Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ എല്ലാ കാര്യങ്ങളും ഇങ്ങനെ വൈകിയാണോ നടക്കുന്നത്? മല്യയെ നാടുകടത്താനുള്ള കേസിൽ ആറുമാസമായിട്ടും തെളിവുനൽകാത്തതിനെ വിമർശിച്ച് ബ്രിട്ടീഷ് കോടതി; കള്ളൻ മല്യയെ രക്ഷിക്കാൻ ആർക്കാണ് താത്പര്യം?

ഇന്ത്യയിൽ എല്ലാ കാര്യങ്ങളും ഇങ്ങനെ വൈകിയാണോ നടക്കുന്നത്? മല്യയെ നാടുകടത്താനുള്ള കേസിൽ ആറുമാസമായിട്ടും തെളിവുനൽകാത്തതിനെ വിമർശിച്ച് ബ്രിട്ടീഷ് കോടതി; കള്ളൻ മല്യയെ രക്ഷിക്കാൻ ആർക്കാണ് താത്പര്യം?

ലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് ശതകോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയെ ഇന്ത്യയിലെത്തിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തടസ്സം നിൽക്കുന്നതാരാണ്? മല്യയെ വിട്ടുതരണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും, നാടുകടത്താൻ ബ്രിട്ടൻ തീരുമാനിക്കുകയും ചെയ്തിട്ട് ആറുമാസം കഴിയുന്നു. എന്നാൽ, മല്യയെ നാടുകടത്തുന്നതിന് തടസ്സം ഇന്ത്യയാണെന്ന് ബ്രിട്ടീഷ് കോടതി വിമർശനമുന്നയിക്കുന്നു.

കഴിഞ്ഞദിവസം മല്യയുടെ കേസ് വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കവെ, ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആർബത്ത്‌നോട്ട് കടുത്ത വിമർശനമാണ് ഇന്ത്യയ്ക്കുനേരെ നടത്തിയത്. കോടതിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആരോൺ വാറ്റ്കിൻസ് ഇന്ത്യയിൽനിന്ന് തെളിവുകൾ ലഭിക്കുന്നതിന് മൂന്നോ നാലോ ആഴ്ചകൾ കൂടി വേണ്ടിവരുമെന്ന് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ വിമർശം.

ഇന്ത്യയിൽ എല്ലാ കാര്യങ്ങളും ഇങ്ങനെ അലസതയോടെയാണോ കൈകാര്യം ചെയ്യുന്നതെന്ന് എമ്മ ചോദിച്ചു. ആറുമാസമായി മല്യയെ നാടുകടത്താനുള്ള ഉത്തരവിറങ്ങിയിട്ട്. എന്നാൽ, അത് നടപ്പിലാക്കുന്നതിനാവശ്യമായ തെളിവുകൾ ഇനിയും ഹാജരാക്കാൻ ഇന്ത്യക്കായിട്ടില്ല. നിരപരാധിത്വം തെളിയിക്കാൻ തന്റെ പക്കൽ വേണ്ടത്ര തെളിവുണ്ടെന്ന് കോടതിയിൽ വെല്ലുവിളിക്കാനും മല്യ തയ്യാറായത് ഇന്ത്യയുടെ അലസത മുതലെടുത്താണെന്ന് വിലയിരുത്തപ്പെടുന്നു.

തന്റെ പേരിലുള്ള ആരോപണങ്ങൾ നിഷേധിക്കുന്നുവെന്നും അത് നിഷേധിക്കുന്നത് തുടരുമെന്നുമാണ് മല്യ കോടതിയിൽ പറഞ്ഞത്. കോടതിയിൽനിന്നും ഒളിച്ചുനടന്നിട്ടില്ലെന്നും മല്യ പറഞ്ഞു. മല്യയുടെ ശക്തമായ എതിർവാദങ്ങളാണ് അദ്ദേഹത്തിന് ഡിസംബർ നാലുവരെ ജാമ്യം നീട്ടിക്കൊടുക്കാൻ കോടതിയെ പ്രേരിപ്പിച്ചത്. മറുഭാഗത്ത് ഇന്ത്യയാകട്ടെ, തെളിവുകൾ ഹാജരാക്കാൻ ഇനിയും സമയം വേണമെന്ന ഒഴിവുകഴിവ് തുടരുകയും ചെയ്തു.

മെയ് 17-ന് നിശ്ചയിച്ചിരുന്ന വാദമാണ് ഇന്നലെ കോടതിയിൽ നടന്നത്. 2016 മാർച്ച് മുതൽ ലണ്ടനിലുള്ള മല്യയെ ഇനിയും ഇന്ത്യയിലെത്തിക്കാനോ നിയമത്തിന് മുന്നിൽ നിർത്താനോ ഇന്ത്യൻ സർക്കാർ കാര്യമായൊന്നും ചെയ്യുന്നില്ലെന്നതിന് തെളിവാണ് കോടതിയിലെ നിരുത്തരവാദപരമായ നിലപാടുകൾ. ഇക്കണക്കിന് കേസ് തീർപ്പാകാൻ ഉടനെങ്ങും സാധ്യതയില്ലെന്ന് വെസ്റ്റ് മിനിസ്റ്റർ കോടതി തന്നെ സൂചിപ്പിക്കുകയുണ്ടായി.

മതിയായ തെളിവുകൾ ഹാജരാക്കാൻ ഇനിയുമായിട്ടില്ലെങ്കിലും കോടതി നടപടികൾ കേൾക്കാനും വിലയിരുത്തുന്നതിനുമായി ഇന്ത്യൻ സംഘം ലണ്ടനിലെത്തിയിരുന്നു. സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും സംഘമാണ് കോടതിയിൽ ഉണ്ടായിരുന്നത്. കേസിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി കഴിഞ്ഞമാസം സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി കോടതിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ചർച്ച നടത്തിയിരുന്നു.

ജൂലൈ ആറിനാണ് ഇനി കോടതി കേസിന്റെ വാദം കേൾക്കുക. അന്ന് മല്യയോട് ഹാജരാകേണ്ടതില്ലെന്ന് കോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അലസത കേസിൽ മല്യയ്ക്ക് മുൻതൂക്കം നൽകുകയാണോ എന്ന സംശയവും ഇതുയർത്തിയിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ മാധ്യമങ്ങളെ അനുവദിക്കരുതെന്ന ആവശ്യവും കോടതിക്ക് മുമ്പാകെ മല്യ ഉയർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP