Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിൽ എത്തിയ മോദിക്ക് ഒട്ടും കുറവ് വരുത്താതെ സ്വീകരണം ഒരുക്കി ഒബാമ; അടുത്തിരുത്തി ചർച്ചകളും സംഭാഷണങ്ങളും ഡിന്നറും; സൗദിയിൽ ഇറങ്ങി അറബ് സൗഹൃദം പുതുക്കി മോദി മടങ്ങും

അമേരിക്കയിൽ എത്തിയ മോദിക്ക് ഒട്ടും കുറവ് വരുത്താതെ സ്വീകരണം ഒരുക്കി ഒബാമ; അടുത്തിരുത്തി ചർച്ചകളും സംഭാഷണങ്ങളും ഡിന്നറും; സൗദിയിൽ ഇറങ്ങി അറബ് സൗഹൃദം പുതുക്കി മോദി മടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ആണവസുരക്ഷക്കായിരിക്കണം ലോകരാജ്യങ്ങൾ പ്രഥമിക പരിഗണന നൽകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്ടണിലെ ആണവസുരക്ഷാ ഉച്ചകോടിയോടനുബന്ധിച്ച് വൈറ്റ്ഹൗസിൽ നടന്ന വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതോളം രാജ്യങ്ങളാണ് നാലാമത് ആണവ സുരക്ഷാ ഉച്ചകോടിക്കായി എത്തിയിട്ടുള്ളത്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയുടെ ഭാഗമായി വൈറ്റ്ഹൗസിൽ നടന്ന അത്താഴവിരുന്നിൽ മോദിയും അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയും അടുത്തടുത്തുള്ള സീറ്റുകളിലാണ് ഇരുന്നത്. ഏറെ പ്രാധന്യാണ് ഒബാമ തന്റെ അടുത്ത സുഹൃത്ത് എന്ന് വിശേഷിപ്പിക്കുന്ന മോദിക്ക് നൽകിയത്.

പതിവ് പോലെ പ്രസംഗവുമായി മോദി തകർക്കുകയും ചെയ്തു. ഭീകരവാദമായിരുന്നു വിഷയം. തീവ്രവാദത്തിനെതിരായ നടപടികൾ കടുപ്പിച്ചില്ലെങ്കിൽ ആണവ തീവ്രവാദത്തെ തടയാൻ സാധിക്കില്ല. തീവ്രവാദികൾ ആത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് എന്നാൽ നമ്മുടെ പ്രതികരണം വളരെ പഴയരീതിയലാണ്. ബ്രസ്സൽസ് ആക്രമണം ആണവ തീവ്രവാദത്തിനെതിരായ നടപടികൾ ഉടനുണ്ടാകണമെന്നാണ് കാണിച്ചുതരുന്നത് മോദി പറഞ്ഞു. ആണവ സുരക്ഷാ ഉച്ചകോടി വിളിച്ചുചേർത്തതിലൂടെ ഒബാമ ലോക സുരക്ഷക്ക് മികച്ച സംഭാവനയാണ് നൽകിയതെന്നും മോദി കൂട്ടിച്ചേർത്തു.

തീവ്രവാദം ആഗോളശ്യംഖലയാണ്. തീവ്രവാദത്തിന്റെ കണ്ണികൾ ലോകവ്യാപകമായി പടർന്നിരിക്കുന്നു. എന്നാൽ ഇതിനെതിരായ നടപടികൾ രാജ്യങ്ങൾക്കുള്ളിൽ ഒതുങ്ങി നിൽക്കുകയാണ്. രാജ്യങ്ങൾ തമ്മിലുള്ള ഏകോപനമില്ല. അവരുടേത് എന്റേത് എന്നിങ്ങനെയുള്ള വിവേചനം തീവ്രവാദ വിഷയത്തിൽ രാജ്യങ്ങൾ ഉപേക്ഷിക്കണം. തീവ്രവാദത്തിന്റെ മൂന്ന് സ്വഭാവങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഏറ്റവും അക്രമാസക്തമായ സ്വഭാവമാണ് തീവ്രവാദത്തിന്റേത് എന്നതാണ് ഒന്നാമത്. രണ്ടാമതായി നമ്മൾ ഒരിക്കലും മടക്കുള്ളിൽ ഒളിച്ചിരിക്കുന്ന ഒരാളെ അല്ല നോക്കേണ്ടത്. മറിച്ച് നഗരത്തിൽ കംപ്യൂട്ടറോ സ്മാർട്ട് ഫോണോ ഉപയോഗിക്കുന്ന തീവ്രവാദിയെ ആയിരിക്കണം കണ്ടെത്തേണ്ടത്. മൂന്നാമതായി ആണവസാമഗ്രികളുടെ കള്ളക്കടത്തിനെതിരെ രാജ്യങ്ങൾ കർശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും മോദി ഓർമ്മിപ്പിച്ചു.

വാഷിങ്ടൺ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് അമേരിക്കയിലത്തെിയത്. പ്രധാനമന്ത്രിയായശേഷം മോദിയുടെ മൂന്നാമത്തെ അമേരിക്കൻ സന്ദർശനമാണിത്. സന്ദർശനത്തിന്റെ ആദ്യ ദിനം ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ കീയുമായി മോദി കൂടിക്കാഴ്ച നടത്തി. നൂറ്റാണ്ടിന്റെ ശാസ്ത്ര കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുരുത്വ തരംഗങ്ങളെ (ഗ്രാവിറ്റേഷനൽ വേവ്‌സ്) തിരിച്ചറിഞ്ഞ ലലിഗോ സംഘത്തിലെ ശാസ്ത്രജ്ഞരുമായും അദ്ദേഹം സംവദിച്ചു. ആണവസുരക്ഷ സംബന്ധിച്ച് ഇന്ത്യ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള നാഷനൽ പ്രോഗ്രസ് റിപ്പോർട്ട് ഉച്ചകോടിയിൽ വിതരണം ചെയ്യുമെന്ന് അന്താരാഷ്ട്ര സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള ജോയന്റ് സെക്രട്ടറി അമന്ദീപ് സിങ് പറഞ്ഞു. അമേരിക്കയിൽ നിന്ന് സൗദി അറേബ്യയിലേക്കാകും മോദിയുടെ യാത്ര. മോദി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് സൗദി അറേബ്യയിൽ എത്തും. ഒരു വർഷത്തിനകം മോദി സന്ദർശിക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമാണിത്. പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധവും നിക്ഷേപവ്യാപാര സാധ്യതകളും മെച്ചപ്പെടുത്താനുള്ള കേന്ദ്രപദ്ധതികളുടെ തുടർച്ചയായാണ് സന്ദർശനം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണമനുസരിച്ചാണ് മോദി എത്തുന്നത്.

കഴിഞ്ഞ ഓഗസ്തിൽ യു.എ.ഇ. സന്ദർശിച്ച മോദി നിർണായകമായ ചില കരാറുകൾക്ക് രൂപംനൽകിയാണ് മടങ്ങിയത്. അറബ് മേഖലയിൽ ഇപ്പോഴും കത്തിനിൽക്കുന്ന സംഘർഷങ്ങളും ഭീകരപ്രവർത്തനങ്ങളും ചെറുക്കുന്നതിൽ ഇസ്ലാമിക രാജ്യങ്ങൾക്ക് നേതൃത്വം നൽകുന്നത് സൗദിയാണ്. മുപ്പതോളം രാജ്യങ്ങളെ അണിനിരത്തി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനികസഖ്യത്തിന്റെ ആസൂത്രണവും നേതൃത്വവും സൗദി അറേബ്യ വഹിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മോദി സൗദിയിലെത്തുന്നത് എന്നതാണ് സന്ദർശനത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. ഗൾഫ് നാടുകളിൽ ഏറ്റവുമേറെ ഇന്ത്യക്കാർ താമസിക്കുന്നത് സൗദിയിലാണ്. 30 ലക്ഷത്തോളം പേരുണ്ട് എന്നാണ് കണക്ക്. പ്രധാനമന്ത്രിയായശേഷം 2014 നവംബറിൽ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിൽ നടന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തിനിടയിൽ സൗദി രാജാവുമായി മോദി ചർച്ചനടത്തിയിരുന്നു.

സൗദിയുടെ സുഹൃദ് രാജ്യങ്ങളുടെ സുഹൃത്ത് എന്നായിരുന്നു അന്ന് സൗദി രാജാവ് മോദിയെ വിശേഷിപ്പിച്ചത്. മോദി സൗദി സന്ദർശിക്കുമ്പോൾ മേഖലയെ സ്?പർശിക്കുന്ന ഒരുപാട് വിഷയങ്ങൾ സജീവമായിത്തന്നെ നിലനിൽക്കുന്നു. സിറിയ, യെമൻ, ഐ.എസ്. വിഷയങ്ങൾതന്നെ ഇതിൽ പ്രധാനം. മേഖലയുടെ സുരക്ഷയ്ക്ക് ഏറെ വെല്ലുവിളി ഉയർത്തുന്ന ഇസ്!ലാമിക് സ്റ്റേറ്റിന്റെ ഭീകരവാദത്തെ ചെറുക്കാൻ സൗദി എല്ലാവരുടെയും സഹകരണവും സഹായവും ആഗ്രഹിക്കുന്നുണ്ട്.

എണ്ണവില കുറഞ്ഞ സാഹചര്യവും ചർച്ചാവിഷയമാകും. ഇന്ത്യയുടെ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണ നൽകുന്നതിൽ ഒന്നാംസ്ഥാനത്താണ് സൗദി. ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്ന് സൗദിയിൽനിന്നാണ്. അതേസമയം, സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ തൊഴിൽ അനിശ്ചിതത്വത്തിലായിട്ടുണ്ട്. ഇതും ചർച്ചയാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP