Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവിശ്വാസത്തിൽ തോറ്റെങ്കിലും രണ്ടു കക്ഷികളെ ഉറപ്പിച്ച് ഒപ്പം നിർത്താനായതിൽ രാഹുലിന് ആശ്വാസം; മമതയും ചന്ദ്രബാബു നായിഡുവും കൂടുതൽ മോദി വിരുദ്ധരായി; ടിആർഎസിനേയും ബിജു ജനതാദള്ളിനേയും മെരുക്കാൻ പ്രത്യേക പദ്ധതിക്ക് രൂപം നൽകും; തമിഴ്‌നാട്ടിൽ താരപാർട്ടി പിറക്കുമ്പോൾ തുണയാകുമെന്ന പ്രതീക്ഷ ബാക്കി; പ്രതിപക്ഷ നീക്കം ശക്തമാകുമ്പോൾ ഭിന്നിപ്പിച്ചു നേടാൻ തന്ത്രമൊരുക്കി അമിത് ഷായും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതി

അവിശ്വാസത്തിൽ തോറ്റെങ്കിലും രണ്ടു കക്ഷികളെ ഉറപ്പിച്ച് ഒപ്പം നിർത്താനായതിൽ രാഹുലിന് ആശ്വാസം; മമതയും ചന്ദ്രബാബു നായിഡുവും കൂടുതൽ മോദി വിരുദ്ധരായി; ടിആർഎസിനേയും ബിജു ജനതാദള്ളിനേയും മെരുക്കാൻ പ്രത്യേക പദ്ധതിക്ക് രൂപം നൽകും; തമിഴ്‌നാട്ടിൽ താരപാർട്ടി പിറക്കുമ്പോൾ തുണയാകുമെന്ന പ്രതീക്ഷ ബാക്കി; പ്രതിപക്ഷ നീക്കം ശക്തമാകുമ്പോൾ ഭിന്നിപ്പിച്ചു നേടാൻ തന്ത്രമൊരുക്കി അമിത് ഷായും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യം പൊതു തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്. ബിജെപിയും കോൺഗ്രസും ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ലോക്‌സഭയിലെ അവിശ്വാസത്തിലെ തിരിച്ചടി കോൺഗ്രസ് കാര്യമായെടുക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അധികാരം പിടിക്കാമെന്ന് തന്നെയാണ് പ്രതീക്ഷ. നൂറിലധികം സീറ്റുകൾ ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇത് സാധ്യമായാൽ മമതയും ചന്ദ്രബാബു നായിഡുവുമെല്ലാം രാഹുലിനെ പിന്തുണയക്കുമെന്ന് ഉറപ്പാണ്. അതിനിടെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ പിന്തുണയ്ക്കില്ലെന്ന് തെലുങ്ക്‌ദേശം പാർട്ടി (ടിഡിപി) പ്രസിഡന്റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു വ്യക്തമാക്കുകയും ചെയ്തു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ചിട്ടുണ്ട്.

പ്രതിപക്ഷ ഐക്യമാണ് രാഹുലിന്റെ ലക്ഷ്യം. എല്ലാവരും ബിജെപിയുടെ ശത്രുക്കളായി മാറുമെന്നാണ് പ്രതീക്ഷ. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ ശിവസേന വിട്ടു നിന്നതും കോൺഗ്രസിന് പ്രതീക്ഷയാണ്. ഒഡീഷയിലെ ബിജു ജനതാദള്ളിനെ അടുപ്പിക്കാനും രാഹുൽ നേരിട്ട് രംഗത്ത് എത്തും. തെലുങ്കാനയിൽ തെലുങ്കാന രാഷ്ട്ര സമിതിയുടെ വോട്ടുകളും ബിജെപിക്ക് പോകുന്നില്ലെന്ന് ഉറപ്പിക്കും. എസ് പിയും ബി എസ് പിയും ജനതാദള്ളുകളും എല്ലാം ഉൾക്കൊള്ളുന്ന വിശാല സഖ്യമാണ് രാഹുലിന്റെ മനസ്സിൽ. ഇത് നടക്കുമെന്ന ആത്മവിശ്വാസം രാഹുലിനുണ്ട്. ബിജെപിയും കരുതലോടെയാണ് നീങ്ങുന്നത്. പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കുകയാണ് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ലക്ഷ്യം. ഇതിനുള്ള തന്ത്രങ്ങൾ ബിജെപിയും ഒരുക്കുന്നുണ്ട്.

തമിഴ്‌നാട്ടിൽ എഐഎഡിഎംകെ ബിജെപിക്ക് ഒപ്പമാണ്. അവിശ്വാസ പ്രമേയ ചർച്ചയിൽ അവർ മോദിയെ പിന്തുണച്ചു. ഡിഎംകെ മറുപക്ഷത്തും. രജനീകാന്തും കമൽഹാസനും പാർട്ടിയുമായി എത്തുമ്പോൾ ഈ സാഹചര്യം മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഇതോടെ തമിഴ് രാഷ്ട്രീയം ബിജെപി വിരുദ്ധമാകുമെന്നും കരുതുന്നു. എന്നാൽ രജനികാന്തിനെ ഒപ്പം കൂട്ടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഇപ്പോഴും. ബാക്കി എല്ലാ സംസ്ഥാനത്തും മുന്നണി ബന്ധങ്ങളിൽ വ്യക്തത വന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽ ബിജെപിയെ പിടിച്ചു കെട്ടി കേന്ദ്രത്തിൽ അധികാരം പിടിച്ചെടുക്കാനാണ് രാഹുലിന്റെ ശ്രമം.

അതിനിടെ കേന്ദ്ര സർക്കാരിനെതിരേ തന്റെ പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ധാർമികതയും ഭൂരിപക്ഷവും തമ്മിലുള്ള യുദ്ധമായിരുന്നെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. 2014-ൽ എൻഡിഎ മുന്നണിയിൽ ചേർന്നത് തന്റെ സംസ്ഥാനത്തിന്റെ നന്മയെ കരുതിയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ബിജെപി സർക്കാരിൽനിന്ന് നീതി ലഭിക്കുമെന്ന് നാല് വർഷം ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ, ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. അവർ ഇനിയും ഇത് ആവർത്തിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും ചന്ദ്രബാബു നായിഡു ചോദിച്ചു. ഞങ്ങളുടെ ധാർമികതയും ബിജെപിയുടെ ഭൂരിപക്ഷവും ഏറ്റുമുട്ടുന്നതിനാണ് ലോക്സഭ ഇന്നലെ സാക്ഷ്യം വഹിച്ചത്. അവിശ്വാസ പ്രമേയത്തിൽ ടിഡിപിയെ പിന്തുണച്ച മറ്റ് പ്രതിപക്ഷ പാർട്ടികളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി.യുടെ തോൽവി ഉറപ്പാണെന്നും അവർ 150 സീറ്റിനപ്പുറം കടക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയും വ്യക്തമാക്കി കഴിഞ്ഞു. ജൂലായ് 21 രക്തസാക്ഷിത്വദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂറ്റൻ റാലിയെ അഭിസംബോധനചെയ്യുകയായിരുന്നു അവർ. അടുത്ത ജൂലായ് 21 ഭാരത് വിജയ് ദിവസമായി ആഘോഷിക്കുമെന്നും മമത പറഞ്ഞു. 1993-ൽ യൂത്ത് കോൺഗ്രസ് റാലിക്കുനേരെയുണ്ടായ വെടിവെപ്പിൽ 13 യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ട ദിവസമാണ് തൃണമൂൽ കോൺഗ്രസ് രക്തസാക്ഷിത്വദിനമായി ആചരിച്ചുവരുന്നത്. അടുത്തിടെ ബിജെപി. വിട്ടുവന്ന മുൻ എംപി. ചന്ദൻ മിത്രയും മുൻ സിപിഎം. എംപി. മൊയ്‌നുൽ ഹസനും കോൺഗ്രസ് വിട്ടുവന്ന അഞ്ച് എംഎ‍ൽഎ.മാരും റാലിക്കിടെ ഔദ്യോഗികമായി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സിപിഎമ്മിൽനിന്ന് പുറത്താക്കിയ എംപി. ഋതബ്രത ബാനർജി, ഇടതുപക്ഷ ചിന്തകനായ അബുൾ ബാഷർ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.

പാർലമെന്റിൽ ബിജെപി.യ്‌ക്കെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. പക്ഷേ, ഇപ്പോൾ പാർലമെന്റിനകത്തേ അവർക്ക് സംഖ്യാബലമുള്ളൂ. പുറത്ത് ജനങ്ങളുടെ സംഖ്യാബലം അവർക്കെതിരാണ്. ബിജെപി.യുടെ സഖ്യകക്ഷിയായ ശിവസേനപോലും അനുകൂലമായി വോട്ടുചെയ്തില്ല. സഖ്യകക്ഷിയായിരുന്ന ടി.ഡി.പി.യാണ് പ്രമേയം കൊണ്ടുവന്നതുതന്നെ. ജയലളിത ജീവിച്ചിരുന്നെങ്കിൽ എ.ഐ.എ.ഡി.എം.കെ.യുടെ വോട്ട് ബിജെപി.ക്ക് കിട്ടുമായിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഡി.എം.കെ.യ്ക്കായിരിക്കും ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടുക. ഉത്തർപ്രദേശിൽ മായാവതിയും മുലായവും ഒന്നിച്ചാൽ ബിജെപി.ക്ക് അവിടെനിന്ന് ഇപ്പോഴുള്ള 80 സീറ്റിൽ അമ്പതെങ്കിലും കുറയുമെന്നും മമത പറയുന്നു.

മധ്യപ്രദേശിലും രാജസ്ഥാനിലും ഇപ്പോഴുള്ളതിന്റെ നാലിലൊന്നേ കിട്ടൂ. ബിഹാർ ലാലുപ്രസാദിനൊപ്പമായിരിക്കും. അങ്ങനെവരുമ്പോൾ ഇനി 150 സീറ്റുകൾക്കപ്പുറം പോകാൻ ബിജെപി.ക്കാവില്ല -മമത പറഞ്ഞു. ബംഗാളിലെ 42 സീറ്റും ജയിച്ചുകൊണ്ട് തൃണമൂൽ ഇക്കാര്യത്തിൽ മാതൃക കാണിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ജനുവരി 21-ന് കൊൽക്കത്ത ബ്രിഗേഡ് മൈതാനത്ത് രാജ്യത്തെ പ്രമുഖകക്ഷികളെയെല്ലാം പങ്കെടുപ്പിച്ച് വൻ റാലി നടത്തും. അത് 2019-ലെ തിരഞ്ഞെടുപ്പുവിജയത്തിനുള്ള ആഹ്വാനമാകും -മമത പറഞ്ഞു. ഈ റാലിയിലേക്ക് കോൺഗ്രസിനെ വിളിക്കുമെന്ന് ഇനിയും വ്യക്തമല്ല. ദേശവ്യാപകമായി ബിജെപി.ക്കെതിരേ പോരാടുന്നുവെന്നുപറയുന്ന സിപിഎമ്മും കോൺഗ്രസും ബംഗാളിൽ ബിജെപി.യെ കൂട്ടുപിടിച്ച് തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്നത് ദുഃഖകരമാണെന്നും മമത പറഞ്ഞിട്ടുണ്ട്.

അതിനിടെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവർത്തകരെ ഉൾപ്പെടുത്തി 1800 വാട്സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങി. പാർട്ടി പ്രവർത്തകരോട് നേരിട്ട് സംവദിക്കാനും വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനും ബിജെപി അധ്യക്ഷൻ അമിത് ഷായെയും അംഗമാക്കിയാണ് 1800 ഗ്രൂപ്പുകളും ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലതലം മുതൽ പാർട്ടി പ്രവർത്തകരെ പ്രചാരണത്തിന്റെ ഭാഗമാക്കുന്നതിനും ഒരുമിച്ച് നിർത്തുന്നതിനുമാണ് വാട്സ്ഗ്രൂപ്പിനെ ഉപയോഗിക്കുന്നതെന്നാണ് പാർട്ടി നേതൃത്വം അവകാശപ്പെടുന്നത്. പാർട്ടി പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി 1800 വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വ്യാജവാർത്തകളും പ്രചരണങ്ങളും തടയാൻ വാട്സ്ആപ്പ് ഗ്രൂപ്പുകൾ സഹായിക്കുമെന്ന് ബിജെപി മീഡിയ റിലേഷൻ മാനേജർ നീൽകാന്ത് ബക്ഷി അറിയിച്ചു.

എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെയും പാർട്ടിയുടെ ഡൽഹിയിലെ മേധാവി മനോജ് തിവാരിയെയും അംഗമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങൾ സംബന്ധിച്ച സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ ജില്ലാ, മണ്ഡലം തലത്തിൽ ബിജെപി സോഷ്യൽ മീഡിയാ അംഗങ്ങളുടെ യോഗം വിളിക്കാനും നേതൃത്വം പദ്ധതിയിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP