Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻസിപി എവിടെ നിൽക്കണമെന്ന് സിപിഐ(എം) തീരുമാനിക്കേണ്ട; കേന്ദ്ര തീരുമാനം അംഗീകരിക്കാത്ത എ കെ ശശീന്ദ്രൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് തോമസ് ചാണ്ടി: മഹാരാഷ്ട്രയിലെ ബിജെപി പിന്തുണയെ ചൊല്ലി എൻസിപി കേരളഘടകം പിളർപ്പിന്റെ വക്കിൽ

എൻസിപി എവിടെ നിൽക്കണമെന്ന് സിപിഐ(എം) തീരുമാനിക്കേണ്ട; കേന്ദ്ര തീരുമാനം അംഗീകരിക്കാത്ത എ കെ ശശീന്ദ്രൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് തോമസ് ചാണ്ടി: മഹാരാഷ്ട്രയിലെ ബിജെപി പിന്തുണയെ ചൊല്ലി എൻസിപി കേരളഘടകം പിളർപ്പിന്റെ വക്കിൽ

കൊച്ചി: മഹാരാഷ്ട്രയിൽ ബിജെപിക്ക് പിന്തുണ നൽകാനുള്ള എൻസിപി കേന്ദ്രഘടകത്തിന്റെ തീരുമാനത്തെ തുടർന്ന് പാർട്ടി സംസ്ഥാന ഘടകം പിളർപ്പിന്റെ വക്കിൽ. എൻസിപിയുടെ എംഎൽഎമാരായ എ കെ ശശീന്ദ്രൻ ഒരു വശത്തും തോമസ് ചാണ്ടി മറുവശത്തും നിലയുറപ്പിച്ചതോടെയാണ് പാർട്ടി സംസ്ഥാന ഘടകം പിളർപ്പിന്റെ വക്കിലായത്. ശരദ് പവാറിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ടാണ് തോമസ് ചാണ്ടി രംഗത്തെത്തിയത്. കേന്ദ്രതീരുമാനം അംഗീകരിക്കാത്തവർക്ക് പാർട്ടിക്ക് പുറത്തുപോകാമെന്നും എ കെ ശശീന്ദ്രൻ എംഎൽഎയ്ക്ക് രാജിവെക്കണമെന്നുമാണ് തോമസ് ചാണ്ടി അഭിപ്രായപ്പെട്ടത്.

ഒരു സംസ്ഥാനത്ത് പാർട്ടി തുടരുന്ന അടവു നയത്തിന്റെ ഭാഗമായാണ് ബിജെപിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ഇന്ത്യ മുഴുവൻ ബിജെപിയുടെ ശക്തി വ്യാപിച്ചു കഴിഞ്ഞു. കേരളത്തിലും വർദ്ധിച്ചുവരുന്നു. അതുകൊണ്ട് ബിജെപിയെ പിന്തുണക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു. എൻസിപി എവിടെ നിൽക്കണമെന്ന് സിപിഐ(എം) തീരുമാനക്കേണ്ടെന്നും തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു. അതേസമയം ബിജെപി പിന്തുണ അംഗീകരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ. ബിജെപിയെ പിന്തുണച്ചാൽ പാർട്ടിയിൽ തുടരില്ലെന്നും ഉഴവൂർ വിജയൻ പറഞ്ഞു.

അതിനിടെ ചൊവ്വാഴ്ച വൈകിട്ട് ചേർന്ന എൻസിപിയുടെ നിർണായക സംസ്ഥാന നേതൃയോഗം കേന്ദ്രനേതൃത്വം നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത് അനുചിതമായിപ്പോയെന്നാണ് യോഗത്തിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. അതേസമയം, കേന്ദ്രഘടകത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് തോമസ് ചാണ്ടി വീണ്ടും പ്രതികരിച്ചു. കേന്ദ്രത്തിന്റെ അവസാന തീരുമാനം വന്നതിനുശേഷം വെള്ളിയാഴ്ച വീണ്ടും യോഗം ചേരാനിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനും നിയമസഭാ കക്ഷി നേതാവ് തോമസ് ചാണ്ടിയും പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയത് പാർട്ടിയെ പിളർപ്പിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. പാർട്ടി യോഗത്തിന് ശേഷവും ഇരുനേതാക്കളും ചാനൽ അഭിമുഖത്തിൽ പരസ്പരം ഏറ്റുമുട്ടി. ഇന്നു നടക്കുന്ന യോഗത്തിന് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് തോമസ് ചാണ്ടി പറഞ്ഞത്.

അതേസമയം മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരിക്കാൻ ശിവസേനയെ പിന്തുണയ്ക്കണമെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നതായി എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. കോൺഗ്രസിന്റെയും ബിജെപിയുടെയും പുറമെ നിന്നുള്ള പിന്തുണയോടെ ശിവസേന സർക്കാർ എന്നായിരുന്നു പദ്ധതി. ഒരു മുതിർന്ന കോൺഗ്രസ് നേതാവാണ് ഇതിന് രൂപം നൽകിയതെന്നും ഇന്നലെ നടന്ന എൻസിപി എംഎൽഎമാരുടെ യോഗത്തിൽ ശരദ് പവാർ അഭിപ്രായപ്പെട്ടു.

എന്നാൽ പുറമെ നിന്നുള്ള പിന്തുണ കൊണ്ട് നിലവിൽ വരുന്ന സർക്കാരുകൾക്കൊന്നും അധികം ആയുസുണ്ടാകില്ലെന്നാണ് ചരിത്ര തെളിയിക്കുന്നതെന്നും പവാർ ചൂണ്ടിക്കാട്ടി. ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യം ചർച്ച ചെയ്യാൻ സംസ്ഥാനത്തെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ വിളിച്ചിരുന്നതായി പവാറിന്റെ മരുമകൻ കൂടിയായ അജിത്ത് പവാറും സമ്മതിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP