Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറബ് രാഷ്ട്രങ്ങളിൽ വർധിച്ചുവരുന്ന മതഭ്രാന്തിലും തീവ്രവാദത്തിലും ഭീകരതയിലും ഇന്ത്യയ്ക്ക് കടുത്ത ആശങ്കയെന്ന് സുഷമ; ഇന്ത്യയുടെ അടിസ്ഥാന മേഖലാ വികാസത്തിൽ മുതൽമുടക്കാൻ ഗൾഫ് രാഷ്ട്രങ്ങളിലെ വെൽത്ത് ഫണ്ടുകളെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി

അറബ് രാഷ്ട്രങ്ങളിൽ വർധിച്ചുവരുന്ന മതഭ്രാന്തിലും തീവ്രവാദത്തിലും ഭീകരതയിലും ഇന്ത്യയ്ക്ക് കടുത്ത ആശങ്കയെന്ന് സുഷമ; ഇന്ത്യയുടെ അടിസ്ഥാന മേഖലാ വികാസത്തിൽ മുതൽമുടക്കാൻ ഗൾഫ് രാഷ്ട്രങ്ങളിലെ വെൽത്ത് ഫണ്ടുകളെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി

വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ അക്രമങ്ങൾ വർധിക്കുന്നതായ വാർത്തകൾക്കിടയിൽ അറബ് മേഖലയിൽ മതഭ്രാന്തും തീവ്രവാദവും ഭീകരവാദവും വളർന്നുവരുന്നതിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. അത് സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നൂലിഴ പൊട്ടിക്കുന്നതായും പ്രദേശത്തെ സ്ഥിരതയെ ബാധിക്കുന്നതായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രസ്താവിച്ചു. ഗൾഫ് രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളെ പരാമർശിച്ച സുഷമ, ഇവിടങ്ങളിൽ വലിയ തോതിലുള്ള സ്വതന്ത്ര വെൽത്ത് ഫണ്ടുകളുടെ നിക്ഷേപങ്ങളെ ഇന്ത്യ നോക്കിപ്പാർക്കുകയാണെന്നും ലോകോത്തര ഇൻഫ്രാസ്ട്രക്ചറിനായുള്ള ഇന്ത്യൻ മോഹങ്ങളെ സംബന്ധിച്ച് നിർണ്ണായകമാവും ഈ നിക്ഷേപങ്ങളെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാന ദേശീയപരിഗണനയായി ഇന്ത്യ കാണുന്നത് അടിസ്ഥാനമേഖലാ വികാസവും സ്മാർട്ട് സിറ്റികളുടെ സൃഷ്ടിയുമാണ്. അറബ് നിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന വളർച്ചാമേഖലയാവും ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ മേഖലയെന്നും ആദ്യ ഇന്ത്യ - ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് മീഡിയ സിംപോസിയം ഉദ്ഘാടനം ചെയ്ത് സുഷമ പറഞ്ഞു.

അറബ് ലോകത്തിന്റെ ദീർഘകാല പങ്കാളിയെന്ന നിലയിൽ പ്രദേശത്തു വർദ്ധിച്ചുവരുന്ന മതഭ്രാന്തും തീവ്രവാദവും ഭീകരതയും സംബന്ധിച്ച് ഇന്ത്യയ്ക്ക് തീവ്രമായ ആശങ്കയുണ്ടെന്നും സുഷമാ സ്വരാജ് പറഞ്ഞു. ഗൾഫ് രാഷ്ട്രങ്ങളുടെ സ്ഥിരതയെ തന്നെ ബാധിക്കുന്ന ഈ പ്രശ്നങ്ങൾ സമൂഹത്തെ കീറിപ്പറിക്കുന്നതായും അവർ സൂചിപ്പിച്ചു. ഇരു പ്രദേശങ്ങളുടെയും ഭാഗദേയം പലവിധത്തിലും പരസ്പരം ഇഴചേർന്നുകിടക്കുന്നതിനാൽ ഈ ഉത്കണ്ഠ തികച്ചും സ്വാഭാവികമാണ്. നമ്മുടെ ദേശീയതാത്പര്യങ്ങളും ഊർജ്ജ താത്പര്യങ്ങളും തീർച്ചയായും പ്രാധാന്യമുള്ളവയാണ്. എന്നാൽ കൂടുതൽ പ്രധാനം മാനുഷിക ബന്ധമാണെന്നും സുഷമ പറഞ്ഞു. വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത സുഷമ, ഇരുവശത്തും വളർച്ചാ സാധ്യതകൾ സീമാതീതമാണെന്ന് അഭിപ്രായപ്പെട്ടു. കുവൈറ്റ്, ഖത്തർ, ബഹ്റിൻ തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങൾക്ക് കാര്യമായ തോതിൽ സ്വന്തം വെൽത്ത് ഫണ്ടുകളുണ്ട്. ഇന്ത്യയുടെ എണ്ണ, പ്രകൃതിവാതക ആവശ്യങ്ങളുടെ 60 ശതമാനവും ഗൾഫ് മേഖലയാണ് സംഭാവന ചെയ്യുന്നത്. ഗൾഫ് രാഷ്ട്രങ്ങളെ ഒരുമിച്ചെടുത്താൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ്, അവർ. 2012-13ൽ ഉഭയകക്ഷി വ്യാപാരം 180 ബില്യൻ ഡോളറിന്റേതാണ്.

തന്ത്രപരമായ പരസ്പര താത്പര്യങ്ങൾക്ക് പ്രദേശത്തെ സമാധാനവും സ്ഥിരതയും സർവ്വപ്രധാനമാണെന്ന് സുഷമ പറഞ്ഞു. അറബ് വസന്തത്തിനു ശേഷമുള്ള വികാസപരിണാമങ്ങൾ ഇന്ത്യ അടുത്തുനിന്ന് നിരീക്ഷിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. "ഇടങ്കോലിടാതെയും അനുശാസിക്കാതെയും തീർപ്പുകല്പിക്കാതെയും ഇരിക്കുക എന്ന പ്രമാണം തന്നെ മാർഗ്ഗദർശകമായി കൊണ്ടുപോവുകയാണ്, ഇന്ത്യ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ എന്തു പിന്തുണയും നൽകാൻ ഇന്ത്യ എപ്പോഴും തയ്യാറാണ് എങ്കിലും പുറത്തുനിന്നുള്ള ഇടപെടലും അടിച്ചേല്പിക്കപ്പെടുന്ന തീരുമാനങ്ങളും കൂസാതെ തങ്ങളുടെ ഭാഗധേയം നിശ്ചയിക്കേണ്ടത് അറബ് രാഷ്ട്രങ്ങൾ തന്നെയാണെന്നു ശക്തമായി വിശ്വസിക്കുന്നു," സുഷമ പറഞ്ഞു.

ഇസ്രയേൽ - ഗസ്സാ സംഘർഷത്തോടുള്ള ഇന്ത്യയുടെ പ്രതികരണം സംബന്ധിച്ച പരസ്പരം പൊരുത്തമില്ലാത്ത വ്യാഖ്യാനങ്ങൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതായും എന്നാൽ ഇത്തരം സംവേദക്ഷമമായ വിഷയങ്ങളിൽ അത്തരം കുഴമറിച്ചിലിനോ തെറ്റിദ്ധാരണകൾക്കോ ഇടമുണ്ടായിക്കൂടെന്നും സുഷമ പറഞ്ഞു. ഇസ്രയേലുമായി നല്ല ബന്ധം തുടരുമ്പോൾ തന്നെ, ഫലസ്തീന് ശക്തമായ പിന്തുണ നൽകുന്ന ഇന്ത്യയുടെ നയത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഗസ്സയിൽ വലിയ തോതിൽ സാധാരണ പൗരന്മാർ കൊല ചെയ്യപ്പെട്ടതിൽ ഇന്ത്യയ്ക്ക് തീവ്രമായ ഉത്കണ്ഠയുണ്ട്. പരമാവധി സംയമനം പാലിക്കാനും സർവ്വസമ്മതമായ പരിഹാരമാർഗ്ഗം കണ്ടെത്താനും ഇന്ത്യ ഇരുഭാഗത്തോടും അഭ്യർത്ഥിച്ചിരുന്നു. രാഷ്ട്രാന്തരതലത്തിലും പ്രാദേശിക തലത്തിലും ഉഭയകക്ഷി തലത്തിലും ഫലസ്തീന് ശക്തമായ രാഷ്ട്രീയ പിന്തുണ നൽകുന്നതിനു പുറമേ, ഫലസ്തീനും അവിടുത്തെ ജനങ്ങൾക്കും സാമ്പത്തികവും വികസനപരവും ബജറ്ററിയുമായ പിന്തുണയും ഇന്ത്യ നൽകുന്നതായും അവർ പറഞ്ഞു. വെല്ലുവിളികളുടെയും തുടരുന്ന മാറ്റങ്ങളുടെയും ഈ കാലത്ത് സൃഷ്ടിപരമായ പരസ്പരസംഭാഷണങ്ങളുടെ മൂല്യം വളരെയേറയാണെന്നും സുഷമ കൂട്ടിച്ചേർത്തു. ഇറാഖ്, ഈജിപ്ത്, ബഹറിൻ, ഖത്തർ, കുവൈറ്റ്, ലെബനോൻ, ഫലസ്തീൻ എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സിംപോസിയത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP