Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് സൗത്തിൽ ദേശീയ സെക്രട്ടറി ദേവർകോവിലിനെ വെട്ടി പ്രഫ എ പി അബദുൽവഹാബ് ഐ എൻ എൽ സ്ഥാനാർത്ഥി; നിർണ്ണായകമായത് സിപിഐ(എം) പിന്തുണ; കണ്ണൂരിൽ പാർട്ടി ജില്ലാ സെക്രട്ടറിക്കു സസ്‌പെൻഷൻ

കോഴിക്കോട് സൗത്തിൽ ദേശീയ സെക്രട്ടറി ദേവർകോവിലിനെ വെട്ടി പ്രഫ എ പി അബദുൽവഹാബ് ഐ എൻ എൽ സ്ഥാനാർത്ഥി; നിർണ്ണായകമായത് സിപിഐ(എം) പിന്തുണ; കണ്ണൂരിൽ പാർട്ടി ജില്ലാ സെക്രട്ടറിക്കു സസ്‌പെൻഷൻ

കെ സി റിയാസ്

കോഴിക്കോട്: ഇടതു മുന്നണി ഐ എൻ എല്ലിന് അനുവദിച്ച മൂന്ന് മണ്ഡലങ്ങളിൽ കോഴിക്കോട് സൗത്തിൽ സ്ഥാനാർത്ഥിയായി. പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി പ്രൊഫ. എ പി അബ്ദുൽവഹാബാണ് സ്ഥാനാർത്ഥി. കോഴിക്കോട് ചേർന്ന ഐ എൻ എൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോഴിക്കോട് സൗത്തിലേക്ക് പാർട്ടിയുടെ ദേശീയ സെക്രട്ടറി കൂടിയായ അഹമ്മദ് ദേവർകോവിലിന് വേണ്ടി ഒരുവിഭാഗം വാദിച്ചെങ്കിലും ഫലം കണ്ടില്ല. സി പി എം നേതൃത്വത്തിനും വഹാബിനോടായിരുന്നു കൂടുതൽ പ്രിയം.

പാർട്ടിക്ക് ലഭിച്ച കാസർകോട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടില്ല. രണ്ടിടത്തും സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിൽ, പാർലമെന്ററി ബോർഡ് ചെയർമാൻ അഹമ്മദ് ദേവർകോവിൽ എന്നിവർ വ്യക്തമാക്കി. അഞ്ചു സീറ്റ് ആവശ്യപ്പെട്ടെങ്കിലും പാർട്ടിക്കു ലഭിച്ച മൂന്ന് സീറ്റിലും തൃപ്തരാണെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ തവണ ഘടകകക്ഷികൾക്ക് അനുവദിച്ച സീറ്റുകളേക്കാൾ അധികം സീറ്റ് ആർക്കും തന്നെ ഇത്തവണ ഇടതുമുന്നണി അനുവദിച്ചിട്ടില്ല. അതിനാലാണ് ഐ എൻ എല്ലിനും മൂന്ന് സീറ്റ് തന്നെ അനുവദിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച കൂത്തുപറമ്പ് സീറ്റ് ഇത്തവണ ആവശ്യപ്പെട്ടിരുന്നില്ല. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റാണ് ഐ എൻ എല്ലിന് അനുവദിച്ചത്. എന്നാൽ ആ സീറ്റ് കഴിഞ്ഞ തവണ സി പി എം ഏറ്റെടുത്ത് കൂത്തുപറമ്പ് നൽകുകയായിരുന്നു.

ഇത്തവണ വിജയസാധ്യതയുള്ള സീറ്റ് നൽകണമെന്ന ആവശ്യത്തിൽ കോഴിക്കോട് സൗത്ത് സീറ്റ് തിരിച്ചുനൽകുകയായിയിരുന്നു. പാർട്ടിക്കു ലഭിച്ച മൂന്നു സീറ്റിലും വിജയ സാധ്യതയുണ്ട്. മത്സരിക്കാൻ വേണ്ടി മത്സരിക്കുകയല്ല. ജയിക്കാൻ വേണ്ടി തന്നെയാണ് മത്സരിക്കുന്നത്. ഐകകണ്‌ഠ്യേനയാണ് എ പി അബ്ദുൽ വഹാബിനെ സ്ഥാനാർത്ഥിയാക്കിയതെന്നും നേതൃത്വം വിശദീകരിച്ചു. കാസർകോട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തർക്കങ്ങളില്ല. ജയസാധ്യതയുള്ളവരെ മത്സരിപ്പിക്കുന്നതിനാണ് തീരുമാനം വൈകുന്നതെന്നാണ് വിശദീകരണം. മൂന്നു മണ്ഡലങ്ങളിലും അട്ടിമറിവിജയം ഉണ്ടാവുമെന്ന പ്രതീക്ഷയും നേതാക്കൾ പങ്കുവച്ചു. ഇടതു മുന്നണിയിൽ ഐ എൻ എല്ലിനെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ പാർട്ടിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും എസ് എ പുതിയവളപ്പിൽ പറഞ്ഞു. മുന്നണിയുടെ എല്ലാ പരിപാടികളിലും ഘടകകക്ഷിയെ പോലെ തന്നെ ഐ എൻ എല്ലിനെയും അംഗീകരിക്കുന്നുണ്ട്.

അതിനിടെ, പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് സംഘടനയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് അശ്‌റഫ് പുറവൂരിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അറിയിച്ചു. തെരഞ്ഞെടുപ്പ് സീറ്റ് ധാരണ സംബന്ധിച്ച് പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതാണ് നടപടിക്കു മുഖ്യഹേതു. പാർട്ടിക്ക് കണ്ണൂർ ജില്ലയിൽ സീറ്റ് അനുവദിക്കാത്തത് സംബന്ധിച്ച് അശ്‌റഫ് പാർട്ടി നേതൃത്വത്തിനും ഇടതു മുന്നണിക്കുമെതിരെ രൂക്ഷ വിമർശമുന്നയിച്ചിരുന്നു. കോഴിക്കോട് സൗത്തിൽ തികഞ്ഞ വിജയസാധ്യതയുണ്ടെന്ന് ഐ എൻ എൽ സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. എ പി അബ്ദുൽ വഹാബ് പറഞ്ഞു. മന്ത്രി ഡോ. എം കെ മുനീർ അഞ്ചുവർഷം പ്രതിനിധീകരിച്ച കോഴിക്കോട് സൗത്തിലെ വികസന മുരടിച്ച തന്നെയാണ് പ്രധാന ചർച്ചാ വിഷയമാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നോർത്തും സൗത്തും വികസനത്തിന്റെ കാര്യത്തിൽ ഇരുട്ടും വെളിച്ചവും പോലെയാണ്. കോഴിക്കോടിന്റെ പഴയകാല പ്രൗഢിയും പാരമ്പര്യവും കണക്കിലെടുത്തുള്ള വികസന പ്രവർത്തനങ്ങളൊന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മണ്ഡലത്തിൽ നിറഞ്ഞുനിന്നതുകൊണ്ട് കാര്യമില്ല. റോഡ് വീതികൂട്ടലും നിർമ്മാണ പ്രവർത്തനങ്ങളും മാത്രമല്ല വികസനം. മൗലികമായ എന്തു വികസനമാണ് മണ്ഡലത്തിലുണ്ടായത്. സംസ്ഥാനത്തെ അനാഥാലയങ്ങളുടെ പ്രവർത്തനം തന്നെ സ്തംഭിക്കുന്ന തരത്തിലുള്ള കേന്ദ്രനിയമം നടപ്പാക്കുമ്പോൾ സാമൂഹ്യനീതി വകുപ്പുമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിനു മാറിനിൽക്കാനാകില്ലെന്ന് അബ്ദുൽവഹാബ് പറഞ്ഞു. കേരളത്തിലെ അനാഥാലയങ്ങളെയാണ് അത് കൂടുതൽ ബാധിക്കുക. സൗത്ത് മണ്ഡലത്തിൽ ഏകകണ്ഠമായാണ് തന്നെ തീരുമാനിച്ചതെന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP