Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയ്യപ്പസേവാസംഘം ആർഎസ്എസിന്റെ പോഷകസംഘടനയാണെന്ന കോടിയേരിയുടെ പരാമർശം: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനെ വർഗീയവൽകരിക്കാനും ധ്രുവീകരണമുണ്ടാക്കാനും; വിലകുറഞ്ഞ തന്ത്രം സിപിഎമ്മിന്റെ പരാജയഭീതിയിൽ നിന്നെന്ന് ഉമ്മൻ ചാണ്ടി

അയ്യപ്പസേവാസംഘം ആർഎസ്എസിന്റെ പോഷകസംഘടനയാണെന്ന കോടിയേരിയുടെ പരാമർശം: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനെ വർഗീയവൽകരിക്കാനും ധ്രുവീകരണമുണ്ടാക്കാനും; വിലകുറഞ്ഞ തന്ത്രം സിപിഎമ്മിന്റെ പരാജയഭീതിയിൽ നിന്നെന്ന് ഉമ്മൻ ചാണ്ടി

പീയൂഷ് ആർ

ചെങ്ങന്നൂർ : ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ വർഗീയവൽക്കരിക്കാനും ജനങ്ങളിൽ വർഗീയ ധ്രുവീകരണം നടത്താനും സിപിഎം ശ്രമിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.അഖില ഭാരത അയ്യപ്പസേവാസംഘം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്നും ഇതിലെ ഭാരവാഹിയായതിനാലാണ് യുഡിഎഫ് അഡ്വ.ഡി.വിജയകുമാറിന് സീറ്റ് നൽകിയതെന്നും ഉള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനം പരാജയഭീതിയിൽ നിന്നുമുണ്ടായതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അയ്യപ്പ സേവാസംഘം വർഗ്ഗീയ സംഘടനയല്ല.അത് ഒരു സേവന സന്നദ്ധ സംഘടനയാണ്. അയ്യപ്പ സേവാസംഘത്തെ ആർഎസ്എസുമായി ബന്ധപ്പെടുത്തി കോടിയേരി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിക്കുന്നുവെന്നും പ്രസ്താവന പിൻവലിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കാവി ഉടുക്കുന്നവരും ചന്ദനക്കുറി ഇടുന്നവരും അമ്പലത്തിൽ പോകുന്നവരുമെല്ലാം ആർഎസ്എസ് ആണെന്നു പറഞ്ഞാൽ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് രംഗത്ത് സിപിഎം ഒരിക്കലും ഉപയോഗിക്കാത്ത തന്ത്രമാണ് ചെങ്ങന്നൂരിൽ പ്രയോഗിച്ചിരിക്കുന്നത്. വിഭാഗീയത സൃഷ്ടിച്ച് വോട്ടു തട്ടാൻ ആർഎസ്എസും ബിജെപിയും നടത്തുന്ന അതേ നീക്കം തന്നെയാണ് ഇപ്പോൾ സിപിഎമ്മും നടത്തിയിരിക്കുന്നത്. വിജയകുമാർ ഒരു മത സംഘടനയുമായി ബന്ധപ്പെട്ട ആളല്ല.

പതിറ്റാണ്ടുകളായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന വിജയകുമാറിനെ ജനങ്ങൾക്കറിയാം. ഇത്തരം പ്രചരണത്തിലൂടെ യുഡിഎഫിന്റെ ഒരു വോട്ട് പോലും കുറയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ രാഷ്ട്രീയ നേട്ടങ്ങളോ ഭരണനേട്ടങ്ങളോ ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത്.  പ്രചരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ പരാജയം നേരിടുമെന്ന പരിഭ്രാന്ത്ിയിലാണ് സിപിഎം. പ്രചരണത്തിന്റെ ആദ്യ റൗണ്ടിൽ തന്നെ ബിജിപി താഴെ പോന്നു. എന്നാൽ ബിജെപി മുന്നേറുകയാണെന്ന ഭീതി ജനങ്ങൾക്കിടയിൽ പരത്തി വോട്ട് തട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെ യുഡിഎഫ് ശക്തമായി നേരിടും.

വിജയകുമാറിനെ കുറിച്ചുള്ള പരാമർശം ആരും വിശ്വസിക്കില്ല. ഇത് സിപിഎമ്മിന് തിരിച്ചടിയാകും. ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒരിടത്തും ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞിട്ടില്ല. വി എസ് മാത്രമാണ് ഭരണത്തിന്റെ വിലയിരുത്തലെന്ന് പറഞ്ഞിട്ടുള്ളത്. പാർട്ടിക്കും മുഖ്യമന്ത്രിക്കും ഈ അഭിപ്രായം തന്നെയാണോ എന്നറിയാൻ ആഗ്രഹമുണ്ടെന്നും ദേശാഭിമാനിയിൽ കോടിയേരി എഴുതിയ ലേഖനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശൻ, എൻ.കെ പ്രേമചന്ദ്രൻ എംപി, കെസി ജോസഫ് എംഎൽഎ, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എബി കുര്യാക്കോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP