Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒ രാജഗോപാൽ തിരുവനന്തപുരം മേയർ ആകുമോ? കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വീണ്ടും രാജേട്ടനെ പരീക്ഷിക്കാൻ ഉറച്ച് ബിജെപി; മുതിർന്ന നേതാവിന്റെ ഗവർണർ സ്ഥാനം സ്വപ്നം ആയേക്കും

ഒ രാജഗോപാൽ തിരുവനന്തപുരം മേയർ ആകുമോ? കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വീണ്ടും രാജേട്ടനെ പരീക്ഷിക്കാൻ ഉറച്ച് ബിജെപി; മുതിർന്ന നേതാവിന്റെ ഗവർണർ സ്ഥാനം സ്വപ്നം ആയേക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പു റമ്മികളിയിൽ ബിജെപിയുടെ കുത്തിലെ തുറുപ്പുഗുലാനാണ് എന്നും ഒ രാജഗോപാൽ. സംസ്ഥാനത്തെ ബിജെപിയുടെ ഉള്ളിലെ രാഷ്ട്രീയബലാബലങ്ങളിൽ ക്ഷീണിതസ്ഥാനത്താണ് 'രാജേട്ട'നെങ്കിലും ഒരു തെരഞ്ഞെടുപ്പു വന്നാൽ പരമാവധി വോട്ടുവാരാൻ ഈ വയോധികനെ കൂടിയേ തീരു. മത്സരിച്ച ഓരോ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ബിജെപിയുടെ വോട്ടുവിഹിതം വർദ്ധിപ്പിച്ച ചരിത്രമേ രാജഗോപാലിനുള്ളൂ. ഈ പ്രത്യേകതയാവാം, സ്ഥിരം ബലിയാട് പദവി ഉറപ്പിക്കാൻ ഇദ്ദേഹത്തിനു തന്നെ നറുക്കു വീഴുന്നതിനു കാരണം.

കേരളത്തിൽ അടുത്തവർഷം വരാൻ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭ പിടിക്കാൻ രാജഗോപാലിനെ ഇറക്കി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ബിജെപി. പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടേതാണ് തിരക്കഥ. ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ നഗരസഭയിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനായാൽ കേരളത്തിന്റെ തലസ്ഥാനനഗരം കൈപ്പിടിയിൽ ഒതുക്കാൻ ബിജെപിക്കാവും. ലോകസഭാ തെരഞ്ഞെടുപ്പിൽ നഗരസഭയിലെ നൂറുവാർഡുകളിൽ 62 എണ്ണത്തിൽ ബിജെപി വോട്ട് ഷെയറിൽ ഒന്നാമതായിരുന്നു. തിരുവനന്തപുരം നിയമസഭാ മണ്ഡല പരിധിയിലാവട്ടെ, ഇടതു സ്ഥാനാർത്ഥിയെ പിന്തള്ളി രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഈ നേട്ടം മുതലെടുക്കാനുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്.

നഗരം ബിജെപിയെ സ്വീകരിക്കാൻ വിമുഖത കാട്ടില്ല എന്ന കണക്കുകൂട്ടലിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനശൈലി ബിജെപിക്കു വോട്ടുചെയ്തവരെ ബിജെപി പാളയത്തിൽ തന്നെ ഉറപ്പിച്ചുനിർത്താൻ സഹായകമാകുമെന്നും രാജഗോപാലിന്റെ വ്യക്തിപ്രഭാവം കൂടിയാകുമ്പോൾ നഗരസഭ കയ്യിലിരുന്നാലും അത്ഭുതപ്പെടാനില്ല എന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. അതേ സമയം ഇങ്ങനെ സംഭവിക്കണമെങ്കിൽ എല്ലാ വാർഡിലും രാജഗോപാൽ തന്നെ മത്സരിക്കേണ്ടിവരുമെന്നാണ് വിമർശകർ പരിഹരിക്കുന്നത്.

നിലവിലുള്ള നഗരസഭയിൽ ആറു കൗൺസിലർമാരാണ് ബിജെപിക്കുള്ളത്. പതിനേഴ് വാർഡുകളിൽ രണ്ടാമതെത്താനും ബിജെപിക്കു കഴിഞ്ഞിരുന്നു. ഈ സ്ഥാനത്തുനിന്നാണ് 62 വാർഡുകളിൽ ഭൂരിപക്ഷം പിടിച്ചുകൊണ്ട് രാജഗോപാൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിച്ചത്. ഈ അനുകൂല സാഹചര്യം ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ പ്രയോജനപ്പെടുത്തണം എന്നാണ് അമിത് ഷാ ചോദിക്കുന്നത്. രാജഗോപാലിനെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് നഗരസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ഇതു സാധിക്കും എന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം.

അതേ സമയം ഇതിനു വിരുദ്ധമായി നിൽക്കുന്ന മറ്റൊരു കണക്കുകൂടിയുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 766 വോട്ടിന്റെ ലീഡ് കിട്ടിയ വാർഡാണ് കഴക്കൂട്ടത്തെ ആറ്റിപ്ര. ആറ്റിപ്രയിലെ ആകെയുള്ള അഞ്ചുബൂത്തുകളിൽ നാലിലും ബിജെപിയാണ് ലീഡ് ചെയ്തത്. ഇവിടെ ഇടതുകൗൺസിലറായിരുന്ന സംഗീത ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പു നടന്നത് ലോകസഭാ റിസൽറ്റ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ്. മേയിൽ നടന്ന ഈ തെരഞ്ഞെടുപ്പിൽ പക്ഷെ ബിജെപി സ്ഥാനാർത്ഥി ആർ ഒ യമുനയ്ക്ക് വെറും 825 വോട്ടു മാത്രമേ നേടാനായുള്ളൂ. കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട സിപിഐ(എം) സ്ഥാനാർത്ഥി ശോഭ ശിവദത്തിന്റെ ഭൂരിപക്ഷം പോലും അതിനേക്കാൾ അധികമായിരുന്നു. 913 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ശോഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടിങ് പാറ്റേണും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധംപോലുമില്ല എന്നാണ് ഇത് കാണിക്കുന്നത്. മോദി തരംഗവും രാജഗോപാൽ ജയിച്ചാൽ ക്യാബിനറ്റ് മന്ത്രിയാകും എന്ന പ്രതീക്ഷയുമാണ് ലോകസഭയിലേക്ക് അത്രയും വോട്ട് സമാഹരിക്കാൻ ബിജെപിയെ പ്രാപ്തമാക്കിയത്. എന്നാൽ പ്രാദേശിക രാഷ്ട്രീയം വന്നപ്പോൾ കളിമാറി. നഗരസഭയിലെ പല വാർഡുകളിലെയും സ്ഥിതി ഇതുതന്നെയാണ്.

അതേ സമയം രാജഗോപാലിനെ മേയറായി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അത്ഭുതം ആവർത്തിക്കാനാകും എന്നുമാണ് അമിത് ഷായുടെ നിലപാട്. എന്നാൽ പാർട്ടി പ്രസിഡന്റിന്റെ ആശയത്തോട് രാജഗോപാൽ അത്ര താത്പര്യം കാട്ടുന്നില്ല. ഉത്പത്തിയിൽ തന്നെ പരാജയം മണക്കുന്ന മറ്റൊരു പരീക്ഷണത്തിനു കൂടി തന്നെ ബലിയാടാക്കുന്നതിൽ ആദർശധീരനായ രാജഗോപാലിന് അതൃപ്തിയുണ്ട്. നഗരസഭയിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുമെങ്കിലും ഭരണം പിടിക്കാൻ പറ്റുമെന്ന പ്രതീക്ഷയില്ല എന്നതാണ് സത്യം. എൽ കെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും അടുപ്പം പുലർത്തുന്ന നേതാവു കൂടിയാണ് രാജഗോപാൽ. എന്നാൽ പൊതുവേ ശാന്തനായതിനാൽ വലിയ ശത്രുത സമ്പാദിച്ചുകൂട്ടിയിട്ടില്ല. എങ്കിലും പ്രായമായവരെ മാറ്റിനിർത്തുന്ന കൂട്ടത്തിൽ അദ്ദേഹത്തെയും മാറ്റിനിർത്തിയതിനാലാണ് ഗവർണർ സ്ഥാനത്തേയ്ക്ക് നിയോഗിക്കാതെയിരുന്നത്. നഗരസഭയിലേക്ക് അദ്ദേഹത്തെ ഫീൽഡ് ചെയ്യാനുള്ള നീക്കം, നാണംകെടുത്തി ഒതുക്കാനാണെന്ന വികാരം സംസ്ഥാനനേതൃത്വത്തിൽ ചിലർക്കുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന രാജഗോപാൽ ഒരു നഗരസഭാ കൗൺസിലറായി ഇരിക്കുന്നതിലെ യുക്തിരാഹിത്യവും രാജഗോപാലിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. പ്രായാധിക്യവും അതിന്റേതായ ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഇനിയൊരു തെരഞ്ഞെടുപ്പങ്കത്തിന് എല്ലായിടത്തും ഓടിയെത്താൻ തനിക്കാകുമോ എന്ന ഉറപ്പ് രാജഗോപാലിനു പോലും കാണില്ല. എന്നാൽ, അത് കണക്കിലെടുക്കേണ്ടെന്നും പാർട്ടി താത്പര്യമാണ് വലുതെന്നും ദേശീയ അദ്ധ്യക്ഷൻ പറഞ്ഞതായാണ് അറിയുന്നത്.

ഇടതുവലതു മുന്നണികളെ പൊളിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയംകൊണ്ട് കാര്യമില്ലെന്നാണ് അമിത് ഷായുടെ നിലപാട്. സ്വന്തം നിലയ്ക്ക് ജയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചേ മതിയാകൂ. കേരളത്തിൽ എങ്ങനെയും ചുവടുറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ദേശീയ അദ്ധ്യക്ഷൻ മുന്നോട്ടു നീങ്ങുന്നത്. തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കുന്നതിനു പുറമേ സംസ്ഥാനത്ത് ഇരുപതിനായിരം ബൂത്ത് കമ്മിറ്റികളുണ്ടാക്കാനും അംഗങ്ങളുടെ എണ്ണം പത്തുലക്ഷത്തിലധികമാക്കി വർദ്ധിപ്പിക്കാനുമാണ് ശ്രമം. വിഭാഗീയതയാണ് നിലവിലുള്ള ഏക തടസ്സം. അതുകൊണ്ടുതന്നെ, ഒരുതരത്തിലുള്ള ഉൾപ്പോരുകളും അനുവദിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. രണ്ടു മാസത്തെ പ്രവർത്തനം വിലയിരുത്തിയ ശേഷം വീണ്ടും കേരളത്തിൽ എത്തുമെന്നും അമിത് ഷാ അറിയിച്ചിട്ടുണ്ട്. പദ്ധതികളോട് സംസ്ഥാന ഘടകം പൂർണ്ണമായി സഹകരിച്ചാൽ അടുത്ത ജൂൺ പകുതിക്കകം മോദിയെ പങ്കെടുപ്പിച്ചുകൊണ്ട് പത്തുലക്ഷം പേരുടെ റാലി തിരുവനന്തപുരത്ത്‌ നടത്താമെന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. 2015 ഒക്ടോബറിലാണ് നിലവിലുള്ള ഭരണസമിതിയുടെ കാലാവധി കഴിയുക. ജൂണിൽ ഇത്രയും വലിയ റാലി നടത്തിയാൽ അത് നാലുമാസത്തിനു ശേഷം നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കും എന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP