Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ടെടുപ്പ് അടുത്തതോടെ ധർമടം തിളച്ചു മറിയുന്നു; എങ്ങും പകയുടെ കനലുകൾ; വീറും വാശിയും കൂടുന്തോറും സംഘർഷസാധ്യത; ജനങ്ങൾ ആശങ്കയിൽ

വോട്ടെടുപ്പ് അടുത്തതോടെ ധർമടം തിളച്ചു മറിയുന്നു; എങ്ങും പകയുടെ കനലുകൾ; വീറും വാശിയും കൂടുന്തോറും സംഘർഷസാധ്യത; ജനങ്ങൾ ആശങ്കയിൽ

രഞ്ജിത് ബാബു

കണ്ണൂർ: ധർമ്മടം മണ്ഡലത്തിലെ പോര് ജില്ലയുടെ ഉറക്കം കെടുത്തുമോ? തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നില്‌ക്കേ കയ്യേറ്റവും അക്രമവും പരാതികളുമാണ് ധർമ്മടം നിയമസഭാമണ്ഡലത്തിൽ ഉയർന്നു നിൽക്കുന്നത്.

സിപിഐ.(എം) പോളിറ്റ് ബ്യൂറോ അംഗവും എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന നേതാവുമായ പിണറായി വിജയൻ മത്സരത്തിനിറങ്ങിയതോടെ ധർമ്മടത്തിന് വി.ഐ.പി. പരിവേഷം ലഭിച്ചിരുന്നു. എതിരാളിയായി മത്സരിക്കുന്നത് കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ടും മുൻ ഡി.സി.സി.സി. ജനറൽ സെക്രട്ടറിയുമായ മമ്പറം ദിവാകരനാണ്. ഇരുവരും ഈ മണ്ഡലത്തിൽ തന്നെ ജനിച്ചു വളർന്നവരും.

ഒരു കാലത്ത് രാഷ്ട്രീയ അങ്കത്തിനും കൊലപാതകത്തിനും കുപ്രസിദ്ധിയാർജിച്ച സ്ഥലമാണ് ധർമ്മടം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തന്നെ പ്രചാരണ സാമഗ്രികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതും അതേത്തുടർന്നുള്ള സംഘർഷാവസ്ഥയും മണ്ഡലത്തിലെ ജനങ്ങൾക്ക് ഉൾക്കിടിലമുണ്ടാക്കി.

സിപിഐ.(എം). സ്ഥാനാർത്ഥി പിണറായി വിജയന്റെ ഫ്‌ളെക്‌സ് ബോർഡുകൾ നശിപ്പിച്ചായിരുന്നു അക്രമത്തിന് തുടക്കമിട്ടത്. പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ വരച്ചുകാട്ടിയ ബോർഡുകളായിരുന്നു തീയിട്ടു നശിപ്പിക്കപ്പെട്ടത്. അതിൽ സിപിഐ.(എം) അക്രമികളിൽ അടങ്ങാത്ത രോഷവുമുണ്ട്. ചക്കരക്കല്ല്, ധർമ്മടം, മമ്പറം, തുടങ്ങിയ സ്ഥലങ്ങളിലും മുന്നണിഭേദമില്ലാതെ പ്രചാരണ വസ്തുക്കൾ തകർക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ ദിവസം തോറും പൊലീസിൽ പരാതിപ്പെടുന്നുമുണ്ട്. പ്രചാരണ ബോർഡുകളിൽ തുടങ്ങിയ അക്രമങ്ങൾ കയ്യാങ്കളിയിലേക്കും നീങ്ങിത്തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫ്, എൻ.ഡി.എ. പ്രവർത്തകർക്കു നേരെ ഒട്ടേറെ കയ്യേറ്റശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. അതോടെ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും വർദ്ധിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് സംവിധാനം അക്രമത്തിൽ കലാശിക്കുമോ എന്ന ആശങ്കയും ഉയർന്നിരിക്കയാണ്.

ധർമ്മടം പ്രദേശത്തെ രാഷ്ട്രീയസ്വഭാവം പരിഗണിച്ചാൽ ചെറിയ സംഘർഷങ്ങൾ പോലും ജില്ലയുടെ രാഷ്ട്രീയ സമാധാനം തകർക്കാൻ ഇടയാകും. സ്ഥാനാർത്ഥികളായ പിണറായി വിജയന്റേയും മമ്പറം ദിവാകരന്റേയും ഭാഗത്തു നിന്ന് അക്രമത്തിന് പ്രേരകമായ പ്രയോഗങ്ങളോ വാക്പയറ്റോ ഇല്ലെങ്കിലും ധർമ്മടം മണ്ഡലത്തിലെ അകത്തളങ്ങളിൽ പകയും വിദ്വേഷവും തിളച്ചു മറിയുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി മമ്പറം ദിവാകരന് രണ്ട് അപരന്മാരെ നിർത്തിയിട്ടുണ്ട്. ഇതിലൂടെ പിണറായിയുടെ ഭൂരിപക്ഷം ഉയർത്താമെന്നാണ് എൽ.ഡി.എഫിന്റെ മനസ്സിലിരിപ്പ്. എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥി മമ്പറം ദിവാകരന്റെ നാമനിർദേശ പത്രിക തള്ളിക്കാൻ ശ്രമിച്ചതും അപരന്മാരെ ഇറക്കിയതും പിണറായിക്കെതിരെയുള്ള പ്രചാരണത്തിന് യു.ഡി.എഫ്. ആയുധമാക്കുകയാണ്. എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മോഹനൻ മാനന്തേരിയുടെ പ്രചാരണപ്രവർത്തനവും സജീവമാണ്.

വോട്ടെടുപ്പ് തീയതി അടുത്തതോടെ ധർമ്മടം തിളച്ചുമറിയുകയാണ്. എതിരാളികൾക്കു ശക്തിയുള്ള ഗ്രാമങ്ങളിൽ കടന്നുകയറിയുള്ള പ്രചാരണങ്ങൾ ഊർജിതമായതോടെ സമാധാന പ്രേമികൾക്ക് ഭീതി വർദ്ധിച്ചിരിക്കയാണ്. നേരിയ ഒരു സംഘർഷം പോലും ആളിക്കത്താൻ പരുവത്തിലാണ് ധർമ്മടത്തിന്റെ സ്വഭാവം. എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാത്ത പൊലീസ് സംവിധാനമാണ് ഇവിടെയുള്ളത്. പരാതികളിൽ പോലും കാര്യമായ നടപടികളുണ്ടാവുന്നില്ല. വോട്ടെടുപ്പിനെ ഭീതിയോടെ കാണേണ്ട അവസ്ഥയാണ് ധർമ്മടത്തെ സാധാരണ ജനങ്ങൾക്കുള്ളത്. ജയാപജയങ്ങൾക്കപ്പുറം ആശങ്കകൾ പങ്കുവെക്കുകയാണ് ഇവിടുത്തെ ജനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP