Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിചേർക്കേണ്ടെന്ന് നിയമോപദേശം; ടൈറ്റാനിയം അഴിമതിക്കേസ്സിൽ ഉത്തരവാദിത്തം മുഴുവൻ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കും

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിചേർക്കേണ്ടെന്ന് നിയമോപദേശം; ടൈറ്റാനിയം അഴിമതിക്കേസ്സിൽ ഉത്തരവാദിത്തം മുഴുവൻ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമെന്ന് കരുതിയ ടൈറ്റാനിയം അഴിമതിക്കേസ് ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരെ പ്രതികളാക്കേണ്ടെന്ന് വിജിലൻസിന് നിയമോപദേശം ലഭിച്ചതോടെ, 258 കോടി രൂപയുടെ അഴിമതിക്കേസിന്റെ പാപഭാരം മുഴുവൻ ഉദ്യോഗസ്ഥരുടെ തലയിലാകുമെന്നുറപ്പായി.

മലിനീകരണ നിയന്ത്രണ പദ്ധതിയുണ്ടാക്കുകയും വിദേശകരാർ വിളിക്കാനും നടത്തിപ്പിനും മെക്കോൺ കമ്പനിക്ക് പവർ ഓഫ് അറ്റോർണി നൽകുകയും ചെയ്ത കമ്പനി ചെയർമാൻ, മാനേജിങ് ഡയറക്ടർ, ഡയറക്ടർ ബോർഡംഗങ്ങൾ, മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ, മെക്കോൺ കമ്പനി ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെയാകും കേസിൽ പ്രതിചേർക്കും.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന നിയമോപദേശം വിജിലൻസ് എ.ഡി.ജി.പി വിൻസൻ എം.പോളിന് രണ്ടുദിവസത്തിനകം സമർപ്പിക്കും. മുഖ്യമന്ത്രിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന് വിജിലൻസ് പ്രത്യേക ജഡ്ജി ജോൺ കെ. ഇല്ലിക്കാടന്റെ വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിമാരടക്കമുള്ളവരെ പ്രതിചേർക്കാനും നിർദേശിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, ഒരിക്കൽക്കൂടി അന്വേഷണം നടത്തി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരെ പ്രതിചേർക്കുന്ന കാര്യം ആലോചിച്ചാൽ മതിയെന്നാണ് നിയമോപദേശം. പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഉപദേശമുണ്ട്.

കമ്പനി 15.50 കോടി രൂപ നഷ്ടത്തിലായിരിക്കേയാണ് പ്രതിവർഷം 45 കോടി പ്രവർത്തനച്ചെലവ് വരുന്ന മെക്കോണിന്റെ മലിനീകരണ നിയന്ത്രണ പദ്ധതിക്ക് ഡയറക്ടർബോർഡ് അനുമതി നൽകിയത്. മുൻ ചെയർമാൻ ടി.ബാലകൃഷ്ണൻ, മുൻ എം.ഡി ഈപ്പൻ ജോസഫ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരെ പ്രതികളാക്കി അന്വേഷണം നടത്താനാണ് വിജിലൻസ് അഡീഷണൽ പ്രോസിക്യൂഷൻസ് ഡയറക്ടർ ശശീന്ദ്രൻ നിയമോപദേശം നൽകിയിട്ടുള്ളത്. മുൻ ചെയർമാന്റേയും ഡയറക്ടർ ബോർഡിന്റേയും കമ്പനി പ്രതിനിധികളുടേയും പലനീക്കങ്ങളും ദുരൂഹമാണ്. മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ സ്വീകരിച്ച നിലപാടുകളും ഇതുപോലെ തന്നെ. ഈ സാഹചര്യത്തിൽ ഇവർക്കെതിരേ കേസെടുത്ത് ആഴത്തിലുള്ള അന്വേഷണം നടത്താം.

പദ്ധതി നടപ്പാക്കണമെന്ന് സുപ്രീം കോടതി സമിതി അദ്ധ്യക്ഷൻ ഡോ.ജി. ത്യാഗരാജന് കത്തെഴുതിയതിന്റെ പേരിൽ മുഖ്യമന്ത്രി ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കരുതാനാവില്ലെന്ന് കോടതി വിധിച്ചിരുന്നു. മറ്റു രണ്ടു മന്ത്രിമാരുടെ കാര്യവും ഇതുപോലെ തന്നെ. ഗൂഢാലോചനയിൽ പങ്കാളിയല്ലെന്നു കോടതിതന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് മുഖ്യമന്ത്രിയെ എങ്ങനെ പ്രതിചേർക്കുമെന്ന ആശയക്കുഴപ്പമാണു വിജിലൻസ് വകുപ്പിനെ ഉലച്ചത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കേസുമായി ബന്ധപ്പെടുത്താൻ വിജിലൻസിന്റെ പക്കൽ തെളിവുകളില്ല.

ഡി.ഡി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുക എന്ന മാർഗമാണു തൽകാലം വിജിലൻസിനു മുന്നിലുള്ളത്. ഇക്കാര്യം വിജിലൻസ് ഡയറക്ടർ ആഭ്യന്തരമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു. അന്വേഷണച്ചുമതല താൻ ഏറ്റെടുക്കണമെങ്കിൽ നിയമോപദേശത്തിന്റെ പിൻബലം കൂടിയേതീരൂവെന്ന് വിൻസൻ എം. പോൾ നിലപാടെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP