Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എഴുപത് വർഷത്തിനിടെ രക്ഷാസമിതി സ്ഥിരാംഗങ്ങൾക്ക് ജയിക്കാനാവാത്ത തെരഞ്ഞെടുപ്പ്; 1946ന് ശേഷം ഇംഗ്ലണ്ട് ആദ്യമായി അടിതെറ്റി; രാജ്യാന്തര കോടതി ജഡ്ജിയാകാനുള്ള മത്സരത്തിൽ നിന്ന് ബ്രിട്ടൻ പിന്മാറിയത് മോദിയുടെ നയതന്ത്ര വിജയം; ദൽവീർ ഭണ്ഡാരി വീണ്ടും ഹേഗിലെ ന്യായാധിപനാകുന്നത് കുതന്ത്രങ്ങളെ കരുതലോടെ പൊളിച്ച്; യുഎന്നിലെ ഇന്ത്യൻ വിജയഗാഥ

എഴുപത് വർഷത്തിനിടെ രക്ഷാസമിതി സ്ഥിരാംഗങ്ങൾക്ക് ജയിക്കാനാവാത്ത തെരഞ്ഞെടുപ്പ്; 1946ന് ശേഷം ഇംഗ്ലണ്ട് ആദ്യമായി അടിതെറ്റി; രാജ്യാന്തര കോടതി ജഡ്ജിയാകാനുള്ള മത്സരത്തിൽ നിന്ന് ബ്രിട്ടൻ പിന്മാറിയത് മോദിയുടെ നയതന്ത്ര വിജയം; ദൽവീർ ഭണ്ഡാരി വീണ്ടും ഹേഗിലെ ന്യായാധിപനാകുന്നത് കുതന്ത്രങ്ങളെ കരുതലോടെ പൊളിച്ച്; യുഎന്നിലെ ഇന്ത്യൻ വിജയഗാഥ

മറുനാടൻ ഡെസ്‌ക്

ന്യൂയോർക്ക്: ഹേഗ് ആസ്ഥാനമായ രാജ്യാന്തര കോടതി (ഐസിജെ) ജഡ്ജി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ഇന്ത്യൻ വിജയം. ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. മത്സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫർ ഗ്രീൻവുഡ് അവസാനനിമിഷം നാടകീയമായി പിന്മാറിയതോടെയാണ് ഭണ്ഡാരിയുടെ വിജയം ഉറപ്പായത്. സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടിവന്നതു ബ്രിട്ടനേറ്റ കനത്ത തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ ദൽവീറിന്റെ നേട്ടം ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയായി. ഏഴുപത് വർഷത്തിനിടെ ആദ്യമായാണ് യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗ രാജ്യങ്ങളിൽ നിന്ന് പ്രതിനിധിയില്ലാത്തത്. 1946നു ശേഷം ആദ്യമായി ബ്രിട്ടനും ജഡ്ജിയില്ല.

2018 ഫെബ്രുവരിയിൽ കാലാവധി കഴിയുവാൻ ഇരിക്കുന്നതിനിടെയാണ് ഇന്ത്യ, ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനു മുമ്പാകെ ഭണ്ഡാരിയുടെ നാമനിർദ്ദേശം സമർപ്പിച്ചത്. 2012ഏപ്രിൽ 12നാണ് 69 കാരനായ ദൽവീർ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ന്യായാധിപനായി എത്തുന്നത്. സമുദ്ര സംബന്ധിയായ തർക്കങ്ങൾ, അന്റാർട്ടിക്കയിലെ തിമിംഗല വേട്ട, വംശഹത്യകൾ, വൻകരകളെ സംബന്ധിച്ച തർക്കങ്ങൾ, ആണവ നിരായുധീകരണം, തുടങ്ങി പതിനൊന്നോളം സുപ്രധാനമായ കേസുകൾ ഭണ്ഡാരി കൈകാര്യം ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ എത്തുന്നതിന് മുമ്പ് നീണ്ട 20 വർഷം സുപ്രിംകോടതിയടക്കം ഇന്ത്യയിലെ വിവിധ കോടതികളിൽ അദ്ദേഹം ന്യായാധിപനായിരുന്നു. ഒമ്പത് വർഷത്തെ കാലാവധിയിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ന്യാധിപന്മാരെ നിയമിക്കുന്നത്. വ്യക്തിനൈർമല്യം തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന ഘടകമാണ്. ഇതും ഭണ്ഡാരിക്ക് ഗുണകരമായി മാറി.

യുഎൻ പൊതുസഭ, രക്ഷാസമിതി അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഇന്ത്യ പ്രചാരണം ഏകോപിപ്പച്ചത്. 1945ൽ രൂപീകൃതമായ രാജ്യാന്തര കോടതിയിൽ ചരിത്രത്തിൽ ആദ്യമായാണ് ബ്രിട്ടന് ജഡ്ജിയില്ലാതാവുന്നത്. നേരത്തേ, 11 വട്ടവും യുഎൻ പൊതുസഭയിൽ വോട്ടെടുപ്പു നടന്നപ്പോൾ ഇന്ത്യയ്ക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് ബ്രിട്ടൻ പിന്മാറിയത്. രക്ഷാസമിതിയിലും പൊതുസഭയിലും കേവലഭൂരിപക്ഷം കിട്ടുന്നയാളാണ് തിരഞ്ഞെടുക്കപ്പെടുക. 193 അംഗ പൊതുസഭയിൽ 96 വോട്ടും 15 അംഗ രക്ഷാസമിതിയിൽ എട്ടുവോട്ടും കിട്ടണം. 11 വട്ടം വോട്ടെടുപ്പ് നടന്നു. പൊതുസഭയിൽ ഭണ്ഡാരിക്കും രക്ഷാസമിതിയിൽ ഗ്രീൻവുഡിനുമായിരുന്നു മുൻതൂക്കം.

തിങ്കളാഴ്ച 12-ാംവട്ട വോട്ടെടുപ്പ് നടക്കേണ്ടതായിരുന്നു. അതിനിടെ ആർക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ ഇരുസഭകളുടെയും സംയുക്ത യോഗം വിളിച്ച് തിരഞ്ഞെടുപ്പ് നടത്താൻ ബ്രിട്ടൻ ശ്രമിക്കുന്നുവെന്നാണ് ആരോപണവുമെത്തി. യു.എൻ. രക്ഷാസമിതിയിലെ അംഗത്വം ഇതിനായി ബ്രിട്ടൻ ദുരുപയോഗിക്കുന്നെന്നും ഇന്ത്യ ആരോപിച്ചു. 96 വർഷംമുമ്പ് അവസാനിപ്പിച്ചതാണ് ഇത്തരം സമ്മേളനം. 1921-ൽ ഐ.സി.ജെ.യുടെ സ്ഥിരം കോടതിയിലേക്ക് ഡെപ്യൂട്ടി ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ മാത്രമാണ് ഇങ്ങനെ ചെയ്തത്. ബ്രിട്ടന്റെ നീക്കത്തെ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്ദ് അക്‌ബറുദ്ദീൻ എതിർത്തു. ഇത് ബ്രിട്ടന് വലിയ നാണക്കേടായി. ഇതോടെയാണ് സ്ഥാനാർത്ഥിയെ പിൻവലിച്ചത്.

ഐ.സി.ജെ. തിരഞ്ഞെടുപ്പിൽ പലഘട്ടത്തിലും ഇപ്പോഴത്തേതുപോലെ രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ കൂടുതൽ തവണ വോട്ടെടുപ്പ് നടത്തുകയും പൊതുസഭയിൽ ഏറ്റവും കൂടുതൽ വോട്ടുകിട്ടുന്നയാളെ വിജയിയായി പ്രഖ്യാപിക്കുകയുമാണ് ചെയ്തിരുന്നത്. ഈ പതിവ് ഇത്തവണയും തുടർന്നാൽ പൊതുസഭയിൽ 160 രാജ്യങ്ങളുടെ പിന്തുണയുള്ള ഭണ്ഡാരിക്കായിരുന്നു ജയസാധ്യത. ഇത് അട്ടിമറിക്കാനായിരുന്നു ബ്രിട്ടന്റെ നീക്കം. എന്നാൽ മോദി സർക്കാരിന്റെ ഇടപെടൽ എല്ലാം തകർത്തു. രക്ഷാസമിതി സ്ഥിരാംഗങ്ങളുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഇന്ത്യയുടെ ജയമെന്ന് രാജ്യാന്തര നയതന്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനമാണു രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). ഹേഗാണ് ആസ്ഥാനം. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് ഇന്ത്യ പാക്കിസ്ഥാൻ തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലുണ്ട്. വിവിധ യുഎൻ സമിതികൾക്കും ഏജൻസികൾക്കും അവർ ആവശ്യപ്പെടുമ്പോൾ കോടതി നിയമോപദേശം നൽകുന്നു. ആകെ 15 ജഡ്ജിമാർ. മൂന്നു വർഷത്തിലൊരിക്കൽ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കും.

അതേവർഷം തന്നെ തിരഞ്ഞെടുപ്പും നടത്തും. അതായത്, മൂന്നു വർഷം കൂടുമ്പോൾ പുതിയ അഞ്ചു ജഡ്ജിമാർ തിരഞ്ഞെടുക്കപ്പെടും. നിലവിലുള്ളവർക്കു വീണ്ടും മത്സരിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP