Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി തന്നെ മുസ്ലിംലീഗ് സ്ഥാനാർത്ഥി; പ്രഖ്യാപനം നടത്തിയത് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ; ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുമ്പോഴും യുഡിഎഫ് നേതൃനിരയിൽ തുടരും; ഈ മാസം 20ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; ഇ അഹമ്മദിന്റെ പാത പിന്തുടരുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി തന്നെ മുസ്ലിംലീഗ് സ്ഥാനാർത്ഥി; പ്രഖ്യാപനം നടത്തിയത് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ; ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുമ്പോഴും യുഡിഎഫ് നേതൃനിരയിൽ തുടരും; ഈ മാസം 20ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; ഇ അഹമ്മദിന്റെ പാത പിന്തുടരുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇ അഹമ്മദിന്റെ വിയോഗത്തെ തുടർന്നുള്ള മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി മുസ്ലിംലീഗ് സ്ഥാനാർത്ഥി. വേങ്ങര എംഎൽഎയും മുതിർന്ന നേതാവുമായി പി കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗം ഐക്യകണ്‌ഠേനയാണ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയായി കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും കേരളത്തിലെ യുഡിഎഫ് സംവിധാനത്തിൽ കുഞ്ഞാലിക്കുട്ടി ഇടപെടൽ നടത്തുമെന്ന് തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാർത്ഥിയാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ യോഗത്തിൽ കാര്യമായ ചർച്ചകളൊന്നും ഉണ്ടായില്ല. കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർത്ഥിയാക്കുന്ന പ്രഖ്യാപനം കാത്ത് നിരവധി പ്രവർത്തകരാണ് പാണക്കാടെത്തിയത്. മുൻഗാമികൾ കാണിച്ചു തന്ന മാർഗത്തിലൂടെ സഞ്ചരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സ്ഥാനാർത്ഥി നിർണയത്തിനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുമാണ് മലപ്പുറത്ത് ലീഗ് നേതൃയോഗം ചേർന്നത്. ഇ അഹമ്മദിന്റെ മരണത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന മലപ്പുറം ലോകസഭ മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി മൽസരിക്കുന്നതോടെ വേങ്ങര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സംജാതമാകും. ഇതേക്കുറിച്ചും യോഗത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും ചർച്ചയായില്ല. നേരത്തെ മലപ്പുറത്ത് മത്സരിക്കാൻ താൽപ്പര്യം അറിയിച്ച് ഇ അഹമ്മദിന്റെ മകൾ രംഗത്തുവന്നിരുന്നെങ്കിലും ലീഗ് നേതൃത്വം ഈ ആവശ്യം തള്ളുകയാണ് ചെയ്തത്.

ലോകസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പെന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ എതിർപ്പുള്ളവരുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് കേന്ദ്ര രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി ചുവടുമാറ്റുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. യു.ഡി.എഫ് നേതൃത്വത്തിനും കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലേക്ക് ചുവടുമാറ്റുന്നതിൽ എതിർപ്പുണ്ട്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ തുടരണമെന്ന ആവശ്യം ഉമ്മൻ ചാണ്ടി ഉന്നയിച്ചിരുന്നു.

മലപ്പുറം ഉൾപ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ലോക്സഭയിലുള്ളത്. 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്നും ഇ. അഹമ്മദ് ജയിച്ചു കയറിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. ഇപ്പോൾ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതോടെ ഭൂരിപക്ഷം ഇനിയും കൂടുമെന്ന കാര്യം ഉറപ്പായി.

ബി.കോം ബിരുദവും ബിസിനസ്സിൽ പി.ജി ഡിപ്ലോമയുമുള്ള കുഞ്ഞാലിക്കുട്ടി എം.എസ്.എഫിലൂടെയാണ് വിദ്യാർത്ഥി രാഷ്ടീയത്തിലെത്തിയത്. മുസ്ലിംലീഗിന്റെ സംസ്ഥാന ട്രഷറർ, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാനായാണ് പൊതുരംഗത്ത് വന്നത്. ആറു തവണ അസംബ്ലിയിലെത്തി. 1995-96 ൽ വ്യവസായ നഗരസഭാകാര്യ മന്ത്രിയായി. 2001-2004 എ.കെ. ആന്റണി മന്ത്രിസഭയിൽ വ്യവസായ ഐ.ടി.സാമൂഹ്യ സുരക്ഷാ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ രണ്ട് മന്ത്രിസഭകളിലും വ്യവസായ വകുപ്പായിരുന്നു കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP