Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാർട്ടി ഗ്രാമങ്ങളിൽ ജാഥ നടത്തും; ഇളകിനിൽക്കുന്ന അണികളെ അടർത്തിയെടുക്കും; മനോജ് വധത്തിന് പ്രതികാരം ചെയ്യാതെ പരമാവധി മുതലെടുക്കാൻ ബിജെപി; കാൽച്ചുവട്ടിലെ മണ്ണ് ഒഴുകുന്നത് തടയാനാകാതെ സിപിഐ(എം)

പാർട്ടി ഗ്രാമങ്ങളിൽ ജാഥ നടത്തും; ഇളകിനിൽക്കുന്ന അണികളെ അടർത്തിയെടുക്കും; മനോജ് വധത്തിന് പ്രതികാരം ചെയ്യാതെ പരമാവധി മുതലെടുക്കാൻ ബിജെപി; കാൽച്ചുവട്ടിലെ മണ്ണ് ഒഴുകുന്നത് തടയാനാകാതെ സിപിഐ(എം)

കോഴിക്കോട്: ആർഎസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തിന് അതേ നാണയത്തിൽ തിരിച്ചടിക്കാതെ പുതിയ പാതകൾ വെട്ടിത്തുറക്കാനുള്ള ശ്രമത്തിൽ ബിജെപി. പാർട്ടി ഗ്രാമങ്ങളിലേക്ക് കടന്നുചെന്ന് സിപിഐ(എം) പ്രവർത്തകരെയും അനുഭാവികളെയും തങ്ങളുടെ ചേരിയിൽ എത്തിക്കാനുള്ള ശ്രമം ബിജെപി തുടങ്ങിക്കഴിഞ്ഞു. സിപിഐ(എം) ചെയ്തികളിൽ മനംമടുത്ത് നിൽക്കുന്ന അണികളെ കണ്ടെത്തി പാർട്ടിയുടെ ഭാഗമാക്കാനുള്ള നീക്കങ്ങളാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

നിലവിലുള്ള സിപിഐ(എം) വിരുദ്ധ വികാരം പരമാവധി മുതലെടുക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ അനുകൂലമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ഇന്നലെ ചേർന്ന കോർ കമ്മിറ്റിയിൽ ഇതുമായി ബന്ധപ്പെട്ട സജീവ ചർച്ച നടന്നു.

സിപിഐ(എം) നേതൃത്വത്തിന്റെ പങ്ക് പുറത്ത് കൊണ്ടുവരാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്ന നിലപാടാണ് യോഗം സ്വീകരിച്ചത്. പാർട്ടി ഗ്രാമങ്ങളിൽ ജാഥകൾ സംഘടിപ്പിച്ച് സിപിഎമ്മിനെതിരെ ശക്തമായ പ്രചാരണം നടത്തും. ഈ മാസം 23 മുതൽ 25 വരെ നടക്കുന്ന പ്രചാരണ ജാഥകളിൽ മുതിർന്ന നേതാക്കളെ പരമാവധി പങ്കെടുപ്പിക്കും.

മനോജ് വധത്തോടെ സിപിഎമ്മിന്റെ താഴേതട്ടിൽ ശക്തമായ കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നുണ്ടെന്ന വിലയിരുത്തലും കോർ കമ്മിറ്റിയിൽ ഉണ്ടായി. ഈ സാഹചര്യത്തിൽ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേരാനാഗ്രഹിക്കുന്നവരെ കേന്ദ്രീകരിച്ച് കൂടുതൽ പ്രചാരണം നടത്താനാണ് തീരുമാനം.

നിശ്ചലമായിരിക്കുന്ന പാർട്ടി ഗ്രാമങ്ങൾ മനോജ് വധത്തോടെ സജീവമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സിപിഐ(എം). എന്നാൽ ബിജെപിയുടെ ഭാഗത്ത് നിന്ന് പ്രകോപനമില്ലാതായതോടെ സിപിഎമ്മിന്റെ തന്ത്രം പാളിയിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇടയ്ക്കിടെയുള്ള സംഘർഷങ്ങളിലൂടെയാണ് സിപിഐ(എം) പാർട്ടി ഗ്രാമങ്ങളെ ബിജെപിയിൽ നിന്ന് അകറ്റി നിറുത്തിയിരുന്നത്. എന്നാൽ കുറച്ചു കാലമായി സംഘർഷങ്ങൾ ഇല്ലാതായതോടെ ഇരു പാർട്ടി പ്രവർത്തകർക്കിടയിലുള്ള അകലം കുറഞ്ഞെന്ന വിലയിരുത്തൽ സി.പി.എമ്മിനുണ്ടായിരുന്നെന്നാണ് സൂചന.

ഇത് ഏറെ ദോഷം ചെയ്യുന്നതും സിപിഎമ്മിനാണ്. പാർട്ടി അണികളിൽ ഒരു വിഭാഗം ബിജെപിയിലേക്ക് ചേക്കേറുമെന്ന സൂചനയും നേരത്തേ തന്നെ സിപിഎമ്മിന് ലഭിച്ചിരുന്നു. ഇതിന് തടയിടാനാണ് ആർഎസ്എസ് നേതാവിനെ ലക്ഷ്യം വച്ചതെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ, ബിജെപിക്കുള്ളിലെ വിഭാഗീയ കാര്യങ്ങളിൽ ചർച്ച നടന്നെങ്കിലും പൊട്ടിത്തെറിയിലേക്ക് നീങ്ങിയില്ല. ഒരുമിച്ച് നിന്നാൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം നടത്താനാകുമെന്ന പൊതു വികാരമാണ് കോർകമ്മിറ്റിയിൽ ഉയർന്നത്. മുതിർന്ന നേതാവായ ഒ രാജഗോപാൽ, സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ, പി കെ കൃഷ്ണദാസ്, കെ സുരേന്ദ്രൻ, എം ടി രമേശ്, അഡ്വ. പി എസ് ശ്രീധരൻപിള്ള തുടങ്ങിയവർ കോർ കമ്മിറ്റിയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP