Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടകാക്കാൻ ഖാദർ പടയോട്ടം തുടങ്ങി; പാർട്ടി ചിഹ്നത്തിൽ മണ്ഡലത്തെ ചുവപ്പിക്കാൻ ബിഷീറും; ലീഗ് കോട്ടയിലെ പോരിന് ശോഭാ സുരേന്ദ്രന് താൽപ്പര്യക്കുറവും; വിവാദങ്ങൾ വോട്ടാകുമെന്ന് വിലയിരുത്തി എസ് ഡി പി ഐയും: വേങ്ങരയിൽ പ്രചരണ ചൂടുയരുന്നു; പ്രതീക്ഷകൾ കൈവിടാതെ ഇടതു വലതു മുന്നണികൾ

കോട്ടകാക്കാൻ ഖാദർ പടയോട്ടം തുടങ്ങി; പാർട്ടി ചിഹ്നത്തിൽ മണ്ഡലത്തെ ചുവപ്പിക്കാൻ ബിഷീറും; ലീഗ് കോട്ടയിലെ പോരിന് ശോഭാ സുരേന്ദ്രന് താൽപ്പര്യക്കുറവും; വിവാദങ്ങൾ വോട്ടാകുമെന്ന് വിലയിരുത്തി എസ് ഡി പി ഐയും: വേങ്ങരയിൽ പ്രചരണ ചൂടുയരുന്നു; പ്രതീക്ഷകൾ കൈവിടാതെ ഇടതു വലതു മുന്നണികൾ

എംപി റാഫി

മലപ്പുറം: ഇടത്, വലത് മുന്നണികളുടെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചാരണവും ചൂടുപിടിക്കുകയാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സിപിഐ.എം നേതാവ് പി.പി. ബഷീറാണ് വീണ്ടും മത്സരിക്കുന്നത്. ഞായറാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം അംഗീകരിച്ചായിരുന്നു ബഷീറിനെ തീരുമാനിച്ചത്.

മമ്പുറം സ്വദേശിയായ പി.പി. ബഷീർ എസ്.എഫ്.ഐ.യിലൂടെയും ഡിവൈഎഫ്ഐ.യിലൂടെയുമാണ് സിപിഎമ്മിലെത്തിയത്. നിലവിൽ സി.പി.എം. തിരൂരങ്ങാടി ഏരിയാക്കമ്മിറ്റി അംഗമാണ്. 2016-ലെ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിച്ചപ്പോൾ ബഷീറിന് മുൻതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുമുന്നണിയുടെ വോട്ട് വർധിപ്പിക്കാനായി. ഇക്കുറി കുഞ്ഞാലിക്കുട്ടിയല്ല എതിരാളിയെന്നതും വോട്ടർമാർക്ക് പരിചിതനായ സ്ഥാനാർത്ഥിയാണെന്നതും കൂടുതൽ മെച്ചപ്പെട്ട പ്രകടനംനടത്താൻ ബഷീറിനെ സഹായിക്കുമെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

ചർച്ചകൾക്കും ആലോചനകൾക്കും ഒടുവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദറിനെ ഇന്നലെയാണ് മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചത്. ഇതോടെ മണ്ഡലത്തിലെ പ്രധാന സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. യോഗ്യരുടെയും നേതാക്കളുടെയും നീണ്ട നിരയായിരുന്നു മുസ്സീം ലീഗിനെ സ്ഥാനാർത്ഥി പ്രഖ്യാപനം കുഴക്കിയതെങ്കിൽ സി പി എമ്മിന് മികച്ച സ്ഥാനാർത്ഥികളെ കിട്ടാത്ത പരിമിതിയുമായിരുന്നു. സ്വതന്ത്രനെ ഇറക്കാനായിരുന്നു സി.പി.എം നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ പൊതുസമ്മതിതരായ സ്ഥാനാർത്ഥികളെ കിട്ടാതിരുന്നത് ബഷീറിന് വീണ്ടും നറുക്ക് വീഴുകയായിരുന്നു. ഇരു മുന്നണികൾക്കും പുറമെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഡ്വ.കെ.സി നസീറും നേരത്തേ മത്സര രംഗത്ത് ചുവടുറപ്പിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ശോഭാ സുരേന്ദ്രനെ പരിഗണിച്ചിരുന്നെങ്കിലും ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ ജനചന്ദ്രനാണ് സാധ്യത. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

മുസ്ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് വേങ്ങര. മണ്ഡലം രൂപീകരിച്ച ശേഷമുള്ള കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2006 ലെ കുറ്റിപ്പുറത്തെ തോൽവിക്ക് ശേഷം വലിയ വിജയം നൽകി കുഞ്ഞാലിക്കുട്ടിയെ കരകയറ്റിയത് വേങ്ങരയായിരുന്നു. 2011 ൽ വേങ്ങരയിലെ ആദ്യ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റിൽ ഐ.എൻ.എല്ലിനായിരുന്നു മത്സരിച്ചത്. കഴിഞ്ഞ തവണ സി.പി.എം പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിച്ചു.

പറപ്പൂർ, ഊരകം, കണ്ണമംഗലം, എ.ആർ നഗർ, വേങ്ങര, ഒതുക്കുങ്ങൽ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് വേങ്ങര മണ്ഡലം. നിലവിൽ 1.55 ലക്ഷം വോട്ടർമാരാണുള്ളത്. മണ്ഡലത്തിലെ പകുതി പഞ്ചായത്തുകളിലും ലീഗ്, കോൺഗ്രസ് പ്രശ്‌നം നിലനിൽക്കുന്നു. ചിലയിടങ്ങളിൽ യു.ഡി.എഫ് നേതാക്കൾ ഇടപെട്ട് ഈയിടെ പ്രശ്‌ന പരിഹാരശ്രമം നടത്തിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഊരകം, എ.ആർ നഗർ, ഒതുക്കുങ്ങൽ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നണിയുണ്ടായിരുന്നത്. മറ്റ് മൂന്ന് പഞ്ചായത്തുകളിലും ലീഗും കോൺഗ്രസിൽ നിന്നും ഒരു വിഭാഗവും ചേർന്ന് തട്ടിക്കൂട്ടിയ യു.ഡി.എഫും കോൺഗ്രസിലെ ഭൂരിപക്ഷ വിഭാഗവും ഇടതുപക്ഷവും ഉൾകൊള്ളുന്ന പ്രാദേശിക മുന്നണിയും ചേർന്നായിരുന്നു മത്സരിച്ചത്. ഈ സഖ്യം പറപ്പൂർ പഞ്ചായത്തിൽ ലീഗിനെ പ്രതിപക്ഷത്തിരുത്തി. വേങ്ങരയിലും കണ്ണമംഗലത്തും ജനകീയ മുന്നണി ചലനങ്ങളുണ്ടാക്കി. ഈയിടെ നടന്ന പഞ്ചായത്ത് ഉപതെരഞ്ഞടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സംവിധാനം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ഭിന്നിപ്പ് പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. അതേ സമയം കഴിഞ്ഞ കാലങ്ങളിലെ വലിയ ഭൂരിപക്ഷമാണ് ലീഗിന് ആത്മവിശ്വാസം നൽകുന്നത്.

2016ൽ 38,057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ തെരഞ്ഞെടുക്കപ്പെട്ടത്. 2017 ഏപ്രിൽ നടന്ന ലേക്‌സഭാ തെരഞ്ഞെടുപ്പിൽ 40,500 ൽ അധികം വോട്ട് കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് ഭൂരിപക്ഷം നേടിയിരുന്നു. 2016ൽ കക്ഷികൾ നേടിയ വോട്ടു നില ഇങ്ങനെ: യു.ഡി.എഫ് - 72,181, എൽ.ഡി.എഫ് - 34,124, ബിജെപി- 7055, എസ്.ഡി.പി.ഐ-3049, വെൽഫെയർ പാർട്ടി - 1864, പി ഡി പി - 1472, നോട്ട - 531.

അടുത്ത മാസം (ഒക്ടോബർ ) പതിനൊന്നിനാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ്. ചെറുതും വലുതുമായ കക്ഷികൾ പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പി.കെ കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. ഒക്ടോബർ 15 നാണ് വോട്ടെണ്ണൽ.നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 22 ആണ്. 25 നാണ് സൂക്ഷ്മ പരിശോധന. 27 വരെ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാം. വോട്ടുചെയ്തത് ആർക്കാണെന്ന് വോട്ടർക്ക് കാണാൻ സാധിക്കുന്ന സ്ലിപ്പ് ലഭിക്കുന്ന വി.വി പാറ്റ് സംവിധാനം തിരഞ്ഞെടുപ്പിൽ ഇത്തവണയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP