Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെഎസ്എസ് വിട്ടതിനു പിന്നാലെ കെ കെ ഷാജുവിന് കൈപ്പത്തി ചിഹ്‌നത്തിൽ അടൂർ സീറ്റ്; സ്ഥാനാർത്ഥിയായിട്ടും തിരിഞ്ഞു നോക്കാതെ കോൺഗ്രസുകാർ; പോസ്റ്റർ പതിക്കാൻ പോലും ആളില്ല; റിബലാകാൻ ഒരുങ്ങി കെ വി പത്മനാഭനും

ജെഎസ്എസ് വിട്ടതിനു പിന്നാലെ കെ കെ ഷാജുവിന് കൈപ്പത്തി ചിഹ്‌നത്തിൽ അടൂർ സീറ്റ്; സ്ഥാനാർത്ഥിയായിട്ടും തിരിഞ്ഞു നോക്കാതെ കോൺഗ്രസുകാർ; പോസ്റ്റർ പതിക്കാൻ പോലും ആളില്ല; റിബലാകാൻ ഒരുങ്ങി കെ വി പത്മനാഭനും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജെ.എസ്.എസിൽനിന്ന് രാജിവച്ചതിനു പിന്നാലെ അടൂരിൽ കൈപ്പത്തി ചിഹ്‌നത്തിൽ മത്സരിക്കാൻ എത്തിയ കെ.കെ. ഷാജുവിനെതിരേ മണ്ഡലത്തിൽ വൻ പ്രതിഷേധം. ഇവിടെ സീറ്റുറപ്പിച്ചിരുന്ന മുന്മന്ത്രി പന്തളം സുധാകരന്റെ സഹോദരനും കെപിസിസി നിർവാഹക സമിതിയംഗവുമായ അഡ്വ. കെ. പ്രതാപൻ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ എന്നിവർക്ക് സീറ്റ് നിഷേധിച്ച നടപടി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന സൂചനയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തു വന്നു.

കോൺഗ്രിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പട്ടികജാതിക്കാരെ അവഗണിച്ചു കൊണ്ടാണ് സ്ഥാനാർത്ഥി നിർണയം നടത്തിയിരിക്കുന്നതെന്ന് തുറന്നടിച്ച പന്തളം പ്രതാപൻ ഈ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പറഞ്ഞു. കോൺഗ്രസിലെ ഐ വിഭാഗത്തിന്റെ പ്രതിനിധിയായ തനിക്കാണ് ഇക്കുറി അടൂർ സീറ്റെന്ന് നേരത്തേ തന്നെ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും കണ്ട് അവകാശവാദം ഉന്നയിക്കാൻ നിർദേശിക്കുകയും ചെയ്തു. അതിൻ പ്രകാരം അവരെ പലതവണ കണ്ട് സീറ്റിന്റെ കാര്യം ഓർമിപ്പിച്ചു.

ഇവിടെ നിന്ന് ഡൽഹിക്ക് പോയ പട്ടികയിൽ തന്റെ പേരായിരുന്നു ആദ്യം. അതിൽ ഷാജു ഉണ്ടായിരുന്നോ എന്നു പോലും അറിയില്ല. സ്ഥാനാർത്ഥി നിർണയം നടക്കുന്നതിന് മുൻപ് തന്നെ അടൂരിൽ ഷാജു പോസ്റ്റർ പതിച്ചു. ഈ വിവരം കെപിസിസി പ്രസിഡന്റിനെ നേരിൽ കണ്ട് പറഞ്ഞു. അദ്ദേഹം തന്റെ മുന്നിൽ വച്ച് തന്നെ ഷാജുവിനെ വിളിച്ച് സ്ഥാനാർത്ഥിയെ നിശ്ചയിക്കാത്ത സാഹചര്യത്തിൽ പോസ്റ്റർ പതിക്കരുതെന്ന് കർശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പിന്നെയും ഷാജു പോസ്റ്ററൊട്ടിക്കുന്നത് തുടർന്നു. അന്തിമ പട്ടിക വന്നപ്പോൾ ഷാജുവിന് തന്നെ സീറ്റ് കിട്ടി. ഷാജുവിന് കോൺഗ്രസ് അംഗത്വം ഉണ്ടോയെന്ന് പോലും അറിയില്ല. ഏതായാലും അദ്ദേഹം പത്തനംതിട്ട ഡി.സി.സിയിൽ അംഗമല്ല.

കഴിഞ്ഞ തവണ അടൂരിൽ സ്ഥാനാർത്ഥിയായിരുന്ന പന്തളം സുധാകരൻ വെറും 600 വോട്ടിനാണ് തോറ്റത്. അതിന് കാരണം അവിടുത്തെ ഗ്രൂപ്പ് നേതാക്കൾ മറ്റൊരു മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടു പിടിക്കാൻ പോയതാണ്. അവർ തിരിച്ചെത്തി വോട്ട് ചെയ്തിരുന്നെങ്കിൽ സുധാകരൻ ജയിക്കുമായിരുന്നു. 2010 ലെ പുനഃസംഘടനയിൽ ഇല്ലാതായ പന്തളം സംവരണമണ്ഡലത്തിൽ നിന്നാണ് ഷാജു 2006 ൽ ജെ.എസ്.എസിന്റെ എംഎ‍ൽഎയായത്. അന്നും നഷ്ടമുണ്ടായത് തനിക്കാണ്. അവിടെ മത്സരിക്കാൻ സീറ്റുറപ്പിച്ചിരുന്ന തന്നോട് ഘടകകക്ഷിക്ക് വേണ്ടി പിന്മാറാൻ ആവശ്യപ്പെടുകയായിരുന്നു. മുന്നണി മര്യാദ പാലിച്ചാണ് അന്ന് മിണ്ടാതിരുന്നത്. ഇപ്പോൾ മിണ്ടാതിരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രതാപൻ പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കെപിസിസിക്ക് കത്തയച്ചു. ജനസേവന രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള പത്തോളം നേതാക്കൾ അടൂരിൽ സ്ഥാനാർത്ഥിയാകാൻ യോഗ്യതയുള്ളവർ ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസിൽ എത്തിയ വ്യക്തിക്ക് സ്ഥാനാർത്ഥിത്വം നൽകിയത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കത്തിൽ പറയുന്നു.

അതേസമയം, അടൂരിൽ ഷാജുവിന്റെ പോസ്റ്റർ ഒട്ടിക്കാൻ പോലും പ്രവർത്തകർ ഇല്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യം മുൻകൂട്ടി കണ്ട കെപിസിസി സെക്രട്ടറി പഴകുളം മധു കഴിഞ്ഞ ദിവസം യു.ഡി.എഫിന്റെ വിജയത്തിന് എല്ലാവരും രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തിരുന്നു. അടൂരിൽ സിറ്റിങ് എംഎ‍ൽഎ ചിറ്റയം ഗോപകുമാർ പ്രചാരണത്തിൽ കാതങ്ങൾ മുന്നിലാണ്. നേരാംവണ്ണം പ്രചാരണം തുടങ്ങാൻ പോലും ഷാജുവിനായിട്ടില്ല. കഴിഞ്ഞ തവണ മാവേലിക്കരയിൽ നിന്ന് ജെ.എസ്.എസിൽ മത്സരിച്ച ഷാജു, ആർ. രാജേഷിനോടാണ് തോറ്റത്. ഇത്തവണ ജെ.എസ്.എസിൽ നിന്ന് കോൺഗ്രസിലേക്ക് ഷാജു ചാടിയതു പോലും അടൂർ സീറ്റ് മുന്നിൽ കണ്ടു കൊണ്ടാണ്. ഷാജുവിന് ഭീഷണിയായി മുൻ ദേവസ്വം ബോർഡ് അംഗം കെ.വി. പത്മനാഭൻ അടൂരിൽ റിബലായി മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP