Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വാതന്ത്രാനന്തരമുള്ള രഹസ്യ രേഖകൾ പരസ്യപ്പെടുത്തണമെന്ന് ആർ എസ് എസ്: ബിജെപി സർക്കാരിന് പുതിയ തലവേദന

സ്വാതന്ത്രാനന്തരമുള്ള രഹസ്യ രേഖകൾ പരസ്യപ്പെടുത്തണമെന്ന് ആർ എസ് എസ്: ബിജെപി സർക്കാരിന് പുതിയ തലവേദന

ന്യൂദൽഹി: സർക്കാരിനെ അസ്വസ്ഥമാക്കിയേക്കാവുന്ന പുതിയ ആവശ്യവുമായി ആർ എസ് എസ് രംഗത്ത്. 1947-ന് ശേഷമുള്ള എല്ലാ രഹസ്യ ഫയലുകളും പരസ്യമാക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. സംഘപരിവാറിന്റെ ചരിത്ര വിഭാഗമായ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജനയുടെ ഓർഗനൈസിങ് സെക്രട്ടറി ബാൽമുകുന്ദ് പാണ്ഡെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. '1947-ലെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള രഹസ്യങ്ങളൊന്നും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ചരിത്രത്തിൽ നിന്ന പഠിക്കാൻ സമയമായിരിക്കുന്നു. ഇവയെല്ലാം പരസ്യപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

1962-ൽ ചൈനയോട് ഇന്ത്യ തോറ്റമ്പിയ യുദ്ധത്തിന്റെ പരാജയം വിലയിരുത്തുന്ന റിപ്പോർട്ട് പരസ്യപ്പെടുത്താൻ ബിജെപി നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ ഈയിടെ വിസമ്മതിച്ചിരുന്നു. അതേസമയം പ്രതിപക്ഷത്തിരിക്കുമ്പോൾ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയ ഈ പരാജയത്തിന്റെ കാരണങ്ങൾ ചികയുന്ന ഹെന്റേഴ്‌സൺ ബ്രൂക്‌സ്-ഭഗത് റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത് വലിയ ഒരു രഹസ്യമാണെന്നും അത് പര്യപ്പെടുത്തുന്നത് ദേശീയ താൽപര്യത്തിനെതിരാണെന്നുമാണ് പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്‌ലി ഈയിടെ പറഞ്ഞത്. 1963-ൽ സമർപ്പിക്കപ്പെട്ട ഈ റിപ്പോർട്ട് പരസ്യപ്പെടുത്താനുള്ള ആവശ്യങ്ങളെ തുടർച്ചയായി വന്ന എല്ലാ സർക്കാരുകളും വിസമ്മതിച്ചിട്ടുണ്ട്.

വിദേശ നയം സംബന്ധിച്ച രേഖകൾ മാത്രമല്ല, ആഭ്യന്തര രാഷ്ട്രീയവും നയതന്ത്രപരവുമായ എല്ലാ രേഖകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നാണ് സംഘിന്റെ നിലപാട്. എന്താണ് സംഭവിച്ചതെന്ന് നാം അറിഞ്ഞിരിക്കണമെന്ന് പാണ്ഡേ പറയുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ പുതിയ ചെയർമാനും അഖില ഭാരതീയ ഇതിഹാസ് സങ്കലൻ യോജനയുമായി ബന്ധമുള്ളയാളാണ്. ബ്രിട്ടനിൽ ഇത്തരം രഹസ്യങ്ങൾ 30 വർഷങ്ങൾക്കു ശേഷം പരസ്യപ്പെടുത്തും. അമേരിക്കയിൽ ഈ കാലപരിധി 25 വർഷമാണ്. അപൂർവം സാഹചര്യങ്ങളിൽ ചില രഹസ്യ രേഖകൾ അമേരിക്ക 50 വർഷത്തിലേറെ കാലം രഹസ്യമാക്കി തന്നെ വയ്ക്കാറുണ്ട്.

ഇന്ത്യയിൽ രഹസ്യം സൂക്ഷിക്കുന്നതിന് നിശ്ചിത കാല പരിധിയൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും 30 വർഷത്തിനു ശേഷം അത് പരസ്യപ്പെടുത്തലാണ് പതിവെന്ന് ചരിത്രകാരൻ ശ്രീനാഥ് രാഘവൻ പറയുന്നു. ഈ രേഖകൾ മന്ത്രാലയങ്ങൾ ഡിക്ലാസിഫൈ ചെയ്ത് നാഷണൽ ആർക്കൈവ്‌സിനു കൈമാറലാണ് പതിവ്. പക്ഷേ അത് പലപ്പോഴും നടക്കാറില്ലെന്നും അദ്ദേഹം പറയുന്നു. വിദേശ കാര്യ മന്ത്രാലയം ഏതാനും വർഷങ്ങളായി ഇതു ചെയ്യുന്നുണ്ട്. പക്ഷേ പ്രധാനമന്ത്രിയുടെ കാര്യാലയം, പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രാലയങ്ങൾ എന്നിവിടങ്ങിളിൽ നിന്നും ഒരു രഹസ്യവും പരസ്യപ്പെടുത്തുന്നില്ലെന്നും രാഘവൻ കൂട്ടിച്ചേർത്തു.

വിവരാവകാശ നിയമം പൗര•ാർക്ക് 20 വർഷം വരെ പഴക്കമുള്ള രേഖകൾ ലഭ്യമാക്കാൻ അനുവദിക്കുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി സർക്കാർ പലപ്പോഴും അവ വെളിപ്പെടുത്താറില്ല. അക്കാദമിക് വിദഗ്ധർ, പ്രത്യേകിച്ച് ചരിത്രകാരന്മാരും രാഷ്ട്രീയ വിദഗ്ധരും കാലങ്ങളായി രഹസ്യ ഫയലുകൾ പരസ്യപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു വരികയാണ്. അവർക്കിപ്പോൾ ആർഎസ്എസിനെ കൂടി ഈ ആവശ്യത്തിൽ പങ്കാളിയായി കിട്ടിയിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP