Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഹാറിൽ മഹാസഖ്യത്തിന് മുൻതൂക്കം നൽകി ബഹുഭൂരിപക്ഷം എക്‌സിറ്റ് പോളുകൾ; മഹാസഖ്യത്തിന് 140 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് എക്‌സ്; 122 എന്ന് ടൈംസ് നൗ; ബിജെപിക്ക് 155 സീറ്റ് നൽകി ചാണക്യയും; മോദി പ്രഭാവം മങ്ങുന്നുവോ?

ബിഹാറിൽ മഹാസഖ്യത്തിന് മുൻതൂക്കം നൽകി ബഹുഭൂരിപക്ഷം എക്‌സിറ്റ് പോളുകൾ; മഹാസഖ്യത്തിന് 140 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് എക്‌സ്; 122 എന്ന് ടൈംസ് നൗ; ബിജെപിക്ക് 155 സീറ്റ് നൽകി ചാണക്യയും; മോദി പ്രഭാവം മങ്ങുന്നുവോ?

പാട്‌ന: ബിഹാറിൽ വിവിധ ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചതോടെ ദേശീയ ചാനലുകൾ സർവേഫലങ്ങൾ പുറത്തുവിട്ടു തുടങ്ങി. ബിഹാറിൽ മോദി പ്രഭാവത്തിന് മങ്ങലേറ്റു എന്നാണ് എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. ബിഹാറിൽ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒരുമിച്ച മഹാസഖ്യം നേട്ടമുണ്ടാക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം കിട്ടുമെന്ന് ചാണക്യയുടെ സർവ്വേയും പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നൽകുമെന്ന് ചാണക്യ പ്രവചിച്ചിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം ബീഹാറിൽ നടന്നുവെന്ന് തന്നെയാണ് എക്‌സിറ്റ് പോളുകൾ നൽകുന്ന പൊതു ചിത്രം.

243 അംഗ നിയമസഭയാണ് ബീഹാറിലേത്. 122 സീറ്റ് നേടുന്നവർക്ക് അധികാരത്തിലെത്താൻ കഴിയും. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും നിതീഷ് കുമാറിനും ലാലു പ്രസാദ് യാദവും ഈ മാന്ത്രിക നമ്പർ കൈവരിക്കുമെന്നാണ് വിശദീകരിക്കുന്നത്.

എക്‌സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

എബിപി-നീൽസൺ

മഹാസഖ്യം-130
ബിജെപി-108
മറ്റുള്ളവർ-5

ഇന്ത്യാ ടുഡേ

മഹാസഖ്യം-111-123
ബിജെപി-113-127
മറ്റുള്ളവർ-4-8

ന്യൂസ് എക്‌സ്
മഹാസഖ്യം-135
ബിജെപി-95
മറ്റുള്ളവർ-18

ന്യൂസ് നേഷൻ
മഹാസഖ്യം-123-127
ബിജെപി-112-116
മറ്റുള്ളവർ-3-5

ടൈംസ് നൗ-ഇന്ത്യാ ടിവി-സിവോട്ടർ
മഹാസഖ്യം-112-132
ബിജെപി-101-121
മറ്റുള്ളവർ-6-14

ആജ്തക്
മഹാസഖ്യം-117
ബിജെപി-120
മറ്റുള്ളവർ-6

ചാണക്യ
മഹാസഖ്യം-83
ബിജെപി-155
മറ്റുള്ളവർ-5

ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യമോ, അതോ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യമോ അടുത്ത അഞ്ചു വർഷം ബിഹാർ ഭരിക്കുക എന്ന ഏകദേശധാരണയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും എക്‌സിറ്റ് പോൾ ഫലങ്ങൾ ഏറക്കുറെ ശരിയായ പ്രവചനമാണു നടത്തിയത്. അതുകൊണ്ട് തന്നെ വലിയ ഏറ്റക്കുറച്ചിൽ ഇല്ലാതെ ബീഹാറിലും എക്‌സിറ്റ് പോൾ ഫലത്തിന് അനുസരിച്ച ഭരണം ഉണ്ടാകുമെന്ന് തന്നെയാണ് പൊതുവിൽ ഉയരുന്ന പ്രതീക്ഷ. എന്നാൽ എക്‌സിറ്റ് പോളിലും വലിയ വിജയമാണ് നിതീഷ് കുമാറും ലാലു പ്രസാദും പ്രതീക്ഷിക്കുന്നത്. ഇഞ്ചോടിഞ്ഞ് പോരാട്ടമെന്ന ഫലങ്ങളെ അവർ അംഗീകരിക്കുന്നില്ല. 190ലധികം സീറ്റുകൾ മഹാ സഖ്യം നേടുമെന്നാണ് ലാലുവിന്റെ പ്രതികരണം. ഇതിന് ഡൽഹി തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളാണ് ആധാരം.

ഡൽഹിയിൽ ആംആദ്മി മുൻതൂക്കം നേടി അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലം. എന്നാൽ രണ്ട് സീറ്റിലൊഴികെ എല്ലായിടത്തും അരവിന്ദ് കെജ്രിവാളിന്റെ ആളുകൾ വിജയിച്ചു. ഇതാകും ബീഹാറിലും നടക്കുകയെന്നും ലാലുവും നിതീഷും പറയുന്നു. നിതീഷ് തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്നും ലാലു ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ അവകാശവാദങ്ങളെ ബിജെപി തള്ളിക്കളയുന്നു. ബീഹാറിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് അമിത് ഷാ ഇപ്പോഴും പറയുന്നത്. നരേന്ദ്ര മോദി ഫാക്ടർ കരുത്താകുമെന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ മറ്റ് നേതാക്കളാരും ഈ ആത്മവിശ്വാസം പങ്കുവയ്ക്കുന്നില്ല.

പ്രചാരണത്തിന്റെ തുടക്കത്തിൽ ബിജെപിയും സഖ്യകക്ഷികളുമായിരുന്നു മുന്നിലെങ്കിൽ, അവസാനഘട്ടമായപ്പോൾ അതായിരുന്നില്ല സ്ഥിതി. നിതീഷ്‌കുമാറിന്റെ ജനതാദളും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോൺഗ്രസും ചേർന്ന 'മഹാസഖ്യം' വ്യക്തമായി മുന്നേറി. ഇത് തന്നെയാണ് എക്‌സിറ്റ് പോളിലും പ്രതിഫിലിക്കുന്നത്. ആദ്യത്തെ ആത്മവിശ്വാസം ബിജെപി നേതാക്കൾ പ്രകടിപ്പിക്കുന്നുമില്ല. ബിഹാറിൽ വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി എന്നു പറയാതെയാണ് ബിജെപി പ്രചാരണം നടത്തിയത്. മഹാരാഷ്ട്രയിലും ഹരിയാനയിലും പയറ്റിയ ഈ തന്ത്രം ബിഹാറിൽ പരാജയപ്പെട്ടു. ഒപ്പം അസഹിഷ്ണുതാ വാദമയുർത്തിയുള്ള പ്രചരണങ്ങളുമെന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് ബിജെപിക്ക് കൂടുമെന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന. നേരത്തെ നിതീഷ് സഖ്യത്തിന്റെ ഭാഗമായാണ് ബിജെപി മത്സരിച്ചത്. ഇപ്പോൾ ഒറ്റയ്ക്ക് മത്സരിച്ചിട്ടും നൂറിലേറെ സീറ്റ് കിട്ടുമെന്നത് നേട്ടമായും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ ലോക്‌സഭയിൽ ഏകപക്ഷീയമായ ജയം ബിജെപിയെ കൈവിട്ടുപോയി. അന്ന് നിതീഷും ലാലുവും വെവ്വേറെയാണ് മത്സരിച്ചത്. ഇവർ ഒരുമിച്ചത് തന്നെയാണ് ഫലത്തെ സ്വാധിനിക്കുന്നത് എന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന.

മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷ് കുമാറിന്റെ ജനപ്രീതി അൽപ്പവും കുറഞ്ഞിട്ടില്ല. മാത്രമല്ല, ബിഹാറിയോ ബാഹ് റിയോ (പുറത്തുനിന്നുള്ളയാൾ) എന്ന നിതീഷിന്റെ ചോദ്യം ഏറ്റുവെന്നാണ് എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നതും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വ പ്രശനം ഉയർത്തിയുള്ള പ്രചരണവും ബിജെപിക്ക് ഗുണകരമായില്ല. ബിജെപിയുടെ മുഖ്യപ്രചാരകനായിരുന്ന പ്രധാനമന്ത്രി, ബിഹാറുകാരുടെ ഡിഎൻഎയെ പരിഹസിച്ചു തുടങ്ങിയ പ്രചാരണം തെറ്റായ ദിശയിലേക്കാണു നീങ്ങുന്നതെന്നു കണ്ടു വിഷയങ്ങൾ പൊടുന്നനെ മാറ്റുകയായിരുന്നു. എന്നാൽ, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് സംവരണനയം പുനഃപരിശോധിക്കും എന്നു പറഞ്ഞതോടെ ബിജെപി തികച്ചും പ്രതിരോധത്തിലായി.

വിദേശത്തായിരുന്ന നരേന്ദ്ര മോദി തിരിച്ചെത്തി സംവരണ നയം മാറ്റില്ല എന്നു പറഞ്ഞതിനിടെ രണ്ടു ഘട്ടം വോട്ടെടുപ്പു കഴിഞ്ഞുപോയി. പിന്നീട് ബീഫും ദാദ്രിയുമെല്ലാം ഉണ്ടാക്കിയ കോലാഹലങ്ങൾ ബിജെപിക്ക് തിരിച്ചിയായെന്ന് വേണം എക്‌സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് ഉൾക്കൊള്ളേണ്ടത്. നിതീഷിനെതിരെ ബിജെപി ഉന്നയിച്ച അഴിമതി ആരോപണങ്ങളൊന്നും ഫലപ്രദമായില്ല. പത്തു വർഷത്തിനിടയിൽ ബിഹാറിനെ പുരോഗതിയുടെ പാതയിലൂടെ വളരെയേറെ മുന്നോട്ടു നയിച്ച നിതീഷിനെ നല്ല ഭരണത്തിന്റെ പ്രതീകം എന്ന നിലയിൽ സുശാസൻ ബാബു എന്നാണു ബിഹാറികൾ വിളിക്കുന്നത്. ലാലുനിതീഷ് കൂട്ടുകെട്ടിലെ ഇരട്ടത്താപ്പും ബിഹാർ തെരഞ്ഞെടുപ്പിൽ പ്രതിഫിലക്കുന്നുമില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്.

ജാതി രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പിലും കാര്യമായ സ്വാധീനം ചെലുത്തി എന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്. ദലിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കവിഭാഗങ്ങളുംകൂടി ചേർന്നതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നതെന്ന് ഭൂരിപക്ഷ സർവ്വേകളും പറയുന്നു. എന്നാൽ ഈ വാദമെല്ലാം ചാണക്യ തള്ളിക്കളയുന്നു. യാദവും പിന്നോക്ക വിഭാഗങ്ങളും മോദിയ്‌ക്കൊപ്പമാണെന്നാണ് ചാണക്യയുടെ വിലയിരുത്തൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP