Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നോട്ടു നിരോധനത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻ പോളിങ്; പഞ്ചാബിൽ 70ഉം ഗോവയിൽ 83ഉം ശതമാനം സമ്മതിദായകർ വോട്ടു രേഖപ്പെടുത്തി; മോദിക്ക് ഏറെ നിർണായകമായ തെരഞ്ഞെടുപ്പു ഫലം മാർച്ച് 11ന്

നോട്ടു നിരോധനത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻ പോളിങ്; പഞ്ചാബിൽ 70ഉം ഗോവയിൽ 83ഉം ശതമാനം സമ്മതിദായകർ വോട്ടു രേഖപ്പെടുത്തി; മോദിക്ക് ഏറെ നിർണായകമായ തെരഞ്ഞെടുപ്പു ഫലം മാർച്ച് 11ന്

ന്യൂഡൽഹി: ശക്തമായ പോരാട്ടം നടന്ന പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പു പൂർത്തിയായി. അഞ്ച് മണിക്ക് വോട്ടിങ് അവസാനിച്ചപ്പോൾ ഗോവയിൽ 83 % പേരും പഞ്ചാബിൽ 70% പേരും വോട്ട് രേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്ക്.

പഞ്ചാബിൽ 117 അംഗ നിയമസഭയിലേക്ക് 1145 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 1.98 കോടി വോട്ടർമാരും. ചെറിയ സംസ്ഥാനമായ ഗോവയിൽ 40 അംഗ നിയമസഭയിലേക്ക് 250 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. വോട്ടർമാർ 11 ലക്ഷവും.

പഞ്ചാബിൽ 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ ഇത്തവണ കുറവുണ്ടായി. 78.3% പേരായിരുന്നു അന്ന് വോട്ട് ചെയ്തത്. വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂറിൽ പഞ്ചാബിലെ പോളിങ് ശതമാനം 53 കടന്നിരുന്നു. വോട്ടിങ് യന്ത്രത്തിലെ സാങ്കേതിക തകരാറ് കാരണം പഞ്ചാബിലെ വിവിധ പോളിങ് സ്റ്റേഷനുകളിൽ വോട്ടിങ് നീണ്ടു. അതേസമയം തിരഞ്ഞെടുപ്പിനിടെ പഞ്ചാബിലെ ടാൺ ടാരൻ ജില്ലയിലുണ്ടായ വെടിവെപ്പിൽ ഒരു കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.

ഗോവയിലെ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. കോൺഗ്രസ്, എഎപി, ബിജെപി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ഗോവ സുരക്ഷാ മഞ്ച് എന്നിവരുമൊത്ത് ശിവസേന രൂപീകരിച്ച സഖ്യം എന്നിങ്ങനെ ചതുഷ്‌കോണ മത്സരമായിരുന്നു ഗോവയിൽ. മാർച്ച് 11 നാണ് വോട്ടെണ്ണൽ.

പഞ്ചാബിൽ ബിജെപി-അകാലിദൾ സഖ്യവും ഗോവയിൽ ബിജെപിയുമാണ് അധികാരത്തിൽ. പ്രവചനങ്ങൾ അസാധ്യമാക്കുന്ന പൊരിഞ്ഞ പോരാട്ടമായിരുന്നു രണ്ടു സംസ്ഥാനങ്ങളിലും. പഞ്ചാബിൽ കോൺഗ്രസിന് നേരിയ മുൻതൂക്കമുണ്ട്. ബിജെപി സംഖ്യത്തെ പിന്തള്ളി ആംആദ്മി രണ്ടാമതെത്തുമെന്നും സൂചനയുണ്ട്. ഗോവയിൽ കോൺഗ്രസും ബിജെപിയും ഒരുപോലെ പ്രതീക്ഷയിലാണ്.

നോട്ട് അസാധുവാക്കലിനുശേഷം വരുന്ന തിരഞ്ഞെടുപ്പായതിനാൽ കേന്ദ്രസർക്കാരിന്റെ നടപടികൾ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന വിലയിരുത്തൽ കൂടിയാണിത്. അതിനാൽ പ്രധാനമന്ത്രി മോദിക്കും ഫലം നിർണ്ണായകമാണ്. പഞ്ചാബിൽ ജനവിധി തേടുന്നവരിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്, മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ഉപമുഖ്യമന്ത്രിയും ബാദലിന്റെ മകനുമായ സുഖ്ബീർ ബാദൽ എന്നീ പ്രമുഖരുണ്ടായിരുന്നു. സ്വന്തം തട്ടകമായ പട്യാലയ്ക്കൊപ്പം അകാലികളുടെ കോട്ടയായ ലാംബിയിൽ പ്രകാശ് സിങ് ബാദലിനെതിരെയും അമരീന്ദർ മൽസരിച്ചു. അമൃത്സർ ഈസ്റ്റിൽ ബിജെപി വിട്ടെത്തിയ ക്രിക്കറ്റർ നവജ്യോത് സിങ് സിദ്ദു ജനവിധി തേടി.

ഗോവയിൽ അഞ്ചു മുൻ മുഖ്യമന്ത്രിമാരാണു ജനവിധി തേടിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ, രവിനായിക്, ദിഗംബർ കാമത്ത്, പ്രതാപ് സിങ് റാണെ, ലൂസിഞ്ഞോ ഫെലേറിയോ എന്നിവരാണു മത്സരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP