Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എക്‌സിറ്റ് പോളുകൾ തോൽവി പ്രവചിക്കുമ്പോഴും മണിക് സർക്കാറും സിപിഎമ്മും ആത്മവിശ്വാസത്തിൽ തന്നെ; ത്രിപുരയിലെ ചുവപ്പൻ മുന്നേറ്റത്തിന് തടയിടാമെന്ന പ്രതീക്ഷയിൽ ബിജെപി; മേഘാലയയിൽ കാവിക്കൊടി പാറില്ലെന്ന് വിശ്വസിച്ച് കോൺഗ്രസ്; നാഗാലാൻഡിൽ നാലാം തവണയും ഭരണത്തിലെത്താമെന്ന പ്രതീക്ഷയിൽ നാഗാ പീപ്പിൾസ് ഫ്രണ്ട്; 55 ലക്ഷം വോട്ടർമാർ വിധിയെഴുതിയ കൊച്ചു സംസ്ഥാനങ്ങളിലെ വേട്ടെണ്ണൽ തുടങ്ങി

എക്‌സിറ്റ് പോളുകൾ തോൽവി പ്രവചിക്കുമ്പോഴും മണിക് സർക്കാറും സിപിഎമ്മും ആത്മവിശ്വാസത്തിൽ തന്നെ; ത്രിപുരയിലെ ചുവപ്പൻ മുന്നേറ്റത്തിന് തടയിടാമെന്ന പ്രതീക്ഷയിൽ ബിജെപി; മേഘാലയയിൽ കാവിക്കൊടി പാറില്ലെന്ന് വിശ്വസിച്ച് കോൺഗ്രസ്; നാഗാലാൻഡിൽ നാലാം തവണയും ഭരണത്തിലെത്താമെന്ന പ്രതീക്ഷയിൽ നാഗാ പീപ്പിൾസ് ഫ്രണ്ട്; 55 ലക്ഷം വോട്ടർമാർ വിധിയെഴുതിയ കൊച്ചു സംസ്ഥാനങ്ങളിലെ വേട്ടെണ്ണൽ തുടങ്ങി

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: കേരളം കഴിഞ്ഞാൽ ചുവപ്പു ഭരണം നിലനിൽക്കുന്ന ത്രിപുരയിലെ ചുവപ്പു മായുമോ? മൂന്ന് കൊച്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരുമ്പോൾ മലയാളികളുടെ ആകാംക്ഷ ഇതാകും. കേരളത്തിലെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ദേശീയ രാഷ്ട്രീയത്തിലെ നിലപാടുകളിൽ വ്യത്യസ്തത ഉണ്ടാകാൻ ഇടയുള്ളതാണ് തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് സംഖ്യവുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ സിപിഎമ്മിൽ ഉടലെടുത്ത ഭിന്നത ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കും.

ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങും. ഉച്ചയോടെ ഫലം വ്യക്തമാവും. ഈ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എക്സിറ്റ്പോളുകളും അവരുടെ പ്രതീക്ഷയെ സാധൂകരിക്കുന്നു. എന്നാൽ, എക്‌സിറ്റ് പോളുകളെ തള്ളിക്കളയുകയാണ് സിപിഎം. 25 വർഷമായി ഇടതുപക്ഷമാണ് ഇവിടെ ഭരിക്കുന്നത്. അവിടെ അധികാരത്തിലെത്തുമെന്ന് ബിജെപി.യും സിപിഎമ്മും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗോത്രവർഗ സംഘടനയായ ഐ.പി.എഫ്.ടി.യുമായി സഖ്യത്തിലാണ് ബിജെപി. ത്രിപുരയിൽ മത്സരിക്കുന്നത്. പത്തുവർഷമായി അധികാരത്തിലിരിക്കുന്ന മേഘാലയയിൽ ഭരണം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. നാഗാലാൻഡിൽ 2003 മുതൽ നാഗാ പീപ്പിൾ ഫ്രണ്ടാണ് അധികാരത്തിലുള്ളത്.

മൂന്നിടത്തുമായി ആകെ 55 ലക്ഷം വോട്ടർമാർ. ത്രിപുരയിലെ ചരിലാം മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കഴിഞ്ഞ 11നു മരിച്ചു. ഇവിടെ ഈ മാസം 12ന് ആണ് ഉപതിരഞ്ഞെടുപ്പ്. കൃഷ്ണപുർ മണ്ഡലത്തിൽ ഖഗേന്ദ്ര ജമാതയ ഇന്നലെ ഡൽഹിയിൽ അന്തരിച്ചതോടെ ഇദ്ദേഹമാണു വിജയിയെങ്കിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവരും. 60 നിയമസഭാ സീറ്റുകൾ വീതം മാത്രമുള്ള സംസ്ഥാനങ്ങളാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ പൊതുവായും രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയുടെ രാഷ്ട്രീയക്കാറ്റിൽ പ്രത്യേകമായും വളരെ പ്രസക്തമാണ് ഇന്നത്തെ ജനവിധി.

എക്‌സിറ്റ് പോളുകളെ തള്ളി സിപിഎം, മണിക്ക് സർക്കാർ വിജയിക്കുമെന്ന് പ്രതീക്ഷ

 

രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ബിജെിയും സിപിഎമ്മും നേർക്കുനേർ നിന്ന് പോരാടിയത്. സംസ്ഥാനത്ത് 59 സീറ്റുകളിലാണ് തിരഞ്ഞെടുപ്പു നടന്നത്. ഇടതുപക്ഷത്ത് സിപിഎം56 സീറ്റിലും സിപിഐ, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മൽസരിക്കുന്നു. ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒൻപതു സീറ്റിലും. ആരുമായും സഖ്യമില്ലാത്ത കോൺഗ്രസ് 59 സീറ്റിൽ. തൃണമൂൽ കോൺഗ്രസ് 24 സീറ്റിൽ.

കാൽനൂറ്റാണ്ടായി ഇടതുഭരണത്തിൽ തുടരുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി മണിക് സർക്കാറിന്റെ പ്രതിച്ഛായയാണ് സിപിഎമ്മിന്റെ തുറുപ്പുചീട്ട്. എക്‌സിറ്റ് പോളുകൾ തോൽവിയാണ് പ്രവചിക്കുന്നതെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സിപിഎമ്മും മണിക്ക് സർക്കാറും. മണിക് സർക്കാറിന്റെ നല്ല പ്രതിച്ഛായ തന്നെയാണ് ഇതിന് കാരണം. കഴിഞ്ഞ തവണ രണ്ട് ശതമാനത്തിന് അടുത്ത് മാത്രം വോട്ടു നേടിയ ബിജെപി വിജയിക്കാൻ സാധ്യത കുറവാണെന്നാണ് പൊതു വിലയിരുത്തൽയ.

2013ൽ, മൽസരിച്ച 50 സീറ്റിൽ 49ലും കെട്ടിവച്ച പണം നഷ്ടമായ ബിജെപി, തൃണമൂലിന്റെ എംഎൽഎമാരെ വിലയ്ക്കു വാങ്ങിയാണ് മുഖ്യപ്രതിപക്ഷമായിരിക്കുന്നത്. കഴിഞ്ഞ തവണ 1.54% മാത്രം വോട്ട് നേടിയ ബിജെപി ഇത്തവണ ബൂത്ത് തലംമുതൽ ചിട്ടയോടെ പ്രചാരണ പ്രവർത്തനം നടത്തിയാണ് ഇടതുകോട്ട തകർക്കാൻ ശ്രമിക്കുന്നത്. തകർന്നടിഞ്ഞ കോൺഗ്രസിന് പരമാവധി ഒരു സീറ്റ് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്

ഒൻപതു വർഷമായി കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്തും 59 സീറ്റിലാണ് തിരഞ്ഞെടുപ്പു നടന്നത്. വില്യംനഗറിലെ എൻഎസിപി സ്ഥാനാർത്ഥി ജൊനാഥൻ എൻ.സാംഗ്മ കൊല്ലപ്പെട്ടതിനാൽ ഉപതിരഞ്ഞെടുപ്പ് വേണം. കോൺഗ്രസിന് എല്ലാ സീറ്റിലും സ്ഥാനാർത്ഥിയുണ്ട്, ബിജെപിക്ക് 47 സീറ്റിലും. മുൻ ലോക്‌സഭാ സ്പീക്കർ പി.എ.സാംഗ്മ സ്ഥാപിച്ച നാഷണൽ പീപ്പിൾസ് പാർട്ടിക്ക് 52 സീറ്റിലും, സഖ്യമായി മൽസരിക്കുന്നതിൽ യുഡിപിക്ക് 35 സീറ്റിലും എച്ച്എസ്‌പിഡിപിക്ക് 13 സീറ്റിലും സ്ഥാനാർത്ഥികളുണ്ട്.

കഴിഞ്ഞ തവണ 1.27% മാത്രം വോട്ടു നേടിയ ബിജെപി മാറ്റമാണ് മുദ്രാവാക്യമായി ഉന്നയിക്കുന്നത്. ബിജെപിയെ അധികാരത്തിലേറ്റുന്നത് മേഘാലയയുടെ പൈതൃകത്തെയും സംസ്‌കാരത്തെയും ഭാഷയെയും മതത്തെയും ബാധിക്കുമെന്ന് കോൺഗ്രസിന്റെ വാദം. കേരളത്തിൽ നിന്നടക്കുമുള്ള നേതാക്കൾ ഇവിടെ പ്രചരണത്തിന് എത്തിയിരുന്നു. ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ് നേതാക്കൾ.

നാഗാലാൻഡിൽ കനത്ത പോരാട്ടം

നേരത്തെ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന നെയിഫിയു റയോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഇവിടെയും 59 സീറ്റിലാണ് മൽസരം. തുടർച്ചയായി നാലാം തവണ ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലാണ് നാഗാ പീപ്പിൾസ് ഫ്രണ്ട്. അവരുമായുള്ള കൂട്ടുവിട്ട് നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടിയുമായി (എൻഡിപിപി) സഖ്യമുണ്ടാക്കിയ ബിജെപി 20 സീറ്റിൽ മൽസരിക്കുന്നു. പത്തു സീറ്റിലാണ് ബിജെപിയുടെ വിജയപ്രതീക്ഷ.

നെയിഫിയു റയോയുടേതിനു പുറമെ, 39 സീറ്റിൽകൂടി എൻഡിപിപിക്കു സ്ഥാനാർത്ഥികളുണ്ട്. ആദ്യം 23 സീറ്റിൽ മത്സരിക്കാൻ ആലോചിച്ച കോൺഗ്രസ്, മൽസരം 18ലേക്കു ചുരുക്കി. ഒരു സീറ്റുപോലും ജയിക്കില്ലെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെമേ ഖാപേ തേരിയുടെ പ്രവചനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP