിഐ(എം)യെ നേരിടാൻ ആളില്ലാതെ വിജയിച്ചത് 10 വനിതകൾ; അക്കൗണ്ട് തുറക്കാനുള്ള മോഹം ഉപേക്ഷിച്ച് ബിജെപിയും; ആന്തൂർ മുൻസിപ്പാലിറ്റി ചരിത്രം സൃഷ്ടിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആന്തൂർ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. സാക്ഷാൽ പറശ്ശിനി മുത്തപ്പൻ നിലകൊള്ളുന്ന ഈ പ്രദേശം എന്നും സിപിഐ.(എം)യുടെ അധീനതയിലാണ്. നാമനിർദ്ദേശപട്ടിക സമർപ്പിക്കുന്ന അവസാനദിനമായപ്പോൾ തന്നെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ പത്തു വാർഡുകളിൽ സിപിഐ(എം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പാർട്ടികേന്ദ്രങ്ങൾ അഭിമാനത്തോടെ അറിയിച്ചു. 

ആന്തൂരിന്റെ തലസ്ഥാനമായ ധർമ്മശാലയെത്തുമ്പോൾത്തന്നെ ചെങ്കൊടിയും പാർട്ടി സ്തൂപങ്ങളും കണ്ണിൽപ്പെടും. തുടർന്നങ്ങോട്ട് പാർട്ടി ഗ്രാമങ്ങളാണ്. തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്കും മയ്യിൽ, കല്യാശ്ശേരി പഞ്ചായത്തുകൾക്കുമിടയിലാണ് ആന്തൂർ മുനിസിപ്പാലിറ്റി നിലകൊള്ളുന്നത്. എന്നും ചരിത്രം സൃഷ്ടിച്ച പാരമ്പര്യമാണ് ആന്തൂരിനുള്ളത്. സിപിഐ.(എം) ആധിപത്യം നിലനിൽക്കുന്ന ഈ പ്രദേശത്ത് നാമനിർദ്ദേശപ്പട്ടിക നൽകിയാൽ പാർട്ടി ജയിച്ചു എന്നാണർത്ഥം. സിപിഐ.(എം) യെപ്പോലെ കോൺഗ്രസ്സിനും ബിജെപിക്കും മുസ്ലിം ലീഗിനുമൊക്കെ ഇതു തിരിച്ചറിയാം. അതുകൊണ്ടുതന്നെ എതിർക്കാൻ ആരും തയ്യാറാവില്ല. ധൈര്യം കാണിക്കാറില്ല എന്നതാണ് സത്യം.

ആന്തൂർ പഞ്ചായത്തായിരുന്നപ്പോൾ മുമ്പ് പ്രതിപക്ഷമില്ലാത്ത പഞ്ചായത്ത് എന്ന ബഹുമതികൂടി നേടിയിരുന്നു. പഞ്ചായത്ത് ഭരണസമിതിയും എല്ലാം സിപിഐ.(എം) ക്കാർ. അന്നത്തെ തെരഞ്ഞെടുപ്പിൽ തൊണ്ണൂറു ശതമാനത്തിലധികം പോളിങ് നടന്നതും ഇതേ ആന്തൂരിൽ. അന്നൊക്കെ ഇവിടെ ഇതു പാർട്ടിഗ്രാമം എന്ന് ബോർഡുകൾ എഴുതിവച്ചിരുന്നു. അത് തിരുത്താൻ ആർക്കുമായുമില്ല. എന്നാൽ തൊണ്ണൂറുകളിൽ ഒരാൾ രംഗത്തു വന്നു- ഒരു കോൺഗ്രസ്സുകാരൻ, വി.ദാസൻ. അയാൾ കോൺഗ്രസ്സിന്റെ മണ്ഡലം പ്രസിഡണ്ടായി. പദയാത്രകൾ നടത്തിയും ജനസേവനത്തിന് സമയം കണ്ടെത്തിയും അയാൾ ഹൃദയങ്ങൾ കീഴടക്കി.

ദാസന്റെ ജനപ്രീതി വർദ്ധിച്ചു. ക്ഷേമപദ്ധതികളുടെ അപേക്ഷാ ഫോറം പൂരിപ്പിക്കാനും വില്ലേജോഫീസ് മുതലുള്ള സേവനങ്ങൾക്കും ദാസനെത്തേടി ജനങ്ങളെത്തി. സ്വന്തം പാർട്ടിക്കാരും ദാസനെത്തേടിപ്പോകുന്നത് സിപിഐ.(എം) ക്കാരെ അസ്വസ്ഥരാക്കി. ദാസൻ ആന്തൂരിന്റെ ദാസനായി മാറി. ഒപ്പം ത്രിവർണപതാകയും പാറിത്തുടങ്ങി. സിപിഐ.(എം). പ്രാദേശിക നേതൃത്വത്തിന് വേവലാതിയായി. ദാസൻ ഇനി ജീവിച്ചു കൂടാ.

1995 ഒക്ടോബർ 21 ന് കണ്ണൂർ ജില്ലയിൽ സംഭവിക്കേണ്ടത് സംഭവിച്ചു. കണ്ണൂരിൽനിന്ന് ബസ്സിറങ്ങി വീട്ടിലേക്ക് പോകവേ ദാസനെ പതിയിരുന്ന് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ദാസൻ കൊല ചെയ്യപ്പെട്ടു. അതോടെ കോൺഗ്രസ്സിന്റെ പ്രവർത്തനവും നിലച്ചു. ദാസന് ഒരു ശവകുടീരം പണിത് കോൺഗ്രസ്സുകാർ പാർട്ടിയുടെ പുസ്തകം മടക്കിവച്ചു. ദാസൻ വധക്കേസ് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ ആദ്യഘട്ടം സജീവമായി നടന്നു. പ്രതിക്കൂട്ടിലായ സിപിഐ.(എം) ക്കെതിരെ കോൺഗ്രസ്സ് നേതാക്കൾ ശക്തമായ മൊഴിയും നൽകി. എന്നാൽ കഥാവസാനം നേതാക്കൾ ഉൾപ്പെടെയുള്ളവർ മൊഴിമാറ്റിപ്പറഞ്ഞു. സിപിഐ.(എം) ക്കാരായ പ്രതികൾ കുറ്റ വിമുക്തരാവുകയും ചെയ്തു. തുടർച്ചയായ ഭീഷണിയാണ് കോൺഗ്രസ്സുകാർ മൊഴി മാറ്റിപ്പറയാൻ കാരണമായതെന്ന് പാർട്ടിതന്നെ പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ആന്തൂർ വീണ്ടു ചർച്ചാ വിഷയമായിരിക്കയാണ്. തളിപ്പറമ്പിൽ നിന്നും വേർപെട്ട് ആന്തൂർ എന്ന പേരിൽ പ്രത്യേക മുനിസിപ്പാലിറ്റിയായതോടെ സിപിഐ.(എം) മാത്രം ഭരിക്കുന്ന മുനിസിപ്പാലിറ്റിയായി മാറുമിത്. പുതിയ മുനിസിപ്പാലിറ്റിയുടെ കന്നിയങ്കത്തിൽ പത്തു പേർക്ക് എതിരില്ലാത്തതും ആന്തൂരിന്റെ മാത്രം സവിശേഷതയാണ്. സിപിഐ.(എം) സ്ഥാനാർത്ഥികളായ പത്ത് വനിതകളാണ് ഇവിടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വിഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള ഉൾപ്പെടെയുള്ളവർക്കാണ് എതിരായി ആരും പത്രിക സമർപ്പിക്കാത്തത്. ഇവിടെ സ്ഥാനാർത്ഥികളായി നിൽക്കാൻ വനിതകളാരും ധൈര്യപ്പെട്ടിട്ടില്ല.

ആന്തൂർ മുനിസിപ്പാലിറ്റിയിൽ ഈലിപ്പുറം ഹരിജൻ കോളനിയിലാണ് ത്രിവർണ്ണ പതാക കാണാൻ കഴിയുന്ന ഏക സ്ഥലം. നൂറോളം പേർ അധിവസിക്കുന്ന കോളനിയിലെ എട്ടു പേരാണ് കോൺഗ്രസ്സിനു വേണ്ടി മത്സരിക്കാൻ തയ്യാറായിട്ടുള്ളത് ചിലർ രണ്ടു വാർഡുകളിൽ മത്സരിക്കുന്നുണ്ട്. ജനറൽ സീറ്റിലും സംവരണ സീറ്റിലും ഒരാൾതന്നെ മത്സരിക്കുന്നതും കോൺഗ്രസ്സിന്റെ പുതിയ കണ്ടുപിടുത്തമാണ്. കെ.സുധാകരന്റെ അപ്രമാദിത്വമൊന്നും ഇവിടെ നടപ്പില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ കോൺഗ്രസ്സുകാർ ഇവിടെ തിരിഞ്ഞു നോക്കാറുമില്ല. അതുകൊണ്ടു തന്നെ ആ പാർട്ടി പച്ച പിടിക്കാറുമില്ല. എന്തിനു വേറൊരു ദാസനെ സൃഷ്ടിക്കണം എന്നാണ് അവരുടെ ചിന്ത. ആന്തൂരിൽ അക്കൗണ്ട് തുറക്കാനുള്ള വ്യാമോഹമൊന്നും ബിജെപി.ക്കുമില്ല. അതുകൊണ്ടുതന്നെ പത്രിക സമർപ്പിക്കാനുള്ള സാഹസമൊന്നും ബിജെപി.എടുത്തിട്ടില്ല. ആന്തൂർ ആന്തൂർ ആണെങ്കിൽ അവിടെ സിപിഐ.(എം) ഭരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP