Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരേഷ് ഗോപി ഒഴിവായത് കോടീശ്വരന്റെ പേരിൽ; സുലേഖയ്ക്ക് ഭയം സോളാറിനേയും ബാർ കോഴയേയും; വിജയകുമാറിന് വിന വിഎസുമായുള്ള അടുപ്പം; സ്ഥാനാർത്ഥിയിൽ തീരുമാനം എടുക്കാതെ മുന്നണികൾ; അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച

സുരേഷ് ഗോപി ഒഴിവായത് കോടീശ്വരന്റെ പേരിൽ; സുലേഖയ്ക്ക് ഭയം സോളാറിനേയും ബാർ കോഴയേയും; വിജയകുമാറിന് വിന വിഎസുമായുള്ള അടുപ്പം; സ്ഥാനാർത്ഥിയിൽ തീരുമാനം എടുക്കാതെ മുന്നണികൾ; അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച

ബി രഘുരാജ്‌

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറങ്ങുമെന്ന് സൂചന. ഇതോടെ മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ചർച്ചകൾ സജീവമാക്കി. ശക്തമായ ത്രികോണ മത്സരം അരുവിക്കരയിൽ ഉറപ്പാക്കുമെന്നാണ് ബിജെപി നൽകുന്ന സൂചന. പിസി ജോർജും ആർ ബാലകൃഷ്ണ പിള്ളയും ഉയർത്തുന്ന ഭീഷണികൾ യുഡിഎഫ് ക്യാമ്പിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അരുവിക്കരയിൽ ജയിക്കാനായില്ലെങ്കിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകും. ഈ സാഹചര്യത്തിൽ പഴുതകളടച്ച് മുന്നേറാനാണ് തീരുമാനം. കോൺഗ്രസ് പാർട്ടിക്കുള്ളിൽ വോട്ട് ചോർച്ചയുണ്ടായില്ലെന്ന് ഉറപ്പിക്കാൻ എ കെ ആന്റണി നേരിട്ട് രംഗത്തിറക്കും. ഇടതു മുന്നണിയിൽ സിപിഎമ്മാണ് മത്സരിക്കുന്നത്. മുൻ സ്പീക്കറും മുതിർന്ന നേതാവുമായ എം വിജയകുമാറിനാണ് പ്രഥമ പരിഗണന.

സുരേഷ് ഗോപിയെ ഇറക്കി വോട്ട് പിടിക്കാൻ ബിജെപി ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഏഷ്യാനെറ്റിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയുടെ മുഖ്യ അവതാരകനായതിനാൽ മത്സരത്തിനില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയരുന്നു. മത്സരത്തിനിറങ്ങിയാൽ ഈ പരിപാടി നിർത്തി വയ്‌ക്കേണ്ടി വരും. അതുകൊണ്ടാണ് സുരേഷ് ഗോപിയുടെ പിന്മാറ്റം. ഇതോടു കൂടി സ്ഥാനാർത്ഥി നിർണ്ണയത്തിൽ കരുതലോടെയുള്ള സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷമേ ഇനി ബിജെപി തീരുമാനം എടുക്കൂ. അതിനിടെ പിസി ജോർജും വി എസ്ഡിപിയും സ്ഥാനാർത്ഥിയെ നിർത്തുമെന്നും സൂചനയുണ്ട്. പൊതു സ്വീകാര്യനാണെങ്കിൽ വി എസ്ഡിപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതും ബിജെപിയുടെ പരിഗണനയിലുണ്ട്. അതിനിടെ സ്ഥാനാർത്ഥിയെ നിർത്താതിരിക്കാൻ പിസി ജോർജ്ജിൽ ഇടതുമുന്നണിയിലെ ഒരു വിഭാഗം സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ജോർജ് സ്ഥാനാർത്ഥിയെ നിർത്തുന്നതാണ് നല്ലതെന്ന വികാരം സിപിഎമ്മിൽ പ്രബലമാണ്.

സോളാറും ബാർ കോഴയും വിവാദങ്ങളിൽ നിറഞ്ഞതിനൊപ്പമാണ് തെരഞ്ഞെടുപ്പുമെത്തുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രണ്ട് വഴിക്കാണ്. പക്ഷേ അന്തരിച്ച ജി കാർത്തികേയന്റെ ഭാര്യ എംടി സുലേഖയെ സ്ഥാനാർത്ഥിയാക്കുന്നതിൽ ചെന്നിത്തല പരസ്യമായി അനുകൂലവുമാണ്. കെപിസിസി പ്രസിഡന്റ് വി എം സുധീരനും സുലേഖയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ മത്സരത്തിനില്ലെന്ന നിലപാടിൽ ഉറച്ചാണ് സുലേഖ. അരുവിക്കരയിൽ തോറ്റാൽ കാർത്തികേയന് പേരു ദോഷമാകും. നിലവിലെ സാഹചര്യത്തിൽ ജയിച്ചു കയറാനുള്ള സാധ്യത പരിമിതവുമാണ്. മുഖ്യമന്ത്രിയേയും കെപിസിസി പ്രസിഡന്റിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പ്രചരണ രംഗത്ത് താൻ സജീവമാകാമെന്നാണ് സുലേഖ നൽകുന്ന ഉറപ്പ്. എന്നാൽ എകെ ആന്റണിയുടെ ഇടപെടലിലൂടെ സുലേഖയെ അനുനയിപ്പിക്കാനാണ് നീക്കം. സുലേഖ മത്സരിച്ചില്ലെങ്കിൽ പിന്നെ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരവും കോൺഗ്രസ് ക്യാമ്പിൽ ഇല്ല.

ഡിസിസി പ്രസിഡന്റായിരുന്ന കെ മോഹൻകുമാറായിരുന്നു സ്വാഭാവിക സ്ഥാനാർത്ഥി. എന്നാൽ മോഹൻകുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അംഗമാക്കിയതോടെ ഇതിനുള്ള സാധ്യത അടഞ്ഞു. മണക്കാട് സുരേഷ്, കരകുളം കൃഷ്ണപിള്ള, വിതുര ശശി, ആർ രാജേഷ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇതിനപ്പുറം പേരും പെരുമയുമുള്ള സംസ്ഥാന നേതാവിനെ അരുവിക്കരയിൽ നിർത്താനുള്ള സാധ്യതയുമുണ്ട്. പക്ഷേ സുലേഖയുടെ കാര്യത്തിൽ തീരുമാനമായാലേ ഈ പേരുകളിലേക്ക് ചർച്ചകൾ വഴിമാറൂ. ഇതുമൂലം കോൺഗ്രസ് അണികൾക്കിടയിൽ സർവ്വത്ര ആശയക്കുഴപ്പവുമുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥിയെന്നാണ് കെപിസിസി നൽകുന്ന സൂചന. കോൺഗ്രസ് ഹൈക്കമാണ്ട് അംഗീകരിക്കുന്ന സ്ഥാനാർത്ഥിയെ മാത്രമേ നിർത്താനാകൂ. അതുകൊണ്ട് സുലേഖയല്ലെങ്കിൽ നിർണ്ണായകമാവുക ആന്റണിയുടെ നിലപാട് തന്നെയാകും.

സിപിഎമ്മിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി കഴിഞ്ഞു. ബൂത്ത് കമ്മറ്റിയും മണ്ഡലും കമ്മറ്റിയും സജീവമാണ്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ് നേതൃത്വം നൽകുന്നത്. സ്ഥാനാർത്ഥിയായി പരിഗണക്കുന്ന വിജയകുമാറും മണ്ഡലത്തിൽ നിറയുന്നു. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചില്ലെങ്കിലും വിജയകുമാറിനാണ് മുന്തിയ പരിഗണനയെന്ന് വ്യക്തമാണ്. എന്നാൽ യുവ നേതാവിനെ മത്സരിപ്പിക്കണമെന്ന ആശയവും സജീവമാണ്. അങ്ങനെ വന്നാൽ കാട്ടാക്കട ഏര്യാ സെക്രട്ടറി ഐബി സതീഷ് മത്സരത്തിനിറങ്ങും. മണ്ഡലത്തിലെ മറ്റൊരു പ്രമുഖനായ വികെ മധുവിനും സാധ്യത ഏറെയാണ്. പ്രായത്തിനൊപ്പം വി എസ് അച്യുതാനന്ദനോടുള്ള അടുപ്പവും വിജയകുമാറിന് വിനയാണ്. സിപിഐ(എം) സെക്രട്ടറിയേറ്റിൽ വിജയകുമാറിനെ ഒഴിവാക്കിയത് പിണറായി വിജയന്റെ ഇടപെടലിന്റെ ഭാഗമായിരുന്നു. ഈ സാഹചര്യത്തിൽ വിജയകുമാറിന്റെ പേരിന് തടസ്സവാദങ്ങൾ പിണറായി ഉന്നയിക്കുമെന്ന് സൂചനയുണ്ട്.

അതിനിടെ പിസി ജോർജ്ജിലേക്കാണ് എല്ലാ കണ്ണുകളും. അരുവിക്കരയിൽ നാടാർ വിഭാഗത്തിന് ചെറുതല്ലാത്ത സ്വാധീനമുണ്ട്. നാടാർ പാർട്ടിയായി അറിയപ്പെടുന്ന വി എസ്ഡിപിയുടെ സ്ഥാനാർത്ഥിയെ അരുവിക്കരയിൽ മത്സരിപ്പിക്കാനാണ് നീക്കം. ബിജു രമേശിന്റെ ശ്രീനാരായണ ധർമ്മ വേദിയും വി എസ്ഡിപിക്ക് ഒപ്പമാണ്. പ്രബലനായ നാടാർ സ്ഥാനാർത്ഥി എത്തിയാൽ വോട്ട് വി എസ്ഡിപിക്ക് നല്ലതോതിൽ കിട്ടും. ഇത് കോൺഗ്രസ് സ്ഥാനാർത്ഥിയേക്കേ തിരിച്ചടിയുണ്ടാക്കൂ എന്നാണ് സിപിഐ(എം) വിലയിരുത്തൽ. എന്നാൽ ജോർജിനെ ഒപ്പം കൂട്ടി അത് കൂടി നേടിയെടുക്കണമെന്ന് അഭിപ്രായക്കാരായ ഇടതു പക്ഷവും ഉണ്ട്. രാഷ്ട്രീയ സാഹചര്യം ഇത്രയേറെ അനുകൂലമായ സാഹചര്യത്തിൽ അരുവിക്കരയിൽ ജയിച്ചില്ലെങ്കിൽ അത് തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ ഇടതുമുന്നണിക്ക് തരിച്ചടിയാകുമെന്നാണ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP