Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഴിഞ്ഞ തവണ ചോർന്ന ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാൻ കോൺഗ്രസ് ഇറക്കിയ മൃദുഹിന്ദുത്വം അമ്പേ ചീറ്റി; ശ്രീധരൻ പിള്ളയെ തോൽപ്പിക്കുന്ന ഹിന്ദുത്വ മുഖം നൽകാൻ മൂന്നുകുറി തൊട്ട നേതാവിനെ ഇറക്കിയത് വിനയായി; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേത് പോലെ ക്രിസ്ത്യൻ മുസ്ലിം വോട്ടുകൾ ഇടത് സ്ഥാനർത്ഥിക്ക് അനുകൂലമായി ധ്രൂവീകരിച്ചു; സിപിഎമ്മിന്റെ വിജയത്തിലേക്ക് നയിച്ചത് കോൺഗ്രസിന്റെ ഹിന്ദുത്വ പ്രീണനവും

കഴിഞ്ഞ തവണ ചോർന്ന ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാൻ കോൺഗ്രസ് ഇറക്കിയ മൃദുഹിന്ദുത്വം അമ്പേ ചീറ്റി; ശ്രീധരൻ പിള്ളയെ തോൽപ്പിക്കുന്ന ഹിന്ദുത്വ മുഖം നൽകാൻ മൂന്നുകുറി തൊട്ട നേതാവിനെ ഇറക്കിയത് വിനയായി; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേത് പോലെ ക്രിസ്ത്യൻ മുസ്ലിം വോട്ടുകൾ ഇടത് സ്ഥാനർത്ഥിക്ക് അനുകൂലമായി ധ്രൂവീകരിച്ചു; സിപിഎമ്മിന്റെ വിജയത്തിലേക്ക് നയിച്ചത് കോൺഗ്രസിന്റെ ഹിന്ദുത്വ പ്രീണനവും

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: 63 ശതമാനം ഹിന്ദു വോട്ടുകൾ ഉള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂർ. പരമ്പരാഗതമായി യുഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ കോൺഗ്രസ് മുതിർന്ന നേതാവിനെ തന്നെ സ്ഥാനാർത്ഥിയാക്കിയെങ്കിലും വൻ തോൽവിയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ ചോർന്ന ഹിന്ദു വോട്ടുകൾ തിരിച്ചുപിടിക്കാമെന്ന നീക്കത്തിന്റ ഫലമായിരുന്ന ഡി വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം. പ്രത്യേകിച്ചും ഇതിലൂടെ ഉന്നം വെച്ചത് ബിജെപി അനുകൂലമായി തിരിയാവുന്ന ഹൈന്ദവ വോട്ടുകളായിരുന്നു. അതുകൊണ്ടു തന്നെയാണ് യുവാക്കളായ സ്ഥാനാർത്ഥികളെ തഴഞ്ഞു കൊണ്ടാണ് വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ ചെറുക്കാൻ പയറ്റുന്ന മൃദുഹിന്ദുത്വം കേരളത്തിൽ പയറ്റിയതിന്റെ ഭാഗമായിരുന്നു ഹിന്ദു വിഭാഗത്തിൽ വലിയ സ്വീകാര്യതയുള്ള വിജയകുമാറിനെ രംഗത്തിറക്കിയത്. ഇത് പരാജയപ്പെട്ടെന്ന സൂചനയാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ഹിന്ദു വോട്ടുകൾ കുടക്കീഴിലെത്തിക്കാമെന്ന വിചാരത്തിൽ പ്രവർത്തം മുന്നേറുമ്പോൾ ബിഡിജെഎസിന്റെത് ഉൾപ്പടെയുള്ള ഹിന്ദു വോട്ടുകൾ ചോർന്നത് ഇടത് പെട്ടിയിലേക്ക്. അയ്യപ്പ സേവാ സംഘത്തിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാർ കെപിസിസി നിർവാഹകസമിതി അംഗമാണ്. ചെങ്ങന്നൂരിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന വിജയകുമാർ ഇതാദ്യമായാണ് നിയമസഭയിലേക്ക് മത്സരിച്ചത്. 91 ലെ തിരഞ്ഞെടുപ്പിൽ അവസാനനിമിഷമാണ് വിജയകുമാറിന് പകരം ശോഭന ജോർജ് സ്ഥാനാർത്ഥിയായത്. അന്ന് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ സ്ഥാനാർത്ഥിത്വമാണ് വിജയകുമാറിനെ തേടി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എത്തിയത്.

കുറിതൊട്ട നേതാവിനെ കളത്തിലിറക്കിയാൽ ബിജെപി വോട്ടുകൾ കൂടി പെട്ടിയിൽ വീഴ്‌ത്താമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. എന്നാൽ, ആ തന്ത്രം ന്യൂനപക്ഷ വോട്ടുകളെ അകറ്റിയെന്ന സൂചനയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. സ്വന്തം പഞ്ചായത്തിൽ പോലും സ്വന്തം സ്ഥാനാർത്ഥിക്ക് ലീഡ് എടുക്കാൻ സാധിച്ചില്ല. കഴിഞ്ഞ തവണ ശ്രീധരൻ പിള്ളക്ക് അനുകൂലമായി പോയിരുന്ന ബിഡിജെഎസ് വോട്ടുകൾ ഇത്തവണ സിപിഎം സ്ഥാനാർത്ഥിക്ക് അനുകൂലമായി പോയി. കഴിഞ്ഞ തവണത്തേക്കാൾ ഏഴായിരത്തോളം വോട്ടുകൾ കുറഞ്ഞു.

ചെങ്ങന്നൂർ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാനു ലഭിച്ചിരിക്കുന്നത്. 1987ൽ കോൺഗ്രസ് എസ്സിന്റെ മാമൻ ഐപ്പ് നേടിയ 15,703 വോട്ടിന്റെ ഭൂരിപക്ഷമാണു സജി ചെറിയാൻ മറികടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കെ.കെ.രാമചന്ദ്രൻ നായർ 7983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. എൽഡിഎഫിന്റെ വോട്ടു വിഹിതം വൻതോതിൽ വർധിച്ചപ്പോൾ കോൺഗ്രസിന്റെ വോട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വർധിച്ചു. എന്നാൽ ബിജെപിയുടെ വോട്ടിൽ കാര്യമായ കുറവുണ്ടായി.

ചെങ്ങന്നൂർ കാർഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശിയ വൈസ് പ്രസിഡന്റുമായ വിജയകുമാറിന് ചെങ്ങന്നൂരിന്റെ ഉത്തരവാദിത്വം ഏൽപിക്കുമ്പോൾ പാർട്ടിക്ക് കൂടുതൽ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ പ്രധാനമായത് ഇടതുപാളയത്തിലേക്ക് യുഡിഎഫിനെ പിന്നിൽ നിന്ന് കുത്തിയിട്ട് ചേക്കേറിയ ശോഭനജോർജ്ജിന് വ്യക്തമായ മറുപടി നൽകുക. അതിലൂടെ ആടി ഉലയുന്ന ചെങ്ങന്നൂർ എന്ന കോൺഗ്രസ് കോട്ട ആണി അടിച്ച് ഉറപ്പിക്കൂ എന്ന ഭാരമേറിയ ചുമതലയായിരുന്നു നൽകിയത്. എന്നാൽ യുഡിഎഫിന്റെ നീക്കങ്ങൾ കനത്ത തിരിച്ചടി ലഭിക്കുകയായിരുന്നു.

ഹിന്ദു വോട്ടുകൾ കേന്ദ്രീകരിച്ച പ്രവർത്തനം മുന്നോട്ട് നയിച്ചപ്പോൾ നഷ്ടമായത് ഭൂരിപക്ഷം ലഭിക്കേണ്ടിയിരുന്ന ക്രിസ്ത്യൻ മുസ്ലിം വോട്ടുകൾ. ഇത് വീണതാകാട്ടെ സജീ ചെറിയാൻ പെട്ടിയിലും. ക്രൈസ്തവ വോട്ടുകൾ യുഡിഎഫ് പാളയത്തിൽ നിന്നും ചോർന്നു എന്നതിന്റെ തെളിവാണ് യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും വിജയകുമാർ പിന്നോക്കം പോയത്. ശക്തി കേന്ദ്രങ്ങൾ ഒന്നൊന്നായി കൈവിട്ടുപോയ യുഡിഎഫിന് സ്ഥാനാർത്ഥിയുടെ പഞ്ചായത്തിലും അടിതെറ്റി. യുഡിഎഫ് സ്ഥാനാർത്ഥിയായ ഡി വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരിലും സജി ചെറിയാൻ തന്നെ ലീഡ് നിലനിർത്തി. എൽഡിഎഫിന് ഇവിടെ 866 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 4,266 വോട്ടുകൾ പുലിയൂരിൽ നിന്ന് സ്വന്തമാക്കിയപ്പോൾ വിജയകുമാറിന് 3,629 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അഡ്വ പി.എസ് ശ്രീധരൻപിള്ളയ്ക്ക് 2117 വോട്ടുകൾ ലഭിച്ചു.

അവസാന നിമിഷം ഡി വിജയകുമാർ ആർഎസ്എസ് സ്ഥാനാർത്ഥിയാണെന്ന് പോലും സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രചരണത്തിന് എതിരെ പ്രതിരോധവുമായി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ രംഗത്തു വന്നെങ്കിലും അതൊന്നും ഗുണകരമായില്ല എന്നു വേണം കരുതാൻ. ഓർത്തഡോക്‌സ് വിഭാഗത്തിലെ നല്ലൊരു ശതമാനം വോട്ടുകൾ സജി ചെറിയാന് അനുകൂലമായി നീങ്ങിയെന്നാണ് വിലയിരുത്തൽ. പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിന്നിരുന്ന മുസ്ലിം-ക്രിസ്ത്യൻ വോട്ടുകൾ പഴയതു പോലെ കോൺഗ്രസ് പെട്ടിയിൽ വീഴില്ലെന്നത് മുന്നണിക്ക് മൊത്തമായി പുനർവിചിന്തനം നടത്തേണ്ട സമയമായി എന്ന സൂചനയാണ് നൽകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP