Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയാകാനുള്ള മോഹം പിണറായിക്ക് കിട്ടാക്കനിയാകുമോ? സിപിഎമ്മിനെ വേട്ടയാടുന്നത് ടിപി ചന്ദ്രശേഖരന്റെ ആത്മാവ്; അച്യുതാനന്ദന് കീജയ് വിളിച്ചവരും വോട്ട് ചെയ്തില്ല: ബിജെപിയിലേക്ക് ചോർന്നത് മുഴുവൻ സിപിഐ(എം) വോട്ടുകൾ

മുഖ്യമന്ത്രിയാകാനുള്ള മോഹം പിണറായിക്ക് കിട്ടാക്കനിയാകുമോ? സിപിഎമ്മിനെ വേട്ടയാടുന്നത് ടിപി ചന്ദ്രശേഖരന്റെ ആത്മാവ്; അച്യുതാനന്ദന് കീജയ് വിളിച്ചവരും വോട്ട് ചെയ്തില്ല: ബിജെപിയിലേക്ക് ചോർന്നത് മുഴുവൻ സിപിഐ(എം) വോട്ടുകൾ

കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പിണറായി വിജയന്റെ തലയിൽ വരച്ചിട്ടില്ലേ? ഒരു ചെറിയ പാളിച്ച പോലും സംഭവിക്കാതെ അരുവിക്കരയിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം വെള്ളത്തിൽ വരച്ച വരപോലെയാകുമ്പോൾ സിപിഎമ്മിന് കേരള രാഷ്ട്രീയത്തിലെ പ്രസക്തി നിലനിർത്താൻ ഏറെ പാടുപെടേണ്ടിവരും. മണ്ഡലത്തിലെ വികസനമില്ലായ്മയും ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതിയും സ്ത്രീവിഷയങ്ങളും സജീവമായി നിലനിർത്തിയിട്ടും യുഡിഎഫ് ഭൂരിപക്ഷവും വർദ്ധിപ്പിച്ചു എന്നത് സിപിഎമ്മിനെ തെല്ലൊന്നുമായിരിക്കില്ല അലട്ടുക. രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം ഇടത് വോട്ടുകളിൽ ചോർച്ച ഉണ്ടാക്കി എന്നു പറഞ്ഞ് സമാധാനിക്കുമ്പോഴും ഒരുകാര്യം പ്രസക്തമാകുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വോട്ടിൽ ഒരു കുറവും വന്നിട്ടില്ല എന്നത് തന്നെയാണ് അത്.

രാഷ്ട്രീയ തിരിച്ചടികളിലൂടെയായിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിന്റെ യാത്ര. അതുകൊണ്ട് കൂടിയാണ് പ്രചരണത്തിന്റെ മുഖ്യ ഉത്തരവാദിത്തം പിണറായി വിജയൻ ഏറ്റെടുത്തത്. അരുവിക്കരയിൽ കരുത്ത് കാട്ടി ജനപിന്തുണ തെളിയിക്കുകയായിരുന്നു ലക്ഷ്യം. ഇതെല്ലാമാണ് ശബരീനാഥന്റെ തേരോട്ടം തകർത്തത്. നാല് ടേമോളം സിപിഐ(എം) സെക്രട്ടറിയായിരുന്നു പിണറായി. ലാവ്‌ലിൻ കേസുമൂലം പാർലമെന്ററീ മോഹങ്ങൾ മാറ്റി വച്ചു പാർട്ടിയെ നിയച്ചു. അതിനിടെയാണ് മൂന്ന് ടേം നിബന്ധനയുടെ ഭാഗമായി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നത്. അപ്പോഴേക്കും ലാവ്‌ലിൻ കേസിൽ കോടതിയുടെ അനുകൂല വിധിയുമെത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുക. കണ്ണൂർ ലോബിയുടെ കരുത്തിൽ മുഖ്യമന്ത്രിയാവുക. ഇതൊക്കെയായിരുന്നു മോഹങ്ങൾ. ഇതിനെല്ലാമാണ് അരുവിക്കരയിൽ മോഹഭംഗമാകുന്നത്.

അരുവിക്കരയിലെ എല്ലാ ബൂത്തിലും പിണറായി വിജയൻ സജീവമായിരുന്നു. എല്ലായിടത്തു നിന്നും കണക്കുകൾ ശേഖരിച്ച് പിണറായി വിജയൻ തന്നെ വിജയകുമാറിന്റെ വിജയം ഉറപ്പിച്ചു. അത് സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ അതിന് വിരുദ്ധമായാണ് ഫലമെത്തിയത്. ഉറച്ച കമ്മ്യൂണിസ്റ്റ് കോട്ടകൾ പോലും കൈവിട്ടു. അങ്ങനെ ശബരിനാഥൻ ചരിത്ര വിജയം നേടുമ്പോൾ സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ചെന്ന് അവകാശപ്പെടുന്ന പിണറായി വിജയന് തന്നെയാണ് പ്രതിസന്ധി. അതിലെല്ലാം ഉപരി കേരള രാഷ്ട്രീയത്തിൽ യുഡിഎഫിന് വീണ്ടും മേൽക്കൈ കിട്ടുന്നതിന്റെ പേരു ദോഷവും പിണറായിക്ക് തന്നെ പ്രധാനമായും കിട്ടും. പിണറായി പ്രതിസന്ധിയിലേക്ക് പോകുമ്പോൾ സിപിഎമ്മിലും പ്രശ്‌നങ്ങൾ ഇരട്ടിയാകും.

അരുവിക്കരയിൽ പ്രചാരകനായി വി എസ് അച്യുതാനന്ദനും ഉണ്ടായിരുന്നു. വിഎസിന്റെ ആൾക്കൂട്ടങ്ങൾ വോട്ടായി മാറിയില്ലെന്നത് മാത്രമാണ് ഔദ്യോഗിക പക്ഷത്തിന് ആശ്വാസം. എന്നാൽ തൊണ്ണൂറ്റി മൂന്ന് വയസ്സ് കഴിഞ്ഞ വിഎസിന് പാർലമെന്ററീ വ്യാമോഹങ്ങൾ ഇനി ഏറെയില്ല. അതുകൊണ്ട് തന്നെ ഭാവി മുഖ്യമന്ത്രിയായി മാറാൻ ആഗ്രഹിക്കുന്ന പിണറായി വിജയന് തന്നെയാണ് അരുവിക്കര ഫലം തിരിച്ചടിയാകുന്നത്. ഈ നിയമസഭാ കാലത്തെ മൂന്ന് ഉപതെരഞ്ഞെടുപ്പിലും വിജയം കോൺഗ്രസിനായിരുന്നു. സോളാർ, ബാർ കോഴ വിവാദങ്ങളിൽ ആടിയുലഞ്ഞ സർക്കാരാണ് രാഷ്ട്രീയ പോരാട്ടത്തിൽ അരുവിക്കരയിൽ ജയിച്ചു കയറുന്നത്. അതുകൊണ്ട് ഭരണമുന്നണിയിൽ ഇനി വിള്ളലുണ്ടാക്കാൻ കഴയില്ല. അതുകൊണ്ട് തന്നെ അരുവിക്കരിക്ക് ശേഷം ഭരണമാറ്റമെന്ന പിണറായിയുടെ പ്രഖ്യാപനം പാഴ് വാക്കുമാകും.

സംഘടനാ തലത്തിൽ മാത്രം പ്രവർത്തിച്ച പിണറായി വിജയന് ഇടതുമുന്നണിയുടെ വോട്ടുകൾ പോലും കൃത്യമായി പെട്ടിയിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് തിരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കിയ പഞ്ചായത്തുകളിൽ പോലും സിപിഐ(എം) രണ്ടാം സ്ഥാനത്തായി. സിപിഐ(എം) ഭരിക്കുന്ന പഞ്ചായത്തുകളിലും ശബരിനാഥന്റെ മുന്നേറ്റം തന്നെയാണ് കണ്ടത്. എട്ട് പഞ്ചായത്തുകളിൽ ഒരു സ്ഥലത്ത് മാത്രമാണ് വിജയകുമാറിന് ഭൂരിപക്ഷം നേടാൻ കഴിഞ്ഞത്.

കണക്കെടുത്തും ബൂത്ത് തല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും സജീവമായ പിണറായി വിജയന് സംഘടനാതലത്തിൽ ഏൽക്കുന്ന വൻ പരാജയം കൂടിയാണ് അരുവിക്കരയിൽ സംഭവിച്ചിരിക്കുന്നത്. ആദ്യം വോട്ടെണ്ണിയ തൊളിക്കോട് പഞ്ചായത്തിൽ ശബരിനാഥന് 1,422 വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. ഇടതുകോട്ടയായ വിതുരയിലും ആര്യനാടും, ഉഴമലയ്ക്കലും എല്ലാം ശബരി തന്നെ മുന്നിലെത്തി.

വിതുരയിൽ 1052 , ആര്യനാട് 1449 , ഉഴമലയ്ക്കൽ 368 എന്ന നിലയിലാണ് ശബരിനാഥന് ലീഡ് നേടിയത്. അരുവിക്കരയിൽ മാത്രമാണ് വിജയകുമാറിന് ലീഡ് നേടാനായത്. അതും വെറും 133 വോട്ടുകളുടെ ഭൂരിപക്ഷം മാത്രം. ഈ ഒരു കാര്യം ഉയർത്തിക്കാണിച്ച് തന്നെ പിണറായി വിജയന്റെ സംഘാടന പാടവം ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വിഎസിന്റെ നേതൃത്വത്തിൽ ഇത്തരം ഒരു ചോദ്യം ഉയർന്നാൽ അതിനെ പ്രതിരോധിക്കുക പിണറായിക്ക് എളുപ്പമാകില്ല.

ഈ വിജയത്തിന്റെ കരുത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ നേരിടാൻ സർക്കാരിന് കഴിയും. അതുകൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലും തികഞ്ഞ ആത്മവിശ്വാസത്തിലാകും അവർ. എന്നാൽ സിപിഐ(എം) ദുർബ്ബലമാകും. ഏറ്റവും ഭീതജനകം ബിജെപിയുണ്ടാക്കുന്ന മുന്നേറ്റമാകും. അരുവിക്കരയിലും നെയ്യാറ്റിൻകരിയുലം ബിജെപി നേടിയ വോട്ടുകളാണ് സിപിഎമ്മിനെ തകർത്തത്. ഇടതു പക്ഷത്തിന്റെ വോട്ട് ബാങ്കായ ഈഴവ സമൂഹം ബിജെപിയോട് അടുക്കുന്നു. ന്യൂനപക്ഷ രാഷ്ട്രീയം കോൺഗ്രസിനും യുഡിഎഫിനും അനുകൂലവും. അതുകൊണ്ട് തന്നെ ഭാവി തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. അരുവിക്കരയിലെ തെരഞ്ഞെടുപ്പ് ഫലം അത്രകണ്ട് സിപിഎമ്മിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് തന്നെയാണ്.

നെയ്യാറ്റിൻകരയിൽ ടിപി ചന്ദ്രശേഖരൻ വധമായിരുന്നു സിപിഎമ്മിന് വിജയം നിഷേധിച്ചത്. ടിപി കേസിൽ വി എസ് നടത്തിയ ഒറ്റയാൾ നീക്കവും തിരിച്ചടിയായി. എന്നാൽ അരുവിക്കരയിൽ വിഎസും വിജയകുമാറിനൊപ്പം ഉറച്ചു നിന്നു. പ്രചരണത്തിൽ സജീവമായി പങ്കെടുത്തു. അഴിമതിയെന്ന മുദ്രാവാക്യം നിറച്ചു. എന്നിട്ടും വിജയകുമാറിന് ജയിക്കാനായില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവ് ചൂണ്ടിക്കാണിക്കാനും കഴിയുന്നില്ല. കാരം തിരുവനന്തപുരത്തെ തലമുതിർന്ന രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് വിജയകുമാർ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഇടത് മുന്നണി മൂന്നാമതായപ്പോൾ ബെനറ്റ് എബ്രഹാമെന്ന സ്ഥാനാർത്ഥിയുടെ പോരായ്മയാണ് പരാജയകാരണമെന്ന് വിലയിരുത്തിയിരുന്നു. ഇതെല്ലൊം മനസ്സിൽ വച്ചാണ് അരുവിക്കരയിൽ നാട്ടുകാരനായ വിജയകുമാറിനെ തന്നെ നിർത്തിയത്. അതും പൊളിയുമ്പോൾ ഇടതു പക്ഷത്തിന് പറയാൻ ന്യായങ്ങൾ ഇല്ലാതെയാകും.

വി എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലെ വെടിനിർത്തലിനും ഇതോടെ അവസാനമാകും. പ്രചരണ രംഗത്ത് സജീവമായിരുന്നുവെങ്കിൽ സർക്കാരിനെതിരായ വികാരം മുതലെടുക്കാൻ സിപിഎമ്മിന്റെ ഇപ്പോഴത്തെ നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിഎസിന്റെ വാദത്തിന് ഇനി ശക്തികൂടും. വിഎസിനെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി പ്രതികാരം തീർക്കാനുള്ള പിണറായി പക്ഷത്തിന്റെ മോഹവും തകരുകയാണ്. ജനപ്രിയനായ വിഎസിനെ കൈവിട്ട് കേരളത്തിലൊരു പരീക്ഷണത്തിന് സിപിഐ(എം) കേന്ദ്ര നേതൃത്വും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇനി തയ്യാറാവുകയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP