Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്കയും യൂറോപ്യൻ യൂണിയനും ഇറാനുമായി ധാരണയിൽ എത്തി; ഉപരോധം നീക്കി സഹകരണത്തിന് വഴി തുറന്നു; കൊല്ലാൻ ഉള്ള ലൈസൻസ് നൽകിയെന്നാരോപിച്ച് ഇസ്രയേൽ; സൗദിക്കും അതൃപ്തി; ചരിത്രം കുറിച്ച ആണവക്കരാർ പിറന്നിട്ടും പ്രശ്‌നങ്ങൾ തുടരുന്നു

അമേരിക്കയും യൂറോപ്യൻ യൂണിയനും ഇറാനുമായി ധാരണയിൽ എത്തി; ഉപരോധം നീക്കി സഹകരണത്തിന് വഴി തുറന്നു; കൊല്ലാൻ ഉള്ള ലൈസൻസ് നൽകിയെന്നാരോപിച്ച് ഇസ്രയേൽ; സൗദിക്കും അതൃപ്തി; ചരിത്രം കുറിച്ച ആണവക്കരാർ പിറന്നിട്ടും പ്രശ്‌നങ്ങൾ തുടരുന്നു

വിയന്ന: വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇറാനും ആറു വൻശക്തിരാജ്യങ്ങളും ചരിത്രപ്രധാനമായ ആണവക്കരാറിലെത്തി. അമേരിക്ക, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ജർമനി എന്നീ രാജ്യങ്ങളും ഇറാനും തമ്മിൽ വിയന്നയിൽ നടന്ന തീവ്രചർച്ചകൾക്കൊടുവിലാണ് ചൊവ്വാഴ്ച അന്തിമധാരണയായത്. എങ്കിലും വെല്ലുവിളികൾ തീരുന്നില്ല. ഇറാൻ ആണവക്കരാർ യാഥാർഥ്യമാകാൻ ഇനി അതിജീവിക്കേണ്ടത് ഇറാനിലെയും യുഎസിലെയും ആഭ്യന്തര എതിർപ്പുകളാണ്. യുഎസിൽ റിപ്പബ്ലിക്കൻ പാർട്ടിയും ഇറാനിൽ യാഥാസ്ഥിതികപക്ഷവും എതിർക്കുന്നു. ഇതു കൂടി മറികടന്നാൽ മാത്രമേ കരാർ പൂർണ്ണ തോതിൽ നടപ്പാകൂ. ഇതോടെ 2006ൽ തുടങ്ങിയ ആണവചർച്ചകൾക്കാണ് വിയന്നയിൽ പരിസമാപ്തിയായത്.

എന്നാൽ അതിശക്തമായ എതിർപ്പുകളും ഇതിനെതിരെ ഉണ്ട്. അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയും ഇറാനിലെ യാഥാസ്ഥിതികരും കരാറിനെ എതിർക്കുകയാണ്. ആണവായുധമുണ്ടാക്കി ശത്രു രാജ്യങ്ങളെ വകവരുത്താൻ ഇറാന് കരുത്ത് നൽകുന്നതാണ് കരാറെന്ന് ഇസ്രയേൽ ആരോപിക്കുന്നു. അമേരിക്കയുടെ പ്രധാന സഖ്യരാജ്യമായ ഇസ്രയേലിന്റെ എതിർപ്പ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കടുത്ത വെല്ലുവിളിയാണ്. സൗദിയും കരാറിനെ എതിർക്കുന്നു. ഇറാൻ ആണവായുധം ഉണ്ടാക്കുമെന്ന ഭീഷണി തന്നെയാണ് ഇതിന് കാരണം. ഉപരോധം നീക്കുമ്പോൾ എണ്ണ കച്ചവടത്തിൽ ഇറാൻ സജീവമാകും. ഇതിലൂടെ വരുമാനവും കിട്ടും. ഇതെല്ലാം അതിർത്തിരാജ്യങ്ങൾക്ക് കടുത്ത ഭീഷണിയാണെന്നാണ് സൗദിയുടെ വാദം.

ആണവായുധവ്യാപനം തടയുന്നതും പശ്ചിമേഷ്യൻ സംഘർഷത്തിന് തടയിടുന്നതുമാണ് കരാർ. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ഐക്യരാഷ്ട്രസഭാ ആണവപരിശോധകർക്ക് വിപുലമായ പരിശോധനയ്ക്കുള്ള വ്യവസ്ഥകളുണ്ടാവും. ഇറാന്റെ ആണവപദ്ധതികൾക്ക് കർക്കശനിയന്ത്രണമേർപ്പെടുത്തും. പകരം, ഇറാനുമേൽ ചുമത്തിയ എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കും. ഒട്ടുമിക്ക ആണവസൗകര്യങ്ങളും ഒഴിവാക്കാൻ ഇറാൻ സമ്മതിച്ചു. യുറേനിയം സമ്പുഷ്ടീകരണശേഷി മൂന്നിൽരണ്ടായി കുറയ്ക്കും. കരാറിന്റെ വിശദാംശങ്ങളടങ്ങിയ ഔപചാരികപ്രഖ്യാപനം ഉടനുണ്ടാവും. ഈ മാസം യുഎൻ രക്ഷാസമിതി പ്രമേയത്തിനു ശേഷമായിരിക്കും കരാർ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുക.

കരാർ പ്രകാരം ഇറാന്റെ ആണവപദ്ധതികൾ രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) യുടെ കർശന നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനും വിധേയമാകും. യുഎൻ നിരീക്ഷകർക്ക് ഇറാനിലെ സൈനികകേന്ദ്രങ്ങൾ പരിശോധിക്കാനും അനുമതിയുണ്ടാകും. ഉപരോധം നീക്കുന്നത് അടക്കമുള്ള കാര്യങ്ങൾ നടപ്പിൽ വരാൻ ഏതാനും മാസമെടുക്കും. ഇറാനെതിരെയുള്ള ആയുധ ഉപരോധം അഞ്ചുവർഷം കൂടിയും മിസൈൽ സാങ്കേതിക വിദ്യ വാങ്ങുന്നതിനുള്ള നിരോധനം എട്ടുവർഷം കൂടിയും തുടരും. കരാർ ലംഘിച്ചാൽ 65 ദിവസത്തിനകം വീണ്ടും ഉപരോധം ഏർപ്പെടുത്തും.

17 ദിവസമായി വിയന്നയിൽ ഏഴുരാഷ്ട്രങ്ങളുടെ (ഇറാൻ, യുഎസ്, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, ജർമനി) വിദേശകാര്യമന്ത്രിമാർ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ആണവക്കരാറിന്റെ പിറവി. യൂറോപ്യൻ യൂണിയന്റെ വിദേശനയ മേധാവിയും ചർച്ചയിൽ പങ്കെടുത്തു. 100 പേജ് കരാർ രേഖ പിഴവുകളില്ലാതെ തയാറാക്കുന്ന ജോലി ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ടു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ്, ജർമൻ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ന്മെയർ, യൂറോപ്യൻ യൂണിയൻ പ്രതിനിധി ഫെഡെറിക്ക മൊഗെരിനി, ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ്, ഇറാൻ ആണവോർജസംഘടനാ തലവൻ അലി അക്‌ബർ സലേഹി, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്രോവ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമ്മോൻ, യു.എസ്. വിദേശകാര്യ സെക്രട്ടറി ജോൺ കെറി, യു.എസ്. ഊർജസെക്രട്ടറി എണസ്റ്റ് മോനിസ് എന്നിവരാണ് അവസാനവട്ടചർച്ചയിൽ പങ്കെടുത്തത്.

ഇത് രാജ്യാന്തര എണ്ണവിപണിയിലേക്കുള്ള ഇറാന്റെ മടങ്ങിവരവിന് ഇടയാക്കും. യുറേനിയം സമ്പുഷ്ടീകരണപദ്ധതി നിർത്തിവെയ്ക്കാനുള്ള ആവശ്യം ഇറാൻ നിരസിച്ചതിനെത്തുടർന്നാണ് ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ലോകരാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയത്. തങ്ങളുടെ ആണവപദ്ധതി സമാധാനാവശ്യങ്ങൾക്കാണെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇറാൻ അണുബോംബ് നിർമ്മിക്കുമെന്ന ഭയത്തിലായിരുന്നു അമേരിക്കയുൾപ്പെടെയുള്ള വൻ രാജ്യങ്ങൾ. കരാർ പൂർണതയുള്ളതല്ലെങ്കിലും കഴിയാവുന്നതിൽ ഏറ്റവും മികച്ചതാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു.

ആണവായുധത്തിലേക്കുള്ള ഇറാന്റെ എല്ലാ പാതകളും അടച്ചതായും ലോകം കൂടുതൽ സുരക്ഷിതമായതായും അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. വിശ്വാസത്തിന്റെ പുറത്തല്ല, കടുത്ത പരിശോധനാവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കരാറെന്നും അദ്ദേഹം പറഞ്ഞു. ലോകവുമായുള്ള ഇറാന്റെ ബന്ധത്തിൽ പുതിയ അധ്യായം തുറന്നുവെന്നാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി അഭിപ്രായപ്പെട്ടത്. കരാർ മുഴുവൻ ലോകത്തിനും പ്രതീക്ഷയാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയമേധാവി ഫെഡറിക്ക മൊഗെരിനി പറഞ്ഞു. കരാറിനെ ഇന്ത്യയും സ്വാഗതം ചെയ്തു.

എന്നാൽ, ചരിത്രപരമായ തെറ്റെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാറിനെ വിശേഷിപ്പിച്ചത്. ഉപരോധം നീക്കുന്നതുവഴി ലഭിക്കുന്ന പണമുപയോഗിച്ച് ഇറാൻ പശ്ചിമേഷ്യയിലും ലോകത്തും ഭീകരപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ഇസ്രയേൽ ഇതു നടപ്പിലാകാതിരിക്കാൻ എല്ലാ ശക്തിയും പ്രയോഗിക്കുമെന്നും പ്രഖ്യാപിച്ചു. ഇറാന് ആനുകൂല്യങ്ങൾ ലഭിച്ചാൽ മേഖലയിൽ 'കൂടുതൽ കുഴപ്പങ്ങളുണ്ടാകു'മെന്ന് സൗദി അറേബ്യയും അതൃപ്തി പ്രകടിപ്പിച്ചു. അമേരിക്കയിൽ കരാറിനെ രൂക്ഷമായി എതിർക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള യുഎസ് കോൺഗ്രസാണ് പ്രസിഡന്റ് ബറാക് ഒബാമ നേരിടാൻപോകുന്ന പ്രധാന കടമ്പ. ഡെമോക്രാറ്റിക് അംഗങ്ങളുടെയും കൂടി പിന്തുണ നേടിയെടുത്തു കരാറിനെതിരെ വോട്ട് ചെയ്യാനാണ് റിപ്പബ്ലിക്കൻ നീക്കം.

എന്നാൽ, കരാറിനെതിരെ നടക്കുന്ന ഏതു നീക്കത്തെയും താൻ വീറ്റോ അധികാരം ഉപയോഗിച്ചു മറികടക്കുമെന്ന് ഒബാമ ഇന്നലെ പ്രഖ്യാപിച്ചു. 'കരാർ നടപ്പാകുന്നതോടെ ഇറാനുമായുള്ള എതിർപ്പുകൾ എല്ലാം ഇല്ലാതാകുമെന്ന് അർഥമില്ല. എന്നാൽ, മേഖലയിലെ വലിയ മാറ്റത്തിനുള്ള അവസരമാണിത്. പുതിയൊരു ദിശയിലേക്ക് മുന്നേറ്റത്തിനുള്ള ഈ അവസരം നാം പിടിച്ചെടുക്കുകയാണു വേണ്ടതെന്ന് ഒബാമ ഓർമിപ്പിച്ചു.
രാജ്യാന്തര നയതന്ത്രത്തിൽ വിജയിച്ചെങ്കിലും ഇറാനിലെ യാഥാസ്ഥിതികരെ നേരിടാൻ ഇറാൻ ഭരണകൂടവും പുതിയ തന്ത്രങ്ങൾ മെനയേണ്ടിവരും. കരാർമൂലം ഇറാനു നേട്ടമുണ്ടായെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്താനായാൽ യാഥാസ്ഥിതികരുടെ എതിർപ്പിനെ ചെറുക്കാനാകും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും സാമ്പത്തികനില മെച്ചപ്പെടുത്തിയും യുവജനങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും വേണം. എന്നാൽ, കരാർ നടപ്പായാലും ഇറാനുമേലുള്ള ചില ഉപരോധങ്ങൾ തുടരുന്നതു പ്രശ്‌നമാകും. പാശ്ചാത്യ ശക്തികൾക്കു മുന്നിൽ റൗഹാനി മുട്ടുമടക്കിയെന്ന് ആക്ഷേപിക്കാൻ യാഥാസ്ഥിതികർ ഈ അവസരം വിനിയോഗിക്കും.

ഷിയ രാജ്യമായ ഇറാന് ആണവശേഷി ഉണ്ടെങ്കിൽ സുന്നികളുടെ പ്രതിരോധത്തിന് സൗദി അറേബ്യയ്ക്കും ആണവശേഷി വേണമെന്ന നിലപാടിലേക്ക് സൗദി അറേബ്യ വന്നേക്കുമെന്നാണ് നിരീക്ഷകരുടെ ആശങ്ക. മറുവശത്ത് ഇറാനെതിരെ സൈനികനടപടിക്കു മടിക്കില്ലെന്ന ഭീഷണി ഇസ്രയേൽ ആവർത്തിക്കുന്നു. കരാർ എന്തുവില കൊടുത്തും തടസ്സപ്പെടുത്തുമെന്നും ഇസ്രയേൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP