Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയും ഷെരീഫും ഭായി ഭായി ആയിട്ടും ഒരു കാര്യവുമില്ല; ഇന്ത്യോ-പാക് ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്ക്; പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ മക്കളെ നാട്ടിലേക്ക് മടക്കി വിളിക്കുന്നു; അതേ നാണയത്തിൽ മറുപടിയുമായി പാക്കിസ്ഥാനും

മോദിയും ഷെരീഫും ഭായി ഭായി ആയിട്ടും ഒരു കാര്യവുമില്ല; ഇന്ത്യോ-പാക് ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്ക്; പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ മക്കളെ നാട്ടിലേക്ക് മടക്കി വിളിക്കുന്നു; അതേ നാണയത്തിൽ മറുപടിയുമായി പാക്കിസ്ഥാനും

ന്യൂഡൽഹി: പാക്കിസ്ഥാനിലെത്തി നവാസ് ഷെരീഫിന് നരേന്ദ്ര മോദി കൈകൊടുത്തതെല്ലാം വെറുതെയായി. പ്രധാനമന്ത്രിമാർ അടുത്ത സുഹൃത്തുക്കളായിട്ടും അയൽരാജ്യങ്ങൾ തമ്മിലെ നയതന്ത്രബന്ധത്തിൽ ഒരു പുരോഗതിയുമില്ല. കൂടുതൽ വഷളാവുകയും ചെയ്തു. ഇതിന്റെ പുതിയ സൂചനയാണ് പാക്ക് സ്‌കൂളുകളിൽ പഠിക്കുന്ന, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കളെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതെന്നാണ് വിലയിരുത്തൽ.

പാക്ക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജമ്മു കശ്മീരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, സുരക്ഷാകാരണങ്ങളാലാണ് തീരുമാനം. കഴിഞ്ഞ ഒരുമാസമായി ഇതിനുള്ള നടപടികൾ നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കുമിടയിൽ ഉടലെടുത്ത അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ തീരുമാനം. കശ്മീരിലെ ഇന്ത്യൻ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിൽ പ്രകടനങ്ങൾ നടന്നിരുന്നു. തുടർന്ന്, പാക്കിസ്ഥാനിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കുള്ള സുരക്ഷ ശക്തമാക്കാൻ ന്യൂഡൽഹി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

അൻപതിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഇസ്!ലാമാബാദിലെ അമേരിക്കൻ സ്‌കൂളുകളിൽ പഠിക്കുന്നുണ്ടെന്നാണു കണക്ക്. തീരുമാനം നടപ്പിലായാൽ ഇവരെല്ലാം ഇന്ത്യയിലേക്കു മടങ്ങേണ്ടി വരും. ഇന്ത്യയുടെ നീക്കത്തിനു തിരിച്ചടിയായി, പാക്ക് നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കളെ പാക്കിസ്ഥാനും തിരിച്ചുവിളിച്ചേക്കും. നയതന്ത്രസാഹചര്യങ്ങൾ വിലയിരുത്തി ജീവനക്കാരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചുമുള്ള നയങ്ങളിൽ മാറ്റംവരുത്തുന്നത് രാജ്യങ്ങൾ സാധാരണ ചെയ്യാറുള്ളതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സ്‌കൂൾ വർഷം തുടങ്ങുന്നതിനുമുൻപു വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനായി കഴിഞ്ഞവർഷംതന്നെ തീരുമാനമെടുത്തിരുന്നെന്നും മന്ത്രാലയവക്താവ് പറഞ്ഞു.

സുരക്ഷ കണക്കിലെടുത്ത് കുട്ടികളെ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയൊ മറ്റെന്തെങ്കിലും സംവിധാനം ഏർപ്പെടുത്തുകയൊ ചെയ്യണമെന്നാണ് ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. പാക്കിസ്ഥാനിലെ സ്‌കൂളുകൾക്ക് വേനൽ അവധിയാണ് ഇപ്പോൾ. അടുത്തമാസം സ്‌കൂളുകൾ തുറക്കാനിരിക്കെ നിരവധി ഉദ്യോഗസ്ഥർ കുട്ടികളെ നാട്ടിലേക്ക് തിരിച്ചയച്ച് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP