Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആറാം തവണയും ഗുജറാത്തിൽ ബിജെപി തന്നെയെന്ന് ടൈംസ് നൗ സർവേഫലം; കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം പിടിക്കും; ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി മോദിയാണെന്നും ടൈംസ് നൗ പ്രേക്ഷകർ

ആറാം തവണയും ഗുജറാത്തിൽ ബിജെപി തന്നെയെന്ന് ടൈംസ് നൗ സർവേഫലം; കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം പിടിക്കും; ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി മോദിയാണെന്നും ടൈംസ് നൗ പ്രേക്ഷകർ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: കഴിഞ്ഞതവണ ഗുജറാത്തിൽ ബിജെപി ജനവിധി തേടുമ്പോൾ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി. ഇക്കുറി, അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തിരിക്കവെ, ഗുജറാത്തിൽ ബിജെപി റെക്കോഡ് വിജയം കരസ്ഥമാക്കുമെന്ന് ടൈംസ് നൗ-വി എംആർ സർവേ. 2012-ലേതിനെക്കാൾ മികച്ച വിജയത്തോടെയാകും ഗുജറാത്തിൽ തുടർച്ചയായ ആറാം തവണ ബിജെപി അധികാരത്തിലേറുകയെന്നും സർവേ സൂചിപ്പിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി മോദിയാണെന്നും ടൈംസ് നൗ പ്രേക്ഷകർ വിലയിരുത്തുന്നു.

ഗുജറാത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സർവേ ഫലം പുറത്തുവരുന്നത്. 182 അംഗ നിയമസഭയിൽ, ബിജെപി 118 മുതൽ 134 സീറ്റുവരെ നേടുമെന്നാണ് അഭിപ്രായസർവേ പറയുന്നത്. 2012-ൽ 115 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞതവണ 61 സീറ്റിൽ വിജയിച്ച കോൺഗ്രസ്സിന് ഇക്കുറിയും ഏറെക്കുറെ അതിനടുത്തെത്താനേ കഴിയൂ. 49 മുതൽ 61 വരെ സീറ്റുകളാണ് കോൺഗ്രസ്സിന് ലഭിക്കുകയെന്നും സർവേ സൂചിപ്പിക്കുന്നു.

ബിജെപിയുടെ വോട്ട് വിഹിതത്തിലും കാര്യമായ വർധനയുണ്ടാകും. 2012-ൽ 48 ശതമാനം വോട്ട് നേടിയ ബിജെപി ഇക്കുറി 52 ശതമാനമാക്കി അതുയർത്തും. നാല് ശതമാനം വർധന. കോൺഗ്രസ്സിന്റെ വോട്ട് വിഹിതം രണ്ടുശതമാനം കുറഞ്ഞ് 39 ശതമാനത്തിൽനിന്ന് 37-ലെത്തുമെന്നും സർവേ സൂചിപ്പിക്കുന്നു. ബിജെപി കേന്ദ്രത്തിൽ നടപ്പാക്കിയ നടപടികളോട് ഗുജറാത്തിലുള്ളവർക്ക് അനുകൂലമനോഭാവമാണുള്ളതെന്നും സർവേ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കലും ജി.എസ്.ടി.യും പോലുള്ള നടപടികൾ ജീവിതനിലവാരം മെച്ചപ്പെടുത്തിയെന്ന് വിശ്വസിക്കുന്നവർ 42 ശതമാനത്തോളം വരും. 40 ശതമാനം പേർക്ക് എതിരഭിപ്രായവുമുണ്ടെന്നത് ശ്രദ്ധേയമാണ്. എന്നാൽ, പ്രത്യേകിച്ച് അഭിപ്രായമില്ലാത്ത 18 ശതമാനം നിഷ്പക്ഷരും ഗുജറാത്തിലുണ്ട്.

ഗുജജറാത്ത് ഭരിച്ച മുഖ്യമന്ത്രിമാരിൽ ഏറ്റവും മികച്ചത് നരേന്ദ്ര മോദിയാണെന്ന കാര്യത്തിൽ ബഹുഭൂരിപക്ഷത്തിനും സംശയമില്ല. 67 ശതമാനം പേർ ഇക്കാര്യത്തിൽ മോദിക്കൊപ്പമാണ്. മുന്മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന് 20 ശതമാനവും ഇപ്പോഴത്തെ മുഖ്യമന്ത്രി വിജയ് രൂപാനിക്ക് 13 ശതമാനവും മാത്രമാണ് പിന്തുണ. പ്രധാനമന്ത്രിയുടെ സംസ്ഥാനമെന്ന ഘടകവും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി മാറും. 53 സീറ്റുകളുള്ള വടക്കൻ ഗുജറാത്തിലാകും ഇത് കാര്യമായി പ്രതിഫലിക്കുക. മോദിയുടെ ജന്മനാടായ ഇവിടെ 60 ശതമാനം സീറ്റുകളാണ് കഴിഞ്ഞതവണ ബിജെപി നേടിയത്. ഇക്കുറിയത് 80 ശതമാനമായി വർധിക്കുമെന്നാണ് സർവേ ഫലം.

രാഹുൽ ഗാന്ധിയുടെ പ്രചാരണവും യുവനേതാക്കളായ ഹർദിക് പട്ടേൽ, അൽപേഷ് താക്കോർ, ജിഗ്നേഷ് മേവാനി തുടങ്ങിയവരുടെ സാന്നിധ്യവും കോൺഗ്രസ്സിന് കാര്യമായ ഗുണം ചെയ്യില്ലെന്നും സർവേ സൂചിപ്പിക്കുന്നു. ഇവർ മൂവരും കോൺഗ്രസ്സിൽ ചേർന്നാലും 52 ശതമാനം പേരും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് സർവേയിലെ സൂചന. 37 ശതമാനമാണ് കോൺഗ്രസ്സിനെ പിന്തുണയ്ക്കുന്നവർ. ഈ മാസമാദ്യം ഗുജറാത്തിലെ നാല് മേഖലകളിലായാണ് സർവേ നടന്നത്.

ആജ്തകിന്റെ അഭിപ്രായ സർവേയിലും ഗുജറാത്തിൽ വീണ്ടും താമര വിരിയുമെന്നാണ് പറയുന്നത്. ബിജെപി 115 മുതൽ 125 വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് 57 മുതൽ 65 സീറ്റ് വരെ നേടുമെന്നും ഈ സർവേയിൽ പറയുന്നു. ബിജെപി 48 ശതാമാനം വോട്ടും കോൺഗ്രസ് 38 ശതമാനം നേടുമെന്നുമാണ് സർവേ. ബിജെപിയുമായി ഗുജറാത്തികൾക്ക് അഭിപ്രായ ഭിന്നതയുണ്ട്. എന്നാൽ സ്വന്തം നാട്ടുകാരനായ പ്രധാനമന്ത്രി മോദിയെ കൈവിടാൻ ഗുജറാത്തിന്റെ മനസ്സ് അനുവദിക്കുന്നുമില്ല. ആം ആദ്മി പാർട്ടിക്ക് 11 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും സർവേ പറയുന്നു. ആം ആദ്മി പാർട്ടി 11 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു.

ഗുജറാത്തിനൊപ്പം ഹിമാചലിലും ബിജെപി മുന്നേറുമെന്നാണ് ആജ്തക് സർവ്വേ. ഹിമാചൽ പ്രദേശിലെ 68 സീറ്റിൽ 43മുതൽ 48വരെ സീറ്റുകൾ ബിജെപിക്കാണെന്ന് സർവ്വേ പറയുന്നു. കോൺഗ്രസിന് 21മുതൽ 25 സീറ്റുവരെ കിട്ടും. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. വികസന വിഷയങ്ങളാണ് ഹിമാചൽ ചർച്ചയാക്കുന്നതെന്നും വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP