Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടാറ്റായിലെ ജോലി ഉപേക്ഷിച്ച് അച്ഛന്റെ പിന്തുടർച്ച തേടി എത്തി; നിറഞ്ഞ പുഞ്ചിരിയുമായി അരുവിക്കരക്കാരുടെ ഹൃദയം കീഴടക്കി; വിഷ്ണുനാഥും ബൽറാമും ഷാഫിയും അടങ്ങിയ യുവ നിരയിലേക്ക് മറ്റൊരു യുവനക്ഷത്രം കൂടി

ടാറ്റായിലെ ജോലി ഉപേക്ഷിച്ച് അച്ഛന്റെ പിന്തുടർച്ച തേടി എത്തി; നിറഞ്ഞ പുഞ്ചിരിയുമായി അരുവിക്കരക്കാരുടെ ഹൃദയം കീഴടക്കി; വിഷ്ണുനാഥും ബൽറാമും ഷാഫിയും അടങ്ങിയ യുവ നിരയിലേക്ക് മറ്റൊരു യുവനക്ഷത്രം കൂടി

മറുനാടൻ മലയാളി ബ്യൂറോ

മോദി തരംഗത്തിൽ വീണ് രാജ്യത്ത് കോൺഗ്രസ് അസ്തമിച്ചപ്പോൾ പിടിച്ച് നിന്നത് കേരളം മാത്രമായിരുന്നു ഈ വിജയത്തിന് പിന്നിൽ. ഉമ്മൻ ചാണ്ടിയുടെ കുശാഗ്രബുദ്ധി മാത്രമല്ല ബുദ്ധി പണയം വച്ചിട്ടില്ലാത്ത അഭ്യസ്ഥവിദ്യരായ നവരാഷ്ട്രീയം മനസ്സിൽ സൂക്ഷിക്കുന്ന ഒരുസംഘം ചെറുപ്പക്കാരുടെ സ്വാധീനം കൂടിയുണ്ടായിരുന്നു. വിടി ബൽറാം, ഷാഫി പറമ്പിൽ, പിസി വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, എം ലിജു തുടങ്ങിയ ഒരു സംഘം ചെറുപ്പക്കാരാണ് ഈ മാറ്റത്തിന്റെ അണിയറ ശിൽപ്പികൾ. അവരുടെ നിരയിലേക്കാണ് ടാറ്റ കൺസൾട്ടൻസിയുടെ ജോലി രാജി വച്ച് അച്ഛന്റെ പിന്തുടർച്ച തേടിയെത്തിയ ശബരീനാഥും ചേരുന്നത്.

കെ.എസ്.ശബരിനാഥൻ അച്ഛന്റെ ശൂന്യത സൃഷ്ടിച്ച രാഷ്ട്രീയപാതയിലേക്കിറങ്ങുന്നത് ഉയർന്ന ജോലി രാജിവച്ചായിരുന്നു. ടാറ്റാ കമ്പനിയിലെ സാമൂഹ്യസേവന മേഖലയായ ടാറ്റാ ട്രസ്റ്റിൽ സീനിയർ മാനേജരായിരുന്നു ശബരീനാഥൻ. ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനത്തിൽ എത്തിയപ്പോഴും ആകർഷകമായ പദവി വേണ്ടെന്നുെവച്ചാണ് അദ്ദേഹം കാർത്തികേയന്റെ പിൻഗാമിയായി നിയമസഭയിൽ എത്തുന്നത്. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ദുർബല വിഭാഗങ്ങളുടെയിടയിലാണ് ടാറ്റാ ട്രസ്റ്റ് ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് ടാറ്റ നടപ്പാക്കുന്ന പല പദ്ധതികളുടെയും സമിതികളിൽ സ്ഥാപനത്തെ പ്രതിനിധീകരിച്ചിരുന്നത് ശബരീനാഥനായിരുന്നു. ഈ അനുഭവ സമ്പത്ത് തന്നെയാണ് കന്നി തെരഞ്ഞെടുപ്പ് മത്സരത്തിലും ശബരിയെ തുണച്ചത്.

അങ്ങനെ അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം ഇനി മകനിലൂടെ അരുവിക്കര അനുഭവിക്കും. ത്രികോണമത്സരത്തിന്റെ ചൂടിലും കന്നിപോരാട്ടത്തിൽ ശബരിനാഥന് പിഴച്ചില്ല. അച്ഛന്റെ മരണത്തിന്റെ സഹതാപത്തിനൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വികസന മുദ്രാവാക്യത്തിന് അരുവിക്കരയിൽ കൈയടി കിട്ടി. അങ്ങനെ അരുവിക്കര വീണ്ടും കോൺഗ്രസ് പക്ഷത്ത് എത്തി. അന്തരിച്ച മുൻ സ്പീക്കർ ജി. കാർത്തികേയൻഎം ടി സുലേഖ ദമ്പതികളുടെ മകനായ കെ.എസ് ശബരീനാഥൻ 1983 സെപ്റ്റംബർ അഞ്ചിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ലയോള സ്‌കൂളിൽ പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളജിൽ നിന്ന് 2005ൽ ബി.ടെക് പാസായി.

തിരുവനന്തപുരം എൻജിനിയറിങ് കോളേജ് എസ് എഫ് ഐയുടെ കോട്ടയായിരുന്നു. മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് അപ്രഖ്യാപിത വിലക്കുണ്ട്. ശബരീനാഥന്റെ നേതൃത്വത്തിൽ അന്ന് കോൺഗ്രസ് അനുഭാവികളായ കുട്ടികൾ ചേർന്ന് വോയ്‌സ് ഓഫ് സി.ഇ.ടി. എന്ന സംഘടനയുണ്ടാക്കി. തിരഞ്ഞെടുപ്പിൽ ശബരീനാഥനും മത്സരിച്ചു. ഈ ചെറുത്തുനില്പിന് ഫലമുണ്ടായി. അടുത്ത വർഷം കോളേജ് യൂണിയൻ കെ.എസ്.യു. പിടിച്ചു. പിന്നീട് എ.കെ.ആന്റണിയുടെ മകൻ അടക്കം ഇതിന്റെ പിന്തുടർച്ചക്കാരായി വന്നു. അതായിരുന്നു ശബരിനാഥന്റെ ആദ്യ രാഷ്ട്രീയ ഇടപെടൽ. അച്ഛന്റെ എല്ലാ പിന്തുണയും ശബരിനാഥന് ഈ പ്രവർത്തനങ്ങൾക്കുണ്ടായിരുന്നു

എൻജിനിയറിങ് കഴിഞ്ഞ് ക്യാറ്റ് പരീക്ഷയിൽ 98 ശതമാനത്തിലധികം മാർക്ക് നേടിയതിനാൽ മുൻനിര മാനേജ്‌മെന്റ് സ്ഥാപനമായ മാനേജ്‌മെന്റ്‌ െഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ചു.ഇവിടെനിന്ന് എം.ബി.എ നേടി. 2008ൽ ടാറ്റാ സൺസിൽ മാനേജറായി. കേന്ദ്രഫസംസ്ഥാന സർക്കാറുകൾ നടപ്പാക്കിയ പല പ്രോജക്ടുകളിലും ടാറ്റാ ട്രസ്റ്റിന്റെ പ്രതിനിധി എന്നനിലയിൽ ശബരിനാഥൻ പങ്കാളിയായി. മുള അധിഷ്ഠിത വ്യവസായമേഖല, ഗ്രാമീണ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കിയുള്ള ആരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ സർക്കാർ നയരൂപവത്കരണ ചുമതലയുള്ള പ്രോജക്ടുകളിലും വിജയവാഡയിലെ ഗ്രാമങ്ങളിൽ മൈക്രോ പ്ലാനിങ് സംരംഭങ്ങളിലും പ്രവർത്തിച്ചു.

ശബരീനാഥൻ അരുവിക്കരയിൽ രാഷ്ട്രീയ അങ്കത്തിനെത്തിയത് മഹാരാഷ്ട്രയിലെ ഗച്‌റോളി ആദിവാസി മേഖലയിൽ നിന്നാണ്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശബരി ടാറ്റാ ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തകനായാണ് ദരിദ്ര ആദിവാസി ഗ്രാമമായ ഗച്‌റോളിയിലെ ത്തിയത്. മാവോവാദികളുടെ ശക്തി കേന്ദ്രമായ ഛത്തിസ്ഗഢിലെ ദണ്ഡകാരണ്യത്തോട് ചേർന്ന മേഖലയായ ഗച്‌റോളിയിൽ വനവിഭവ ശേഖരണത്തിലൂടെ ഉപജീവനം കണ്ടെത്തുന്നവരും ഗോണ്ടി ഭാഷ സംസാരിക്കുന്നവരുമാണ് താമസിക്കുന്നത്. ഈ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നതിന് ശബരി നേതൃത്വം നൽകി. ഇക്കാലത്ത് ബാബ ആംതേയുടെ ആശ്രമത്തിലെ കാരുണ്യ പ്രവർത്തനങ്ങൾ നേരിൽ കാണാനും അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യൻ ഗ്രാമങ്ങളിലെ ജീവിത യാഥാർഥ്യങ്ങൾ അനുഭവിച്ചറിഞ്ഞ ശബരി കാർത്തികേയനോടും ഇത് പങ്കുവച്ചിരുന്നു.

എന്നിട്ടും മകൻ മുഴുസമയ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ അദ്ദേഹത്തിന് താൽപര്യമുണ്ടായില്ല. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി അസുഖബാധിതനായ കാർത്തികേയനെ സന്ദർശിക്കാൻ സ്പീക്കറുടെ വസതിയിലെ ത്തിയപ്പോൾ ശബരിക്ക് രാഷ്ട്രീയത്തിൽ താൽപര്യമുണ്ടെന്ന് സൂചിപ്പിച്ചു. കോൺഗ്രസിനെ പിന്നിൽ നിന്ന് സഹായിക്കുന്ന ബുദ്ധിജീവി സംഘത്തോടൊപ്പം സഞ്ചരിക്കാനായിരുന്നു ശബരിയുടെ മോഹം. നേരിട്ട് പാർലമെന്ററി പ്രവർത്തനത്തിലിറങ്ങാൻ അപ്പോഴും ശബരി ആഗ്രഹിച്ചിരുന്നില്ല. കാർത്തികേയന്റെ ആഗ്രഹത്തോട് രാഹുൽ ഗാന്ധി സമ്മതവും പ്രകടിപ്പിച്ചു. ഇതിനിടെയിലാണ് അച്ഛന്റെ മരണവാർത്ത എത്തിയത്.

ഇതോടെ ഈ രാഷ്ട്രീയ തീരുമാനവും എടുത്തു. അമ്മ സുലേഖ തന്നെയാണ് അരുവിക്കരയിൽ ശബരീനാഥനെന്ന ആശയം കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വച്ചത്. മകന്റെ ആഗ്രഹം തിരിച്ചറിഞ്ഞായിരുന്നു അത്. ശബരിനീഥന്റെ മൂത്ത സഹോദരനും എഞ്ചിനിയറാണ്. അനന്തപത്മനാഭന് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാത്തതും ശബരിനാഥനെ രാഷ്ട്രീയത്തിലെത്താൻ സഹായകമായി. ഇനി കോൺഗ്രസിന്റെ യുവ നേതാക്കളിൽ പ്രമുഖനാണ് ശബരിനാഥൻ. കോൺഗ്രസിനേയും ഉമ്മൻ ചാണ്ടി സർക്കാരിനും രാഷ്ട്രീയ പ്രതിസന്ധിയിൽ വിജയമെത്തിച്ച നേതാവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP