Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക്കിസ്ഥാനുമായുള്ള സംഘർഷം തുടരവെ അതിർത്തിയിൽ ചൈനീസ് നുഴഞ്ഞുകയറ്റം; ഇന്ത്യൻ അതിർത്തി കടന്നെത്തിയ ചൈനീസ് പട്ടാളം കനാൽ ജോലികൾ തടഞ്ഞു; അരുണാചലിൽ വിമാനമിറക്കി ഇന്ത്യയും പ്രതിഷേധിക്കുന്നു; അതിർത്തി കടന്നെന്ന വാദം തള്ളി സൈന്യം

പാക്കിസ്ഥാനുമായുള്ള സംഘർഷം തുടരവെ അതിർത്തിയിൽ ചൈനീസ് നുഴഞ്ഞുകയറ്റം; ഇന്ത്യൻ അതിർത്തി കടന്നെത്തിയ ചൈനീസ് പട്ടാളം കനാൽ ജോലികൾ തടഞ്ഞു; അരുണാചലിൽ വിമാനമിറക്കി ഇന്ത്യയും പ്രതിഷേധിക്കുന്നു; അതിർത്തി കടന്നെന്ന വാദം തള്ളി സൈന്യം

മറുനാടൻ ഡെസ്‌ക്

ലഡാക്ക്: നിയന്ത്രണരേഖയിൽ പാക്കിസ്ഥാനുമായുള്ള സംഘർഷം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് മുന്നേറവെ, ചൈനയുടെ ഭാഗത്തുനിന്നും അലോസരപ്പെടുത്തൽ. ലഡാക്കിൽ ജലസേചനത്തിനായുള്ള കനാൽ തുറക്കാനുള്ള ഇന്ത്യൻ ശ്രമം തടഞ്ഞുകൊണ്ടാണ് ചൈന സംഘർഷത്തിന് വഴിയൊരുക്കിയത്. നിയന്ത്രണരേഖയോട് ചേർന്നുള്ള പ്രദേശത്തേയ്ക്ക് കടന്നെത്തി ചൈനീസ് ലിബറേഷൻ ആർമി നിർമ്മാണ പ്രവർത്തികൾ തടയുകയായിരുന്നു.

ലഡാക്കിലെ ഡെംചോക്ക് മേഖലയിലാണ് സംഭവം. ഗ്രാമത്തിലേക്ക് ജലസേചനം നടത്തുന്നതിനുവേണ്ടിയാണ് കനാൽ നിർമ്മിച്ചുകൊണ്ടിരുന്നത്. നിർമ്മാണ പ്രവർത്തകൾ തടഞ്ഞെങ്കിലും ചൈനീസ് സേസ നിയന്ത്രണ രേഖ മറികടന്ന് എത്തിയിട്ടില്ലെന്ന് മുതിർന്ന സൈനികോദ്യോഗസ്ഥർ പറഞ്ഞു. നിർമ്മാണ പ്രവൃത്തികൾ സംബന്ധിച്ച തർക്കങ്ങൾ ഫ്ളാഗ് മീറ്റിങ്ങുകളിലെ ചർച്ചകളിലൂടെ പരിഹരിക്കുവാനാകുമെന്നും അവർ പറഞ്ഞു. ടിബറ്റൻ നേതാവ് ദലൈലാമയെ അരുണാചൽ പ്രദേശിലെ തവാങ്ങിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യ അനുവദിച്ചത് ചൈനീസ് അധികൃതരെ ചൊടിപ്പിച്ചിരുന്നു. ചൈന അവകാശമുന്നയിക്കുന്ന തവാങ്ങിലെ ടിബറ്റൻ മൊണാസ്ട്രിയിലേക്ക് പോകുന്നതിനാണ് ദലൈലാമയ്ക്ക് അനുമതി. ദലൈലാമയെ തവാങ്ങിൽ പ്രവേശിപ്പിക്കുന്നതിൽ ചൈനയ്ക്ക് കടുത്ത പ്രതിഷേധമുണ്ട്.

ഇതിന്റെ ഭാഗമാണ് ഡെംചോക്കിൽ കനാൽ നിർമ്മാണം തടസ്സപ്പെടുത്തിയതെന്നാണ് വിലയിരുത്തുന്നത്. 55 പേരോളം വരുന്ന ചൈനീസ് സൈന്യം നിർമ്മാണ പ്രവൃത്തികൾ നിർത്തിവെക്കണമെന്ന് കടുത്ത ഭാഷയിൽ ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ ഇന്ത്യൻ സേനയും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും സ്ഥലത്തെത്തി പ്രതികരിച്ചു. നിയന്ത്രണ രേഖയിൽ നിലയുറപ്പിച്ച ചൈനീസ് സേനാംഗങ്ങൾ, ഇരുഭാഗത്തും ഇത്തരം ജോലികൾ നടത്തുന്നതിന് മുമ്പ് മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണെന്ന നിലപാടെടുത്തു.

എന്നാൽ, കരാർ പ്രകാരം പ്രതിരോധാവശ്യങ്ങൾക്കുള്ള പ്രവർത്തനങ്ങൾ മാത്രമേ മുൻകൂട്ടി അറിയിക്കേണ്ടതുള്ളൂ എന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ഇരുസേനകളും പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. 2014-ൽ നിലുങ് നള്ളയിൽ കനാൽ നിർമ്മിച്ചപ്പോഴും സമാനമായ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. ഇന്ത്യൻ സേനയുടെയും ഇന്തോ-ടിബറ്റൻ അതിർത്തി സേനയുടെയും സമയോചിതമായ ഇടപെടലാണ് ഇക്കുറി അതിർത്തി കടന്നുള്ള ചൈനീസ് സേനയുടെ ഇടപെടൽ ഫലപ്രദമായി തടഞ്ഞത്.

തവാങ്ങിലേക്ക് ദലൈലാമ കടക്കുന്നതിന് അനുമതി നൽകിയതിൽ ചൈന പ്രതിഷേധവുമായി നിൽക്കുന്നതിനിടെ, അരുണാചൽ പ്രദേശിലെ മെച്ചുകയിലുള്ള അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടിൽ യുദ്ധവിമാനമിറക്കി ഇന്ത്യ കരുത്തുകാട്ടി. സി-17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് ഇന്ത്യ മെച്ചുക്കയിൽ ഇറക്കിയത്. ചൈനീസ് അതിർത്തിയിൽനിന്ന് 29 കിലോമീറ്റർ മാത്രം അകലെയാണ് മെച്ചുക്ക ലാൻഡിങ് ഗ്രൗണ്ട്. തുടർച്ചയായ മലയിടിച്ചിൽമൂലം റോഡ് മാർഗം എത്തിച്ചേരാനാവാത്ത മേഖലയിൽ വിമാനമിറക്കിയത് അടിയന്തിര സാഹചര്യങ്ങളിൽ ഇന്ത്യക്ക് സഹായമാകും.

ആദ്യമായാണ് ഇവിടെ ഒരു വിമാനമിറങ്ങുന്നത്. സമുദ്രനിരപ്പിൽ നിന്നു 6200 അടി ഉയരത്തിലാണ് മെച്ചുക സ്ഥിതിചെയ്യുന്നത്. ചൈനീസ് അതിർത്തിയിൽ നിന്നും കേവലം 29 കിലോമീറ്റർ അകലെയാണ് ഗ്രാമം. ഇന്ത്യൻ തൊഴിലാളികളെ ചൈനീസ് സൈന്യം തടഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് വ്യോമസേനാ വിമാനം ചൈനീസ് അതിർത്തിയോട് ചേർന്ന മേഖലയിൽ പറന്നിറങ്ങിയത്. പർവതമേഖലകളിലും താഴ്‌വാരങ്ങളിലും ദൂരപ്രദേശങ്ങളിലും വിമാനമിറക്കാനുള്ള ഇന്ത്യൻ വ്യോമസേനയുടെ കഴിവാണ് മെച്ചുകയിലെ സി-17ന്റെ ലാൻഡിങ് വഴി തെളിയിക്കപ്പെടുന്നതെന്ന് വ്യോമസേന വാർത്താക്കുറിപ്പിൽ പറഞ്ഞു. ചരക്കു കൈമാറ്റത്തിനായി വ്യോമസേന ഉപയോഗിക്കുന്ന ഭീമൻ വിമാനമാണ് സി-17. 17.75 ടൺ ഭാരം വരെ വഹിക്കാൻ ഈ വിമാനത്തിനു സാധിക്കും.

പുതിയ നീക്കത്തിലൂടെ അടിയന്തരസാഹചര്യങ്ങളിൽ ചൈനീസ് അതിർത്തിയിൽ ചരക്ക് നീക്കത്തിനും സൈനികരെ എത്തിക്കാനുമെല്ലാം ഇനി മെച്ചുകയിലെ അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ട് വ്യോമസേനയ്ക്ക് ഉപയോഗിക്കാം. അസമിലെ ദിബ്രുഗഢിൽ നിന്നും 500 കിലോ മീറ്റർ അകലെയാണ് മെച്ചുക. നിലവിൽ രണ്ട് ദിവസത്തിലേറെ യാത്ര ചെയ്താൽ മാത്രമേ ഇവിടെ നിന്നു റോഡു മാർഗം മെച്ചുകയിൽ എത്താൻ സാധിക്കൂ. പലപ്പോഴും റോഡുകൾ തകർന്ന നിലയിലുമാണ്. പാക്കിസ്ഥാനുമായുള്ള സംഘർഷത്തിൽ ചൈനീസ് നിലപാട് എപ്പോവും ഇന്ത്യക്കെതിരായിരുന്നു. ഈ സാഹചര്യത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യം കൂടി ഇന്ത്യയിൽ ശക്തമായി നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്ത്യ അതിർത്തിയിൽ യുദ്ധവിമാനമിറക്കി കരുത്തു കാണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP