Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു വോട്ടുകൾ പരമാവധി ശേഖരിക്കാൻ മുസ്‌ളീങ്ങളെ ബോധപൂർവം അകറ്റിയത് കോൺഗ്രസിന് തിരിച്ചടിയായി; തിരഞ്ഞെടുപ്പ് റാലികളിൽ നിന്നും വാഹനങ്ങളിൽ നിന്നും താടിയും തൊപ്പിയും ഉള്ളവരെ മാറ്റി നിർത്തിയത് മുസ്‌ളീം വികാരത്തെ വ്രണപ്പെടുത്തി; കലാപമില്ലാത്ത ഭരണത്തിൽ സാധാരണക്കാരായ മുസ്‌ളീങ്ങളുടെ വോട്ടുനേടി ബിജെപിയും

ഹിന്ദു വോട്ടുകൾ പരമാവധി ശേഖരിക്കാൻ മുസ്‌ളീങ്ങളെ ബോധപൂർവം അകറ്റിയത് കോൺഗ്രസിന് തിരിച്ചടിയായി; തിരഞ്ഞെടുപ്പ് റാലികളിൽ നിന്നും വാഹനങ്ങളിൽ നിന്നും താടിയും തൊപ്പിയും ഉള്ളവരെ മാറ്റി നിർത്തിയത് മുസ്‌ളീം വികാരത്തെ വ്രണപ്പെടുത്തി; കലാപമില്ലാത്ത ഭരണത്തിൽ സാധാരണക്കാരായ മുസ്‌ളീങ്ങളുടെ വോട്ടുനേടി ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പതിവ് രീതി വിട്ട് മുസ്‌ളീങ്ങളെ പ്രചാരണവേളയിൽ ഉൾപ്പെടെ പൂർണമായും തഴഞ്ഞത് കോൺഗ്രസിന് തിരിച്ചടിയായോ. ബിജെപി വിരുദ്ധത ഉള്ളതിനാൽ സംസ്ഥാനത്തെ അരക്കോടിയോളം വരുന്ന മുസ്‌ളീംസമുദായത്തിന്റെ വോട്ട് പൂർണമായും തങ്ങൾക്കുതന്നെ കിട്ടുമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ ചിലമേഖലകളിലെങ്കിലും അന്തിമഫലം വന്നപ്പോൾ ഈ സ്ഥിതി മാറിയെന്നാണ് ഇപ്പോൾ വിലയിരുത്തലുകൾ.

ഇക്കുറി വിവിധ ഹൈന്ദവ സമുദായങ്ങളുമായി അടുത്ത ബന്ധംപുലർത്തിയും അവരെ കയ്യിലെടുത്തും ബിജെപിയിൽ നിന്ന് ഭരണംപിടിക്കാമെന്ന മോഹത്തിലായിരുന്നു കോൺഗ്രസ്. ഇത്തരത്തിൽ മാറ്റിയ അജണ്ടയുമായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞപ്പോൾ കോൺഗ്രസ് പതിവു രീതി വിട്ട് മുസ്‌ളീങ്ങളെ മനപ്പൂർവം തഴയുകയും ചെയ്തു. പ്രചരണ വേദികളിൽ മുൻകാലങ്ങളേപ്പോലെ മുസ്‌ളീംസാന്നിധ്യം ഉണ്ടായില്ലെന്ന് മാത്രമല്ല, ഒരു രംഗത്തും മുസ്‌ളീം എന്ന വാക്കുപോലും ഉച്ചരിക്കാതെയായിരുന്നു മുഖ്യ കോൺഗ്രസ് നേതാക്കളുടെയെല്ലാം പ്രചരണവും. ഇത്തരത്തിൽ ഹൈന്ദവ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി ബിജെപിയുടെ വോട്ടുകൾ കുറയ്ക്കാമെന്നും കൂടെ പട്ടേൽ സമുദായ വോട്ടുകളും ആദിവാസി മേഖലയിലെ വോട്ടുകളുമെല്ലാം കോൺഗ്രസ് മുന്നണിയിലേക്ക് എത്തുമെന്നും അവർ കണക്കുകൂട്ടി.

ബിജെപിക്കൊപ്പം നിൽക്കാൻ മുസ്ലിങ്ങൾ തയ്യാറാകാകില്ലെന്നും അവരുടെ വോട്ട് കോൺഗ്രസ്സിന് അല്ലാതെ മറ്റാർക്ക് നൽകാനെന്നും കണക്കാക്കിയായിരുന്നു പ്രചരണതന്ത്ര്ങ്ങൾ. എന്നാൽ പലയിടത്തും ഇതിൽ വന്ന പാളിച്ച കോൺഗ്രസിന് തിരിച്ചടിയായെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യം ലഭിക്കുന്ന സൂചനകൾ. മുസ്‌ളീം മേഖലകളിൽ ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞുവെന്നും കോൺഗ്രസിനേക്കാൾ അവർക്ക് മുസ്‌ളീം പിന്തുണ ലഭിച്ചുവെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ആദിവാസി മേഖലകളിലും ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാനായിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയിൽ 15 ശതമാനത്തോളം വരുന്ന ആദിവാസികളിൽ വലിയ വിശ്വാസമാർജിക്കാൻ ബിജെപിക്ക് കഴിഞ്ഞത് അവർക്ക് നേട്ടമായിട്ടുണ്ട്.

ഈ രണ്ടു ഘടകങ്ങളാണ് കോൺഗ്രസിന് ഗുജറാത്തിൽ ബിജെപിയെ കടത്തിവെട്ടാൻ കഴിയാതിരുന്നതിൽ മുഖ്യമെന്നാണ് ആദ്യഘട്ട വിലയിരുത്തലുകൾ. ഇത്തവണ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മുസ്‌ളീം സമുദായങ്ങളുടെ നിലപാട് എന്താവും? ഈ ചോദ്യമായിരുന്നു പ്രചരണവേള മുതൽ മുഴങ്ങിക്കേട്ടത്. എകെ ആന്റണിയെന്ന കോൺഗ്രസിലെ മുതിർന്ന ദേശീയ നേതാവിന്റെ നിർദ്ദേശം പാലിച്ച് ഇക്കുറി മുഖ്യ വേദികളിൽ നിന്നുപോലും മുസ്‌ളീങ്ങളെ അകറ്റി നിർത്തുകയായിരുന്നു കോൺഗ്രസ്.

ന്യൂനപക്ഷങ്ങൾക്ക് ഒപ്പമാണ് കോൺഗ്രസ് എന്ന തോന്നൽ മൂലമാണ് ഭൂരിപക്ഷ സമുദായം പാർട്ടിയിൽ നിന്ന് അകലുന്നതെന്ന ആന്റണി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖവിലയ്‌ക്കെടുത്താണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുതിയ രാഷ്ട്രീയ പരീക്ഷണം നടത്തിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകളിൽ ഒന്നായിരുന്നു ഇത്. ഭൂരിപക്ഷ സമുദായം പാർട്ടിയെ കൈവിട്ട് ബിജെപിക്ക് ഒപ്പം പോകുന്നതിന് പ്രധാന കാരണം പാർട്ടി ന്യൂനപക്ഷങ്ങളോട് കൂടെയാണെന്ന തോന്നലാണെന്നും ഭൂരിപക്ഷത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാൻ ഈ മുഖം കോൺഗ്രസ് മാറ്റണമെന്നും ആയിരുന്നു ആന്റണി കമ്മിറ്റിയുടെ ശുപാർശ. ഇതായിരുന്നു പ്രചരണ തന്ത്രത്തിന്റെ കാതൽ.

എന്നാൽ മുസ്‌ളീങ്ങൾ എന്തായാലും ബിജെപിക്ക് വോട്ടുചെയ്യില്ലെന്നും മറ്റൊരു വഴിയും ഇല്ലാതെ അവർ കോൺഗ്രസിനേ വോട്ടുചെയ്യൂ എന്നുമാണ് രാഹുലിന്റേയും കൂട്ടരുടേയും നിലപാടെന്ന ആക്ഷേപം ഇതോടെ ഉയർന്നു. കോൺഗ്രസിന്റെ പ്രചരണവേദികളിൽ പോലും മുസ്‌ളീം സമുദായാംഗങ്ങളെ അടുപ്പിച്ചില്ല. ചുവന്ന കുറിതൊട്ട് രാഹുലിന്റെ ക്ഷേത്രദർശനം മുതൽ ഇങ്ങോട്ട് ഒരു ഘട്ടത്തിലും മുസ്‌ളീങ്ങളെ അടുപ്പിക്കാതെയാണ് കോൺഗ്രസ് ഓരോ നീക്കവും നടത്തിയത്. ഒരുതരത്തിൽ ബിജെപി അനുകരണമെന്ന് വിശേഷിപ്പിക്കാവുന്ന പ്രചരണക്കാഴ്ചകളാണ് ഗുജറാത്തിൽ കോൺഗ്രസ് നടത്തിയത്.

മുമ്പെല്ലാം കോൺഗ്രസ് പ്രചരണങ്ങളിലെ കാഴ്ചകൾ ഇക്കുറി ഉണ്ടായില്ല. പ്രചാരണ വാഹനങ്ങളിൽ അള്ളിപ്പിടിച്ച് നിന്നിരുന്ന, തൊപ്പിയും താടിയും ഇത്തവണയില്ലായിരുന്നു. മുസ്‌ളിങ്ങൽ തിങ്ങിപ്പാർക്കുന്ന തെരുവുകളിൽ പോലും അത്തരം കാഴ്ചകൾ കണ്ടില്ല. ക്രിസ്ത്യൻ നേതാക്കളേയും അടുപ്പിച്ചില്ല കോൺഗ്രസ്.

മുമ്പെല്ലാം പ്രാദേശിക തലത്തിൽ നടക്കുന്ന യോഗങ്ങളിൽ പോലും കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങിയിരുന്നത് മുസ്‌ളീം നേതാക്കളായിരുന്നു. അഹമ്മദാബാദിലെ കോൺഗ്രസ് ഓഫീസിൽ ദിവസവും രണ്ടുനേരം പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന് പോലും ഒരു മുസ്‌ളീം, ക്രിസ്ത്യൻ നേതാവിനെ കൂടെ ഇരുത്താതിരിക്കാൻ ശ്രദ്ധിച്ചായിരുന്നു കോൺഗ്രസ് പ്രചരണം. ചാനൽ ദൃശ്യങ്ങളിൽ പോലും ഒരു ഹൈന്ദവ പ്രതിച്ഛായ വരുത്താൻ ആസൂത്രിത നീക്കം നടന്നു. എന്നാൽ ഈ തന്ത്രം അത്രകണ്ട് ഫലിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മുസ്‌ളീം ഭൂരിപക്ഷ പ്രദേശങ്ങളിൽ പലയിടത്തും അനായാസം ജയിച്ചുകയറാൻ കോൺഗ്രസിന് കഴിഞ്ഞില്ല. മാത്രമല്ല, ചില മേഖലകളിൽ ബിജെപിക്ക് വലിയ ജയവും ഉണ്ടായി. ആദ്യസൂചനകൾ ഇപ്രകാരം ആയതിനാൽ തന്നെ ഇക്കാര്യത്തിൽ കോൺഗ്രസ് വീണ്ടുവിചാരം നടത്തേണ്ടിവരും.

ബിജെപി അധികാരത്തിൽ ഇരിക്കുന്ന വേളകളിൽ വർഗീയ കലാപം ഉണ്ടാകാറില്ലെന്ന പ്രചരണം ശക്തമാണ്. ഇതുകൂടി കണ്ട് സമാധാന കാംക്ഷികളായ മുസ്‌ളീങ്ങളുടെ വോട്ട് ബിജെപിക്ക് പോയിരിക്കാമെന്ന വിലയിരുത്തലും ഉയരുന്നു. ആറു സീറ്റുകൾ മാത്രമാണ് ഇക്കുറി മുസ്‌ളീങ്ങൾക്ക് കോൺഗ്രസ് നൽകിയത്. ഇതും ചർച്ചയായിരുന്നു. ഇതോടെ ഭാവിയിൽ കോൺഗ്രസ് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഒപ്പം നിൽക്കുമോയെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP