Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

ആരാധനാമൂർത്തികളെ തൊഴുത് ജുമാ മസ്ജിദുകൾ സന്ദർശിച്ച് 'സുധാകരച്ചേകോർ' അങ്കത്തിനിറങ്ങി; കണ്ണൂരിലെ പടക്കുതിര കാസർഗോഡും താരം തന്നെ; വടക്കേ മലബാറിന്റെ ശ്രദ്ധ മുഴുവൻ ഉദുമയിൽ

ആരാധനാമൂർത്തികളെ തൊഴുത് ജുമാ മസ്ജിദുകൾ സന്ദർശിച്ച് 'സുധാകരച്ചേകോർ' അങ്കത്തിനിറങ്ങി; കണ്ണൂരിലെ പടക്കുതിര കാസർഗോഡും താരം തന്നെ; വടക്കേ മലബാറിന്റെ ശ്രദ്ധ മുഴുവൻ ഉദുമയിൽ

രഞ്ജിത് ബാബു

കാസർഗോഡ്: വടക്കൻ പാട്ടിലെ ചേകവരെപ്പോലെ കെ.സുധാകരൻ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങി. ആരാധനാമൂർത്തികളെ പ്രാർത്ഥിച്ചും പ്രിയപ്പെട്ടവരിൽ നിന്ന് അനുഗ്രഹം വാങ്ങിയും സുധാകരൻ ഉദുമ നിയമസഭാ മണ്ഡലത്തെ ഇളക്കി മറിക്കുകയാണ്.

കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം ആദ്യമായി ഉദുമയിലെത്തിയ സുധാകരനെ സ്വീകരിക്കാൻ കോൺഗ്രസ്സും മുസ്ലിം ലീഗും അടക്കമുള്ള യു.ഡി.എഫ് കക്ഷികളിലെ നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. ആദ്യം പാലക്കുന്ന് ഭണ്ഡാരവീട്ടിൽ തൊഴുതശേഷം രൗദ്രമൂർത്തിയായ പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചു. തുടർന്ന് ടൗണിൽ യു.ഡി.എഫ് പ്രവർത്തകരെ അഭിസംബോധന ചെയ്തു. മസിലിളക്കിയും മുഷ്ടിചുരുട്ടിയും സുധാകരന്റെ ലഘു പ്രസംഗം ഇന്നുണ്ടായ ആവേശം വിജയം വരെ കൂടെയുണ്ടാകണമെന്ന് സുധാകരൻ ആവശ്യപ്പെട്ടപ്പോൾ കൈയടിച്ചും ജയ് വിളിച്ചും അണികൾ  അത് സ്വീകരിച്ചു. കണ്ണൂരിലെ പടക്കുതിരയെ കാസർഗോഡിന് ലഭിച്ചതിൽ ആവേശം അതിരു കടന്ന രീതിയി ലാണ് പ്രവർത്തകരുടെ പ്രതികരണം.

ആദ്യവരവിൽത്തന്നെ യു.ഡി.എഫ് അണികളിൽ ഓളങ്ങൾ സൃഷ്ടിക്കാൻ സുധാകരന് കഴിഞ്ഞു. കോട്ടിക്കുളം റെയിൽവേ സ്‌റ്റേഷനിൽ ആയിരത്തിലധികം പേരാണ് ആദ്യ സ്വീകരണത്തിനെത്തിയത്. തുടർന്നുള്ള പ്രവർത്തനത്തിന് ചൂടും ചൂരും നൽകുന്നതായിരുന്നു ഇത്. എന്നാൽ എ വിഭാഗത്തിലെ ജില്ലയിലെ സമുന്നത നേതാക്കളായ എം.സി.ജോസ്. പി.ജി. ദേവ്, പേരിയ ബാലകൃഷ്ണൻ എന്നിവരുടെ അഭാവം ശ്രദ്ധേയമായിരുന്നു. പ്രചാരണത്തോടൊപ്പം എ. വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമവും സുധാകരന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്

അവർ അനുകൂല നിലപാടെടുത്താൽ പ്രതീക്ഷിക്കാവുന്ന മണ്ഡലമായി ഉദുമ മാറുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. ഉദുമ പിടിക്കാൻ സുധാകരൻ നേരത്തെ തന്നെ കെപിസിസി. പ്രസിഡണ്ടിനെ ഉപയോഗിച്ച് കരുനീക്കങ്ങൾ നടത്തിയിരുന്നു. ഉദുമ സീറ്റ് പാർട്ടി തീരുമാനിക്കുംമുമ്പു തന്നെ സുധാകരൻ സ്വയം പ്രഖ്യാപിച്ചത് വിവാദങ്ങളും ഉയർത്തിയിരുന്നു. ആ പാളിച്ച പരിഹരിക്കാനുള്ള തന്ത്രമാണ് ഇപ്പോൾ സുധാകരൻ പയറ്റുന്നത്. അതിന് മുന്നോടിയായി ഡി.സി.സി. ലിസ്റ്റിൽ നേരത്തെ ഇടം പിടിച്ച പേരിയാ ബാലകൃഷ്ണനെ ഒപ്പം നിർത്താനുള്ള തന്ത്രവും ആരംഭിച്ചിട്ടുണ്ട്.

നിരവധി ആരാധനാലയങ്ങൾ സന്ദർശിച്ച് സുധാകരൻ ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണം ജില്ലയിൽ ചർച്ചാ വിഷയമായിരിക്കയാണ്. ഹൈന്ദവ ദേവസ്ഥാനങ്ങൾക്കു പുറമേ കോട്ടിക്കുളം ജുമാമസ്ജിദ്, ചെമ്പരിക്ക ജുമാമസ്ജിദ് എന്നിവിടങ്ങളിലും സുധാകരൻ പ്രാർത്ഥന നടത്തി. കാസർഗോഡ് ജില്ലയിലെ പ്രധാന ആരാധനാ മൂർത്തിയാണ് വയനാട്ടു കുലവൻ ഉദുമയിൽ വയനാട്ടു കുലവൻ കെട്ടിയാടുന്ന കാവിലെത്തിയ സുധാകരൻ അവിടെ ഏറെ നേരം ചെലവിട്ടു. ഉത്തരകേരളത്തിലെ പ്രബല സമുദായത്തിന്റെ കുലദൈവമാണ് ശിവ പുത്രനായ വയനാട്ടുകുലവനെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ആയിരങ്ങളവിടെ ദൈവാനുഗ്രഹം തേടിയെത്താറുണ്ട്. തെയ്യം കെട്ടിനു തന്നെ സുധാകരനെത്തിയത് ആയിരങ്ങളെ നേരിട്ട് കാണാനായി. സുധാകരൻ അവിടെ ദൈവാനുഗ്രഹം തേടുകയും ഭക്തജനങ്ങളെക്കണ്ട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

വർഷങ്ങളായി സിപിഐ.(എം)യുടെ കുത്തക മണ്ഡലമാണ് ഉദുമ. സിറ്റിങ് എംഎ‍ൽഎയായ കെ.കുഞ്ഞിരാമൻ തന്നെയാണ് ഇവിടെ വീണ്ടും ജനവിധി തേടുന്നത്. ഒട്ടേറെ വികസന പ്രവർത്തനങ്ങളിൽ നടപ്പാക്കുകയും ജനപ്രിയത നേടുകയും ചെയ്ത എംഎ‍ൽഎ. എന്ന ഖ്യാതി കുഞ്ഞിരാമന് സ്വന്തമാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖിന് ഉദുമമണ്ഡലത്തിൽ മേൽക്കെ ലഭിച്ചതോടെയാണ് കോൺഗ്രസ്സിന് ഈ മണ്ഡലം ആകർഷകമായത്. ഒത്തു പിടിച്ചാൽ ഉദുമയിൽ ത്രിവർണ്ണ പതാക പാറിക്കാമെന്ന തോന്നൽ കോൺഗ്രസ്സിൽ ശക്തമാവുകയും ചെയ്തു.

അതുകൊണ്ടാണ് ശക്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്തി മത്സരിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചത്. കണ്ണൂരിൽ നിന്നും കെ.സുധാകരനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കുക എന്ന ആശയത്തിന് ബലമേറുകയും ചെയ്തു. കെ.സുധാകരൻ മത്സരരംഗത്തെത്തിയതോടെ സംസ്ഥാന രാഷ്ട്രീയം ഉറ്റു നോക്കുന്ന മണ്ഡലമായി ഉദുമ മാറിയിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP