Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്തു ലീഗിന് മുമ്പിലും പാലായിൽ മാണിക്ക് മുമ്പിലും ഇക്കറിയും കോൺഗ്രസിന് കീഴടങ്ങേണ്ടി വരുമോ? മുന്നണിക്ക് പ്രസക്തിയില്ലാത്ത രണ്ടിടങ്ങളിലും കോൺഗ്രസുകാരുടെ രോഷം തിളയ്ക്കുന്നു

മലപ്പുറത്തു ലീഗിന് മുമ്പിലും പാലായിൽ മാണിക്ക് മുമ്പിലും ഇക്കറിയും കോൺഗ്രസിന് കീഴടങ്ങേണ്ടി വരുമോ? മുന്നണിക്ക് പ്രസക്തിയില്ലാത്ത രണ്ടിടങ്ങളിലും കോൺഗ്രസുകാരുടെ രോഷം തിളയ്ക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം യുഡിഎഫിനെ പുതിയ പ്രതിസന്ധിയിൽ എത്തിക്കുന്നു. മലപ്പൂറത്തും കോട്ടയത്തും മുസ്ലിം ലീഗും കേരളാ കോൺഗ്രസും വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. യുഡിഎഫ് സംവിധാനത്തെ അംഗീകരിക്കാത്ത ഈ രണ്ട് പാർട്ടികൾക്കും തിരിച്ചടി നൽകാൻ ഒരുങ്ങുകയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം. ഈ മേഖലകളിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥികളേയും നിർത്തും. സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കി കോൺഗ്രസിനെ തർക്കാൻ മലപ്പുറത്ത് മുസ്ലിം ലീഗ് ശ്രമിക്കുന്നുവെന്നാണ് പരാതി. ഈ സാഹചര്യത്തിൽ ലീഗിനെ എന്തിന് പിന്തുണയ്ക്കുന്നുവെന്ന ചോദ്യം പോലും ചിലർ ഉയർത്തുന്നു.

മലപ്പുറത്ത് കോൺഗ്രസ് മുസ്ലിംലീഗ് പോര് തീർക്കാൻ നിയോഗിക്കപ്പെട്ട നാലംഗസമിതി സമവായമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെ കൂടുതൽ പഞ്ചായത്തുകളിലേക്ക് പോര് വ്യാപിക്കുമെന്ന അവസ്ഥയായി. നാളെ നടക്കുന്ന യു.ഡി.എഫ് ജില്ലാ യോഗത്തിലാണ് ഇനി ഒത്തു തീർപ്പ് ശ്രമം നടക്കുക. അതിൽ തീരുമാനമുണ്ടായില്ലെങ്കിൽ തർക്കപ്രദേശങ്ങളിൽ കോൺഗ്രസും ലീഗും നേർക്കുനേർ ഏറ്റുമുട്ടും. ഇത് മുന്നണിയുടെ സാധ്യതകളേയും ബാധിക്കും. അതിനിടെ പ്രാദേശീക തലത്തിൽ സിപിഎമ്മുമായി സഖ്യമുണ്ടാക്കാൻ ലീഗ് ശ്രമിക്കുന്നതും പ്രശ്‌നമാണ്. ഒമ്പത് പഞ്ചായത്തുകളിലെ പ്രശ്‌നങ്ങളുള്ളൂ എന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ വാദം. 20 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും പ്രശ്‌നമുണ്ടെന്നതാണ് വസ്തുത.

പുതുതായി രൂപീകരിച്ച പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് വിമതർ മുസ്ലിംലീഗിനെതിരെ ഇടതുമായി സഹകരിച്ച് സ്ഥാനാർത്ഥികളെ നിറുത്തും. ഈ സാഹചര്യം മുസ്ലിംലീഗും ഉയർത്തിക്കാട്ടുന്നു. കോൺഗ്രസ്-സിപിഐ(എം) സഹകരണമാണ് ഇതെന്നാണ് ലീഗ് പറയുന്നത്. എന്നാൽ വിമതരെയെല്ലാം പുറത്താക്കുമെന്നാണ് ഈ വിവാദത്തോട് കോൺഗ്രസ് പ്രതികരിക്കുന്നത്. എന്നാൽ സിപിഎമ്മുമായി സഹകരിക്കുന്നത് ലീഗ് ഔദ്യോഗിക തലത്തിലാണെന്നും കോൺഗ്രസുകാർ പറയുന്നു. അതിനിടെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലും ഇന്നലെ പോര് തുടങ്ങി. നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന മഞ്ചേരി മുനിസിപ്പാലിറ്റിയിൽ കൂടുതൽ സീറ്റ് വേണമെന്ന കോൺഗ്രസിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതോടെ ഇവിടെയും ചർച്ച അലസി. മൂത്തേടം, എടപ്പറ്റ, പൊന്മുണ്ട പഞ്ചായത്തുകളിൽ തനിച്ച് മത്സരിക്കാൻ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പച്ചക്കൊടി വീശി.

കോട്ടയത്തും സമാനമാണ് അവസ്ഥ. കേരളാ കോൺഗ്രസ് എമ്മിന് മേൽക്കൈയുള്ള പാലാ നഗരസഭയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് എത്തിയതോടെ സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നു. 12 സീറ്റുകൾ വേണമെന്ന് കോൺഗ്രസ് വാദിക്കുമ്പോൾ കേരളാ കോൺഗ്രസ് അതിന് തയ്യാറാകുന്നില്ല. പിസി ജോർജിന്റെ അനുയായികൾ മത്സരിച്ച സീറ്റുകളാണ് കോൺഗ്രസ് അധികമായി ചോദിക്കുന്നത്. ന്നലെ പാലാ ടി.ബിയിൽ ഇരുകൂട്ടരും നടത്തിയ സമവായ ചർച്ചയും ഫലം കാണാതായതോടെ ഉന്നത നേതൃത്വം ഇടെപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന വികാരമാണ് അണികൾക്കുള്ളത്.

26 സീറ്റുകളുള്ള പാലാ നഗരസഭയിൽ 15 കൗൺസിലർമാരും കേരളാകോൺഗ്രസിന്റേതാണ്. കഴിഞ്ഞ തവണ 16 സീറ്റുകളിൽ മത്സരിച്ച കേരളാകോൺഗ്രസ് 15 സീറ്റുകളിലും ജയിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ തവണ ഏഴ് സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിനാവട്ടെ 5 സീറ്റുകളിൽ മാത്രമേ ജയിക്കാൻ കഴിഞ്ഞുള്ളൂ. തങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള പാലാ നഗരസഭയിൽ കോൺഗ്രസിന് വഴങ്ങേണ്ടതില്ലെന്നാണ് കേരളാ കോൺഗ്രസിന്റെ തീരുമാനം. അതുകൊണ്ടു തന്നെ ഇത്തവണ അഞ്ച് സീറ്റുകൾമാത്രം കോൺഗ്രസിന് നൽകിയാൽ മതിയെന്ന നിലപാടാണ് കേരളാ കോൺഗ്രസിനുള്ളത്. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിക്കുന്നത്. ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ പറയുന്നത്.

ഇതോടെ കോൺഗ്രസ് സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായി. മുസ്ലിം ലീഗിനേയും കേരളാ കോൺഗ്രസിനേയും പിണക്കാൻ അവർ തയ്യാറാകില്ല. അതുകൊണ്ട് തന്നെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം അംഗീകരിക്കപ്പെടില്ല. കോട്ടയത്ത് കോൺഗ്രസ് വിമതന്മാരുടെ രൂപത്തിൽ നിരവധി സ്ഥാനാർത്ഥികൾ അവതരിക്കാനാണ് സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP