Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാവൽക്കാരനായെത്തി കുടുംബാംഗത്തെ പോലെയായ ഗൺമാൻ! ഉമ്മൻ ചാണ്ടിയെ ഞെട്ടിക്കാൻ 'ഗൺമോനു' മായി പ്രൊഫ. കെ വി തോമസ്; 'കുമ്പളങ്ങി കാലിഡോസ്‌കോപ്പി'ൽ ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ഒളിയമ്പുകളേറെ..

കാവൽക്കാരനായെത്തി കുടുംബാംഗത്തെ പോലെയായ ഗൺമാൻ! ഉമ്മൻ ചാണ്ടിയെ ഞെട്ടിക്കാൻ 'ഗൺമോനു' മായി പ്രൊഫ. കെ വി തോമസ്; 'കുമ്പളങ്ങി കാലിഡോസ്‌കോപ്പി'ൽ ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ഒളിയമ്പുകളേറെ..

കൊച്ചി: ഉമ്മൻ ചാണ്ടിയുടെ ഗൺമോൻ.. ഗൺമോൻ.. നീട്ടിക്കുറുക്കിയ വാക്കുകളിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സലിംരാജിനെ കുറിച്ച് നടത്തിയ ഈ പ്രയോഗം മലയാളത്തിലെ ദൃശ്യമാദ്ധ്യമങ്ങൾ കുറച്ചൊന്നുമല്ല ആഘോഷിച്ചത്. വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സലിംരാജിന്റെ പേര് ഉയർന്നു വന്ന വേളയിലായിരുന്നു വിഎസിന്റെ 'ഗൺമോൻ' പ്രയോഗം. ഈ സംഭവത്തിന്റെ കാറും കോളും അടങ്ങിയെന്ന ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് കോൺഗ്രസ് പാളയത്തിൽ നിന്നു തന്നെ 'ഗൺമോൻ' പ്രയോഗവുമായി ഒരാളെത്തിയത്. മറ്റാരുമല്ല കുമ്പളങ്ങിയുടെ കലാകാരനും രാഷ്ട്രീയക്കാരനുമെല്ലാമായ പ്രൊഫ. കെ വി തോമസാണ് ഗ്രൂപ്പു രാഷ്ട്രീയത്തിനെതിരെ ഒളിയമ്പുകളുമായി രംഗത്തെത്തിയത്.

നർമ്മത്തിൽ കലർത്തിയയെഴുതിയ പുതിയ പുസ്തകത്തിലാണ് കെ വി തോമസ് ഗൺമോനെ കുറിച്ച് ഒരു അധ്യായം തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരെയാണ് കെവി തോമസിന്റെ വിമർശനത്തിന്റെ മുന നീളുന്നത. കുമ്പളങ്ങയിലെ സാധാരണക്കാരന്റെ ജീവിതവും രാഷ്ട്രീയരംഗത്തെ ചില വിശേഷങ്ങളും കോർത്തിണക്കി പുറത്തിറങ്ങിയ പുതിയ പുസ്തകമായ 'കുമ്പളങ്ങി കാലിഡോസ്‌കോപ്പി'ലാണ് വിമർശനം.

'ഗൺമാന്മാർ മന്ത്രിമാർക്കും വി.ഐ.പികൾക്കും സംരക്ഷണം നൽകുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ്. പൊലീസ് ഡിപ്പാർട്ടുമെന്റാണ് ഇവരെ നിയോഗിക്കുന്നതെങ്കിലും വി.ഐ.പികളാണ് ഗൺമാന്മാരെ തിരഞ്ഞെടുക്കുന്നത്. വി.ഐ.പികളുടെ അടുത്ത പരിചയക്കാരാകും ഈ പൊലീസുകാർ. കുറേനാൾ കഴിയുമ്പോൾ ഈ ഗൺമാന്മാർ വി.ഐ.പികളുടെ കുടുംബാംഗം പോലെയാകും. വി.ഐ.പികളുടെയും കുടുംബാംഗങ്ങളുടെയും എല്ലാ കാര്യങ്ങളും നോക്കുന്നത് ഗൺമാന്മാരായിരിക്കും. അങ്ങനെയാണ് ഗൺമാൻ 'ഗൺമോനാ'യി മാറുന്നത്.'- ഇങ്ങനെയാണ് കുമ്പളങ്ങി കാലിഡോസ്‌കോപ്പിലെ പരാമർശം.

കെ ബാബുവിനെയും കെ വി തോമസ് വെറുതേ വിട്ടില്ല. ബാബുവും ജനങ്ങലും എന്ന് പേരിട്ടിരിക്കുന്ന അധ്യായത്തിൽ ജനങ്ങൾക്കിടയിൽ ഓടിയെത്താനുള്ള ബാബുവിന്റെ കഴിവിനെയാണ് നർമ്മരൂപത്തിൽ പരാമർശിച്ചുക്കുന്നത്. ഏതെങ്കിലും പുതുമണവാട്ടിയുടെ ഒലക്കയടികൊണ്ടായിരിക്കും കെ.ബാബുവിന്റെ അന്ത്യമെന്നാണ് തോമസ് മാഷ് തമാശ രൂപേണ പറയുന്നത്. ഇതേക്കുറിച്ചുള്ള രസകരമായ കഥയും തോമസ് മാഷ് പറഞ്ഞിരിക്കുന്നു.

കോൺഗ്രസ് നേതാവുമായ അഗസ്റ്റിയൻ മാസ്റ്ററുടെ മകളുടെ കല്യാണദിവസം. ഓരോ കല്യാണത്തിലും പങ്കെടുത്ത് രാത്രി പന്ത്രണ്ടു മണിയായി. ബാബുവിനൊപ്പം ഡൊമനിക് പ്രസന്റേഷനും ഞാനുമുണ്ട്. 'ബാബു ഇനി പോകേണ്ട, എല്ലാവരും കിടന്നുറങ്ങി കാണും' ഞാൻ പറഞ്ഞു. 'ഇല്ല മാഷേ, രാത്രി പന്ത്രണ്ടായെങ്കിലും നമുക്ക് പോകാം. എത്ര രാത്രിയായാലും ചെല്ലുമെന്ന് അഗസ്റ്റിയൻ മാസ്റ്ററോട് പറഞ്ഞിട്ടുണ്ട്', ബാബു ഞങ്ങളെ നിർബന്ധിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ ചാരു കസേരയിലിരുന്ന് മാഷ് വിവാഹത്തിന് വന്ന വരവുചെലവു കണക്കുകൾ നോക്കുകയാണ്. ' മക്കളെ ബാബു സാർ, തോമസ് മാഷ്, ഡൊമനിക് പ്രസന്റേഷൻ എന്നിവർ വന്നിരിക്കുന്നു. മോളും മോനും ഒന്നു വന്നേ ഞങ്ങളെ കണ്ടപ്പോൾ അഗസ്റ്റിയൻ സാർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു മുറിയിലെ വിളക്ക് തെളിഞ്ഞു. അഴിഞ്ഞു വീണ മുടിയുമായി മണവാട്ടിയും കള്ളി മുണ്ടുടുത്ത് മണവാളനും പുറത്തേക്ക് വന്നു. അവരുടെ മുഖം കണ്ടപ്പോഴേ ഞങ്ങൾക്ക് മതിയായി. മുഖത്ത് ദേഷ്യവും വെറുപ്പും. ഒരു വിധത്തിൽ അവിടെ നിന്ന് ഞങ്ങൾ രക്ഷപ്പെട്ടു. ഇങ്ങനെ പോകുന്നു കുമ്പളങ്ങി കഥകൾ. ഈമാസം 29ന് പ്രകാശനം ചെയ്യുന്ന പുസ്തകത്തിൽ ഗ്രൂപ്പ് രാഷ്ട്രീയവും ഒളിഞ്ഞിരുപ്പുണ്ടെന്നാണ് വർത്തമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP