Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനമന്ത്രിക്ക് കയ്യടി; മുഖ്യമന്ത്രിമാർക്ക് കൂക്കുവിളി; മൂന്നാമത്തെ മുഖ്യമന്ത്രിയും അവഹേളിക്കപ്പെട്ടതോടെ മോദിക്കൊപ്പം വേദി പങ്കിടുന്നത് ബഹിഷ്കരിക്കാൻ പ്രതിപക്ഷ മുഖ്യമന്ത്രിമാർ

പ്രധാനമന്ത്രിക്ക് കയ്യടി; മുഖ്യമന്ത്രിമാർക്ക് കൂക്കുവിളി; മൂന്നാമത്തെ മുഖ്യമന്ത്രിയും അവഹേളിക്കപ്പെട്ടതോടെ മോദിക്കൊപ്പം വേദി പങ്കിടുന്നത് ബഹിഷ്കരിക്കാൻ പ്രതിപക്ഷ മുഖ്യമന്ത്രിമാർ

റാഞ്ചിയിൽ പ്രധാനമന്ത്രിയുമായി വേദി പങ്കിട്ട ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ യോഗത്തിനെത്തിയ ബിജെപി പ്രവർത്തകർ കൂക്കിവിളിച്ചു. മോദിക്കൊപ്പം വേദി പങ്കിട്ട ഹര്യാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ ആൾക്കൂട്ടം അപമാനിച്ചുവിട്ട് കേവലം രണ്ടുദിവസത്തിനകമാണ്, ഝാർഖണ്ഡിലും സമാനമായ സംഭവം ആവർത്തിച്ചത്. പ്രധാനമന്ത്രിയുടെ റാഞ്ചിയിലെ കന്നി സന്ദർശനമായിരുന്നു ഇന്ന്. പ്രഭാത് താര മൈതാനത്തിൽ നടന്ന യോഗത്തിൽ ഉടനീളം ബിജെപി പ്രവർത്തകർ മോദി, മോദി എന്നുറക്കെ ആർത്തുവിളിച്ചുകൊണ്ടിരിക്കയായിരുന്നു. സോറൻ സംസാരിക്കുമ്പോഴും ഈ ആർപ്പുവിളി തുടർന്നു.

എന്നാൽ ഗോത്രവർഗ്ഗ നേതാവ് ഷിബു സോറന്റെ മകൻ കൂടിയായ ഹേമന്ത് സോറൻ ഹൂഡയിൽ നിന്നു ഭിന്നമായി വേദിയോട് ബഹുമാനം കാട്ടണമെന്നും ഒരു ദിവസത്തേക്ക് രാഷ്ട്രീയ ശത്രുത മറക്കണമെന്നും ആൾക്കൂട്ടത്തോട് ഉറച്ച സ്വരത്തിൽ ആവശ്യപ്പെട്ടു. "രാഷ്ട്രീയ അധികാരം മാറിവരും; ഈ വേദിയുടെ അന്തസിനെ നാം ബഹുമാനിച്ചേ തീരൂ," ഹേമന്ത് പറഞ്ഞു. ഇതോടെ വാശി വർദ്ധിച്ച എഴുപതിനായിരത്തോളം പോന്ന ജനക്കൂട്ടം കൂടുതൽ ശബ്ദത്തിൽ മോദിക്കുവേണ്ടി ആർക്കാനും സോറനെ കൂവിവിളിക്കാനും തുടങ്ങി. പവർ ഗ്രിഡ് കോർപ്പറേഷന്റെ ഒരു സബ്‌സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാനായാണ് മോദി റാഞ്ചിയിലെത്തിയത്.

ജനക്കൂട്ടത്തിന്റെ പ്രതികരണം മുഖ്യമന്ത്രിയെ അല്പം പരിഭ്രമിപ്പിക്കാതെയും ഇരുന്നില്ല. പ്രസംഗത്തിനിടെ അഞ്ചുപ്രാവശ്യമെങ്കിലും അദ്ദേഹം പ്രധാനമന്ത്രി എന്നതിനു പകരം മോദിയെ പ്രസിഡന്റ് എന്നു തെറ്റായി വിശേഷിപ്പിച്ചു.

ഹൂഡയുടെയും സോറന്റെയും അനുഭവം ആവർത്തിക്കാതിരിക്കാൻ പ്രധാമന്ത്രിയുടെ പൊതുപരിപാടികൾ ബഹിഷ്കരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ തീരുമാനിച്ചു. നാഗ്‌പൂരിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഇന്നത്തെ യോഗത്തിൽ നിന്നു വിട്ടുനിൽക്കാനുള്ള തീരുമാനമാണ് ചവാൻ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രധാമന്ത്രിയുടെ പൊതുപരിപാടികൾ രാഷ്ട്രീയവത്കരിക്കുന്നു എന്നാരോപിച്ചാണ്, നാഗ്‌പൂർ മെട്രോ ശൃംഖലയുടെ ഉദ്ഘാടനവേദിയിൽ നിന്നു വിട്ടുനിൽക്കാൻ ചവാൻ തീരുമാനിച്ചത്. എന്നാൽ ചവാന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് ബിജെപി പ്രതികരിച്ചു.

"സമീപ ദിവസങ്ങളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. പ്രോട്ടോക്കോൾ അനുസരിച്ച് സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധി പരിപാടിയിൽ പങ്കെടുക്കും.," ക്യാബിനറ്റ് യോഗത്തിനു ശേഷം ചവാൻ പറഞ്ഞു. ബിജെപിക്കു നൽകുന്ന ശക്തമായ മറുപടി എന്ന നിലയ്ക്ക്‌ മുംബയ് മെട്രോയുടെ മൂന്നാംഘട്ടത്തിനു് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസ് - എൻസിപി സർക്കാർ തറക്കല്ലിടും എന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം സർക്കാർ എല്ലാ മുഖ്യമന്ത്രിമാർക്കും തുല്യബഹുമാനം നൽകുന്നുണ്ടെന്ന് ബിജെപി വ്യക്തമാക്കി.

സോളാപ്പൂരിലെയും ഹര്യാനയിലെ കൈത്താളിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ പരിപാടികളിൽ നിന്നു വിട്ടുനിൽക്കാൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ പൊതുവിൽ തീരുമാനമെടുത്തതായാണ് അറിയുന്നത്. ഇതു സംബന്ധിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ചില മുതിർന്ന നേതാക്കൾ കത്തെഴുതിയതായും സൂചനയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിയും വരെയെങ്കിലും പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പൊതുയോഗങ്ങളിൽ നിന്നു മുഖ്യമന്ത്രിമാർ മാറിനിൽക്കണം എന്നതാണ് പൊതുവികാരം. തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന മുഖ്യമന്ത്രിമാർക്ക് ജനപ്രിയതയില്ലെന്നു വരുത്തിത്തീർക്കാനും മോശക്കാരാക്കി ചിത്രീകരിക്കാനുള്ള മനഃപൂർവ്വമായ ശ്രമമായിരിക്കും ബിജെപി നടത്തുന്നത് എന്നുമുള്ള സംശയമാണ് പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിക്കുന്നിടം വരെ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കൊണ്ടുചെന്നെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP