Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാതി വോട്ട് കിട്ടാതെ എങ്ങനെ എം എൽ എയാകും? സ്ത്രീ എം എൽഎമാരെ കണ്ടവരുണ്ടോ? ബംഗാളി തൊഴിലാളികളും ഇവിടെ എംഎൽഎ ആകട്ടെ; മാണിക്ക് മന്ത്രിയാകാമെങ്കിൽ എന്തുകൊണ്ട് ബിജെപിക്ക് എംഎൽഎ ആയിക്കൂടാ? വിദേശത്തുള്ളവർ രണ്ടാം കിട പൗരന്മാരോ? കേരളം ചർച്ച ചെയ്യേണ്ട തെരഞ്ഞെടുപ്പ് വിഷയങ്ങൾ ഉയർത്തി മുരളി തുമ്മാരുകുടി

പാതി വോട്ട് കിട്ടാതെ എങ്ങനെ എം എൽ എയാകും? സ്ത്രീ എം എൽഎമാരെ കണ്ടവരുണ്ടോ? ബംഗാളി തൊഴിലാളികളും ഇവിടെ എംഎൽഎ ആകട്ടെ; മാണിക്ക് മന്ത്രിയാകാമെങ്കിൽ എന്തുകൊണ്ട് ബിജെപിക്ക് എംഎൽഎ ആയിക്കൂടാ? വിദേശത്തുള്ളവർ രണ്ടാം കിട പൗരന്മാരോ? കേരളം ചർച്ച ചെയ്യേണ്ട തെരഞ്ഞെടുപ്പ് വിഷയങ്ങൾ ഉയർത്തി മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

വീണ്ടും ഒരു തിരഞ്ഞെടുപ്പ് വരികയാണ്. അടുത്ത രണ്ടുമാസത്തേക്ക് തിരഞ്ഞെടുപ്പ് വാർത്തകൾ ആയിരിക്കും പ്രധാനം. സ്ഥാനാർത്ഥികളെ കുറഇച്ച് നമ്മൾ തിരക്കിട്ട ചർച്ചകളും തുടങ്ങി. എന്നാൽ കേരളം ചർച്ച ചെയ്യേണ്ട എന്തെങ്കിലും നമ്മൾ ചർച്ച ചെയ്യുന്നുണ്ട? കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ചുള്ള ചർച്ച ആരംഭിക്കേണ്ടത് തെരഞ്ഞെടുപ്പ് രീതിയെക്കുറിച്ചുള്ള ചർച്ചകളിലൂടെ തന്നെയാവും. ജീവിതം മുഴുവൻ സഞ്ചാരിയായ ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ വിഭാഗം തലവനും മലയാളിയും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ഗൗരവപരമായ ഒരു ചർച്ചയ്ക്ക് മറുനാടനിലൂടെ തുടക്കം ഇടുകയാണ്. ഇന്നും നാളെയുമായി നടത്തുന്ന ഈ ചർച്ചകൾ ആവാം ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞടുപ്പ് ചർച്ചകൾ. വായനക്കാരുടെ പ്രതികരണങ്ങൾ ഈ വാർത്തയുടെ ചുവടെയുള്ള കമന്റ് ബോക്‌സിൽ ചേർക്കുമല്ലോ - എഡിറ്റർ

തിരഞ്ഞെടുപ്പുകാല ചിന്തകൾ

ലോകത്ത് ജനാധിപത്യം ഉള്ളതും ഇല്ലാത്തതുമായ ഏറെ രാജ്യങ്ങളിൽ ഞാൻ ജീവിച്ചിട്ടുണ്ട്. ഇന്നേവരെ വോട്ടു ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ലെങ്കിലും നൂറു ശതമാനം ജനാധിപത്യവാദിയും ആണ്. ജനാധിപത്യത്തിന്റെ അത്രയും മനോഹരമായ ഒരു ഭരണസംവിധാനം ഇന്നേവരെ ലോകം കണ്ടുപിടിച്ചിട്ടുമില്ല.
തിരഞ്ഞെടുപ്പ്പ്രമാണിച്ച് കക്കൂസ് മുതൽ ഹൈവേ വരെ ഉള്ള ആവശ്യം പലരും ഉന്നയിച്ചു കഴിഞ്ഞു. എനിക്കങ്ങനെ പ്രത്യേക ആഗ്രഹം ഒന്നും ഇല്ല, നമ്മുടെ ജനാധിപത്യം നിലനില്ക്കണം, പുഷ്ടിപ്പെടണം അതാണ് പ്രധാന ആഗ്രഹം.
ജനാധിപത്യത്തിന് പല മാതൃകകൾ ഉണ്ട് എന്ന് പറഞ്ഞല്ലോ. പാർലിമെന്ററി സംവിധാനവും പ്രസിഡൻഷ്യൽ സംവിധാനവും തമ്മിലുള്ള മാറ്റം ഭൂരിഭാഗം ആളുകൾക്കും അറിയാം. എന്നാൽ ഇസ്രയേലിലെ ആനുപാതിക പ്രതിനിധ്യ സംവിധാനത്തെപ്പറ്റിയോ സ്വിറ്റ്‌സർലാന്റിലെ നേരിട്ടുള്ള പ്രാതിനിധ്യരീതിയെപ്പറ്റിയോ അധികം പേർക്കും അറിയില്ല. ഇതിനോരോന്നിനും അതിന്റേതായ മേന്മകൾ ഉണ്ട്. ജനാധിപത്യത്തിന് പല രൂപങ്ങൾ ഉണ്ടാകാമെന്ന് അർത്ഥം. ലോകത്തെമ്പാടും ഉള്ള ജനാധിപത്യ സംവിധാനങ്ങൾ കണ്ടതിൽ നിന്നും നമ്മുടെ സംവിധാനത്തെ കൂടുതൽ ശക്തിമത്താക്കാൻ പറ്റുന്ന ചില നിർദ്ദേശങ്ങൾ ആണ് ലേഖനത്തിന്റെ വിഷയം.

ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന ജന പ്രതിനിധി

ന്ത്യയിൽ നമ്മൾ സ്വീകരിച്ചിരിക്കുന്നത് പോൾ ചെയ്ത വോട്ടുകളിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്ന സ്ഥാനാർത്ഥി ജയിക്കുന്ന first past the post എന്ന സംവിധാനം ആണ്. അതുകൊണ്ട് തന്നെ ജയിക്കുന്ന സ്ഥാനാർത്ഥി പോൾ ചെയ്ത വോട്ടിന്റെ ഭൂരിഭാഗം (50 ശതമാനത്തിനു മുകളിൽ) നേടിയ ആൾ ആകണമെന്നില്ല. 2011 ലെ കേരള നിയമ സഭ തിരഞ്ഞെടുപ്പിൽ പോലും കേരളത്തിലെ ഭൂരിഭാഗം എം എൽ എ മാർക്കും 50 ശതമാനത്തിന്റെ മുകളിൽ വോട്ടില്ല (68 പേർക്കാണ് ശരി ഭൂരിപക്ഷം ഉള്ളത്). മൂന്നും നാലും മുന്നണികൾ ശക്തമായ വടക്കേ ഇന്ത്യയിൽ മുപ്പതു ശതമാനം വോട്ടു മാത്രം കിട്ടിയിട്ടുള്ള സ്ഥാനാർത്ഥി ആണ് പലപ്പോഴും ആ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പക്ഷെ 70 ശതമാനം ആളുകളും ആ പ്രതിനിധിക്ക് എതിരായി വോട്ടു ചെയ്തവർ ആണ് താനും.

50 ശതമാനത്തിന്റെ മുകളിൽ വോട്ടു കിട്ടാതെ വിജയി ആകാൻ പറ്റാത്ത തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ഏറെ രാജ്യങ്ങളിൽ ഉണ്ട്. രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഉണ്ടാവുകയും അവരിൽ ആർക്കും 50 ശതമാനത്തിന്റെ മുകളിൽ വോട്ടു കിട്ടുകയും ചെയ്യാതെ വരുംബോൾ ഒന്നും രണ്ടും സ്ഥാനം കിട്ടിയവർ മാത്രം രണ്ടാമത് ഒന്നുകൂടി മത്സരിക്കുന്ന രീതി ആണ് ഒന്ന് (two round system). മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും മുൻഗണന ക്രമത്തിൽ വോട്ടു രേഖപ്പെടുത്തുന്ന ആൾട്ടർനേറ്റീവ് വോട്ടിങ് സിസ്റ്റം ആണ് രണ്ടാമതെത്.

ജയിക്കുന്ന ഓരോ ജനപ്രതിനിധിക്കും താൻ ഭൂരിഭാഗത്തിന്റെ പ്രതിനിധി ആണെന്ന് നെഞ്ചിൽ കൈ വച്ച് പറയാം എന്നത് മാത്രമല്ല ഇതിന്റെ ഗുണം. മൂന്നമാന്റെയും നാലമാന്റെയും ഒക്കെ വോട്ട് ചിലപ്പോൾ വേണ്ടി വന്നേക്കാം എന്നതിനാൽ അവരുടെ നയങ്ങളെ അല്പം ഒക്കെ സ്വാംശീകരിച്ചും അവരെ അധികം ഒന്നും അധിക്ഷേപിക്കാതെയും ആയിരിക്കും തിരഞ്ഞെടുപ്പ് പ്രചരണം. പാർട്ടിക്ക് വേണ്ടി എന്തും ചെയ്യുന്നവർക്ക് അല്ല മറിച്ച് എതിരാളികൾക്കും കൂടി സമ്മതനായ ആൾക്കാണ് സാധ്യത കൂടുതൽ എന്നതിനാൽ കൂടുതൽ നല്ല സ്ഥാനാർത്ഥികളെ പാർട്ടികൾ നിർത്തുകയും ചെയ്യും.

ഭൂരിഭാഗം വോട്ടർമാരുടെയും പ്രതിനിധികൾ മാത്രം ജനപ്രതിനിധി ആയി നിയമസഭയിൽ എത്തുന്ന ജനാധിപത്യം ആണ് എന്റെ സ്വപ്നം.

അർഹമായ സ്ത്രീ പ്രാതിനിധ്യം

കേരളത്തിലെ ജനങ്ങളിൽ 50 ശതമാനത്തിനു മുകളിലും സ്ത്രീകൾ ആണ്. രാഷ്ട്രീയത്തിൽ ഉൾപ്പടെ എല്ലാ കർമ്മ മണ്ഡലങ്ങളിലും അവർ കഴിവ് തെളിയിച്ചിട്ടുണ്ട്. ത്രിതല പഞ്ചയാത്തുകളിലെ വിപുലമായ സ്ത്രീ പ്രതിനിധ്യത്തോടെ പൊതുരംഗത്തും ഭരണ രംഗത്തും സജീവമായ സ്ത്രീകളുടെ വൻ നിര തന്നെ നമുക്കുണ്ട്.

എന്നിട്ടും നമ്മുടെ നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം കേവലം 5 ശതമാനം ആണ്. നിയമ നിർമ്മാണ സഭകളിൽ അമ്പതു ശതമാനത്തിനു മീതെ സ്ത്രീ പ്രാതിനിധ്യം ഉള്ള രാജ്യങ്ങൾ ലോകത്ത് ഉണ്ട് (ഉദാ റുവാണ്ട, ബൊളീവിയ). കുബയിൽ ഉൾപ്പടെ മുപ്പതു ശതമാനത്തിനു മുകളിൽ സ്ത്രീ പ്രാതിനിധ്യം ഉള്ള രാജ്യങ്ങൾ നാല്പത്തി അഞ്ചുണ്ട്. നമ്മുടെ ചുറ്റും ഉള്ള അഫ്ഘാനിസ്ഥാൻ (27.7 %), പാക്കിസ്ഥാൻ (20.6 %), ബംഗ്ലാദേശ് (20 %) ഇവയിൽ ഒക്കെ സ്ത്രീ പ്രാതിനിധ്യം നമ്മളുടെ പല മടങ്ങാണ് എന്നത് നമ്മെ ചിന്തിപ്പിക്കെണ്ടാതാണ്.

കേരളത്തിലെ നിയമസഭയിൽ സ്ത്രീകൾക്ക് അമ്പതു ശതമാനം പ്രാതിനിധ്യം ആരുടേയും ഔദാര്യം അല്ല. 50 ശതമാനം ജനങ്ങളുടെ ടാലന്റ് ഉപയോഗിക്കാതെ രാജ്യം എങ്ങനെ പുരോഗമിക്കും എന്ന് വാറൻ ബഫ്റ്റ് ഒരിക്കൽ ചോദിച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇത് തിരിച്ചറിയുന്നില്ല. ജാതിയും മതവും സിനിമയും മാദ്ധ്യമവും ഒക്കെ വച്ച് കണക്കു കൂട്ടി മുന്നണി ആസ്ഥാനങ്ങളിൽ സ്ഥാനാർത്ഥിയെ കണ്ടെത്തുമ്പോൾ സ്ത്രീകൾ ഇപ്പോഴും അകത്തളത്തിൽ തന്നെ ആണ്.

കേരളത്തിലെ സ്ത്രീകൾ ഒരുമിച്ചൊന്നു ഊതിയാൽ പറക്കുന്ന രാഷ്ട്രീയ കണക്കു കൂട്ടലുകളേ നമ്മൾ ഇത് വരെ കണ്ടിട്ടുള്ളൂ. അൻപതു ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് കൊടുക്കാത്ത പാർട്ടികളെ ഒരുമിച്ചൊന്നു വിരട്ടാൻ സ്ത്രീകൾ എന്ന് തീരുമാനിക്കുന്നുവോ അന്ന് കേരളത്തിലെ സ്ത്രീ പ്രാതിനിധ്യം അൻപതു ശതമാനത്തിന്റെ മുകളിൽ പോകും.

നമ്മുടെ സ്ത്രീകളിലെ നേതൃത്വ ഗുണം സമൂഹനന്മക്കായി ഉപയോഗിക്കാൻ അൻപതു ശതമാനം എങ്കിലും സ്ത്രീ പ്രാതിനിധ്യം ഉള്ള നിയമ സഭ ആണെന്റെ സ്വപ്നം.

മറുനാടൻ എം എൽ എ മാർ

കേരളത്തിൽ ഇരുപത് ലക്ഷം മറുനാടൻ തൊഴിലാളികൾ ഉണ്ടെന്നാണ് സി ഡി എസ് നടത്തിയ പഠനം പറയുന്നത്. മറുനാടൻ തൊഴിലാളികൾ മിക്കാവാറും 18 വയസ്സ് കഴിഞ്ഞവർ ആയതിനാൽ നമ്മുടെ വോട്ടർമാരുടെ എന്നതിന്റെ പത്തു ശതമാനത്തോളം വരും ഇത്.പെരുംബാവൂർ പോലെ ചില മണ്ഡലങ്ങളിൽ ഇതിലും എത്രയോ മടങ്ങായിരിക്കും അവരുടെ സാന്നിധ്യം. അവരെല്ലാം വോട്ട് ചെയ്യാൻ തുടങ്ങിയാൽ നമ്മുടെ തിരഞ്ഞെടുപ്പിൽ അവർ ഒരു നിര്ന്നായക ഘടകം ആകും

ഇന്ത്യയിൽ മിക്കവാറും എവിടെ താമസിക്കുന്ന ഇന്ത്യക്കാരനും അവിടെ വോട്ടർ ആകാനുള്ള അവകാശം ഉണ്ട്. ലോകത്തിലെ പലയിടങ്ങളിലും താമസക്കാർ ആയാൽ മതി പൗരൻ പോലും ആകേണ്ട വോട്ട് ചെയ്യാൻ. പക്ഷെ എന്തുകൊണ്ടോ കേരളത്തിലെ മറുനാടൻ തൊഴിലാളികൾ നമ്മുടെ ജനാധിപത്യ സംവിധാനത്തിന് പുറത്താണ്. ബാങ്കളൂരും മുംബൈയിലും ഡൽഹിയിലും ഒക്കെ ലക്ഷക്കണക്കിന് മലയാളികൾ വോട്ടു ചെയൂന്നു, അവരുടെ വോട്ടു പിടിക്കാൻ നമ്മുടെ നേതാക്കൾ അവിടെ പ്രചരണം നടത്തുന്നു. കേരളത്തിന് പുറത്തു മലയാളി എം എൽ എ മാര് ഉണ്ടായിട്ടുണ്ട്. സിംഗപ്പൂരിലെ മുൻ പ്രസിടന്റ്‌ ദേവൻ നായർ മുതൽ കർണാടകത്തിലെ ഇപ്പോഴത്തെ മന്ത്രി ജോർജ്ജ് വരെ മലയാളികൾ മറുനാട്ടിൽ ഭരണാധികാരികൾ വരെ ആകുന്നു. അപ്പോൾ എന്താണ് കേരളത്തിൽ ഒരു ബംഗാളി എം എൽ എ ഉണ്ടാകാത്തത് ?. ബീഹാറിലെ ഒരു സാധാരണ ഗ്രാമത്തിൽ പാവപ്പെട്ട കുടുംബത്തിൽ നിന്നും ഉയര്ന്നു വന്ന കൻഹൈയ്യ എന്ന പയ്യൻ എത്ര തീവ്രതയോടെ രാഷ്ട്രീയം സംസാരിക്കുന്നു എന്നു നാം കണ്ടു. നമ്മുടെ ചുറ്റും പേരില്ലാത്ത ബായിമാരായി എത്രമാത്രം കാൻഹൈയ്യമാർ ഒളിഞ്ഞു കിടക്കുന്നുണ്ടാകും. അവർ എല്ലാം കെട്ടിടം പണിയും കാന കോരലും ആയി ജീവിതം കഴിച്ചാൽ നഷ്ടം വരുന്നത് സമൂഹത്തിന് മൊത്തമായിട്ടാണ്.

കേരളത്തിൽ താമസിക്കുന്ന എല്ലാ ഇന്ത്യാക്കാരും വോട്ട് ചെയ്യാനുള്ള അവരുടെ അവസരം ഉപയോഗിക്കുകയും അവരുടെ പ്രാതിനിധ്യം നിയമസഭയിൽ ഉറപ്പക്കുക്കയും ചെയ്യുന്ന ഒരു നിയമ സഭ ആണെന്റെ സ്വപ്നം.

പ്രാതിനിധ്യം ഇല്ലാത്ത സമ്മതിദാനം:

മുപ്പതു വർഷത്തോളം ആയി കേരളത്തിൽ ബിജെപി മത്സരിക്കാൻ തുടങ്ങിയിട്ട്. അവരുടെ വോട്ട് ഓരോ തെരഞ്ഞെടുപ്പിലും കൂടിവരുന്നു. 2011 ലെ തിരഞ്ഞെടുപ്പിൽ അവര്ക്ക് 6 ശതമാനം വോട്ടു കിട്ടി, പക്ഷെ നിയമ സഭയിൽ അവർ ഇല്ല. 8 ശതമാനം വോട്ടു കിട്ടിയ മുസ്ലിം ലീഗ് 20 അംഗങ്ങളോടെ കേരള രാഷ്ട്രീയത്തിൽ നിര്ണായക ശക്തി ആണെന്നതും വെറും 2 ശതമാനം വോട്ടു കിട്ടിയ കേരള കോൺഗ്രസ് നിയമ പ്രാതിനിധ്യവും മന്ത്രിസഭയിൽ അംഗത്വവും നേടി എന്നതും നാം ഓർക്കണം. പക്ഷെ മുന്നണികൾ തന്ത്രപരമായി ഒഴിവാക്കിയതിനാൽ ആറ് ശതമാനം ജനപിന്തുണയുള്ള ഒരു ജനാധിപത്യ പാർട്ടിക്ക് നമ്മുടെ നിയമനിർമ്മാണ സംവിധാനത്തിൽ പ്രാതിനിധ്യം ഇല്ല. ബിജെപി യോട് ആശയപരം ആയ എതിർപ്പുണ്ടെങ്കിൽ പോലും ആറു ശതമാനം പേർ വോട്ടു ചെയ്ത ഒരു പാർട്ടിക്ക് നിയമ സഭയിൽ പ്രാതിനിധ്യം ഇല്ലാത്തത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് യോജിക്കുന്നതാണോ ?.

സ്വിറ്റ്‌സർലന്റ് ഉൾപ്പടെ എൺപതോളം രാജ്യങ്ങളിൽ വോട്ടർമാരുടെ ആനുപാതികമായാണ് നിയമ നിർമ്മാണ സഭയിൽ സീറ്റുകൾ വിഭജിക്കുന്നത്. ജനപിന്തുണയുള്ള പാർട്ടികൾക്ക് എല്ലാം നിയമനിർമ്മാണ സഭയിൽ അർ!ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്ന ജനാധിപത്യം ആണെന്റെ സ്വപ്നം.

വെറുതെയാകുന്ന വോട്ട്:

പ്പോൾ ഇന്ത്യയിലെ പ്രവാസികൾക്ക് വൊട്ട് ചെയ്യണമെങ്കിൽ നാട്ടിൽ വരണം. അമ്മ മരിച്ചാൽ പോലും നാട്ടിൽ വരാൻ പാങ്ങില്ലാത്ത, അവധി കിട്ടാത്ത, ലക്ഷക്കണക്കിന് മലയാളി വോട്ടർമാർ ഉണ്ട്. അപ്പോൾ ഈ വോട്ട് അവകാശം കൊണ്ട് വലിയ ഗുണം ഒന്നും ഇത് വരെ ഇല്ല.

ഇപ്പോൾ ഇന്ത്യയിലെ പ്രവാസികൾക്ക് വൊട്ട് ചെയ്യണമെങ്കിൽ നാട്ടിൽ വരണം. അമ്മ മരിച്ചാൽ പോലും നാട്ടിൽ വരാൻ പാങ്ങില്ലാത്ത, അവധി കിട്ടാത്ത, ലക്ഷക്കണക്കിന് മലയാളി വോട്ടർമാർ ഉണ്ട്. അപ്പോൾ ഈ വോട്ട് അവകാശം കൊണ്ട് വലിയ ഗുണം ഒന്നും ഇത് വരെ ഇല്ല.അമേരിക്കയിലും ന്യൂസിലാണ്ടിലും മാത്രമല്ല പ്രവാസികൾ ഒരു ശക്തിയായ എന്നാൽ വികസിത രാജ്യം ആല്ലാത്ത ഫിലിപ്പൈൻസിൽ വരെ പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യത്ത് അവരുടെ എംബസിയിൽ പോയി വോട്ടുചെയ്യാം. ഇന്റർനെറ്റിന്റെ സഹായത്തോടെ ലോകത്ത് എവിടെയും ഇരുന്നു നാട്ടിലെ കരണ്ട് ചാർജ്ജ് തൊട്ട് കുട്ടികളുടെ സ്‌കൂൾ ഫീ വരെ ഇപ്പോൾ പ്രവാസികൾ അടക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ബാങ്കിങ് ഇപ്പോൾ സ്മാർട്ട് ഫോൺ ആപ്പ് വഴി തന്നെ സാധ്യമാണ്, അപ്പോൾ ലോകത്ത് എവിടെയും ഉള്ള മലയാളികള്ക്ക് വല്ലപ്പോഴും നാട്ടിൽ വോട്ടു ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുക എന്നത് നമ്മുടെ ഐ ടി പിള്ളേർക്ക് കുട്ടിക്കളി ആണ്. എന്നിട്ടും ഐടിയിലെ വൻശക്തികളിലൊന്നായ ഇന്ത്യയിൽ ഇപ്പോഴും അത് നടക്കാത്തത് കഷ്ടമാണ്. കേരളത്തിലെ പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ വോട്ട് ചെയ്യാൻ അവസരം കിട്ടുകയാണെങ്കിൽ ലോകത്തെ ഏറ്റവും കൂടുതൽ പങ്കാളിത്തം ഉള്ള ജനാധിപധ്യം ആകും നമ്മുടേത്. പ്രാവാസികളുടെ എണ്ണം ഏറെ ഉള്ളതിനാൽ നമ്മുടെ ഇലക്ഷൻ രംഗത്ത് പ്രവാസികളുടെ താല്പര്യം കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യും.

എല്ലാ പ്രവാസികൾക്കും അവർ ലോകത്ത് എവിടെ ആണെങ്കിലും വോട്ട് ചെയ്യാൻ അവസരം ഉള്ള ജനാധിപത്യം ആണെന്റെ സ്വപ്നം.

പരിമിതികൾ ഇല്ലാത്ത നിയമ സഭ

തു സമൂഹത്തിലും ഏതാണ്ട് പത്തു ശതമാനമെങ്കിലും ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് അന്ധത തൊട്ട് കാലിന്റെ സ്വാധീനക്കുറവ് വരെ ആകാം. ഇവർക്ക് പക്ഷെ മറ്റുള്ള എല്ലാ രംഗത്തും കഴിവുകൾ ഉണ്ടാകും, അപ്പോൾ അവരെ ഒഴിവാക്കി സമൂഹം മുന്നോട്ടു നടക്കുമ്പോൾ നഷ്ടം പറ്റുന്നത് അവര്ക്ക് മാത്രം അല്ല അവരുടെ കഴിവുകൾ ഉപയോഗിക്കാൻ പറ്റാത്ത സമൂഹത്തിനു കൂടിയാണ്. സ്റ്റീഫൻ ഹോക്കിങ് കേരളത്തിൽ ആണ് ജീവിച്ചിരുന്നതെങ്കിൽ ഭൗതിക ശാസ്ത്രത്തിന് എന്ത് നഷ്ടം ഉണ്ടാകുമായിരുന്നു എന്ന് ചിന്തിച്ചാൽ മതി.

നമ്മുടെ പൊതു രംഗത്ത് പൊതുവെ ഏതെങ്കിലും ശാരീരിക വിഷമത ഉള്ളവരെ കാണാറില്ല. നമ്മുടെ സമൂഹത്തിലും, പൊതു ഇടങ്ങളിലും ഒക്കെ ഇങ്ങനെ ഉള്ളവര്ക്ക് ഒരു സംവിധാനവും ഇല്ലാത്തത് അവരുടെ ശബ്ദം വേണ്ട ഇടങ്ങളിൽ കേൾക്കാത്തതു കൊണ്ടല്ലേ?. പക്ഷെ നമ്മുടെ പൊതു രംഗത്ത് പൊതുവെ ഏതെങ്കിലും ശാരീരിക വിഷമത ഉള്ളവരെ കാണാറില്ല. നമ്മുടെ സമൂഹത്തിലും, പൊതു ഇടങ്ങളിലും ഒക്കെ ഇങ്ങനെ ഉള്ളവര്ക്ക് ഒരു സംവിധാനവും ഇല്ലാത്തത് അവരുടെ ശബ്ദം വേണ്ട ഇടങ്ങളിൽ കേൾക്കാത്തതു കൊണ്ടല്ലേ?. അന്ധത ഉള്ള ഒരാളോ സംസാരിക്കാൻ വയ്യാത്ത ആളോ നടക്കാൻ കെൽപില്ലാത്ത ആളോ ഒക്കെ നമ്മുടെ സഭയിൽ വരുമ്പോൾ അവർക്ക് സമൂഹവുമായി സംവദിക്കാൻ എന്തൊക്കെ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നും എന്നാൽ അവരിൽ എത്രമാത്രം കഴിവും ആശയങ്ങളും ഉണ്ട് എന്നും സഭ അറിയും, സമൂഹവും. അത് അവര്ക്കുള്ള സൗകര്യങ്ങൾ വര്ധിപ്പിക്കും, അവരോടുള്ള സമൂഹത്തിന്റെ കാഴചപ്പാട് മാറും.

ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന ജനാധിപത്യം ആണ് എന്റെ സ്വപ്നം.

  • ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രശ്‌നങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിലെ രാഷ്ട്രീയം

നമ്മുടെ സ്ഥാനാർത്ഥികൾ വിവാദ വിഷയങ്ങൾ എങ്ങനെ തിരഞ്ഞെടുപ്പ് വിഷയം ആക്കതിരിക്കാം എന്നതിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. കേരളത്തിന്റെ ഭാവിയിലെ ഏറ്റവും നിർണ്ണായകം ആയ പരിസ്ഥിതി പ്രശ്‌നത്തിലും, പ്രത്യേകിച്ച് ഗാട്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിലും ഒക്കെ തിരഞ്ഞെടുപ്പിന് മുൻപ് അല്പം എങ്കിലും ധൈര്യം ആയി അഭിപ്രായം പറഞ്ഞവർ തിരഞ്ഞെടുപ്പ് അടുത്താൽ മൗനികൾ ആകും. അതിനു പകരം റോഡു നിർമ്മിച്ചതും പാലം വരുത്തിയതും ഒക്കെ അക്കമിട്ടു പറയും.സുസ്ഥിര വികസനം, ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, കുടിയേറ്റം, പ്രകൃതി വിഭവങ്ങളെ ചൊല്ലി ഉണ്ടാകുന്ന സംഘര്ഷം, പരിസ്ഥിതി നശീകരണം, മനുഷ്യാവകാശം, ലിംഗസമത്വം, സ്വകാര്യത, ഊർജ്ജ സുരക്ഷ, തീവ്രവാദം എന്നിങ്ങനെ അനവധി വിഷയങ്ങൾ ആണ് ലോകത്തെമ്പാടും പുതിയ തലമുറക്ക് നേരിടേണ്ടി വരുന്നത്. തിരഞ്ഞെടുപ്പുകളിൽ ഈ വിഷയങ്ങൾ ഒക്കെ ആണ് പ്രതിഫലിക്കേണ്ടത്. ഈ വിഷയങ്ങളിൽ പുലർത്തുന്ന വ്യത്യസ്തത ഒക്കെ ആകണം ഒരു സ്ഥാനാർത്ഥിയെ മറ്റൊരാളിൽ നിന്നും തിരഞ്ഞെടുക്കാൻ നാം കാരണമാക്കേണ്ടത്.

പല വികസിത രാജ്യങ്ങളിലും ഓരോ സ്ഥാനാർത്ഥിയും വിവാദ വിഷയങ്ങൾ ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ അവരുടെ പൊസിഷൻ വ്യക്തമാക്കും. അവ വ്യക്തമാക്കുന്ന ടെലിവിഷൻ പരസ്യങ്ങൾ ഓരോ സ്ഥാനാർത്ഥിയും അനവധി നല്കും. ഇതിനു തെളിവായി ഇതിനു മുന്പുള്ള അവരുടെ ജീവിതത്തിൽ ഓരോ വിഷയത്തിനും അനുകൂലമായും എതിരായും വോട്ടു ചെയ്തതും പ്രവർത്തിച്ചതും എടുത്തുകാണിക്കും.

നമ്മുടെ സ്ഥാനാർത്ഥികൾ വിവാദ വിഷയങ്ങൾ എങ്ങനെ തിരഞ്ഞെടുപ്പ് വിഷയം ആക്കതിരിക്കാം എന്നതിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. കേരളത്തിന്റെ ഭാവിയിലെ ഏറ്റവും നിർണ്ണായകം ആയ പരിസ്ഥിതി പ്രശ്‌നത്തിലും, പ്രത്യേകിച്ച് ഗാട്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിലും ഒക്കെ തിരഞ്ഞെടുപ്പിന് മുൻപ് അല്പം എങ്കിലും ധൈര്യം ആയി അഭിപ്രായം പറഞ്ഞവർ തിരഞ്ഞെടുപ്പ് അടുത്താൽ മൗനികൾ ആകും. അതിനു പകരം റോഡു നിർമ്മിച്ചതും പാലം വരുത്തിയതും ഒക്കെ അക്കമിട്ടു പറയും.

ഗാട്ഗിൽ റിപ്പോർട്ട്, സ്വവർഗ്ഗ രതി, ലിംഗസമത്വം, അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ മൂലധനത്തിന്റെ ഉപയോഗം, വിദ്യാഭ്യാസ രംഗത്ത് ആഗോള സഹകരണം, സദാചാര പൊലീസ്, മിശ്രവിവാഹം, മറുനാടൻ തൊഴിലാളികളുടെ അവകാശങ്ങൾ, മത തീവ്രവാദം, കാലവാസ്ഥ വ്യതിയാനം എന്നിങ്ങനെ നമ്മുടെ സമൂഹത്തിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഓരോന്നിലും ജന പ്രതിനിധി ആകാൻ ശ്രമിക്കുന്ന ഓരോരുത്തരും അവരുടെ അഭിപ്രായങ്ങളും മുൻകാല പ്രവര്ത്തനങ്ങളും സമൂഹ മാദ്ധ്യമങ്ങൾ വഴി പൊതുജന സമക്ഷം പരിശോധനക്ക് വയ്ക്കുന്ന ഒരു ജനാധിപത്യം ആണ് എന്റെ സ്വപ്നം.

20 വർഷം എംഎൽഎ ആയവർക്കാി പ്രത്യേക സഭ; എംഎൽഎ ആകാത്തവരും മന്ത്രിയാവണം; ഐഎഎസുകാരെക്കാളും സിഈഒമാരെക്കാളും ശമ്പളം; 50,000 പേർക്ക് ഒരു എംഎൽഎ; മുരളി തുമ്മാരുകുടിയുടെ തെരഞ്ഞെടുപ്പുചിന്തകൾ നാളെ അവസാനിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP