Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെരുപ്പുമാലയിട്ടും കൂക്കി വിളിച്ചും കല്ലെറിഞ്ഞും ചിരട്ട കൊട്ടിയും നമ്മുടെ അച്ഛനെ അവഹേളിച്ചത് ഒരു സീറ്റ് കിട്ടിയപ്പോൾ നീ മറന്നോ? പട്ടാപ്പകൽ സ്വന്തം വീട് കത്തിച്ചാമ്പലായപ്പോൾ നിനക്കൊന്നും തോന്നിയില്ലേ? നികേഷിനോട് ചോദ്യങ്ങൾ ചോദിച്ച് സഹോദരന്റെ തുറന്ന കത്ത്

ചെരുപ്പുമാലയിട്ടും കൂക്കി വിളിച്ചും കല്ലെറിഞ്ഞും ചിരട്ട കൊട്ടിയും നമ്മുടെ അച്ഛനെ അവഹേളിച്ചത് ഒരു സീറ്റ് കിട്ടിയപ്പോൾ നീ മറന്നോ? പട്ടാപ്പകൽ സ്വന്തം വീട് കത്തിച്ചാമ്പലായപ്പോൾ നിനക്കൊന്നും തോന്നിയില്ലേ? നികേഷിനോട് ചോദ്യങ്ങൾ ചോദിച്ച് സഹോദരന്റെ തുറന്ന കത്ത്

കണ്ണൂർ: എംവി രാഘവന്റെ രണ്ട് മക്കൾ മാദ്ധ്യമ പ്രവർത്തകരാണ്. എംവി ഗിരീഷ് കുമാറും എംവി നികേഷ് കുമാർ. ഇതിൽ നികേഷ് മാദ്ധ്യമ പ്രവർത്തനം നിർത്തി രാഷ്ട്രീയത്തിലെത്തി. അഴിക്കോട് സിപിഐ(എം) സ്ഥാനാർത്ഥിയായി. ചേട്ടൻ ഗിരീഷ് കുമാറിന് കൂറ് കോൺഗ്രസ് പക്ഷത്തോടാണ്. അതുകൊണ്ട് തന്നെ അനുജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവവുമല്ല. അതിനൊപ്പം സിപിഎമ്മിൽനിന്ന് എം വി രാഘവൻ നേരിടേണ്ടിവന്ന പീഡനങ്ങൾ എണ്ണിപ്പറഞ്ഞ്, എം വി നികേഷ്‌കുമാറിന് ജ്യേഷ്ഠന്റെ കത്തും. അഴീക്കോട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്ന സഹോദരനു വിജയാംശംസകൾ നേരാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞാണ് എംവിആറിന്റെ മൂത്തമകൻ എം വി ഗിരീഷ്‌കുമാറിന്റെ കത്ത്.

'അച്ഛൻ സിപിഐ(എം) നേതാവായിരിക്കേ അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിഹ്നം നമ്മുടെ കുടുംബത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്. എന്നാൽ ബദൽരേഖ അവതരിപ്പിച്ചതിൽ പിന്നെ സിപിഐ(എം) നമ്മുടെ കുടുംബത്തോടു കാട്ടിയ നെറികേടുകളും അക്രമങ്ങളും നിനക്ക് ഓർമയുണ്ടാകില്ല. മൽസരിക്കാൻ ഒരു സീറ്റ് കിട്ടിയപ്പോൾ നീയതൊക്കെ സൗകര്യപൂർവം മറന്നുപോയി എന്നു കരുതാനാണ് എനിക്കിഷ്ടം.'- ഗീരീഷ് കുമാർ കത്തിൽ പറയുന്നു. എന്നാൽ കോൺഗ്രസിന് വേണ്ടി എഴുതിയ ഒന്നായി മാത്രമേ ഈ കത്തിനെ നികേഷ് കുമാർ കാണുന്നുള്ളൂ. മരണ സമയത്ത് അച്ഛന് സിപിഎമ്മുമായി മാനസികമായി ഏറെ അടുപ്പമുണ്ടായിരുന്നുവെന്ന് നികേഷ് പറയുന്നു.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഗിരീഷിന്റെ കത്തെന്നും വിമർശനമുണ്ട്. എന്നാൽ പരസ്യവിവാദങ്ങൾക്ക് തയ്യാറുമില്ല. ബദൽരേഖ വിവാദം മുതൽ സിഎംപി രൂപീകരണം, പരിയാരം മെഡിക്കൽ കോളജ് സ്ഥാപനം, കൂത്തുപറമ്പ് വെടിവയ്പ് തുടങ്ങി ഓരോ ഘട്ടങ്ങളിലും സിപിഐ(എം) എംവിആറിനോടും കുടുംബത്തോടും ചെയ്തത് എന്താണെന്നറിയാൻ അദ്ദേഹത്തിന്റെ ആത്മകഥയായ ഒരു ജന്മം വായിക്കണമെന്നു ഗിരീഷ് നികേഷിനെ ഓർമിപ്പിക്കുന്നു. സിപിഐ(എം) നേതാക്കൾ നിയമസഭയ്ക്കുള്ളിൽ വച്ച് എംവിആറിനെ ആക്രമിച്ച സംഭവത്തെക്കുറിച്ചും കത്തിലുണ്ട്. ആരുടെ മുമ്പിലും തലകുനിക്കാത്ത എംവിആറിന്റെ ചിത്രം അഴീക്കോട്ടുകാരുടെ മനസ്സിലുണ്ട്. ആ രാഷ്ട്രീയ പൈതൃകത്തിന്റെ പേരിൽ വോട്ടുചോദിക്കാനുള്ള ധാർമികതയും അവകാശവും നികേഷിനില്ലാത്തതുകൊണ്ടാണ് വിജയാശംസകൾ നേരാൻ മടിക്കുന്നത് – കത്തിൽ പറയുന്നു.

''ചെരുപ്പുമാലയിട്ടും കൂക്കിവിളിച്ചും കല്ലെറിഞ്ഞും ചിരട്ട കൊട്ടിയും പരിഹാസ്യനാക്കി മാർക്‌സിസ്റ്റുകാർ നമ്മുടെ അച്ഛനെ നടത്തിയ ദൃശ്യങ്ങൾ മകനെന്ന നിലയിലും ജനാധിപത്യ വിശ്വാസി എന്ന നിലയിലും എന്റെ മനസ്സിൽ കല്ലിച്ചുകിടക്കുന്ന വേദനയാണ്. എംവിആറിനോട് കാട്ടിക്കൂട്ടിയ പേക്കൂത്തുകളെക്കുറിച്ച് സിപിഐ(എം) എവിടെയും ഇതുവരെ പശ്ചാത്തപിച്ചതായി അറിവില്ല''. അച്ഛൻ കെട്ടിപ്പടുത്ത സ്ഥാപനങ്ങളുടെ നിയന്ത്രണമാണ് അവരുടെ ലക്ഷ്യമെന്ന് തിരിച്ചറിയാത്ത അത്രയും വിവേകമേ നിനക്കുള്ളോയെന്നും കത്തിൽ ചോദിക്കുന്നു. സിപിഐ(എം) പുറത്താക്കിയ ഘട്ടത്തിൽ രാഷ്ട്രീയ അഭയവും സഹായവും നൽകിയ കോൺഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെയാണു നിന്റെ മൽസരമെന്നത് അഴീക്കോട്ടെ ജനങ്ങൾ പരിഹാസത്തോടെയാണു കാണുന്നതെന്നും കത്തിലുണ്ട്.

യുഡിഎഫിന്റെയും ജനങ്ങളുടെയും പിൻതുണ ഇല്ലായിരുന്നെങ്കിൽ ടി.പി. ചന്ദ്രശേഖരന്റെ ഗതി വരില്ലായിരുന്നോ നമ്മുടെ അച്ഛനും? പട്ടാപ്പകൽ സ്വന്തം വീട് കത്തിച്ചാമ്പലായപ്പോൾ നിനക്കൊന്നും തോന്നിയില്ലേ? കൂത്തുപറമ്പ് വെടിവയ്പ് അച്ഛൻ മൂലം ഉണ്ടായതാണെന്നു നിനക്കു തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ ഈ വർഷത്തെ കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് അച്ഛനെ തള്ളിപ്പറയാനുള്ള ആർജവം കാട്ടണമെന്നും നികേഷിനോട് കത്തിൽ ആവശ്യപ്പെടുന്നു. ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛനെ കീഴ്‌പ്പെടുത്താൻ അവർക്കായില്ല. രാഘവന്റെ മക്കളെ തിരഞ്ഞെടുപ്പിൽ മൽസരിപ്പിച്ച് തോൽപ്പിച്ച് ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണിത്. ആ പദ്ധതിയിൽ ആദ്യം വീണത് നമ്മുടെ സഹോദരി ഗിരിജയാണ്. ഇപ്പോൾ നീയും.''-ഗീരീഷ് കുമാർ പറയുന്നു.

എന്നാൽ ഈ കത്തൊന്നും തന്റെ വിജയത്തെ ബാധിക്കില്ലെന്നാണ് നികേഷിന്റെ നിലപാട്. രാഘവന്റെ മരണത്തിന് മുമ്പ് തന്നെ സിഎംപി ഇടതു പക്ഷവുമായി അടുത്തിരുന്നു. പരസ്യമായി തന്നെ രാഘവൻ ഇതിന്റെ സൂചനകളും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അച്ഛനെതിരായി താൻ ഒന്നും ചെയ്തിട്ടില്ലെന്നാണ് നികേഷിന്റെ പക്ഷം. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളാണ് രാഘവൻ മരണം വരെ ഉയർത്തിപിടിച്ചതെന്നും വിശദീകരിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP