Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനപ്രിയനടനെയും എംഎൽഎയും ജയിലഴിക്കുള്ളിൽ ആക്കിയത് സർക്കാർ സ്ത്രീകൾക്കൊപ്പമെന്ന ഇമേജുണ്ടാക്കി; ബന്ധു നിയമനത്തിൽ മന്ത്രിസ്ഥാനം നഷ്ടമായ ഇപി ജയരാജനും ജനപിന്തുണ തെളിയിച്ചു; യുഡിഎഫും ബിജെപിയും ഉയർത്തിയ അവകാശവാദങ്ങളും വെറുതെയായി; മട്ടന്നൂർ ചെങ്കോട്ടയിൽ തന്നെ തുടരും

ജനപ്രിയനടനെയും എംഎൽഎയും ജയിലഴിക്കുള്ളിൽ ആക്കിയത് സർക്കാർ സ്ത്രീകൾക്കൊപ്പമെന്ന ഇമേജുണ്ടാക്കി; ബന്ധു നിയമനത്തിൽ മന്ത്രിസ്ഥാനം നഷ്ടമായ ഇപി ജയരാജനും ജനപിന്തുണ തെളിയിച്ചു; യുഡിഎഫും ബിജെപിയും ഉയർത്തിയ അവകാശവാദങ്ങളും വെറുതെയായി; മട്ടന്നൂർ ചെങ്കോട്ടയിൽ തന്നെ തുടരും

കണ്ണൂർ: മട്ടന്നൂർ നഗരസഭ ചുവപ്പു കോട്ടയാക്കി ഇടതുമുന്നണി. ആകെയുള്ള 35 സീറ്റിൽ 28 എണ്ണവും നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. അതേസമയം യുഡിഎഫിന് ഏഴു സീറ്റുകളിൽ മാത്രമെ വിജയിക്കാനായുള്ളൂ. കഴിഞ്ഞ തവണത്തേക്കാളും തിളക്കമാർന്ന വിജയമാണ് എൽഡിഎഫ് നേടിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ മുന്നോട്ടു പോക്കിനുതന്നെ കരുത്താകുന്നതാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം.

20 വർഷമായി മട്ടന്നൂരിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് എൽഡിഎഫിന്റെ ഈ വിജയമെന്നാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രതികരിച്ചിരിക്കുന്നത്. 35 വാർഡുകളിലായി നടന്ന വോട്ടെടുപ്പിൽ 82.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മുസ്ലിം ലീഗ് വർഷങ്ങളായി വിജയിച്ച് കൊണ്ടിരുന്ന കളറോഡ് വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. ഇത്തവണ മട്ടന്നൂരിൽ അക്കൗണ്ട് തുറക്കാമെന്നു കരുതിയ ബിജെപിക്ക് ഇത്തവണയും നിരാശപ്പെടേണ്ടി വന്നു. എന്നാൽ ഒൻപതു സ്ഥലങ്ങളിൽ രണ്ടാം സ്ഥനത്ത് എത്താനായി.

മുഴുവൻ ബൂത്തുകളിലും വെബ് ക്യാമറ സ്ഥാപിച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി നടത്തിയതും ഇക്കുറി മട്ടന്നൂരിലാണ്. ആകെയുള്ള 35 വാർഡുകളിലും 31 ഉം പ്രശ്‌ന സാധ്യതാ വാർഡുകളാണെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് മുഴുവൻ ബൂത്തുകളിലും വീഡിയോ ക്യാമറ ഉപയോഗിച്ച് തത്സമയം വോട്ടിങ് സംവിധാനം പകർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.

ഇത്രയേറെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന ആദ്യ നഗരസഭ തെരഞ്ഞെടുപ്പും ഇക്കുറിയാണ് മട്ടന്നൂരുകാർ കണ്ടത്. സംസ്ഥാനത്ത് തദ്ദേശ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം മട്ടന്നൂർ നഗരസഭാ പരിധിയിലെ ജനങ്ങൾ കാഴ്ചക്കാരാണ്. അതിന്റെ ചരിത്രം ഇങ്ങിനെ. ഒരു സർക്കാർ തീരുമാനം വരുത്തി വച്ച വിനയെ തുടർന്നാണ് മട്ടന്നൂരിൽ മാത്രമായി തെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യം ഒരുങ്ങിയത്.

1990 ൽ മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തി. 91 ൽ യു.ഡി.എഫ്. അധികാരത്തിൽ വന്നപ്പോൾ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്തായി തരം താഴ്‌ത്തി. കാർഷിക പ്രദേശമത്തെ നഗരസഭ ആക്കിയാൽ ജനങ്ങൾക്ക് നികുതി ഭാരം ഉണ്ടാകുമെന്ന വാദത്തെ തുടർന്നായിരുന്നു അത്. എന്നാൽ വീണ്ടും പഞ്ചായത്താക്കിയ നടപടിയെ കോടതി വഴി സ്റ്റേ ചെയ്തു. ആറ് വർഷം മട്ടന്നൂർ നഗരസഭയോ പഞ്ചായത്തോ അല്ലാത്ത അവസ്ഥയിലായി. തദ്ദേശ തിരഞ്ഞെടുപ്പുകൾ വന്നപ്പോഴും മട്ടന്നൂർ മരവിച്ചു നിന്നു.

1997 ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ മട്ടന്നൂരിനെ മുൻകാല പ്രാബല്യത്തോടെ നഗരസഭയായി പ്രഖ്യാപിച്ചു. തുടർന്ന് ഓഗസ്റ്റ് മാസം ആദ്യ തെരഞ്ഞെടുപ്പും നടന്നു. അതനുസരിച്ച് അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തെ മറ്റ് തദ്ദേശ പൊതു തെരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടാൻ മട്ടന്നൂരിനായില്ല. അതിനായി ഇനി ഭരണഘടനാ ഭേദഗതി പാസാക്കുന്നതുവരെ മട്ടന്നൂരിൽ പ്രത്യേകമായി തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഓരോ തവണത്തെ ജനവിധിക്കും അഞ്ച് വർഷം പ്രാബല്യമുണ്ടാകുന്നതുകൊണ്ടു തന്നെ മട്ടന്നൂരിൽ പ്രത്യേകമായിതന്നെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

ആദ്യ തിരഞ്ഞെടുപ്പിൽ 28 വാർഡുകളിൽ എൽ.ഡി.എഫ് 22, യു.ഡി.എഫ് ആറ് എന്നിങ്ങനെ ആയിരുന്നു കക്ഷിനില. 2012 ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 20 സീറ്റും യു.ഡി.എഫിന് 13 സീറ്റും ലഭിച്ചിരുന്നു. ഇത്തവണ 35 വാർഡുകളാണുള്ളത്.

മട്ടന്നൂർ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത് സിപഎമ്മിലെ ഇ.പി ജയരാജനാണ്. അതുകൊണ്ടു തന്നെ ഭരണം നിലനിർത്താൻ കഴിഞ്ഞതിലുപരി സീറ്റ് വർധിപ്പിക്കാനായിത് ജില്ലയിലെ സിപിഎമ്മിനു കരുത്തു പകരുന്നതാണ്. യുഡിഎഫിൽ നിന്ന് ഏഴ് സീറ്റുകളാണ് പിടിച്ചെടുത്തത്.

ജനക്ഷേമ ഭരണവുമായി ഒരുവർഷം പിന്നിടുന്ന പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തെ സപിഎം വിശേഷിപ്പിക്കുന്നത്. സംസ്ഥാനസർക്കാരിന്റെയും ഭരണനേട്ടങ്ങളും ജനക്ഷേമപ്രവർത്തനങ്ങളുമായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയവും. നാലാം ഭരണസമിതി നടപ്പാക്കിയ 200 കോടിയിൽപരം രൂപയുടെ വികസനപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമായപ്പോൾ എതിർക്കാനാവാതെ യുഡിഎഫും ബിജെപിയും പ്രതിരോധത്തിലായി.

എൽഡിഎഫിൽ സിപിഐ എം 28 വാർഡിലും സിപിഐ, ജനതാദൾ, എൻസിപി, സിഎംപി, ഐഎൻഎൽ എന്നിവ ഓരോ വാർഡിലും എൽഡിഎഫ് സ്വതന്ത്രർ രണ്ട് വാർഡിലുമാണ് മത്സരിച്ചത്. യുഡിഎഫിൽ കോൺഗ്രസ് 25, മുസ്‌ളിംലീഗ് എട്ട്, ആർഎസ്‌പി, ജെഡിയു ഒന്നുവീതം വാർഡുകളിലും മത്സരിച്ചു. ബിജെപി 32 വാർഡിലും എസ്ഡിപിഐ എട്ട് വാർഡിലും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ആകെ 112 സ്ഥാനാർത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 36323 പേർക്കായിരുന്നു സമ്മതിദാനാവകാശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP