Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുലിനെ ഇറക്കിയുള്ള കളിയിൽ ഗുജറാത്തിൽ കോൺഗ്രസ്സിനു വന്മുന്നേറ്റം; ഏറ്റവും പുതിയ സർവേയിൽ മൂന്നുമാസംകൊണ്ട് ബിജെപി വോട്ട്‌ഷെയർ 12 ശതമാനം കുറഞ്ഞു; ഇക്കുറി ബിജെപി ജയിക്കുക കഷ്ടിച്ചെന്ന് സർവേ ഫലം

രാഹുലിനെ ഇറക്കിയുള്ള കളിയിൽ ഗുജറാത്തിൽ കോൺഗ്രസ്സിനു വന്മുന്നേറ്റം; ഏറ്റവും പുതിയ സർവേയിൽ മൂന്നുമാസംകൊണ്ട് ബിജെപി വോട്ട്‌ഷെയർ 12 ശതമാനം കുറഞ്ഞു; ഇക്കുറി ബിജെപി ജയിക്കുക കഷ്ടിച്ചെന്ന് സർവേ ഫലം

തുടർച്ചയായി ആറാമതും ഭരണം നിലനിർത്താനൊരുങ്ങുന്ന ബിജെപിക്ക് ഗുജറാത്തിൽ ഇക്കുറി ഉണ്ടാവുക തിളക്കമറ്റ ജയമെന്ന് സർവേ ഫലം. രാഹുൽ ഗാന്ധിയുടെ വരവും കോൺഗ്രസ്സിനതുണ്ടാക്കിയ മുന്നേറ്റവും ബിജെപിയുടെ വോട്ട് വിഹിതത്തിൽ 12 ശതമാനത്തോളം കുറവുണ്ടാക്കുമെന്ന് എബിപി-സിഎസ്ഡിഎസ് സർവേയിൽ പറയുന്നു. 113 മുതൽ 121 സീറ്റുവരെ ബിജെപിക്ക് ലഭിക്കുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. കോൺഗ്രസ്സിന് 58 മുതൽ 64 വരെയും.

പുത്തനുണർവോടെ രാഹുൽ നടത്തുന്ന പ്രചാരണമാണ് ഗുജറാത്തിൽ ബിജെപിക്ക് വലിയ തലവേദനയായിരിക്കുന്നത്. ഓഗസ്റ്റിൽ നടത്തിയ സർവേയെ അപേക്ഷിച്ച് വോട്ടുവിഹിതത്തിൽ വന്ന വലിയ കുറവ് ബിജെപിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. ബിജെപിക്ക് 59 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ഓഗസ്റ്റിലെ സർവേയിൽ കണ്ടതെങ്കിൽ, വോട്ട് 47 ശതമാനമായി കുറയുമെന്നാണ് പുതിയ സർവേയിലെ ഫലം. കോൺഗ്രസ്സിനാകട്ടെ, 41 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ പറയുന്നു.

ആദ്യഘട്ട സർവേ അനുസരിച്ച് ബിജെപിയും കോൺഗ്രസ്സും തമ്മിൽ 30 ശതമാനത്തിന്റെ വ്യത്യാസമുണ്ടായിരുന്നു. എന്നാലതിപ്പോൾ വെറും ആറുശതമാനമായി കുറഞ്ഞുവെന്നത് ബിജെപി ക്യാമ്പുകളെ അസ്വസ്ഥമാക്കുന്ന കണ്ടെത്തലാണ്. സൗരാഷ്ട്ര-കച്ച് മേഖലയിലും ഉത്തര ഗുജറാത്തിലുമാണ് കോൺഗ്രസ് കൂടുതൽ ആവേശത്തോടെ തലയുയർത്തുന്നത്. സൗരാഷ്ട്രയിൽ ഇരുപാർട്ടികൾക്കും 42 ശതമാനം വോട്ട് വീതം ലഭിക്കുമെന്നാണ് സർവേഫലം. ഉത്തര ഗുജറാത്തിൽ കോൺഗ്രസ് ഏഴ് ശതമാനം വോട്ടുകൾക്ക് മുന്നിലെത്തുമെന്നും. 182 അംഗ നിയമസഭയിൽ 107 സീറ്റുകൾ ഈ രണ്ട് മേഖലകളിൽനിന്നാണ്.

കോൺഗ്രസ്സിന് ക്ഷീണം വരിക മധ്യ ഗുജറാത്തിലാണ്. ബിജെപിയുടെ കോട്ടയായ ഇവിടെ 16 ശതമാനം വോട്ടുകൾക്ക് അവർ മുന്നിലാണ്. തെക്കൻ ഗുജറാത്തും ബിജെപിക്ക് അനുകൂലമായ കാറ്റാണ് വീശുന്നത്. 51 ശതമാനം പേർ ഇവിടെ ബിജെപിക്ക് വോട്ട് ചെയ്യാനാഗ്രഹിക്കുമ്പോൾ, കോൺഗ്രസ്സിനൊപ്പം 33 ശതമാനം പേർ മാത്രമേയുള്ളൂ.

തിരഞ്ഞെടുപ്പ് അടുത്തതോടെ, ബിജെപിയും കോൺഗ്രസ്സുമായി സോഷ്യൽ മീഡിയയിലെ യുദ്ധവും മുറുകുകയാണ്. പതിറ്റാണ്ടുകൾകൊണ്ട് കോൺഗ്രസ് എങ്ങനെ അഴിമതിയിൽമുങ്ങിയെന്നും ന്യൂനപക്ഷ വിരുദ്ധമായെന്നും പ്രചരിപ്പിക്കുന്ന വീഡിയോ ബിജെപി പുറത്തിറക്കിയിരുന്നു. 44 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോക്ക് ബദലായി കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം അദ്ധ്യക്ഷ ദിവ്യ സ്പന്ദന, 72 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ രംഗത്തിറക്കി. ബിജെപി പ്രവർത്തകർ നടത്തുന്ന കലാപങ്ങളും ട്രോളുകളുമാണ് ബിജെപിയുടെ ആയുധങ്ങളെന്ന് ഇതിൽ ആരോപിക്കുന്നു.

വീഡിയോകളും ഇൻഫോഗ്രാഫിക്‌സുകളും ഹാഷ്ടാഗുകളും ഉപയോഗിച്ചുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ ഇരുവിഭാഗവും നടത്തുന്നുണ്ട്. ഞാനാണ് വികസനം, ഞാനാണ് ഗുജറാത്ത് എന്ന മുദ്രാവാക്യമാണ് ബിജെപി സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്നത്. ബിജെപിയുടെ വികസനവാദങ്ങളെ ചെറുക്കുന്നതിനായി, ഹാഷ്ടാഗുകളിൽ ഊന്നിയാണ് കോൺഗ്രസ് മുന്നേറുന്നത്. സാധാരണക്കാരിലേക്ക് എത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങളും ഇരുവിഭാഗവും ഉപയോഗിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP