Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വല്ലഭന് പുല്ലും ആയുധം; അഴിമതിയും സ്ത്രീവിഷയവും അരങ്ങു തകർത്തിട്ടും ചരിത്ര വിജയം നേടിയത് ഉമ്മൻ ചാണ്ടിയുടെ മികവിൽ മാത്രം; ബാർ കോഴയും സോളാറും നിഷ്പ്രഭമായി; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ ഇനിയും കവടി നിരത്തേണ്ടി വരും

വല്ലഭന് പുല്ലും ആയുധം; അഴിമതിയും സ്ത്രീവിഷയവും അരങ്ങു തകർത്തിട്ടും ചരിത്ര വിജയം നേടിയത് ഉമ്മൻ ചാണ്ടിയുടെ മികവിൽ മാത്രം; ബാർ കോഴയും സോളാറും നിഷ്പ്രഭമായി; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ ഇനിയും കവടി നിരത്തേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ തന്നെ വെല്ലാൻ ആരുമില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഉമ്മൻ ചാണ്ടി. ഇന്നേവരെയുള്ള കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതിയും സ്ത്രീവിഷയങ്ങളും നേരിട്ട ഉമ്മൻ ചാണ്ടിക്ക് ഒരിക്കലും ആത്മവിശ്വാസം നഷ്ടമായിരുന്നില്ല. ആ ആത്മവിശ്വാസം തന്നെയാണ് ഈ ചരിത്ര വിഷയത്തിന്റെ പിന്നിലും. വിജയിക്കുമോ എന്ന് തീർത്തു പറയാൻ സാധിക്കാതെ ഇടത് മുന്നണി ചാടിക്കളിച്ചപ്പോൾ എന്നും ആത്മവിശ്വാസത്തോടെ വിജയിക്കും എന്ന് പ്രഖ്യാപിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിരുന്നു. ഭരണത്തിന്റെ വിലയിരുത്തൽ ആയിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്നു ധൈര്യത്തോടെ പറഞ്ഞ മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ പ്രതിപക്ഷം ഒരിക്കലും തുണച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അധികാരത്തിലെത്തിയ അന്ന് മുതൽ മുൾ വഴികളിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ യാത്ര. പ്രതിപക്ഷത്ത് നിന്ന് മാത്രമായിരുന്നില്ല അത്. സ്വന്തം പാളയത്തിൽ തന്നെ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റായിരുന്നിട്ടും രമേശ് ചെന്നിത്തല ഹരിപ്പാട് സ്ഥാനാർത്ഥിയായതും എംഎൽഎയായതും വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. ആഭ്യന്തരമന്ത്രായയതോടെ എല്ലാം വ്യക്തമായി. അതിന് ശേഷം മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല നീങ്ങിയത് പരസ്യമായി തന്നെയായിരുന്നു. ഇതിനായി ഐ ഗ്രൂപ്പിലെ എല്ലാ നേതാക്കളേയും ചെന്നിത്തല ഒരുമിപ്പിച്ചു. അങ്ങനെ വിശാല ഐ ഗ്രൂപ്പിൽ നേതാക്കളുടെ കൂട്ടമായി. എല്ലാവരും നേതാവായി ചെന്നിത്തലയേയും അംഗീകരിച്ചു. എല്ലാം മുഖ്യമന്ത്രി കസേരയെ ലക്ഷ്യമിട്ടുള്ള ചെന്നിത്തലയുടെ തന്ത്രമായിരുന്നു.

നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമായിരുന്നില്ല അരുവിക്കരയിലേത്. എല്ലാത്തിന്റെയും കുറ്റം മുഖ്യമന്ത്രിയുടെ തലയിൽ ചാരാനുള്ള സുവർണ്ണാവസരമായിരുന്നു ചെന്നിത്തലയ്ക്ക് അരുവിക്കര. ബാർ കോഴയുണ്ടാക്കിയെടുത്തതും അതിന് വേണ്ടി തന്നെയായിരുന്നു. കാർത്തികേയന്റെ മരണത്തിന് ശേഷമാണ് ബാർ കോഴയ്ക്ക് ഇന്നത്തെ രീതി പോലും കൈവന്നത്. ധനമന്ത്രി കെ എം മാണിയെ തൊട്ട് കെ ബാബുവിനെ പിടിച്ച് മുഖ്യമന്ത്രിയെ ദുർബ്ബലനാക്കുക. സോളാർ വിഷയം യഥാസമയത്ത് കരുത്താകുമെന്ന് ചെന്നിത്തലയ്ക്ക് അറിമായിരുന്നു. ഉമ്മൻ ചാണ്ടിയെ കുടുംബത്തെ പോലും ഈ വിവാദത്തിലേക്ക ്‌കൊണ്ടുവരാൻ പിസി ജോർജിനെ സമർത്ഥമായി ഉപയോഗിക്കാനായിരുന്നു അണിയറ നീക്കം. ഇതിനെല്ലാമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ ഉമ്മൻ ചാണ്ടി മറുപടി നൽകുന്നത്.

സോളാറും ബാർ കോഴയും നിറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു അരുവിക്കര. പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദൻ സജീവമായി തന്നെ പ്രശ്‌നം നിലനിർത്തി. ബാർ കോഴയിലെ കുറ്റ പത്രവിവാദവും അട്ടിമറിയുമെല്ലാം ചർച്ചയായി. എന്നിട്ടും ശബരിനാഥന്റെ ഭൂരിപക്ഷം കുറഞ്ഞില്ല. വിജയകുമാറെന്ന കരുത്തനെ മലർത്തിയടിച്ചു. രാജഗോപാലിന്റെ സാന്നിധ്യമുണ്ടെങ്കിലും കോൺഗ്രസിന്റെ വോട്ടിൽ വലിയ കുറവുണ്ടായില്ല. ഇതെല്ലാം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് തുണയാണ്. പാർട്ടിയിൽ ഇനി മുഖ്യമന്ത്രിയുടെ നാളുകളാണ്. ആഭ്യന്തരമന്ത്രിയുടെ ഒളിച്ചു കളി മുഖ്യമന്ത്രി ഇനി അനുവദിക്കില്ല. ഭരണം മൊത്തമായി മുഖ്യമന്ത്രിയുടെ പൂർണ്ണ നിയന്ത്രണത്തിലെത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടി മുൻതൂക്കം നിലനിർത്തിയാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് തന്നെ നേട്ടമുണ്ടാക്കും.

ഇവിടെയാണ് ചെന്നിത്തല രാഷ്ട്രീയ പ്രതിസന്ധി കാണുന്നത്. സാക്ഷാൽ കെ കരുണാകരന് പോലും കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ കേരളത്തിൽ ആയിട്ടില്ല. ഭരണതുടർച്ചയെന്ന മുദ്രാവാക്യം അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ സാധിച്ചാൽ പിന്നെ ഹൈക്കമാണ്ടും രമേശ് ചെന്നിത്തലയെ കൈവിടും. ഇതോടെ ഐ ഗ്രൂപ്പ് ചിന്നഭിന്നമാകും. ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് അരുവിക്കരയിൽ ഉമ്മൻ ചാണ്ടി കുരുക്കൾ നീക്കിയത്. ഇവിടെ പരാജയപ്പെട്ടെങ്കിൽ ചെന്നിത്തലയും പ്രതിപക്ഷവും ഒരുമിച്ച് അണിനിരന്ന് ഭരണത്തെ അട്ടിമറിക്കുമെന്ന് ഉമ്മൻ ചാണ്ടിക്ക് നന്നായി അറിയാമായിരുന്നു. വിശ്വസ്തരെ ചുമതലകൾ ഏൽപ്പിച്ച് കാര്യങ്ങൾ ഉമ്മൻ ചാണ്ടി മുന്നോട്ട് നീക്കയത് അതുകൊണ്ടാണ്. വിഴഞ്ഞം പോലുള്ള വികസന പദ്ധതികൾക്കുള്ള ജനകീയ അംഗീകാരമായി ഇതിനെ മുഖ്യമന്ത്രി ഇനി പരസ്യമായി വിലയിരുത്തുകയും ചെയ്യും.

അരുവിക്കര ഫലത്തോടെ ഉമ്മൻ ചാണ്ടിക്ക് മാണിയേയും കെ ബാബുവിനേയും പൂർണ്ണ അർത്ഥത്തിൽ രക്ഷിക്കാനും കഴിയും. ബാർ കോഴ അടഞ്ഞ അധ്യായമായി. എല്ലാത്തിനുമുപരി നെയ്യാറ്റിൻകരയിൽ വലംകൈയായിരുന്ന പിസി ജോർജിന് ചുട്ട മറുപടിയും നൽകി. ചെന്നിത്തലയ്‌ക്കൊപ്പം നിന്ന് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ചതിനുള്ള ശിക്ഷയാണ് ഇത്. ക്രൈസ്തവ വോട്ടുകൾ യുഡിഎഫിൽ ഉറപ്പിച്ചു നിർത്താൻ അത്രയേറെ പാടുപെട്ടു മുഖ്യമന്ത്രി. സഭാ നേതൃത്വങ്ങളെ ഒപ്പം നിർത്തിയായിരുന്നു അത്. നാടാർ സമുദായം കോൺഗ്രസിനൊപ്പമാണെന്ന് ഉറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു എൻ ശക്തനെ സ്പീക്കറാക്കിയത്. അതും വിജയിച്ചു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർ എസ് പിക്ക് വാഗ്ദാനം നൽകി അവരേയും ഒപ്പം നിറുത്തി.

ഇനി തദ്ദേശ തെരഞ്ഞെടുപ്പ് വരെ യുഡിഎഫിൽ വിള്ളലുകൾ ഉണ്ടാകില്ല. അർഎസ്‌പിയും വീരേന്ദ്ര കുമാറിന്റെ ജനതാദള്ളുമൊന്നും പ്രതിസന്ധിയിലായ ഇടത് കൂടാരം ഉടൻ കയറാൻ കൂട്ടാക്കില്ല. ഇടതു പക്ഷത്ത് ആടി നിൽക്കുന്ന ചിലർ ഇങ്ങോട്ട് വരികയും ചെയ്യും. എല്ലാത്തിനുപരി ആർ ബാലകൃഷ്ണപിള്ളയുടേയും ഗണേശ് കുമാറിന്റേയും പ്രചരണവും ഉമ്മൻ ചാണ്ടിക്ക് ദോഷമായില്ല. അങ്ങനെ തന്റെ രാഷ്ട്രീയ എതിരാളികളെയെല്ലാം ശബരിനാഥന്റെ വിജയത്തിലൂടെ അപ്രസക്തനാക്കുകയാണ് മുഖ്യമന്ത്രി. കാർത്തികേയന്റെ സഹതാപ തരംഗത്തിനൊപ്പം ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾ തന്നെയാണ് വിജയമൊരുക്കിയതെന്ന് ഏതിരാളികളെ കൊണ്ട് പോലൂം സമ്മതിക്കാൻ കഴിഞ്ഞതാണ് മുഖ്യമന്ത്രിയുടെ വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP