Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗണേശന്റെ മന്ത്രിമോഹം അവസാനിച്ചു; തോൽവി സമ്മതിച്ച് പിള്ളയും; മന്ത്രിസഭാ വികസനവും കീറാമുട്ടിയായി മാറി

ഗണേശന്റെ മന്ത്രിമോഹം അവസാനിച്ചു; തോൽവി സമ്മതിച്ച് പിള്ളയും; മന്ത്രിസഭാ വികസനവും കീറാമുട്ടിയായി മാറി

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന അടുത്തകാലത്തൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ മുൻ മന്ത്രി ഗണേശ് കുമാറിന് വീണ്ടും ക്യാബിനറ്റിലെത്താമെന്ന മോഹം പൊലിഞ്ഞു. മകന്റെ മന്ത്രിസ്ഥാനത്തിനായി ഉമ്മൻ ചാണ്ടിയുടെ പുറകെ നടന്ന ആർ ബാലകൃഷ്ണപിള്ളയും ഏതാണ്ട് തോൽവി സമ്മതിച്ച മട്ടിലാണ്.

ഗണേശനെ മന്ത്രിസഭയിലെടുക്കാത്തത് ചതിയാണെന്നും മന്ത്രിയാക്കണമെന്ന ആവശ്യവുമായി ആരുടേയും പിറകേ നടക്കാനില്ലെന്നും ഇന്നലെ ആർ ബാലകൃഷ്ണപിള്ള പറഞ്ഞത് ഇക്കാരണത്താലാണ്. ഇനി വലിയ പ്രതീക്ഷ വേണ്ടെന്ന് പിള്ളയുടെ വാക്കുകൾ വ്യക്തമാക്കുന്നു. അടുത്ത അനുയായികളോട് മുമ്പുതന്നെ പിള്ള ഇക്കാര്യം പറഞ്ഞിരുന്നു. പരസ്യമായി പറഞ്ഞത് ഇന്നലെയാണെന്നുമാത്രം.

മദ്യനയവും ബാർ പൂട്ടലുമൊക്കെയായി പാർട്ടിയിലും യുഡിഎഫിലും കലഹം മൂർച്ഛിച്ചിരിക്കെ മന്ത്രിസഭാ പുനഃസംഘടനകൂടി എടുത്തിട്ട് രംഗം വീണ്ടും വഷളാക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ താൽപര്യമില്ല. അതുകൊണ്ടാണ് ഇതേക്കുറിച്ച് ആരും ഇപ്പോൾ മിണ്ടാത്തതും. ബാർ വിഷയത്തിലെന്നപോലെ പുനഃസംഘടനാ ചർച്ചയിൽ സുധീരൻ എന്തെങ്കിലും നിലപാട് സ്വീകരിച്ചാൽ അത് വീണ്ടും കുഴപ്പത്തിന് ഇടയാക്കും. മന്ത്രിസഭാ പുനഃസംഘടന മുഖ്യമന്ത്രിയുടെ അധികാരപരിധിയിൽപെടുന്നതാണെങ്കിലും പാർട്ടിയുമായി ആലോചിക്കാതെ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാനാവില്ല. ബാർ വിഷയത്തിലെ തർക്കത്തെതുടർന്ന് ഉമ്മൻ ചാണ്ടിയും സുധീരനും രണ്ടുതട്ടിലാണ്. ഈ വിവാദത്തോടെ ഇരുവരും ഏറെ അകന്നു. അതുകൊണ്ടുതന്നെ പുനഃസംഘടനാ വിഷയം എടുത്തിട്ടാൽ സുധീരൻ എന്തുനിലപാട് സ്വീകരിക്കുമെന്നതും വ്യക്തമല്ല. മുഖ്യമന്ത്രിയാണെങ്കിൽ ഇക്കാര്യത്തിൽ ഇപ്പോൾ ഒന്നും മിണ്ടുന്നുമില്ല.

മുഖ്യമന്ത്രിക്ക് ഗണേശനെ മന്ത്രിയാക്കാൻ താൽപ്പര്യമുണ്ടായിരുന്നു. കേസ് കഴിഞ്ഞാൽ മന്ത്രിയാക്കാമെന്ന് ഗണേശന് വാക്കും നൽകിയിരുന്നു. ഇതുകൂടി മനസ്സിൽവച്ച് മന്ത്രിസഭാ പുനഃസംഘടന നടത്താനാണ് മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വിജയം നേടാനായെങ്കിലും പുനഃസംഘടന മാത്രം നടന്നില്ല. ഐ ഗ്രൂപ്പിന്റെ എതിർപ്പായിരുന്നു പ്രധാന കാരണം. പുനഃസംഘടന നടന്നാൽ, തങ്ങളുടെ മന്ത്രിമാരിൽ ആരെങ്കിലും രാജിവയ്‌ക്കേണ്ടിവരുമെന്ന ആശങ്കയുണ്ടായിരുന്നതിനാൽ ശക്തമായ പ്രതിഷേധമാണ് അവരുയർത്തിയത്. രമേശ് ചെന്നിത്തല മന്ത്രിയായതോടെ മന്ത്രിസഭയിൽ ഐ ഗ്രൂപ്പിന് അൽപ്പം മേൽകൈയുണ്ട്.

മന്ത്രിസഭയിൽ ഗണേശനെ എടുത്താൽ ഒരു കോൺഗ്രസ് മന്ത്രി പുറത്തുപോകേണ്ടിവരും. അതാണ് ഐ ഗ്രൂപ്പ് എതിർനിലപാട് എടുക്കാൻ കാരണം. എ ഗ്രൂപ്പിനാണെങ്കിൽ പുനഃസംഘടന വേണമെന്ന ആവശ്യമായിരുന്നു. പുനഃസംഘടനയ്ക്കുവേണ്ടി പക്ഷെ, മുഖ്യമന്ത്രി നടത്തിയ നീക്കങ്ങൾ പലതും ഈ പ്രതിഷേധത്തിൽ തട്ടി തടസ്സപ്പെടുകയും ചെയ്തു. ബാർ വിഷയത്തിലെ കലഹംകാരണം പിന്നീട് ഇത്തരം കാര്യങ്ങളൊന്നും ചർച്ച ചെയ്യാൻ പോലും പറ്റാതെയായി. ബാർ വിവാദത്തിൽ സുധീരന്റെ നിലപാടിനെതിരെ ഐ ഗ്രൂപ്പും രംഗത്തെത്തിയിരുന്നു. എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ചും സുധീരൻ മറുവശത്തുമായാണ് ഇപ്പോൾ നിൽപ്പ്. മദ്യനയത്തിൽ ഐ ഗ്രൂപ്പിൽ നിന്നുകിട്ടിയ പിന്തുണ മുഖ്യമന്ത്രിക്ക് ഏറെ അനുഗ്രഹമായിരുന്നു.
അതിനാൽ വീണ്ടും പുനഃസംഘടനാ ആവശ്യം ഉയർത്തിയാൽ ഐ ഗ്രൂപ്പ് ഇടയും. അത് തൽക്കാലം ഉമ്മൻ ചാണ്ടിയോ എ ഗ്രൂപ്പോ ആഗ്രഹിക്കുന്നില്ല. അതിനാൽ, മന്ത്രിസഭാ പുനഃസംഘടന തൽക്കാലം അടഞ്ഞ അധ്യായം തന്നെയാണ്. അതോടെ വീണ്ടും മന്ത്രിയാകാനുള്ള ഗണേശന്റെ സാധ്യതയും അടഞ്ഞു.

ഗണേശനെ മന്ത്രിയാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന ബാലകൃഷ്ണപിള്ളയ്ക്കും പ്രതീക്ഷയറ്റു. വിഷയം വീണ്ടും ഉയർന്നുവന്നാലും ഗണേശനെ വീണ്ടും മന്ത്രിയാക്കുന്നതിൽ കോൺഗ്രസിൽ ശക്തമായ എതിർപ്പുണ്ട്. അതും പുനഃസംഘടന നടക്കാതെ പോകുന്നതിലെ കാരണങ്ങളിലൊന്നാണെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP