Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരാക്രമണം ഉണ്ടായാൽ എന്തു ചെയ്യാൻ പറ്റും എന്ന് ചോദിക്കുന്നവർക്ക് ചുട്ടമറുപടിയുമായി ഫ്രാൻസ്; ആക്രമണത്തിന്റെ പിറ്റേന്ന് തന്നെ ഐസിസ് കേന്ദ്രങ്ങളിൽ തീമഴ പെയ്യിച്ച് ഫ്രഞ്ച് പട; അനേകം സിറിയൻ കേന്ദ്രങ്ങൾ തകർന്നടിഞ്ഞു

ഭീകരാക്രമണം ഉണ്ടായാൽ എന്തു ചെയ്യാൻ പറ്റും എന്ന് ചോദിക്കുന്നവർക്ക് ചുട്ടമറുപടിയുമായി ഫ്രാൻസ്; ആക്രമണത്തിന്റെ പിറ്റേന്ന് തന്നെ ഐസിസ് കേന്ദ്രങ്ങളിൽ തീമഴ പെയ്യിച്ച് ഫ്രഞ്ച് പട; അനേകം സിറിയൻ കേന്ദ്രങ്ങൾ തകർന്നടിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

പാരീസ്: പാരീസിലെ വിവിധ കേന്ദ്രങ്ങളിൽ കടന്ന് കയറി ഐസിസ് നരനായാട്ട് നടത്തിയതിന്റെ ഞെട്ടലിൽ നിന്നും ലോകം ഇനിയും മുക്തമായിട്ടില്ല.എന്നാൽ സംഭവിച്ച ദുരന്തമോർത്ത് നിഷ്‌ക്രിയരായിരിക്കാനൊന്നും തങ്ങളെ കിട്ടില്ലെന്ന് ഫ്രാൻസ് ലോകത്തിന് കാണിച്ച് കൊടുത്തിരിക്കുകയാണിപ്പോൾ. ഭീകരരോട് പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന നയം പിന്തുടരാൻ ഫ്രാൻസ് കടുത്ത തീരുമാനമെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പാരീസ് ആക്രമണത്തിന്റെ പിറ്റേന്ന് തന്നെ ഐസിസ് ശക്തികേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തി തീമഴ പെയ്യിച്ചിരിക്കുകയാണ് ഫ്രഞ്ച് പട. ഫ്രാൻസിന്റെ ശക്തമായ ആക്രമണത്തെ തുടർന്ന് സിറിയിലെ പല ഐസിസ് ശക്തികേന്ദ്രങ്ങളും തകർന്നടിഞ്ഞെന്നാണ് റിപ്പോർട്ട്.

റാഖയിലെ ഐസിസ് ശക്തികേന്ദ്രങ്ങളിൽ കൊടും നാശം വിതച്ച് കൊണ്ട് ഫ്രഞ്ച് ഫൈറ്റർ ജെറ്റുകൾ പോരാട്ടം തുടരുകയാണ്. ആക്രമണ പരമ്പരകളിലൂടെ ഐസിസിന്റെ നിർണായകമായ സിറിയയിലെ കമാൻഡ് സെന്റററും ട്രെയിനിങ് ക്യാംപും തകർത്തുവെന്നും റിപ്പോർട്ടുണ്ട്. പാരീസിൽ ഐസിസ് ഭീകരർ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേനടത്തിയ ആക്രമണത്തിൽ 129 പേർ കൊല്ലപ്പെടുകയും 352 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് വെറും രണ്ടുദിവസങ്ങൾക്കുള്ളിലാണ് ഫ്രാൻസ് പട ഐസിസിന് ശക്തമായ തിരിച്ചടിയേകിയിരിക്കുന്നത്.യുഎഇ, ജോർദാൻ എന്നിവിടങ്ങളിൽ നിന്ന് പറന്നുയർന്ന് 10 ഫൈറ്റർ ജെറ്റുകളാണ് സമയം ഐസിസ് കേന്ദ്രങ്ങളിൽ ബോംബുകൾ വർഷിച്ചതെന്നും ഇവിടെ 20 ബോംബുകൾ വർഷിച്ചെന്നും ഫ്രാൻസിന്റെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തുന്നു.

യുഎസ് സേനയുമായി ചേർന്ന് കൊണ്ടാണീ ആക്രമണങ്ങൾ നടത്തുന്നതെന്നും ഇതിൽ ഐസിസിന്റെ കമാൻഡ് സെന്റർ, റിക്രൂട്ട്‌മെന്റ് സെന്റർ, ഒരു മ്യൂണിഷൻസ് ഡിപ്പോ,ഭീകരരർക്കുള്ള പരിശീലനക്യാപ് തുടങ്ങിയവ തകർത്തതായും പ്രതിരോധ മന്ത്രാലയം പറയുന്നു. പ്രസ്തുത ആക്രമണത്തിൽ സാധാരക്കാർ മരിച്ചിട്ടില്ലെന്നാണ് സിറിയയിലെ ആക്ടിവിസ്റ്റുകൾ പറയുന്നത്. ഫ്രാൻസിന്റെ വ്യോമാക്രമണത്തിൽ ജലവിതരണവും വൈദ്യുതി വിതരണവും താറുമാറായെന്നും റാഖയിൽ ഭീതിദമായ അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും ആക്ടിവിസ്റ്റുകൾ വെളിപ്പെടുത്തുന്നു.

ബ്രസൽസിൽ ജനിച്ച 26കാരനായ സലാഹ് അബ്ദുസലാമിന് പാരീസിലെ ആക്രമണത്തിൽ നിർണായകമായ പങ്കുണ്ടെന്ന് ഫ്രഞ്ച് പൊലീസ് വെളിപ്പെടുത്തിയതിന് പുറകെയാണ് ഫ്രാൻസിന്റെ ആക്രമണം സിറിയയിൽ ഉണ്ടായത്. ഇയാളുടെ ചിത്രവും പൊലീസ് പുറത്ത് വിട്ടിരുന്നു. പാരീസാക്രമണത്തിൽ മരിച്ച ഏഴ് ആത്മഹത്യാബോംബർമാരിൽ ഒരാൾ സലാഹിന്റെ സഹോദരനാണ്. ആക്രമണത്തിന് ശേഷം സലാഹിനെ ഫ്രഞ്ച് പൊലീസ് പിന്തുടർന്നിരുന്നെങ്കിലും ഇയാൾ താൻ സഞ്ചരിച്ച കാർ ബ്രസലിനടുത്തുപേക്ഷിച്ച് ബെൽജിയത്തിലേക്ക് കടന്നു കളയുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

തങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന രാജ്യങ്ങളിൽ വെടിവയ്പും ബോംബാക്രമണവും നടത്തി അവിടെ നിന്നും തടവ് പുള്ളികളെ പിടിച്ച് കൊണ്ട് വന്ന് വിലപേശാൻ ഐസിസ് നേതാവ് അബൂബക്കർ ബാഗ്ദാദി തന്റെ അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നാണ് ഇറാഖി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ എപ്പോഴാണ് ഈ ആക്രമണങ്ങൾ നടത്താൻ ഐസിസ് പദ്ധതിയിട്ടിരിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടില്ല. ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ തങ്ങൾക്ക് എപ്പോഴും ലഭിക്കാറുണ്ടെന്നാണ് ഫ്രഞ്ച് ഇന്റലിജൻസ് വെളിപ്പെടുത്തുന്നത്. ഇപ്പോൾ നടന്നിരിക്കുന്ന പാരീസാക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും തങ്ങൾ ഫ്രാൻസിന് നൽകിയിരുന്നുവെന്നാണ് ഇറാഖി രഹസ്യാന്വേഷണവിഭാഗം അവകാശപ്പെടുന്നത്. ഐസിസിൽ നിന്നും പ്രത്യേക പരീശീലനം നേടിയ അവർ റാഖയിൽ നിന്നും പാരീസിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നും സംഘത്തിൽ 24 പേർ ഉണ്ടായിരുന്നുവെന്നും ഇതിൽ 19 പേർ ആക്രമണകാരികളും അഞ്ച് പേർ ലോജിസ്റ്റിക്കിനും ആസൂത്രണത്തിനും ചുക്കാൻ പിടിച്ചവരായിരുന്നുവെന്നുമാണ് ഇറാഖി ഇന്റലിജൻസ് വ്യക്തമാക്കുന്നത്.\

പാരീസ് ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ഇന്നലെ രാത്രി ഫ്രഞ്ച് ഇന്റലിജൻസ് ചോദ്യം ചെയ്തിരുന്നു. 51കാരനായ ഇയാൾ വ്‌ലാട്‌കോ വി എന്നാണറിയപ്പെടുന്നത്. മോൺടെൻഗ്രോയിൽ നിന്നും കാറോടിച്ച് ക്രോയേഷ്യ, സ്ലോവേനിയ, ഓസ്ട്രിയ എന്നിവിടങ്ങളിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ ബവേറിയയിൽ വച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ കാറിൽ നിന്നും എട്ട് എകെ 47 തോക്കുകൾ കണ്ടെടുത്തിരുന്നു. വോക്‌സ് വാഗൻ ഗോൾഫിന്റെ രഹസ്യ അറയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. പാരീസിലെ നിരവധി ഫോൺനമ്പറുകളും വിലാസങ്ങളും ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. മോൺടെൻഗ്രോയിലെ ക്രൈം ഗ്രൂപ്പുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. ഇവരാണ് ജിഹാദി ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ നൽകിയതെന്നും സൂചന ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP