Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇപ്പോൾ ബ്രിട്ടനിലുള്ള യൂറോപ്യൻ പൗരന്മാർക്ക് ജീവിതകാലം മുഴുവൻ അവിടെ തുടരാം; ആനുകൂല്യങ്ങളും ഫാമിലി വിസയും തുടരും; നോർത്തേൺ അയർലൻഡും യൂണിയന് പുറത്ത്; എട്ടുവർഷം കൂടി യൂറോപ്യൻ കോടതിക്ക് അധികാരം; പുതിയ ബ്രെക്‌സിറ്റ് ഡീൽ ഇങ്ങനെ

ഇപ്പോൾ ബ്രിട്ടനിലുള്ള യൂറോപ്യൻ പൗരന്മാർക്ക് ജീവിതകാലം മുഴുവൻ അവിടെ തുടരാം; ആനുകൂല്യങ്ങളും ഫാമിലി വിസയും തുടരും; നോർത്തേൺ അയർലൻഡും യൂണിയന് പുറത്ത്; എട്ടുവർഷം കൂടി യൂറോപ്യൻ കോടതിക്ക് അധികാരം; പുതിയ ബ്രെക്‌സിറ്റ് ഡീൽ ഇങ്ങനെ

ലണ്ടൻ: ഒരുവർഷത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബ്രെക്‌സിറ്റ് ഡീൽ ഉറപ്പിച്ചു. പ്രധാനമന്ത്രി തെരേസ മെയ്‌ തലനാരിഴയ്ക്കാണ് രാജിയിൽനിന്നും രക്ഷപ്പെട്ടത്. സഖ്യകക്ഷിയായ ഡിയുപിയുടെ എതിർപ്പോടെ പ്രതിസന്ധിയിലാകുമെന്ന് കരുതിയ ഐറിഷ് അതിർത്തി ചർച്ചയിൽ അന്തിമ തീരുമാനം ആയില്ലെങ്കിലും കരാർ ഒപ്പുവെച്ചതോടെ താൽക്കാലിക പ്രതിസന്ധിക്ക് വിരാമം ആയിരിക്കുന്നു. ഇനി ധൈര്യമായി യൂറോപ്യൻ യൂണിയനുമായി വ്യാപാരക്കരാർ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിക്ക് കഴിയും.

ഇതുവരെ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ട പല ഇടപാടുകളും അംഗീകരിച്ചുകൊണ്ടുള്ളതാണ് ഡീൽ. 30 ബില്യൺ പൗണ്ടാണ് നഷ്ടപരിഹാമായി കൊടുക്കേണ്ടത്. എന്നാൽ അതടച്ചുതീർക്കാൻ സമയമെടുക്കും. വരുന്ന രണ്ടുവർഷക്കാലം പക്ഷേ യൂറോപ്യൻ യൂണിയൻ അംഗത്വപ്പോലെ എല്ലാ ഫീസുകളും അടച്ചുതന്നെ മുമ്പോട്ടു പോകണം. പൗരന്മാരുടെ അവകാശം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയിലെല്ലാം വ്യക്തമായ നീക്കുപോക്ക് സംഭവിച്ചു.

ഒരു രാത്രിമുഴുവൻ നീണ്ട ചർച്ചകൾക്കുശേഷമാണ് തെരേസ മേയും യൂറോപ്യൻ യൂണിയൻ അധ്യക്ഷൻ ജീൻ ക്ലോഡ് ജങ്കറും കരാറിൽ ഒപ്പുവെച്ചത്. നോർത്തേൺ അയർലൻഡിന്റെ അതിർത്തി സംബന്ധിച്ച തർക്കം ഭരണത്തെപ്പോലും ഉലയ്ക്കുന്ന സാഹചര്യത്തിലായിരുന്നു ചർച്ച. ഒടുവിൽ, അയർലൻഡ് അതിർത്തിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാതെ, കരാറിലേക്കെത്താൻ തെരേസയ്ക്കായി. ഇതവരുടെ വിജയമായി ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ബ്രെക്‌സിറ്റിൽ വെള്ളം ചേർത്തുവെന്ന് ആരോപിക്കുന്നവരുമേറെയാണ്. 40 ബില്യൺ പൗണ്ട് നാണക്കേട് എന്നാണ് മുൻ യുകിപ്പ് നേതാവ് നിഗൽ ഫരാജ് ഇതിനെ വിശേഷിപ്പിച്ചത്. യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളുമായി വ്യാപാര കരാറുകൾ ഉണ്ടാക്കുന്നതിനുവേണ്ടി അയർലൻഡ് അതിർത്തിയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയന്റെ പിടിവാശിക്ക് വഴങ്ങിക്കൊടുക്കുകയാണ് തെരേസ ചെയ്തതെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്.

ചർച്ച പൂർത്തിയായി കരാറിനെക്കുറിച്ച് തെരേസയും ജങ്കറും പത്രസമ്മേളനം നടത്തി മണിക്കൂറുകൾ പിന്നിടുംമുന്നെ, യൂറോപ്യൻ കൗൺസിൽ ചീഫ് ഡൊണാൾഡ് ടസ്‌ക് അടുത്തവട്ടം ചർച്ചകൾക്കുള്ള പുതിയ ഡിമാൻഡുകളുമായി രംഗത്തെത്തിയതും ശ്രദ്ധേയമായി. യൂറോപ്യൻ യൂണിയനിലെ നിശബ്ദ അംഗമായി തുടരുന്ന അടുത്ത രണ്ടുവർഷം, ബ്രിട്ടൻ എല്ലാത്തരം ഫീസുകളും അടയ്ക്കണമെന്നും യൂറോപ്യൻ യൂണിയൻ നിയമങ്ങൾക്ക് വിധേയമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാലയളവിലുണ്ടാകുന്ന പുതിയ നിയമനിർമ്മാണങ്ങളിൽ ഇടപെടാൻ ബ്രിട്ടന് അധികാരമുണ്ടാകില്ല. എങ്കിലും പുതിയ നിയമങ്ങൾ അംഗീകരിക്കുകയും വേണം.

കരാർ ഇങ്ങനെ
ഇപ്പോൾ ബ്രിട്ടനിലുള്ള 30 ലക്ഷത്തോളം യൂറോപ്യൻ പൗരന്മാർക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ താമസിക്കുന്ന 10 ലക്ഷത്തോളം ബ്രിട്ടീഷുകാർക്കും ജീവിതകാലം മുഴുവൻ താമസം തുടരാം. ബ്രിട്ടനിലുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാർ ഉൾപ്പെട്ട കേസുകൾ അടുത്ത എട്ടുവർഷത്തേക്കുകൂടി യൂറോപ്യൻ നീതിന്യായ കോടതിക്ക് പരിഗണിക്കാനാവും. യൂറോപ്യൻ കോടതിക്ക് ബ്രെക്‌സിറ്റിനുശേഷവും ബ്രിട്ടനുമേൽ ചില നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്നർഥം.

ബ്രിട്ടനിലും നോർത്തേൺ അയർലൻഡിലുമുള്ള യൂറോപ്യൻ യൂണിയൻ പൗര്ന്മാർക്ക് സൗജന്യ ആരോഗ്യ പരിരക്ഷയും ബെനഫിറ്റുകളും തുടർന്നും ലഭിക്കും. ബ്രിട്ടന് പുറത്തുതാമസിക്കുന്ന കുടുംബത്തെ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ബ്രെക്‌സിറ്റിനുശേഷവും അനുവാദമുണ്ടായിരിക്കും. കരാറിലെ ഈ വ്യവസ്ഥ അനുസരിച്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും എത്രപേർ എത്തുമെന്ന കാര്യം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

നോർത്തേൺ അയർലൻഡിന്റെ അതിർത്തി സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങളില്ലെങ്കിലും, സഖ്യകക്ഷിയായ ഡിയുപിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതാണ് കരാർ. യുകെയിലെ മറ്റ് പ്രദേശങ്ങൾക്ക് ബാധകമായ അതിർത്തി നിയമങ്ങൾ നോർത്തേൺ അയർലൻഡിനും ബാധകമായിരിക്കും. നോർത്തേൺ അയർലൻഡിന് പ്രത്യേക പദവി നൽകേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. യുകെയിൽനിന്ന് ഭരണഘടനാപരമായും രാഷ്ട്രീയമായും സാമ്പത്തികമായും നോർത്തേൺ അയർലൻഡ് വിട്ടുപോകുന്ന സാഹചര്യമുണ്ടാകില്ല.

35 ബില്യൺ പൗണ്ടിനും 39 ബില്യൺ പൗണ്ടിനും ഇടയിലുള്ള നഷ്ടപരിഹാരമാണ് ബ്രിട്ടൻ യൂറോപ്യൻ യൂമിയന് നൽകുക. ഇത് നൽകുവാൻ മതിയായ സാവകാശം വേണമെന്ന ബ്രിട്ടന്റെ ആവശ്യവും യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ നൽകിവരുന്ന എല്ലാത്തരം സംഭാവനകളും 2020 വരെ തുടരുമെന്നും കരാറിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP