Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തോൽവി സാധ്യത ആശങ്കപ്പെടുത്തിയിരുന്നെങ്കിലും സമ്പൂർണമായ ഒലിച്ചു പോക്കിൽ ഞെട്ടി സിപിഎം; ഒരിക്കൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായിരുന്ന പാർട്ടിക്ക് ഇനി അവശേഷിക്കുന്നത് കേരളം മാത്രം; ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രി സജീവ രാഷ്ട്രീയം തന്നെ വിട്ടേക്കും; കോൺഗ്രസ് സഖ്യത്തിൽ ചേരുകയല്ലാതെ മറ്റൊരു വഴിയുമില്ല

തോൽവി സാധ്യത ആശങ്കപ്പെടുത്തിയിരുന്നെങ്കിലും സമ്പൂർണമായ ഒലിച്ചു പോക്കിൽ ഞെട്ടി സിപിഎം; ഒരിക്കൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായിരുന്ന പാർട്ടിക്ക് ഇനി അവശേഷിക്കുന്നത് കേരളം മാത്രം; ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രി സജീവ രാഷ്ട്രീയം തന്നെ വിട്ടേക്കും; കോൺഗ്രസ് സഖ്യത്തിൽ ചേരുകയല്ലാതെ മറ്റൊരു വഴിയുമില്ല

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: ത്രിപുരയിലെ തെരഞ്ഞെടുപ്പ് തോൽവിയോടെ കേരളത്തിൽ മാത്രം അധികാരത്തിലുള്ള പാർട്ടിയായി സിപിഎം മാറി. 25 കൊല്ലം തുടർച്ചയായി ഭരിച്ചിട്ടും പാർട്ടിയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയതോടെ സിപിഎമ്മിന്റെ ദേശീയ രാഷ്ട്രീയത്തിലുള്ള പ്രസക്തി തന്നെ ഇല്ലാതായി. തോൽവിയുണ്ടാകുമെന്ന് സിപിഎം തുടക്കത്തിൽ തന്നെ ഭയപ്പെട്ടിരുന്നെങ്കിലും ഇത്രയും വലിയൊരു തിരിച്ചടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ത്രിപുര രാഷ്ട്രീയത്തിൽ തീർത്തും അപ്രസ്‌കതരായിരുന്ന ബിജെപി വെറും അഞ്ചു കൊല്ലം കൊണ്ട് അധികാരം പിടിക്കാൻ പോന്ന പാർട്ടിയായി മാറിയതോടെ സിപിഎമ്മിന് ഞെട്ടൽ മാറുന്നില്ല.

അഞ്ചു വർഷങ്ങൾക്കു മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ 1.54 ശതമാനം മാത്രം വോട്ടു നേടിയ ബിജെപി അമ്പതു ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ഇത്തവണ വിജയക്കൊടി പാറിച്ചത്. ബിജെപിയും ഐപിഎഫ്ടിയും അടങ്ങുന്ന സഖ്യം വൻ വിജയം നേടിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ നിന്നും തന്നെ പുറത്തായി. ഇൻഡിജനസ് പീപ്പിൾ ഫ്രന്റ് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി.) എന്ന ഗോത്രവർഗക്കാരുടെ സംഘടനയെ ഉപയോഗപ്പെടുത്തിയും കോൺഗ്രസിനെ പൂർണമായും വിഴുങ്ങിക്കൊണ്ടുമുള്ള ബിജെപിയുടെ നീക്കങ്ങൾ സിപിഎമ്മിന്റെ അടിത്തറ തകർക്കുന്നതായി.

കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ 50 സീറ്റുകളിൽ മത്സരിച്ച ബിജെപിക്ക് 49 മണ്ഡലങ്ങളിലും കെട്ടിവെച്ച പണം പോയിരുന്നു. ആ സ്ഥാനത്താണ് ഇത്തവണ മത്സരിച്ച 50 സീറ്റുകളിൽ 42 സീറ്റുകളോടെ ബിജെപി വിജയം നേടുന്നത്. ഒമ്പത് സീറ്റിൽ മത്സരിച്ച ഐപിഎഫ്ടി ഏഴ് സീറ്റുകൾ നേടിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ കൂട്ടുകക്ഷിയായ ഐപിഎഫ്ടിയുടെ പിന്തുണയില്ലാതെതന്നെ ബിജെപിക്ക് മന്ത്രിസഭയുണ്ടാക്കാൻ കഴിയും. കോൺഗ്രസിനെ പൂർണമായും തങ്ങൾക്കൊപ്പം ചേർത്ത് ത്രിപുരയിൽ കോൺഗ്രസിനെ നാമാവശേഷമാക്കാൻ സാധിച്ചു എന്നതും ബിജെപിയുടെ വിജയമായി വിലയിരുത്തുന്നു.

കോൺഗ്രസിനൊപ്പം നിന്ന വോട്ടുകൾക്കൊപ്പം സിപിഎമ്മിൽ നിന്നും ബിജെപി വോട്ടുപിടിച്ചു. ആ നിലക്ക് ബിജെപിയുടെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ സുപ്രധാന വിജയമാണ് ത്രിപുരയിലെ ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഒരിക്കൽ പ്രതിപക്ഷത്തിന് തുല്യമായ പങ്കുവഹിച്ച പാർട്ടിക്കുള്ള ഗതികേട് വളരെ വലുതാണ്. ബംഗാൾ എന്ന ശക്തി ദുർഗ്ഗത്തിൽ തിരിച്ചു വരാൻ പോലും സാധിക്കാത്ത വിധത്തിൽ തകർന്നടിഞ്ഞ സിപിഎം അധികാരത്തിലിരുന്ന ത്രിപുരയിലും വൻ തകർച്ച നേരിട്ടു.

ത്രിപുരയിലെ തോൽവിയോട ദേശീയ രാഷ്ട്രീയത്തിൽ മുഖമായിരുന്ന മണിക് സർക്കാർ അപ്രസ്‌കതനായി. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയെന്ന ഇമേജ് ജനകീയ പരിവേഷവും സിപിഎമ്മിനെ രക്ഷിച്ചില്ല. ഇതോടെ ബുദ്ധദേവിന്റെ മാതൃകയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും മണിക് സർക്കാർ വിരമിച്ചാൽ പോലും അത്ഭുതപ്പെടാനല്ല. ഒരു തോൽവിയെക്കാൾ ബംഗാളിന്റെ ഗതിയാകുമോ സിപിഎമ്മിന് ത്രിപുരയിലും എന്ന് മാത്രമേ ഇനി നോക്കാനുള്ളൂ. പ്രതിപക്ഷത്ത് നിന്നു ശീലിച്ച് പരിചയമില്ലാത്ത നേതാവിന് എങ്ങനെ പ്രതിപക്ഷത്ത് നിന്നും ശോഭിക്കാൻ സാധിക്കുമെന്നും ചോദ്യങ്ങൾ ഉയരുന്നു.

കഴിഞ്ഞ തവണ 60 ഇൽ 49 സീറ്റ് നേടി ജയിച്ച മണിക് സർക്കാർ ടീമിന് ഇത്തവണം 20 സീറ്റ് പോലും കിട്ടിയില്ലെന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. ബിജെപി രാഷ്ട്രീയത്തെ നേരിടുന്നതിൽ സിപിഎമ്മും പരാജയപ്പെടുന്നു എന്നതിന്റെ തെളിവായി മാറി ഈ തെരഞ്ഞെടുപ്പും. യെച്ചൂരി ലൈനിന്റെ പേരിലും കാരാട്ട് ലൈനിന്റെ പേരിലും തമ്മിലടി കടുക്കുമ്പോൾ ഇനി കോൺഗ്രസുമായി സഖ്യം വേണമെന്ന് മണിക് സർക്കാർ പറയുമോ എന്നാണ് അറിയേണ്ടത്. കോൺഗ്രസ് വെച്ചുനീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ചതിലൂടെ ചരിത്രപരമായ മണ്ടത്തരമാണ് കാട്ടിയതെന്ന് ജ്യോതി ബസു പറഞ്ഞത് പാർട്ടിയെ ഇന്നും വേട്ടയാടുകയാണ്. ഇന്ന് കോൺഗ്രസ് സഖ്യത്തിന് പാരവെച്ചത് കാരാട്ടും സഖ്യവുമായിരുന്നു.

തൃശൂരിൽ സിപിഎം. സംസ്ഥാന സമ്മേളനത്തിൽ ബിജെപിയെ നേരിടാൻ മറ്റു കക്ഷികളുമായി അടവുനയം ആകാമെന്നു യെച്ചൂരി പറഞ്ഞപ്പോൾ അധികാരത്തിലേക്കുള്ള കുറുക്കുവഴിയാണ് ഇതെന്ന് പറഞ്ഞുകൊണ്ട് കേരള സഖാക്കൾ കോൺഗ്രസ് ബന്ധത്തെ നഖശിഖാന്തം എതിർത്തു. ആ ഘട്ടത്തിൽ സിപിഎം. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള അല്ലെന്ന് സഖാക്കൾ പഠിക്കണമെന്നാണ് യെച്ചൂരി പറഞ്ഞത്. ത്രിപുര എന്ന ചെങ്കോട്ടയും തകർന്നടിയുമ്പോൾ യെച്ചൂരി പറഞ്ഞത് അച്ചട്ടായി. അദ്ദേഹം ഈ ഭീഷണി മുന്നിൽ കണ്ട് ദേശീയ ബദലിൽ കോൺഗ്രസിനെ ഒഴിവാക്കാനാകില്ല എന്ന ചുവരെഴുത്ത് വായിച്ചാണ് അഭിപ്രായപ്പെട്ടത്.ബംഗാളിലേക്ക് ഇനി നോക്കേണ്ട എന്നതാണ് സ്ഥിതി. ഇടതുപക്ഷം ബംഗാളിൽ വീണപ്പോൾ തൃണമൂലിലേക്കായിരുന്നു ഒഴുക്ക്. അവിടെയും ബിജെപി. മുഖ്യപ്രതിപക്ഷമായി വളർന്നുകഴിഞ്ഞു. സിപിഎം. ചിത്രത്തിൽ തന്നെയില്ല എന്നതാണ് സ്ഥിതി.

ദേശീയ പാർട്ടി എന്ന മേൽവിലാസം തന്നെ വൈകാതെ സിപിഎമ്മിന് ഭീഷണിയായി വരും. നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദേശീയ ബദൽ എന്ന ചോദ്യത്തിന് സിപിഎം. ഉത്തരം കണ്ടെത്തേണ്ടി വരും. കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം അനിവാര്യമാണ് എന്ന ബംഗാൾ ഘടകത്തിന്റെയും അതിനെ പിന്തുണക്കുന്ന യെച്ചൂരിയേയും ഇനി സിപിഎമ്മിന് അത്രവേഗം തള്ളാനാകില്ല. ഒറ്റയ്ക്ക് മത്സരിച്ചാൽ ബംഗാളിൽ എങ്ങുമെത്താൻ പോകുന്നില്ലെന്ന് ബംഗാൾ ഘടകം ഒന്നടങ്കം പറയുന്നു.

ത്രിപുര പിടിച്ച സാഹചര്യത്തിൽ ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളമാകുമെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ കേരളത്തിലെ സിപിഎമ്മിന് ഇനി പരീക്ഷണങ്ങൾ ഏറെയാണ്. ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ നേരിടേണ്ടി വരും അവർക്ക്. ഇത് കൂടാതെ കേരളത്തിലെ അവശേഷിക്കുന്ന ചുവപ്പിനെ ഇല്ലാതാക്കാൻ വിവിധ കോണുകളിൽ നിന്നും ശ്രമങ്ങളുണ്ടാകും. ഭരണത്തുടർച്ച നേടിയേ തീരൂ എന്ന സ്ഥിതി വരും. സിപിഎം നേരിടുന്ന വെല്ലുവിളി എത്രത്തോളമുണ്ടെന്നറിയാൽ ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് വരെ കാത്തു നിന്നാൽ മതിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP