Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് വട്ടം വിജയിച്ച സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാൻ വയ്യെന്ന് ആർഎസ് പി; സ്ഥിരമായി മത്സരിക്കുന്ന സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ലീഗും; യുഡിഎഫിന് ഏറ്റവും തലവേദനയാവുക ഇരവിപുരം തന്നെ; അവസരം മുതലെടുക്കാൻ പിള്ളയെ തന്നെ ഇറക്കാൻ ആലോചിച്ച് ഇടത് മുന്നണിയും

നാല് വട്ടം വിജയിച്ച സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാൻ വയ്യെന്ന് ആർഎസ് പി; സ്ഥിരമായി മത്സരിക്കുന്ന സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ലീഗും; യുഡിഎഫിന് ഏറ്റവും തലവേദനയാവുക ഇരവിപുരം തന്നെ; അവസരം മുതലെടുക്കാൻ പിള്ളയെ തന്നെ ഇറക്കാൻ ആലോചിച്ച് ഇടത് മുന്നണിയും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടും കൈയും നീട്ടിയാണ് ആർഎസ്‌പിയെ യുഡിഎഫ് കൈപിടിച്ച് സ്വീകരിച്ചത്. കൊല്ലം സീറ്റ് നൽകി എൻകെ പ്രേമചന്ദ്രനെ എംപിയുമാക്കി. കൊല്ലത്തെ വിജയത്തിന് കാരണം ആർഎസ്‌പി സാന്നിധ്യമാണെന്ന് യുഡിഎഫ് വിലയിരുത്തുകയും ചെയ്തു. സിറ്റിങ് എംപിയായ പീതാംബര കുറുപ്പിനെ മാറ്റിയാണ് കോൺഗ്രസ് മുന്നണിക്ക് കരുത്തു പകരാൻ പ്രേമചന്ദ്രനെ എംപിയാക്കിയത്. എന്നാൽ കൊല്ലം ഇരവിപുരത്തെ നിയമസഭാ സീറ്റിൽ ഈ മാതൃക ആവർത്തിക്കാൻ മുസ്ലിം ലീഗ് തയ്യാറല്ല. ഇരവിപുരത്തെ സിറ്റിങ് എംഎൽഎ ആർഎസ്‌പിയുടെ സെക്രട്ടറി കൂടിയായ എഎ അസീസാണ്. അതുകൊണ്ട് തന്നെ ഈ സീറ്റിനായുള്ള അവകാശ വാദം ന്യായമാണ്.

എന്നാൽ ഇതൊന്നും അംഗീകരിക്കാൻ മുസ്ലിം ലീഗ് തയ്യാറല്ല. അസീസ് സ്ഥിരമായി മത്സരിച്ച് ജയിക്കുന്ന ഇരവിപൂരം വിട്ട് നൽകില്ലെന്നാണ് ലീഗിന്റെ കൊല്ലം ജില്ലാ കമ്മറ്റിയുടെ വാദം. സീറ്റ് കിട്ടിയില്ലെങ്കിൽ വിമതനെ നിർത്തുമെന്നും പറയുന്നു. മന്ത്രിപദമോഹമുള്ള മലബാർ നേതാക്കളാണ് ഇരവിപുരത്തെ സീറ്റ് ആർഎസ്‌പിക്ക് നൽകാനുള്ള നീക്കത്തിന് പിന്നിലെന്നും ജില്ലാ നേതൃത്വം പറയുന്നു. 1980 മുതൽ തങ്ങൾ മത്സരിക്കുന്ന ഈ സീറ്റ് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ് ജില്ലാ നേതൃത്വം. 1996 മുതൽ തുടർച്ചായി വിജയിക്കുന്ന ഈ സീറ്റ് വിട്ടുനൽകാനാവില്ലെന്ന് വാശിയിൽ ആർ.എസ്‌പിയും ഉറച്ചുനിൽക്കുന്നു. ഇരവിപുരം ആർ.എസ്‌പിക്ക് നൽകുന്നതിനോടാണ് കോൺഗ്രസ് നേതൃത്വത്തിനും താൽപര്യം.

ഇരവിപുരത്ത് സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് എ.യൂനൂസ് കുഞ്ഞിനെയും ലീഗ് ജില്ലാക്കമറ്റി തീരുമാനിച്ചു. ഇനി സംസ്ഥാന നേതൃത്വത്തിന്റെ അനുമതി മാത്രം ലഭിച്ചാൽ മതി. 1980ൽ കോൺഗ്രസിന് വിട്ടു നൽകിയ ചടയമംഗലത്തിന് പകരം സീറ്റ് കിട്ടിയിട്ടില്ല. തിരുവനന്തപുരത്തും ഈ അനുഭവം ഉണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വീട്ടുവീഴ്ചയ്ക്ക് തയ്യാറായി. പക്ഷേ ലീഗ് സ്ഥാനാർത്ഥികളെയെല്ലാം ആർ.എസ്‌പിയും കോൺഗ്രസും കാലുവാരി. ഇനി വിട്ടുവീഴ്ചയ്ക്കില്ല. ചടയമംഗലം സീറ്റ് തരാമെന്ന് പറയുന്നുണ്ട്. പക്ഷേ അവിടെ മത്സരിച്ചാൽ രാവിലെ തന്നെ തോറ്റുപോകുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് എ.യൂനുസ് കുഞ്ഞ് പറയുന്നു. എന്നാൽ ഇരവിപുരം ആർ.എസ്‌പിക്ക് നൽകി കരുനാഗപ്പള്ളി വാങ്ങാനാണ് മുസ്ലിം സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. എന്നാൽ വിട്ടുവീഴ്ചയ്ക്ക് ജില്ലാ കമ്മറ്റി തയ്യാറുമല്ല.

ഈ സാഹചര്യം മുതലെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഇരവിപുരത്ത് മത്സരിക്കാൻ ആർ ബാലകൃഷ്ണ പിള്ള തയ്യാറാണ്. ഈ സാഹചര്യത്തിൽ പിള്ളയ്ക്ക് സീറ്റ് നൽകാനാണ് നീക്കം. ഇതിലൂടെ പിള്ളയ്ക്കും ഗണേശിനും സീറ്റ് നൽകിയെന്ന് വരുത്തുകയും ചെയ്യാം. ഇരവിപുരത്തെ നായർ വോട്ടുകൾ അനുകൂലമാക്കാൻ പിള്ളയിലൂടെ കഴിയുമെന്നാണ് സിപിഐ(എം) നിലപാട്. മുസ്ലിം സമുദായവും പിള്ളയെ പിന്തുണയ്ക്കും. പിഡിപി അടക്കമുള്ള പാർട്ടികളുമായി പിള്ളയ്ക്ക് നല്ല ബന്ധമുണ്ട്. എന്നാൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പിള്ളയെ മത്സരിപ്പിക്കുന്നതിനെ വി എസ് അച്യുതാനന്ദൻ എങ്ങനെ എടുക്കുമെന്ന ചിന്ത നേതൃത്വത്തെ അലട്ടുന്നുണ്ട്. വി എസ് നിശബ്ദനായാൽ ഇരവിപുരത്ത് പിള്ള ഇടത് സ്ഥാനാർത്ഥിയാകും. പിള്ളയ്ക്ക് ഇരവിപുരത്ത് ഉറപ്പായും ജയിക്കാൻ കഴിയുമെന്നാണ് കേരളാ കോൺഗ്രസ് ബിയുടേയും നിലപാട്.

യുഡിഎഫിൽ നിൽക്കുമ്പോൾ പിള്ളയ്ക്ക് രണ്ട് സീറ്റുകളുണ്ടായിരുന്നു കൊട്ടാരക്കരയും പത്തനാപുരവും. ഇതിൽ കൊട്ടാരക്കരയിലാണ് സ്ഥിരമായി പിള്ള മത്സരിച്ച് പോന്നത്. എന്നാൽ പിള്ളയെ തോൽപ്പിച്ച് അയിഷാ പോറ്റി സീറ്റ് ഇടതുപക്ഷത്ത് എത്തിച്ചു. രണ്ട് തവണ സിപിഐ(എം) തുടർച്ചയായി മത്സരിച്ച സീറ്റ് പിള്ള ചോദിക്കുന്നുമില്ല. എന്നാൽ കൊല്ലം ജില്ലയിൽ എവിടെയെങ്കിലും ഒരു സീറ്റ് കൂടി ചോദിച്ചു. ചവറയും ഇരവിപുരവുമാണ് ചോദിച്ചത്. ഇത് നൽകേണ്ടെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാൽ ഇരവിപുരത്തെ യുഡിഎഫിലെ തമ്മിലടിയോടെ പിള്ള മത്സരിച്ചാൽ സാധ്യതയുണ്ടെന്ന് സിപിഐ(എം) വിലയിരുത്തുന്നു. യുഡിഎഫ് ക്യാമ്പിലെ വോട്ടുകൾ പിള്ളയ്ക്ക് ചോർന്ന് കിട്ടുമെന്നാണ് വിലയിരുത്തൽ.

എന്നാൽ ആർഎസ്‌പിക്ക് ഇരവിപുരം നിർണ്ണായകമാണ്. സംസ്ഥാന സെക്രട്ടറിയുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാൻ അസീസ് തയ്യാറല്ല. കോവൂർ കുഞ്ഞുമോനും കൂട്ടരും ഇടതുപക്ഷത്തേക്ക് പോകുമ്പോൾ അസീസിനേയും ഒപ്പം കൂട്ടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ലീഗ് വോട്ടുകൾ പോലും തനിക്ക് കിട്ടുമെന്ന് അസീസ് കരുതി. അതുകൊണ്ട് മാത്രമാണ് യുഡിഎഫ് വിട്ടു പോകാത്തതും. അതിനാൽ ഇരവിപുരം കിട്ടിയേ മതിയാകൂ എന്ന് അസീസും പറയുന്നു. കൊല്ലം ജില്ലയിൽ അസീസിന് മത്സരിച്ച് ജയിക്കാൻ ഇതിലും അനുയോജ്യമായ മറ്റൊരു മണ്ഡലവും ഇല്ല. അതും ആർഎസ്‌പിയെ കടുംപിടത്തത്തിന് നിർബന്ധിതരാക്കുന്നു. ഈ സീറ്റ് കോൺഗ്രസ് തങ്ങൾക്ക് തന്നെ നൽകുമെന്നാണ് ആർഎസ്‌പിയുടെ ഇപ്പോഴുമുള്ള പ്രതീക്ഷ.

കൊല്ലം നഗരസഭയുടെ 14,15 വാർഡുകൾ. 20 മുതൽ 41 വരേയുമുള്ള വാർഡുകളും കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന മയ്യനാട് എന്ന പഞ്ചായത്തും ചേർന്നതാണ് ഇരവിപുരം നിയമസഭാമണ്ഡലം. ഇവിടെ ആർഎസപി നിർണ്ണായക ശക്തിയാണ്. എന്നാൽ കോവൂർ കുഞ്ഞുമോനും സംഘവും ഇടതുപക്ഷത്ത് എത്തിയതോടെ ആർഎസ്‌പിയുടെ ശക്തികുറഞ്ഞെന്നാണ് സിപിഐ(എം) വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് പിള്ളയെ രംഗത്ത് ഇറക്കി വിജയം നേടാൻ സിപിഐ(എം) ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP