Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് പുറത്താക്കിയതോടെ രണ്ടും കൽപ്പിച്ച് പി കെ രാഗേഷ്; കണ്ണൂരും അഴീക്കോടും നഷ്ടമാകുമോ എന്ന ആശങ്കയിൽ യുഡിഎഫ്; മുൻതൂക്കം ലഭിച്ച ആഹ്ലാദത്തിൽ നികേഷ് കുമാർ: കെ സുധാകരനെ തോൽപ്പിക്കാൻ ഉദുമയിൽ പ്രചരണത്തിന് ഇറങ്ങാനും രാഗേഷിന്റെ നീക്കം

കോൺഗ്രസ് പുറത്താക്കിയതോടെ രണ്ടും കൽപ്പിച്ച് പി കെ രാഗേഷ്; കണ്ണൂരും അഴീക്കോടും നഷ്ടമാകുമോ എന്ന ആശങ്കയിൽ യുഡിഎഫ്; മുൻതൂക്കം ലഭിച്ച ആഹ്ലാദത്തിൽ നികേഷ് കുമാർ: കെ സുധാകരനെ തോൽപ്പിക്കാൻ ഉദുമയിൽ പ്രചരണത്തിന് ഇറങ്ങാനും രാഗേഷിന്റെ നീക്കം

രഞ്ജിത് ബാബു

കണ്ണൂർ: കോൺഗ്രസ്സിൽ നിന്നും പുറത്താക്കപ്പെട്ട വിമത നേതാവ് പി.കെ.രാഗേഷ് കെ.സുധാകരനും ഡി.സി.സി.ക്കുമെതിരെ പടനീക്കത്തിനൊരുങ്ങുന്നു. സുധാകരൻ ജനവിധി തേടുന്ന കാസർഗോഡ് ജില്ലയിലെ ഉദുമയിൽ സ്ഥാനാർത്ഥിയെ നിർത്താനും പ്രചാരണ പ്രവർത്തനം നടത്താനും അടുത്ത ദിവസം തന്നെ പരസ്യമായി രാഗേഷും അനുയായികളും രംഗത്തിറങ്ങും.

കഴിഞ്ഞാഴ്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പി.കെ.രാഗേഷുമായി കണ്ണൂരിൽ വച്ച് നടത്തിയ അനുരഞ്ജന ചർച്ച വിജയത്തിലേക്ക് കുതിച്ചെങ്കിലും ഡി.സി.സി. പ്രസിഡണ്ട് കെ.സുരേന്ദ്രൻ മുന്നോട്ട് വച്ച ചില ഉപാധികളോടെ അലസുകയായിരുന്നു. ഒടുവിൽ സുധാകരനുമായി സംസാരിച്ച് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി രാഗേഷിനോട് പറയുകയും പിന്നീട് മുഖ്യമന്ത്രിയിൽ നിന്നു അനുകൂല നിലപാട് ഇല്ലാതാവുകയും ചെയ്തു.

മുഖ്യമന്ത്രി മുന്നോട്ട് വച്ച മൂന്ന് കാര്യങ്ങളും അംഗീകരിച്ച രാഗേഷ് അനുരഞ്ജന നിലപാടിലായിരുന്നു. എന്നാൽ സുധാകരനോട് മുഖ്യമന്ത്രി ചർച്ച ചെയ്തതോടെ എല്ലാം പൊളിയുകയായിരുന്നു. രാഗേഷ് പാർട്ടിയിൽ തിരിച്ചെത്തരുതെന്ന സുധാകരന്റെ ഇംഗിതത്തിന് മുഖ്യമന്ത്രിക്കും വഴങ്ങേണ്ടി വന്നു. കണ്ണൂർ അഴീക്കോട് മണ്ഡലങ്ങളിൽ മത്സരിക്കാൻ രാഗേഷ് വിഭാഗം തത്വത്തിൽ തീരമാനമെടുത്തപ്പോഴാണ് മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചത്.

കണ്ണൂർ കോർപ്പറേഷനിൽ ആദ്യം സീറ്റ് അനുവദിക്കുകയും മത്സരത്തിനൊരുങ്ങിയപ്പോൾ സീറ്റ് നിഷേധിക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് രാഗേഷും അനുയായികളും പാർട്ടിയിൽ നിന്ന് അകന്ന് വിമതരായി മത്സരത്തിനിറങ്ങിയത്. രാഗേഷ് ജയിക്കുകയും കോൺഗ്രസ്സ് ഉറപ്പിച്ച ആറ് സീറ്റുകളിൽ പരാജയപ്പെടുകയും ചെയ്തു. അതോടെ കോൺഗ്രസ്സ് സ്വപ്‌നം കണ്ട കോർപ്പറേഷൻ മേയർ പദവിയും എൽ.ഡി.എഫിന് ലഭിച്ചു. ആറ് മാസം തികഞ്ഞാൽ രാഗേഷുമായി സന്ധി ചെയ്ത് മേയർ സ്ഥാനം തിരിച്ചെടുക്കാമെന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ മോഹം ഇപ്പോൾ തകർന്നടിഞ്ഞിരിക്കയാണ്. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ അഴീക്കോട് സീറ്റും സമ്മർദ്ദത്തിലായിരിക്കയാണ്.

അഴീക്കോട്ടും ഉദുമയിലും മത്സരിക്കാൻ രാഗേഷ് വിഭാഗം കരുനീക്കങ്ങൾ ആരംഭിച്ചു. സ്വന്തം ശക്തി തെളിയിക്കാൻ രാഗേഷ് വിഭാഗം അഴീക്കോട് മത്സരിച്ച് യു.ഡി.എഫിനെ തളർത്താൻ ശ്രമിക്കുമ്പോൾ അടുത്ത കാലത്തായി യു.ഡി.എഫിന് അനുകൂലമായി വരുന്ന ഉദുമ മണ്ഡലം പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കത്തെ തടയിടുകയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രമാണ് രാഗേഷ് വിഭാഗം പയറ്റുക. സുധാകരനുമായി നേരത്തെ തന്നെ ഇടഞ്ഞു നിൽക്കുന്ന പ്രശാന്ത് ബാബുവിനെ ഉദുമയിൽ നിർത്താനും ആലോചിക്കുന്നുണ്ട്.

സുധാകരനെതിരെ കടുത്ത പ്രചാരണവും ഉദുമയിൽ നടത്തും. അഴീക്കോട് മണ്ഡലത്തിൽ 5000 വോട്ടുകളെങ്കിലും തങ്ങൾ പിടിച്ചെടുക്കുമെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 493 വോട്ടുകൾക്കാണ് മുസ്ലിം ലീഗിലെ കെ.എം. ഷാജി ഇവിടെ ജയിച്ചത്. ഷാജിക്കെതിരെയല്ല സ്വന്തം ശക്തി തെളിയിക്കാനാണ് അഴീക്കോട് മത്സരിക്കുന്നത്. പി.കെ.രാഗേഷ് തന്നെയായിരിക്കും അവിടെ സ്ഥാനാർത്ഥി. രാഗേഷ് മത്സരിക്കുന്നതിലൂടെ ഷാജിക്ക് കടുത്ത സമ്മർദ്ദത്തെ നേരിടേണ്ടി വരും. സിപിഐ.(എം). സ്ഥാനാർത്ഥി എം. വി. നികേഷ് കുമാറാണ് ഇവിടെ എതിരാളി.

കൂത്തുപറമ്പ് വെടിവെപ്പും ജീവിക്കുന്ന രക്ത സാക്ഷിയായ പുഷ്പനും സ്‌നേക്ക് പാർക്ക് കത്തിക്കലും രണ്ട് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന എം വിരാഘവനോടുള്ള സിപിഐ.(എം). ന്റെ ക്രൂരമായ നിലപാടും ഒക്കെ ചർച്ചാ വിഷയമായ അഴീക്കോട് ഷാജിക്ക് അല്പം മുൻതൂക്കം
ലഭിച്ചിരുന്നു. മാത്രമല്ല എം വിരാഘവന്റെ സഹോദരി എം വി ലക്ഷ്മിയും നികേഷിനെ തള്ളിപ്പറഞ്ഞതോടെ യു.ഡി.എഫ് ക്യാമ്പ് വിജയ പ്രതീക്ഷയിലായിരുന്നു. എന്നാൽ രാഗേഷിന്റെ പുതിയ നീക്കം യു.ഡി.എഫ് വൃത്തങ്ങളിൽ മ്ലാനത പരത്തിയിട്ടുണ്ട്. ജോൺ വിഭാഗം സി.എം. പി. അഴീക്കോട് മണ്ഡലത്തിൽ കൂത്തു പറമ്പ് വെടിവെപ്പു മുതൽ നികേഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വം വരെയുള്ള വിശദമായ നോട്ടീസ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് കെ.എം.ഷാജിയുടെ മണ്ഡലത്തിലെ പ്രവർത്തനം കൊണ്ട് തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് സിഎംപി.

കോൺഗ്രസ്സ് വിമതർ അഴീക്കോടും കണ്ണൂരുമായിരുന്നു നേരത്തെ ഭീഷണി ഉയർത്തിയത്. കണ്ണൂരിൽ കോൺഗ്രസ്സിന്റെ കുത്തക സീറ്റായതിനാൽ ഭൂരിപക്ഷത്തിൽ മാത്രമേ അവർക്ക് ഭയമുണ്ടായിരുന്നുള്ളൂ. എന്നാൽ ഉദുമയിൽ കൂടി മത്സരിക്കാനുള്ള നീക്കത്തെ രാഷ്ട്രീയ വൃത്തങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP