Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എ ഗ്രൂപ്പിന്റെ സ്വീകാര്യനായ നേതാവ്; ചെന്നിത്തലയോടും നല്ല ബന്ധം; മണ്ഡലത്തിൽ തന്നെ താമസം; നായരായതിനാൽ സമുദായ സമവാക്യവും ഒത്തു; നിരവധി പേരുകൾ പരിഗണിച്ചെങ്കിലും വിഷ്ണുനാഥിന് പകരം ചെങ്ങന്നൂരിൽ നറുകു വീഴുക മുരളിക്ക് തന്നെ; യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏതാണ്ട് ധാരണയായതായി സൂചന

എ ഗ്രൂപ്പിന്റെ സ്വീകാര്യനായ നേതാവ്; ചെന്നിത്തലയോടും നല്ല ബന്ധം; മണ്ഡലത്തിൽ തന്നെ താമസം; നായരായതിനാൽ സമുദായ സമവാക്യവും ഒത്തു; നിരവധി പേരുകൾ പരിഗണിച്ചെങ്കിലും വിഷ്ണുനാഥിന് പകരം ചെങ്ങന്നൂരിൽ നറുകു വീഴുക മുരളിക്ക് തന്നെ; യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏതാണ്ട് ധാരണയായതായി സൂചന

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എം. മുരളി യു.ഡി.എഫ്. സ്ഥാനാർത്ഥിയാകും. കേരളത്തിലെ കോൺഗ്രസിൽ മുരളിയെ മത്സരിപ്പിക്കാൻ തീരുമാനമായി. നാല് ടേമിൽ മാവേലിക്കര എംഎൽഎയായിരുന്നു മുരളി. മാവേലിക്കര സംവരണ മണ്ഡലമായപ്പോൾ മുരളിക്ക് മത്സരിക്കാൻ സീറ്റില്ലാതായി. പ്രത്യേക സാഹചര്യത്തിൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് എത്തി. ഇവിടെ ജയിച്ചേ മതിയാവൂവെന്നതാണ് കോൺഗ്രസിന്റെ അവസ്ഥ. ഈ സാഹചര്യത്തിലാണ് മുരളിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ തീരുമാനിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ എ വിഭാഗം നേതാക്കളിൽ പ്രമുഖനും ജില്ലാ യു.ഡി.എഫ്. ചെയർമാനുമാണ് മുരളി. പി.സി. വിഷ്ണുനാഥ് മത്സരിച്ചിരുന്ന സീറ്റായതിനാൽ ഇത് എ വിഭാഗത്തിന്റെ സീറ്റായാണ് പരിഗണിക്കപ്പെടുന്നത്. ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനായ ഇദ്ദേഹത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉറച്ച പിന്തുണയുമുണ്ട്. നായർസമുദായത്തിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ അതേ സമുദായാംഗത്തെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതും മുരളിക്ക് അനുകൂലമാണ്. മുരളി താമസിക്കുന്ന ചെന്നിത്തല ഇപ്പോൾ ചെങ്ങന്നൂർ മണ്ഡലത്തിന്റെ ഭാഗവുമാണ്. സമുദായ നേതൃത്വങ്ങൾക്കും മുരളിയോട് താത്പര്യമാണ്.

തെരഞ്ഞെടുപ്പിൽ ജയിക്കാൻ തന്ത്രങ്ങളൊരുക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണനു ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പു ചുമതല നൽകാനും കോൺഗ്രസ് തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്‌നമായാണു കോൺഗ്രസ് കാണുന്നത്. ചെങ്ങന്നൂരിൽ എം. മുരളിയെ നിർത്തിയാലാണു ജയസാധ്യതയെന്നും ബിജെപിക്കു കിട്ടാൻ സാധ്യതയുള്ള നായർ വോട്ടുകൾ മുരളിക്കു ലഭിക്കുമെന്നും കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടൂന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി പ്രാദേശിക നേതൃത്വം ചർച്ചകൾ പൂർത്തിയാക്കിയെന്നാണു വിവരം. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മനസ്സും മുരളിക്ക് അനുകൂലമാണ്. ഇതും മുരളിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു.

മാർച്ച് രണ്ടാം വാരത്തോടെമാത്രമേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ. എൽ.ഡി.എഫ്. സ്ഥാനാർത്ഥിപ്രഖ്യാപനവും അത്രത്തോളം നീളും. ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ മൽസരിക്കുമെന്നാണു കോൺഗ്രസിനു കിട്ടിയ വിവരം. ഇതോടെയാണു മുരളിയെ രംഗത്തിറക്കാൻ പാർട്ടി തീരുമാനിച്ചത്. ബിജെപി. സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പി.എസ്. ശ്രീധരൻപിള്ള മണ്ഡലത്തിലും പുറത്തും പ്രമുഖരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എൻ.എസ്.എസ്., എസ്.എൻ.ഡി.പി. നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഈ സാഹചര്യം മനസ്സിലാക്കിയാണ് മുരളിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുന്നത്. ഇനി കേരള കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടാണു യുഡിഎഫും എൽഡിഎഫും കാത്തിരിക്കുന്നത്. കെ.എം. മാണി ആർക്കു പിന്തുണ പ്രഖ്യാപിക്കുമെന്ന ആകാംക്ഷ ഇരുമുന്നണികൾക്കുമുണ്ട്. പ്രവർത്തനരംഗത്തേക്കിറങ്ങാനും താഴെത്തട്ടിലെ കമ്മിറ്റികൾ വിളിച്ചുചേർക്കാനുമാണു കഴിഞ്ഞദിവസം ചേർന്ന കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ തീരുമാനം. പക്ഷേ രാഷ്ട്രീയ പിന്തുണ ആർക്കും നൽകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP