Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെൽഫികളും താരങ്ങളുടെ തമാശകളും വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ മുകേഷ്; പിതാവിന്റെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം ചൂണ്ടി വോട്ടുതേടൽ; സൂരജ് രവിയെ കെട്ടിപ്പിടിച്ച് ഷാളണിയിച്ച് മുത്തശ്ശിമാരുടെ സ്‌നേഹപ്രകടനം: കൊല്ലത്ത് മറുനാടൻ പ്രതിനിധി കണ്ട തെരഞ്ഞെടുപ്പ് കാഴ്‌ച്ചകൾ

സെൽഫികളും താരങ്ങളുടെ തമാശകളും വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ മുകേഷ്; പിതാവിന്റെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം ചൂണ്ടി വോട്ടുതേടൽ; സൂരജ് രവിയെ കെട്ടിപ്പിടിച്ച് ഷാളണിയിച്ച് മുത്തശ്ശിമാരുടെ സ്‌നേഹപ്രകടനം: കൊല്ലത്ത് മറുനാടൻ പ്രതിനിധി കണ്ട തെരഞ്ഞെടുപ്പ് കാഴ്‌ച്ചകൾ

അരുൺ ജയകുമാർ

കൊല്ലം: കൊല്ലം നിയോജക മണ്ഡലം എല്ലായിപ്പോഴും ഇടത് കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. ഇടത് സ്ഥാനാർത്ഥിയായി ചലച്ചിത്ര താരം മുകേഷ് എത്തിയതോടെ കൊല്ലവും സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി മാറുകയായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റും യുവാവുമായ സൂരജ് രവിയെയാണ് മണ്ഡലം പിടിക്കാനായി യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. എസ്എൻ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫസർ കെ ശശികുമാറാണ് എൻഡിഎ സ്ഥാനാർത്ഥി. സിറ്റിംങ്ങ് എംഎൽഎ ആയിരുന്ന പികെ ഗുരുദാസനു സീറ്റ് നൽകാത്തതിൽ പ്രാദേശികമായി ചില പ്രതിഷേധങ്ങൾ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നുവെങ്കിലും പിബി അംഗം പിണറായി വിജയൻ നേരിട്ടിടപെട്ട് മുകേഷിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയായിരുന്നു. 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ഗുരുദാസൻ 8540 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിന്റെ കെ സി രാജനെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥി ജി. ഹരിക്ക് 4207 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

എന്നാൽ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിട്ട് യുഡിഎഫിലേക്ക് പോയ ആർ.എസ്‌പി സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രനും സിപിഎമ്മിന്റെ എംഎ ബേബിയും ഏറ്റുമുട്ടിയപ്പോൾ 14242 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലം യുഡിഎഫിനു നൽകിയത്.ബിജെപിക്ക് 8322 വോട്ടുകൾ ലഭിച്ചു. എന്നാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടത് തരംഗം ആഞ്ഞടിക്കുകയായിരുന്നു. കൊല്ലത്തെ ശക്തമായ സംഘടനാ സംവിധാനവും ഒപ്പം മുകേഷിന്റെ താരപരിവേഷവുമാകുമ്പോൾ കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം നേടാനാകും എന്നാണ് എൽ.ഡിഎഫ് പ്രതീക്ഷ. എന്നാൽ ജില്ലയിലെ പരിചിതമുഖവും യുവാവുമായ സൂരജ് രവിയിലൂടെ മണ്ഡലം യുഡിഎഫിനെ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയിലാണ് വലത് ക്യാമ്പുകൾ.

സെൽഫിയെടുത്തും തമാശ പറഞ്ഞു മുകേഷ്

കഴിഞ്ഞ ദിവസമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ സ്വീകരണ പരിപാടികൾ ആരംഭിച്ചത്. കൊല്ലത്തെ സജീവ സാന്നിധ്യവും ഇടത് പക്ഷവുമായി വലിയ അടുപ്പവുമുള്ള വ്യക്തിയാണെങ്കിലും ഓരോ തവണ മുകേഷിനെ കാണുമ്പോഴും വലിയ ആവേശത്തോടെയാണ് വോട്ടർമാർ പ്രതികരിക്കുന്നത്. നടന്റെ ഒപ്പം നിന്നു സെൽഫിയെടുക്കാനായി യുവാക്കൾ മുതൽ മുതിർന്നവർ വരെ മത്സരിക്കുന്ന കാഴ്ചയാണ് മണ്ഡലത്തിലെ പ്രചരണവേളയിൽ മുഴുവനും കാണുന്നത്. ആവേശത്തോടെയാണ് പ്രവർത്തകരും നാട്ടുകാരും മുകേഷിനെ സ്വീകരിക്കാനെത്തുന്നത്. പിതാവിന്റെയും കുടുംബത്തിന്റെയും കമ്മ്യൂണിസ്റ്റ് പാരമ്പര്യവും എടുത്തു പറഞ്ഞാണ് സ്ഥാനാർത്ഥിയുടെ പ്രസംഗങ്ങൽ.

ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറംമൂടും രമേഷ് പിഷാറടിയും എത്തിയത് ആവേശം വർദ്ധിപ്പിക്കുകയായിരുന്നു. വഴി വക്കിൽ കൂടിനിൽക്കുന്നവരോടെല്ലാം കൈവീശി കാട്ടി ചിരിച്ച് വോട്ട്‌ചെയ്യണം എന്ന് അഭ്യർത്ഥിച്ച് എല്ലാവരുടേയും സ്‌നേഹവും ആശിർവാദവും വാങ്ങിയാണ് സ്ഥാനാർത്ഥി മുന്നോട്ടു നീങ്ങിയത്. യുഡിഎഫിന്റെ ദുർഭരണത്തിൽ കേരളം നേരിടുന്ന ദുരവസ്ഥയിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ചെറിയ പ്രസംഗം, ഏവരുടെയും സ്‌നേഹത്തിനു നന്ദി പറഞ്ഞ് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോകും.രണ്ടാമത്തെ കേന്ദ്രം വിട്ടു മുന്നോട്ടു നീങ്ങിയ സ്ഥാനാർത്ഥിയുടെ വാഹനത്തിന് ഒരു വയോധിക കൈ കാണിച്ചുനിർത്തി. ഡ്രൈവറുടെ ക്യാബിനിലേക്ക് കുനിഞ്ഞുനോക്കിയ വയോധികയോട് അമ്മേ മുകളിലോട്ടു നോക്കെന്ന് മുകേഷ് പറഞ്ഞു. നിറഞ്ഞ ചിരിയോടെ വയോധിക സ്ഥാനാർത്ഥിയുടെ കൈപിടിച്ച് കുലുക്കി വിജയിച്ചുവരാൻ ആശിർവദിച്ച് യാത്രയായി.

പിതാവിന്റെ പേരിൽ വോട്ടഭ്യർത്ഥിച്ച് സൂരജ് രവി

ഇടതു സ്ഥാനാർത്ഥിക്ക് പ്രചരണത്തിൽ ലഭിക്കുന്ന താരപരിവേഷമില്ലെങ്കിലും മികച്ച മുന്നേറ്റമാണ് യുഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവി മണ്ഡലത്തിൽ നടത്തുന്നത്. മണ്ഡലത്തിലെ പരിചിതമുഖമെന്ന രീതിയിലും അച്ഛൻ തോപ്പിൽ രവിയുടെ പരിചയക്കാരും വലിയ ആവേശത്തിലാണ് സൂരജിനെ സ്വീകരിക്കുന്നത്. യുവാവെന്ന രീതിയിൽ മണ്ഡലത്തിലെ യുവാക്കളും വലിയ ആവേശത്തിലാണ്. ഐഎൻടിയുസി ടൗൺ കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ സ്ഥാനാർത്ഥിയെ എടുത്തുയർത്തിയാണ് ചിലർ ആവേശം പ്രകടിപ്പിച്ചത്. മണ്ഡലത്തിലെ കുടിവെള്ളപ്രശ്‌നത്തിന്റെ നേർക്കാഴ്ചയാണ് കോളനി പ്രദേശത്ത് കാണാനായത്. വോട്ടഭ്യർഥിച്ചെത്തിയ സ്ഥാനാർത്ഥിയോട് കുടങ്ങളുമായി കുടിവെള്ളത്തിനു കാത്തുനിന്ന സ്ത്രീകൾ സ്ഥാനാർത്ഥിയോട് നേരിട്ട് കണ്ട അവസ്ഥ ബോധിപ്പിക്കുകയായിരുന്നു. മോൻ ജയിക്കും എന്ന് പറഞ്ഞ് അടുത്തെത്തിയ ഒരു വയോധികനെ കെട്ടിപ്പിടിച്ച ശേഷം യുഡിഎഫിന്റെ ഷോൾ അണിയിച്ചാണ് സ്ഥാനാർത്ഥി അടുത്ത കേന്ദ്രത്തിലേക്ക് പോയത്. മുത്തശ്ശിമാർ പോലും സൂരജ് രവിയെ ഷാളണിയിച്ച് കെട്ടിപ്പിടിക്കുന്നതും പ്രചരണ രംഗത്തു നിന്നും കാണാം..

കൊല്ലത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതായാണ് തനിക്ക് മനസ്സിലാക്കാനായതെന്ന് അദ്ദേഹം മറുനാടനോട് പറഞ്ഞു. വികസന മുരടിപ്പാണ് കൊല്ലം മണ്ഡലത്തിൽ നിലനിൽക്കുന്നത്. കഴിഞ്ഞ പത്ത് വർഷം മന്ത്രിയും എംഎൽഎയുമായിരുന്ന ഗുരുദാസൻ എടുത്തുപറയത്തക്ക വികസനമൊന്നും മണ്ഡലത്തിൽ നടത്തിയിട്ടില്ല. എംഎൽഎ ആയിരുന്നപ്പോഴാണ് ഗുരുദാസൻ കൂടുതൽ വികസനം നടത്തിയത്. യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികളുൾപ്പെട്ടതായിരുന്നു. ചവറയിൽ ഷിബു ബേബി ജോൺ യാഥാർത്ഥ്യമാക്കിയ സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പോലെയോ കുണ്ടറയിൽ എംഎ ബേബി യാഥാർത്ഥ്യമാക്കിയ ടെക്‌നോ പാർക്ക് പോലെയോ സ്വന്തമായി ഒരു പദ്ധതി യാഥാർത്ഥ്യമാക്കാൻ എംഎൽഎക്ക് കഴിഞ്ഞിട്ടില്ല. കുടിവെള്ളം, മാലിന്യ സംസ്‌കരണം, നഗരത്തിന്റെ മുഖച്ഛായ മാറ്റൽ എന്നിവയാണ് തന്റെ മനസിലുള്ള വികസന സ്വപനങ്ങളെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

ശിഷ്യന്മാരുടെ ഇഷ്ടം വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ ശശികുമാർ

കൊല്ലം നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ പ്രൊഫസർ കെ ശശികുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രചരണ പരിപാടികൾ കൊല്ലം ചന്ദനത്തോപ്പ് ജംഗ്ഷൻ, മൂന്നാംകുറ്റി മാർക്കറ്റ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു. റിട്ടയേർഡ് കോളേജ് അദ്ധ്യാപകൻ കൂടിയായ ശശികുമാറിന് വലിയ ബഹുമാനമാണ് വോട്ടർമാർക്കിടയിൽ നിന്നും ലഭിക്കുന്നത്. 2003ലാണ് കൊല്ലം എസ്എൻ കോളേജിൽ നിന്നും ശശികുമാർ പ്രിൻസിപ്പലായിരിക്കെ വിരമിച്ചത്. ചന്ദനത്തോപ്പ് ജംഗ്ഷൻ കേന്ദ്രീകരിച്ച് വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ ഒരു വോട്ടർ ഓടിയെത്തിയ ശേഷം സ്ഥാനാർത്ഥിയുടെ അനുഗ്രഹം വാങ്ങുകയും തുടർന്ന് പണ്ട് താൻ ശശികുമാർ സാറിന്റെ ശിഷ്യനായിരുന്നുവെന്ന് പറയുകയും ചെയ്തു.

ഒരുപാട് ശിഷ്യന്മാരെ പ്രചരണത്തിന് ഇടയ്ക്ക് കാണാറുണ്ടെന്ന് പറഞ്ഞശേഷം അയാളുടെ വിശേഷങ്ങൾ തിരക്കുകയും ഒപ്പം വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. ഒരു അദ്ധ്യാപകൻ എന്ന രീതിയിൽ എല്ലാ ആദരവും ഏറ്റുവാങ്ങിക്കൊണ്ടാണ് ചന്ദനത്തോപ്പിലെ പ്രചരണം അവസാനിപ്പിച്ച ശേഷം മൂന്നാംകുറ്റി മാർക്കറ്റിലേക്ക് പോയത്. മാർക്കറ്റിന് മുന്നിലെത്തിയ സ്ഥാനാർത്ഥിയെ യുവാക്കളുടെ ഒരു വലിയ സംഘം തന്നെയാണ് സ്വീകരിച്ചത്. തുടർന്ന് മുദ്രാവാക്യം വിളികളുമായി മാർക്കറ്റിന് അകത്തേക്ക് പ്രവേശിച്ചു. വലിയ ബഹുമാനവും ആദരവും തന്നെയാണ് മാർക്കറ്റിനുള്ളിലും സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സ്ഥാനാർത്ഥിയെ കണ്ട് പലരും എണീറ്റുനിന്നാണ് ആദരവ് പ്രകടിപ്പിച്ചത്.

എൻഡിഎ സഖ്യത്തിന്റെ സ്വാധീനത്തെ കുറിച്ച് മാദ്ധ്യമങ്ങളിൽ വരുന്നത് തെറ്റായ റിപ്പോർട്ടുകളാണ്. വെറുമൊരു അക്കൗണ്ട് തുറക്കലല്ല, മറിച്ച് വലിയൊരു ശക്തിയായി മാറുമെന്ന രീതിയിലുള്ള വിലയിരുത്തലുകളാണ് ജനങ്ങളിൽ നിന്നും നേരിട്ട് ലഭിക്കുന്നത്. മാദ്ധ്യമങ്ങളിൽ ഒന്നോ രണ്ടോ സീറ്റ് നേടിയേക്കാം എന്ന വിദൂര സാധ്യത കൽപ്പിച്ചുകൊണ്ട് എൻഡിഎയുടെ ശക്തി കുറച്ചു കാണിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റത്തിന്റെ വക്താക്കൾ ബിജെപി തന്നെ. വിദ്യാഭാസ രംഗത്തുൾപ്പടെ വൻ കുതിച്ച്ചാട്ടമുണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനത്തെ പിന്നോട്ടടിച്ചതിൽ ഇരു മുന്നണികൾക്കും തുല്യ പങ്കാണുള്ളത്.ഇതിനു ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP