Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്ക മുഖം കറുപ്പിക്കുമെന്ന് പേടിച്ച് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി; ഇന്ത്യൻ വ്യോമ, നാവിക താവളങ്ങൾ യു എസ് പോർവിമാനങ്ങൾക്കും പടക്കപ്പലുകൾക്കുമായി തുറന്നു കൊടുത്തേക്കും: ഒബാമയെ സന്തോഷിപ്പിക്കാൻ മോദി ലോകപൊലീസിന് ഇടത്താവളം ഒരുക്കുന്നു

അമേരിക്ക മുഖം കറുപ്പിക്കുമെന്ന് പേടിച്ച് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി; ഇന്ത്യൻ വ്യോമ, നാവിക താവളങ്ങൾ യു എസ് പോർവിമാനങ്ങൾക്കും പടക്കപ്പലുകൾക്കുമായി തുറന്നു കൊടുത്തേക്കും: ഒബാമയെ സന്തോഷിപ്പിക്കാൻ മോദി ലോകപൊലീസിന് ഇടത്താവളം ഒരുക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ അതിഥിയായി എത്തുമ്പോൾ അതിഥ്യ മര്യാദയുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യ എന്തൊക്കെ ചെയ്യണം? അതിഥിദേവോ ഭവ: എന്ന പാരമ്പര്യമുള്ള ഇന്ത്യക്കാർ ഇത്തവണ ഒബാമയ്ക്ക് വേണ്ടി എന്ത് വിട്ടുവീഴ്‌ച്ചക്കും തയ്യാറായാണ് രംഗത്തുള്ളത്. ഇന്ത്യ കാലങ്ങലായി തുടർന്നുപോന്ന ചേരിചേരാ നയത്തിൽ നിന്നും വ്യതിചലിക്കുന്നുവെന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കൂടാതെ ഇന്ത്യയുടെ സൗഹൃദ രരാജ്യമായ ഇറാനുമായുള്ള സഹകരണം യുഎസ് മുഖം കറുപ്പിക്കുമെന്ന് കരുതി തൽക്കാലത്തേക്ക് വേണ്ടെന്ന് വെക്കാനും ഒരുങ്ങിയിരിക്കയാണ് കേന്ദ്രസർക്കാർ.

അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ഇന്ത്യ സന്ദർശിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഇറാനിൽ നിന്ന് തത്കാലം ക്രൂഡോയിൽ ഇറക്കുമതി ചെയ്യേണ്ടെന്ന് പൊതു മേഖലാ എണ്ണക്കമ്പനികളോട് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിൽ കടുത്ത ശത്രുത നിലനിൽക്കുകയും അമേരിക്കയുമായി ഇന്ത്യ കൂടുതൽ ബിസിനസുകൾ ആരംഭിക്കാൻ താത്പര്യപ്പെടുന്നതിന്റെയും പശ്ചാത്തലിത്താണ് പുതിയ നിർദ്ദേശം മുന്നോട്ടുവച്ചത്. ഫെബ്രുവരി മാർച്ച് മാസക്കാലയളവിലേക്ക് ആവശ്യമായ ഇറാനിയൻ ക്രൂഡ് വാങ്ങേണ്ടതില്ലെന്നതാണ് കമ്പനികൾക്ക് നൽകിയ നിർദ്ദേശം. നടപ്പു വർഷത്തെ ആദ്യ ഒമ്പത് മാസക്കാലയളവിൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി 40 ശതമാനം വർദ്ധിച്ചിരുന്നു.

ഇന്ത്യയ്ക്ക് ചുരുങ്ങിയ ചെലവിൽ ക്രൂഡ് ഓയിൽ നൽകാൻ തയ്യാറാണെന്ന് ഇറാൻ നേരത്തെ തന്നെ അറിയിരുന്നു. ഇറാനുമായുള്ള എണ്ണ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന കാര്യത്തിൽ അമേരിക്കയ്ക്ക് അനിഷ്ടമുണ്ടായിരുന്നു. എങ്കിലും ഇന്ത്യ പദ്ധതിയുമായി മുന്നോട്ടുപോകുകയായിരുന്നു. ഒബാമയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിൽ അമേരിക്കൻ പോർവിമാനങ്ങൾക്ക് ഒളിത്താവളം ഒരുക്കാനും ഇന്ത്യയ്ക്ക് നീക്കമുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇന്ത്യയുടെ വ്യോമ, നാവിക താവളങ്ങൾ അമേരിക്കയുടെ പോർവിമാനങ്ങൾക്കും പടക്കപ്പലുകൾക്കുമായി തുറന്നുകൊടുക്കാൻ നീക്കം.

റിപ്പബ്ലിക് ദിനത്തിൽ ഒബാമ എത്തുമ്പോൾ ഇതിൽ ധാരണയുണ്ടായേക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ബിജെപി അടക്കമുള്ള കക്ഷികളുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ തവണ യുപിഎ സർക്കാറിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, അമേരിക്കയോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്ന മോദി സർക്കാർ ബന്ധം ഊഷ്മളമാക്കാനാണ് ഇങ്ങനെയൊരു നീക്കം. അമേരിക്കയുമായി കൂടുതൽ അടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി കാണിച്ചുവെന്നാണ് സൂചന. അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമസേനാ താവളങ്ങളിൽ ഇറങ്ങാനും ഇന്ധനം നിറക്കാനും, ആവശ്യമെങ്കിൽ ഇവിടങ്ങളിൽനിന്ന് സൈനിക നീക്കം നടത്താനും അനുവദിക്കുന്ന രൂപരേഖയാണ് പണിപ്പുരയിൽ.

പടക്കപ്പലുകൾക്ക് നാവികസേനാ കേന്ദ്രങ്ങളിൽ അടുക്കാം. ഇതേപോലെ ഇന്ത്യൻ യുദ്ധവിമാനങ്ങൾക്കും പടക്കപ്പലുകൾക്കും അമേരിക്കയും അവസരം നൽകും. കരാർ നടപ്പായാൽ പ്രയോജനം കൂടുതൽ ലഭിക്കുക അമേരിക്കയ്ക്കാകും. അമേരിക്കയുടെ ചാരക്കണ്ണുകൾ ഇന്ത്യക്ക് മേലും പതിയും. അഫ്ഗാനിസ്താൻ, ഇറാഖ് അധിനിവേശ ഘട്ടത്തിൽ പോർവിമാനങ്ങളുടെ ഇടത്താവളമായി ഇന്ത്യൻ സേനാകേന്ദ്രങ്ങൾ ഉപയോഗിക്കാൻ അമേരിക്ക ശ്രമിച്ചിരുന്നു. ഗൾഫിനു പിന്നാലെ, ഏഷ്യയിൽ സൈനിക സ്വാധീനം വർധിപ്പിക്കാൻ തീവ്രശ്രമമാണ് അമേരിക്ക തുടരുന്നത്. ഇന്ത്യയിൽ ഇടത്താവളം ലഭിക്കുന്നതോടെ ചൈനയ്ക്ക് മേൽ തന്ത്രപരമായ മുൻതൂക്കം നേടാൻ സാധിക്കുമെന്നും അമേരിക്ക കരുതുന്നു.

ഇന്ത്യഅമേരിക്ക ബന്ധം തന്ത്രപര പങ്കാളിത്തമായി മാറിയിരിക്കേ, സൈനികതലത്തിൽ പരസ്പരം സഹകരിക്കണമെന്നാണ് ഭരണകൂടങ്ങളുടെ പക്ഷം. ലോക്‌സഭയിൽ ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള ബിജെപി സർക്കാറിന് മുന്നിൽ മറ്റ് രാഷ്ട്രീയ തടസ്സങ്ങളില്ല. 10 വർഷത്തിലൊരിക്കൽ പുതുക്കുന്ന ഇന്ത്യഅമേരിക്ക പ്രതിരോധ ചട്ടക്കൂടു കരാർ പുതുക്കേണ്ട സമയവുമായി. ഇക്കൂട്ടത്തിൽ പുതിയ വ്യവസ്ഥ കൂടി ഉൾപ്പെടുത്താനുള്ള അണിയറ ചർച്ചകളാണ് നടന്നത്. നാളെയാണ് ബറാക് ഒബാമ റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ഇന്ത്യയിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP