Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ്മീരിലെ ഇന്ത്യൻ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണം; ബന്ധം ഉറപ്പിക്കാൻ ഇന്ത്യ ഒരു ചുവടുവച്ചാൽ ഞങ്ങൾ രണ്ടു ചുവടുവെക്കും; ബോളിവുഡ് സിനിമകളിലെ വില്ലന്മാരുടെ വേഷമാണ് ഇന്ത്യൻ മാധ്യമങ്ങൾ എനിക്ക് നൽകുന്നത്; ഏഷ്യൻ വൻകരയുടെ പട്ടിണി മാറ്റാൻ ഇന്തോ-പാക് വ്യാപാര ബന്ധം തുടങ്ങണം; പ്രധാനമന്ത്രിയാകും മുമ്പ് ഇമ്രാൻ ഖാൻ ഇന്ത്യയെക്കുറിച്ച് പറഞ്ഞത് എന്തെല്ലാം?

കാശ്മീരിലെ ഇന്ത്യൻ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണം; ബന്ധം ഉറപ്പിക്കാൻ ഇന്ത്യ ഒരു ചുവടുവച്ചാൽ ഞങ്ങൾ രണ്ടു ചുവടുവെക്കും; ബോളിവുഡ് സിനിമകളിലെ വില്ലന്മാരുടെ വേഷമാണ് ഇന്ത്യൻ മാധ്യമങ്ങൾ എനിക്ക് നൽകുന്നത്; ഏഷ്യൻ വൻകരയുടെ പട്ടിണി മാറ്റാൻ ഇന്തോ-പാക് വ്യാപാര ബന്ധം തുടങ്ങണം; പ്രധാനമന്ത്രിയാകും മുമ്പ് ഇമ്രാൻ ഖാൻ ഇന്ത്യയെക്കുറിച്ച് പറഞ്ഞത് എന്തെല്ലാം?

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: പാക്കിസ്ഥാനിൽ പുതിയൊരു ഭരണമാറ്റത്തിന് വഴിയൊരുക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ്. പഴയ ക്രിക്കറ്റ് ക്യാപ്റ്റനും ഇന്ത്യക്കാർപോലും ആരാധിക്കുന്ന ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുക കൂടി ചെയ്തതോടെ, തിരഞ്ഞെടുപ്പ് ഫലത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. എന്നാൽ, സൈന്യത്തിന്റെ പിന്തുണയുള്ള ഇമ്രാൻ ഖാൻ എത്രത്തോളം ഇന്ത്യയെ സൗഹാർദത്തോടെ സമീപിക്കുമെന്ന് കണ്ടറിയേണ്ട കാര്യം തന്നെയാണ്.

പ്രധാനമന്ത്രി പദത്തിലേറാനാവുമെന്ന പ്രതീക്ഷയോടെ മുന്നേറുന്ന ഇമ്രാൻ കഴിഞ്ഞദിവസം നടത്തിയ പ്രഗംഗത്തിൽ ഇന്ത്യയെ സംബന്ധിക്കുന്ന നിർണായക വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. ശ്രദ്ധേയമായ വസ്തുത, കാശ്മീർ വിഷയത്തിൽ മറ്റ് പാക് നേതാക്കളുടെ അതേ നിലപാടാണ് ഇമ്രാനും ഉള്ളതെന്നാണ്.

കാശ്മീർ പ്രശ്‌നമാണ് ഏറ്റവും നിർണായകമെന്ന് ഇമ്രാൻ പറയുന്നു. കാശ്മീരിലെ ജനങ്ങൾ കഴിഞ്ഞ 30 വർഷത്തോളമായി ഇന്ത്യൻ സേനയിൽനിന്ന് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നതായും ഇമ്രാൻ കുറ്റപ്പെടുത്തുന്നു. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും നേതൃത്വങ്ങൾ ഒരുമേശയ്ക്ക് ഇരുപുറവുമിരുന്ന് ഈ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനോടാണ് തനിക്ക് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത് ഉപഭൂഖണ്ഡത്തിനാകെ ഗുണം ചെയ്യും. അതിനായി ഇന്ത്യ മുന്നിട്ടിറങ്ങി ഒരു ചുവടുവച്ചാൽ താൻ രണ്ടു ടുവടുവെക്കുമെന്നും ഇമ്രാൻ പറഞ്ഞു. നിലവിൽ, ഇന്ത്യ ഞങ്ങളെ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

ഇന്ത്യയും പാക്കിസ്ഥാനുമായി ശക്തമായ വ്യാപാര ബന്ധമുണ്ടാവുകയാണെങ്കിൽ അത് ദക്ഷിണേഷ്യക്കാകെ ഗുണം ചെയ്യും. ഉപഭൂഖണ്ഡത്തിലെ ദാരിദ്ര്യം ഇല്ലാതാക്കണമെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ നല്ല വ്യാപാര ബന്ധമുണ്ടാകണം. തന്നെ ഇന്ത്യൻ മാധ്യമങ്ങൾ തെറ്റായാണ് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബോളിവുഡ് സിനിമകളിലെ വില്ലന്റെ പരിവേഷമാണ് തനിക്കുള്ളത്. ഇന്ത്യയുമായി നല്ല ബന്ധം വേണമെന്നാഗ്രഹിക്കുന്ന പാക്കിസ്ഥാൻകാരനാണ് താൻ.

ഇന്ത്യയെ വളരെയേറെ അടുത്തറിയുന്ന ആളാണ് താനെന്നും ഇമ്രാൻ പറഞ്ഞു. ക്രിക്കറ്റ് താരമായിരുന്ന കാലത്തുതുടങ്ങിയ ബന്ധമാണത്. തെക്കുകിഴക്കനേഷ്യയിലെ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിക്കാൻ നമുക്കാകും. ഏറ്റവും വലിയ പ്രശ്‌നം കാശ്മീരാണെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

ഇമ്രാൻഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പി.ടി.ഐ.) തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പാക്കിസ്ഥാനിൽ സർക്കാർ രൂപവത്കരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. തിരഞ്ഞെടുപ്പ് നടന്ന 270 മണ്ഡലങ്ങളിൽ 115 സീറ്റാണ് പി.ടി.ഐ. നേടിയത്. പാർലമെന്റിൽ ഭൂരിപക്ഷം തികയ്ക്കാൻ ഇനിയും 22 സീറ്റ് കൂടി വേണമെന്നിരിക്കേ, ചെറുപാർട്ടികളുടെ പിന്തുണ ഉറപ്പിക്കാനായി പി.ടി.ഐ. നെട്ടോട്ടത്തിലാണ്. എന്നാൽ ഇതുവരെ ഒരുപാർട്ടിയും പി.ടി.ഐ.യ്ക്ക് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സൈന്യത്തിന്റെ പിന്തുണയുള്ള ഇമ്രാൻ പ്രധാനമന്ത്രിയാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.

അതേസമയം പി.ടി.ഐ.യെ സമ്മർദത്തിലാക്കാനുള്ള തന്ത്രങ്ങൾ മെനയാൻ പ്രതിപക്ഷ കക്ഷികളായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് (പി.എംഎ‍ൽഎൻ.) പ്രസിഡന്റ് ഷഹബാസ് ഷരീഫും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി.) സയീദ് ഖുർഷീദ് ഷായും കൂടിക്കാഴ്ച നടത്തുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് അഢ്യാല ജയിലിൽക്കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ തീവ്രപരിചരണവിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. വൃക്കരോഗിയായ ഷരീഫിന് തുടർച്ചയായ ചികിത്സയും പരിചരണവും ആവശ്യമുണ്ടെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP