Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ആരെയും കൂടെ കൂട്ടേണ്ടെന്ന് ബിജെപി തീരുമാനം; പാർട്ടി അടിത്തറ വിപുലപ്പെടുത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിനൊരുങ്ങും

കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ആരെയും കൂടെ കൂട്ടേണ്ടെന്ന് ബിജെപി തീരുമാനം; പാർട്ടി അടിത്തറ വിപുലപ്പെടുത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിനൊരുങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുന്നതിനായി ഇടത്, വലതു ചേരിയിലുള്ള ആരെയും കൂട്ടേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനം. അതേസമയം രണ്ട് മുന്നണികളിലും പെടാത്ത മറ്റ് കക്ഷികളെ കൂടെക്കൂട്ടി സഖ്യം വിപുലപ്പെടുത്താനാണ് നീക്കം. വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി അടിത്തറ ശക്തിപ്പെടുത്താനുതകുന്ന തന്ത്രങ്ങളും യോഗം ചർച്ച ചെയ്തു.

പാർട്ടി സ്വന്തം ശക്തി സമാഹരിച്ച് മുന്നോട്ടുപോകണമെന്നാണ് കെ.പി. ശ്രീശൻ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിൽ പറയുന്നത്. അതേസമയം, ഇടത്, വലത് മുന്നണികളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ നിൽക്കുന്നവരും വികസനത്തിന്റെ പേരിൽ മുന്നോട്ടുവരുന്നവരുമായവരെ യോജിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഇത് നേരത്തേ പാർട്ടി മുഖപത്രമായ ജന്മഭൂമിയിൽ വന്ന ലേഖനത്തിലെ നിർദ്ദേശത്തെ തള്ളുന്നതുമായി. കേരള കോൺഗ്രസ്മാണിയുമായി സഹകരണം നിർദ്ദേശിച്ചായിരുന്നു ലേഖനം. ഇതിനെതിരെ പാർട്ടി പ്രസിഡന്റ് വി. മുരളീധരൻ തന്നെ രംഗത്ത് വന്നതോടെ രാഷ്ട്രീയവിവാദമായി മാറിയിരുന്നു. പാർട്ടിനയത്തെ സ്വാധീനിക്കാനായിരുന്നില്ല, മറിച്ച് തന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനമായി കണ്ടാൽ മതിയെന്ന് ലേഖനകർത്താവ് കൂടിയായ കെ. കുഞ്ഞിക്കണ്ണൻ ഇന്നലെ യോഗത്തിൽ വ്യക്തമാക്കിയതായും അറിയുന്നു.

സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരളത്തിൽ ഗവർണറാക്കാനുള്ള നീക്കത്തിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. രാഷ്ട്രീയനേതൃത്വത്തിൽ നിൽക്കുന്നവരെ ഒഴിവാക്കി ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നായിരുന്നു വിമർശനം. മുതിർന്ന നേതാവ് ഒ. രാജഗോപാലിന് ഗവർണർപദവി നിഷേധിക്കുന്നതും പി.കെ. കൃഷ്ണദാസിനെ ദേശീയസെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കിയതും കേരള പാർട്ടിയോടുള്ള അവഗണനയാണെന്നും ചിലർ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽസമിതി റിപ്പോർട്ട് അംഗീകരിക്കുന്നതിൽ പിറകോട്ടുപോയതും ശരിയായില്ല. ഇക്കാര്യം അതിന്റെ ഗൗരവത്തിൽ ദേശീയനേതൃത്വത്തെ ബോദ്ധ്യപ്പെടുത്താൻ സംസ്ഥാനഘടകത്തിനായോ എന്ന് സംശയമുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ ഇത്തരം നിലപാടുകളോട് ശക്തമായി പ്രതിഷേധിക്കുന്ന പ്രമേയം പാസാക്കണമെന്നും ആവശ്യമുയർന്നു. ഇത് പക്ഷേ യോഗം തള്ളി. വിവാദപരാമർശങ്ങൾ ഒഴിവാക്കി പ്രമേയം അംഗീകരിക്കാനാണ് ഒടുവിൽ തീരുമാനിച്ചത്. ചർച്ചയിലുയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിക്കാൻ എം.ടി. രമേശ്, കെ. സുരേന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP